മെഡിക്കല്‍ കെട്ടുകഥകള്‍ പാകം ചെയ്യുന്ന വിധം

By Dr Shimna AzeezFirst Published Feb 21, 2017, 10:40 AM IST
Highlights

കൂട്ടമായി ജീവിക്കുന്ന രീതിയിലാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. മടിയും മനുഷ്യസഹജം തന്നെ. സാമൂഹ്യജീവി എന്ന ബോധവും സഹജമായ മടിയും ചേര്‍ന്ന് ഒരു കൂട്ടം 'ചുരുണ്ട് കൂടിയ' സാമൂഹ്യജീവികളെ സൃഷ്ടിച്ചു കൊണ്ടേ ഇരിക്കുകയാണ് ഇന്ന് ഇന്റര്‍നെറ്റിലൂടെ. 'ചുരുണ്ട് കൂടിയത്' എന്ന് ഉദ്ദേശിച്ചത് ഫോണില്‍ ചുണ്ണാമ്പ് തേക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ ആ ഇരുത്തത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ ഉള്ള നില തന്നെയാണ്.  സാമൂഹ്യപ്രതിബദ്ധതയും മനുഷ്യസ്‌നേഹവും നിറഞ്ഞു കവിയുന്ന പോസ്റ്റുകളുമായി എല്ലാവരും ഫേസ്ബുക്കിലും വാട്ട്‌സപ്പിലും സജീവം.

മെഡിക്കല്‍ ലോകത്ത് നിന്നുള്ള അദ്ഭുതവാര്‍ത്തകളും മായിക ചികിത്‌സകളുമെല്ലാം ഈ കൂട്ടത്തിലേക്ക് തിക്കിത്തിരക്കി കയറി വരുന്നവയില്‍ വലിയൊരു പങ്ക് വഹിക്കുന്നു. ചൈനീസ് മുട്ടയും വൃക്ക മാറ്റി വെക്കലിനെ തോല്‍പ്പിക്കുന്ന ഇഞ്ചിപ്രയോഗവും അണുബാധ മിഥ്യാസങ്കല്‍പ്പമാണെന്ന കര്‍ണകഠോര ചര്‍ച്ചയും എല്ലാം വൈറലാകുകയും ചെയ്യുന്നു.

വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോകള്‍ പോലും ഉയിര്‍ത്തെഴുന്നേറ്റ് വരുന്നത് സാമൂഹികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിന്റെ ദൃക്‌സാക്ഷിയാണിന്ന് ഓരോ ഡോക്ടറും. ചികില്‍സക്ക് വിമുഖത കാണിക്കുന്ന സ്വയം ചികില്‍സാസ്‌നേഹികളെ സൃഷ്ടിച്ച് സൂചി കൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ട് പോലുമെടുക്കാന്‍ പറ്റാത്ത സ്ഥിതി സംജാതമായിരിക്കുന്നു. സോഷ്യല്‍ മീഡിയ രോഗികളാക്കുന്ന ആ കൂട്ടത്തിന് വേണ്ടി അല്‍പ്പമൊരു വിശദീകരണമാവാം.


ആ സന്ദേശങ്ങളില്‍ ചിലതെങ്കിലും കൊട്ടിയടക്കുന്നത് ഒരു മനുഷ്യന് ജീവിക്കാനുള്ള അവസാനമാര്‍ഗത്തിലേക്കുള്ള വാതിലാണ് .

മണ്ടത്തരങ്ങള്‍ വൈറലാക്കുന്ന വിധം
വിരോധാഭാസം എന്ന് പറയട്ടെ, യാതൊരു അടിസ്ഥാനവും ഇല്ലാത്ത മെഡിക്കല്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് കാട്ടുതീ പോലെയാണ്.  മനുഷ്യജീവന്‍ ഇല്ലാതാക്കാന്‍ കെല്‍പ്പുള്ള പടുവിഡ്ഢിത്തം പോലും അതില്‍പ്പെടുന്നു. അവയില്‍ ചിലത് നിത്യജീവിതത്തില്‍ പരീക്ഷിക്കാന്‍ പോലും നമ്മള്‍ തയ്യാറാവുന്നു. 'ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ' എന്ന ഈ മനശാസ്ത്രം കൊണ്ട് തന്നെയാവണം കീമോ തെറാപ്പി കളഞ്ഞ് ലക്ഷ്മി തരുവും മുള്ളാത്തയും ഉപയോഗിക്കാനുള്ള ആഹ്വാനങ്ങള്‍ തകര്‍ക്കുന്നത്. അവയുടെ കച്ചവടം ഇന്നും വഴിയോരങ്ങളില്‍പൊടി പൊടിക്കുന്നത്. കീമോതെറാപ്പി കഴിഞ്ഞു രക്ഷപ്പെട്ടവര്‍ ആരുമില്ലെന്ന് മൈക്ക് കെട്ടി വിളിച്ചു പറയുന്നവര്‍ കൊഞ്ഞനം കുത്തുന്നത് ജീവിക്കാനുള്ള അവകാശത്തെയാണ്. കാന്‍സറിനെ ചിരിയോടെ തോല്‍പ്പിച്ചവര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ചുറ്റുമുള്ളവരെ സ്വന്തം മണ്ടന്‍ പ്രഖ്യാപനത്തിന്റെ ഉച്ചസ്ഥായിയില്‍ ഉള്ള ശബ്ദത്തില്‍, അതില്‍ മുഴച്ചു നില്‍ക്കുന്ന പൊള്ളയായ ആത്മവിശ്വാസത്തില്‍ ഇരുട്ടിലേക്ക് തള്ളിയിടുകയാണ് ചിലര്‍.

സ്വന്തം യുക്തിയും അനുഭവപരിചയവും വെച്ച് എതിര്‍ത്തു ചിന്തിക്കാനുള്ള ബുദ്ധിയുണ്ടായിട്ടും വായിക്കാനും പഠിക്കാനും വിശകലനം ചെയ്യാനും വിമര്‍ശിക്കാനും മെനക്കെടാനും ഉള്ള മടി കൊണ്ട് ഇതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി പിന്നോട്ട് നടക്കുകയാണ് നമ്മള്‍. വിഷയത്തില്‍ വിവരമുള്ളവര്‍ പറയുന്ന കാര്യങ്ങള്‍, മഴ പെയ്തപ്പോള്‍ പോലും മെഡിക്കല്‍ കോളേജിന്റെ വരാന്തയില്‍ കയറി നിന്നിട്ടില്ലാത്തവര്‍, വിളിച്ചു പറയുന്നതിന്റെ മാറ്റൊലിയില്‍ ഇല്ലാതാവുന്നു. സ്വന്തം മേഖല വിട്ടു സംസാരിക്കുന്നവരെ വിദഗ്ധര്‍ ആയി കാണുന്ന മലയാളിയെ നമ്മുടെ സോഷ്യല്‍ മീഡിയ അടിമത്തത്തത്തിന്റെ ബാക്കിപത്രം തന്നെയായി കാണേണ്ടി വരും. ദിവസവും മുന്നിലേക്ക് വന്നു ചേരുന്ന പതിനായിരക്കണക്കിനു പോസ്റ്റുകളില്‍ ഒളിഞ്ഞിരിക്കുന്ന സ്വാര്‍ത്ഥതയെ വിശകലനം ചെയ്യാന്‍ മടി തോന്നുന്നത് കൊണ്ടാകാം, പകരം അത് ഷെയര്‍ ചെയ്തു സാമൂഹികസേവനം നടത്തുന്നത്. നമ്മള്‍ മറന്നു പോകുന്ന ഒന്നുണ്ട്, ആ വാര്‍ത്തയില്‍ ചിലതെങ്കിലും കൊട്ടിയടക്കുന്നത് ഒരു മനുഷ്യന് ജീവിക്കാനുള്ള അവസാനമാര്‍ഗത്തിലേക്കുള്ള വാതിലാണ്.

ഇത്തരം പരസഹായ മെസേജുകള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍ ചില്ലറയല്ല.

സാമാന്യബുദ്ധിയോ, അതെന്ത്!
 Hoax എന്ന് വിളിപ്പേരുള്ള ഈ കെട്ടുകഥകള്‍ക്ക് മെസേജ് ആയും വീഡിയോ ആയും ശബ്ദമായും വല്ലാത്ത പ്രചാരമുണ്ട്. ശാസ്ത്രത്തിന്റെയോ സാമാന്യബുദ്ധിയുടെയോ അടിസ്ഥാനം അവകാശപ്പെടാനുമില്ല. എന്നിട്ട് പോലും ഭീകരമാം വിധം അവ പരക്കുന്നു. സമീപകാലത്ത് വന്ന ഒരു മെസേജിന്റെ ഉദാഹരണം നോക്കാം

.പാരസെറ്റമോള്‍ അകത്തു ചെന്നാല്‍  മാരകമായ, മരണകാരണമായേക്കാവുന്ന വൈറസ് ശരീരത്തില്‍ എത്തുമെന്നുമുള്ള ഒരു മെജേസ് പിറക്കുന്നു. സാമൂഹ്യനന്മക്കു വേണ്ടി ഇത് ഷെയര്‍ ചെയ്യണമെന്നു പറയുന്ന മെസേജ് വായിച്ചു തീരും മുന്നേ ഒരു ക്ലിക്കില്‍ ലോകം മുഴുവന്‍ എത്തിക്കാന്‍ ആളുണ്ട് . വിശേഷബുദ്ധിയുള്ള മലയാളി അത് പങ്കു വെക്കാന്‍ കാണിക്കുന്ന അമിതാവേശം എത്ര ലജ്ജാകരമാണ്.  വൈറല്‍ പനി മുതല്‍ കാന്‍സര്‍ രോഗിക്ക് വരെ പനിക്ക് ഉപയോഗിക്കുമ്പോള്‍ കൊടുക്കുന്ന മരുന്നിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന സ്ഥിതി ന്യായീകരിക്കാവതല്ല. 

ആധുനികവൈദ്യത്തെ എത്ര വിമര്‍ശിക്കുന്നവരും അത്യാഹിതങ്ങള്‍ക്കും ഗുരുതരരോഗങ്ങള്‍ക്കും സമീപിക്കുന്നത് മറ്റൊരിടത്തല്ല എന്നത് പകല്‍ പോലെ സത്യമാണ്  . എന്നാല്‍ പോലും ഇത്തരം പരസഹായ മെസേജുകള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍ ചില്ലറയല്ല. ''ശരിക്കും പറഞ്ഞാല്‍ മരുന്നുകള്‍ തീരെ ഉപയോഗിക്കാതിരിക്കുന്നതാണല്ലേ ഡോക്ടറേ നല്ലത്, എല്ലാത്തിനും പാര്‍ശ്വഫലങ്ങള്‍ അല്ലേ ?'' എന്ന സംശയം നേരിടാത്ത ദിവസങ്ങള്‍ ചുരുക്കം. ഒരു മരുന്നിന്റെ പ്രയോജനത്തെ കുറിച്ചുള്ള എഴുത്ത് പോലും വായിക്കപ്പെടുന്നില്ല. ഇല്ലാത്ത ദോഷഫലങ്ങള്‍ പരത്തിപ്പിടിച്ച് എഴുതുന്നതാവട്ടെ വായിക്കാനും ഷെയര്‍ ചെയ്യാനും എന്താവേശം!  

ആശുപത്രി, ഡോക്ടര്‍, ചികിത്സ എന്നിവയെല്ലാം തന്നെ മെസേജുണ്ടാക്കുന്നവര്‍ക്ക് ശത്രുക്കളാണ്. സാധാരണക്കാരുടെ ജീവരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ മിക്കവരും തന്നെ സ്വന്തം നിലയില്‍ മറ്റു ചികിത്സകള്‍ ചെയ്യുന്നവര്‍ ആണെന്നത് പരസ്യമായ രഹസ്യം മാത്രമാണ്.സാരമായ അസുഖങ്ങള്‍ക്ക് അവരും സ്വകാര്യമായി ആധുനികവൈദ്യത്തെ ആശ്രയിക്കുന്നുണ്ട്.

ഒരു കുത്തിവെപ്പിന്റെ വേദനയില്‍ ഒതുങ്ങുമായിരുന്ന ഒന്നാണ് ആ കുടുംബത്തിന്റെ തീരാവേദനയായി മാറിയത്.

ഫേക്ക് മെസേജുകള്‍ പിറക്കുന്നത് ഇങ്ങനെ
ഈ മെസേജുകള്‍ പടച്ചു വിടുന്നവരുടെ മന:ശാസ്ത്രം എന്താണ്? ആ വഴിക്ക് ആലോചിച്ചുപോയാല്‍ എത്തുക താഴെ പറയുന്ന ഘടകങ്ങളിലാണ്.

1. കച്ചവടതാല്‍പര്യം
സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ഇടമുണ്ടാക്കാനുള്ള എളുപ്പവഴി നിലവിലുള്ള രീതികളുടെ വിശ്വാസ്യത തകര്‍ക്കലാണ്. ഗോസിപ്പുകളും നുണപ്രചാരണങ്ങളും പച്ചക്കള്ളങ്ങളും അതിന് പറ്റിയ മാര്‍ഗങ്ങളാണ്. വെടക്കാക്കി തനിക്കാക്കുക' എന്ന് ഞങ്ങള്‍ വടക്കോട്ട് ഉള്ളവര്‍ പറയുന്ന തികച്ചും ബുദ്ധിപരമായ പ്രവൃത്തി. സ്വന്തം ഗുണം പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുണ്ടാകില്ല. അതിനാല്‍, മറുഭാഗത്തുള്ളവരെ ഇല്ലാത്ത കുറ്റം പറഞ്ഞു തരം താഴ്ത്തി കാണിക്കുന്നു. അങ്ങനെ, സര്‍വ്വരോഗ സംഹാരികളാായി സ്വയം അവതരിക്കുന്നു. അതിനുള്ള നല്ല മാര്‍ഗമാണ് സോഷ്യല്‍ മീഡിയ.

വാക്‌സിനേഷന്‍ വിരുദ്ധ പ്രചാരണങ്ങള്‍ ഓര്‍ക്കുക. അടുത്ത തലമുറയുടെ നിലനില്‍പ്പിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള പോലും അന്ധമായി എതിര്‍ത്ത ആ പ്രചാരണത്തിന്റെ ബാക്കി പത്രം എന്തായിരുന്നു? കഴിഞ്ഞ വര്‍ഷം നടന്ന രണ്ടു ഡിഫ്തീരിയ മരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിപത്തുകള്‍. ''ഇങ്ങളൊന്നു വേഗം ചെയ്യീ, എനിക്കൊന്നു ശ്വാസം കിട്ടട്ടെ'' എന്നായിരുന്നു കഴുത്തില്‍ ദ്വാരമിട്ട് ശ്വസനത്തിനായുള്ള ട്യൂബിടാന്‍ വന്ന ഡോക്ടറോട് ഡിഫ്തീരിയ ബാധിച്ച് മരിച്ച ബാലന്റെ അവസാനവാചകം. ഒരു കുത്തിവെപ്പിന്റെ വേദനയില്‍ ഒതുങ്ങുമായിരുന്ന ഒന്നാണ് ആ കുടുംബത്തിന്റെ തീരാവേദനയായി മാറിയത്.

വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാനും ശാസ്ത്രീയജ്ഞാനം പകരാനുമായി 'അമൃതകിരണം' പോലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടക്കുന്നു.ഇവയെല്ലാം തന്നെ വലിയ വിജയം നേടിയിരിക്കുന്നു. എന്നിട്ടും വാക്‌സിന്‍ വിരുദ്ധ പ്രചാരണ സാമഗ്രികള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു. വാക്‌സിന് എതിരെ പ്രചാരണം നടത്തുന്നവരില്‍ ഒരാള്‍ പോലും അതേ വാക്‌സിന്‍ പ്രതിരോധ്യരോഗത്തിനു ചികിത്സിക്കാനുള്ള കഴിവോ ധൈര്യമോ കാണിക്കുന്നില്ല എന്നത് ആരും ശ്രദ്ധിക്കുന്നത് പോലുമില്ല.

എഴുതിയ ആളുടെ പേരും വിവരവും എവിടെയും കാണാത്ത സന്ദേശങ്ങളാണിത്.

2. മുന്‍കാല അനുഭവങ്ങള്‍
ആധുനികവൈദ്യം പഠിച്ച ചില ഡോക്ടര്‍മാരില്‍ നിന്നോ അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നോ നേരിടേണ്ടി വന്ന വ്യക്തിപരമായ വേദനകളും നഷ്ടങ്ങളും അതിനോടുള്ള പ്രതികാര ബുദ്ധിയും. ഇതിന്റെ ഭാഗമായി പടച്ചു വിടുന്ന മെസേജുകള്‍ ആ ഡോക്ടറെയോ ആശുപത്രിയെയോ മാത്രമല്ല നശിപ്പിക്കുന്നത്. ആ ചികില്‍സാ ശാഖയുടെ വിശ്വാസ്യതയെയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ചികില്‍സകരെയും സ്ഥാപനങ്ങളെയും കൂടിയാണ്.

ഇങ്ങനെ പിറവി കൊള്ളുന്ന മെസേജുകള്‍ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ എതിരാവാം, ചിലപ്പോള്‍ ഒരു മരുന്നിനു എതിരാകാം. ഇതൊന്നുമല്ലെങ്കില്‍, കാടടച്ച് ഉള്ള വെടിവെപ്പും ആകാം. മെസേജ് കിട്ടിയ ആള്‍ക്ക് തന്നെ ഒന്നിരുത്തി വായിച്ചാല്‍ സുഖമായി മനസ്സിലാകുന്ന സംഗതികളേ ഇതില്‍ കാണൂ. എന്നാല്‍, എല്ലാം മോശമെന്ന പൊതുബോധവും അലസതയും ചിന്താദാരിദ്ര്യവും ചേര്‍ന്ന് ആളുകള്‍ ആ ഒഴുക്കില്‍ നിന്നു കൊടുക്കുന്നു.  പതിവുപോലെ, ക്ലിക്ക് ചെയ്യുന്നു, ഫോര്‍വേഡ് ചെയ്യുന്നു. കഥ പരക്കുന്നു.

3. മന:പൂര്‍വമായ സാമൂഹ്യദ്രോഹം
എഴുതിയ ആളുടെ പേരും വിവരവും എവിടെയും കാണാത്ത സന്ദേശങ്ങളാണിത്. കെട്ടിച്ചമച്ച വിവരങ്ങള്‍ സമൃദ്ധമായിരിക്കും ഇതില്‍. വിവരക്കേടുകളും അര്‍ദ്ധ സത്യങ്ങളും അതോടൊപ്പം കാണും. ആരെഴുതി എപ്പോഴെഴുതി എന്നൊന്നും തിരിച്ചറിയാന്‍ സാധിക്കാത്ത ഈ സന്ദേശങ്ങള്‍ അതിവേഗമായിരിക്കും പ്രചരിക്കുന്നതും വിശ്വസിക്കപ്പെടുന്നതും. ഒന്ന് ഗൂഗിള്‍ ചെയ്താല്‍, അറിവുള്ളവരോട് സംസാരിച്ചാല്‍, ഇതിലെ മണ്ടത്തരം ബോധ്യമാവുമെങ്കിലും അതിനേക്കാള്‍ എളുപ്പം ഷെയര്‍ ചെയ്യല്‍ ആയതിനാല്‍, അതു മാത്രമേ നടക്കൂ.

'നല്ലവരാ'യിരിക്കും ഇവര്‍. സമൂഹനന്മ മാത്രമേ മുന്നിലുണ്ടാവൂ. അതിനായി എന്തും ചെയ്യും.

4. മാനസികവൈകല്യങ്ങള്‍
ലോകത്തുള്ള സകലതും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നു ആലോചിച്ചുകൂട്ടുന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ഒരു മനോരോഗമാണ്. ഇതിന്റെ മറ്റൊരു വകഭേദമാണ്, മരുന്നുകളിലും ചികില്‍സാരീതികളിലും  ഗൂഢാലോചന കണ്ടെത്തുന്ന സ്വഭാവവും. മരുന്നുകള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞുമുള്ള ലക്ഷ്യങ്ങള്‍ ഉണ്ടെന്നും, അവ ദോഷമാണെന്നും ഇത്തരക്കാര്‍ ആവര്‍ത്തിച്ചു പറയും.  ആരോപണം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍, ഇവര്‍ പരാജയപ്പെടുകയോ മുങ്ങുകയോ ചെയ്യും. എന്നാല്‍, വാട്ട്‌സപ്പ് പോലുള്ള ഇടത്ത്, ഈ സന്ദേശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളേക്കാള്‍ സാദ്ധ്യത വിപല്‍സന്ദേശങ്ങള്‍ക്കാണ്. അതിനാല്‍, ഈ 'വിദഗ്ധരുടെ' തനിനിറം പലപ്പോഴും പുറത്തറിയില്ല. പ്രചരിക്കപ്പെടില്ല. പകരം, അടിസ്ഥാനരഹിതമായ പ്രചാരണം മാത്രം തുടരും.

ഇനി ഇത്തരക്കാരോടുള്ള സംവാദശ്രമത്തെ കുറിച്ച് പറയാം. സ്വന്തം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ തെളിയിക്കാനുള്ള വക കൈയില്‍ ഇല്ലെങ്കിലും ശബ്ദിച്ചു കൊണ്ടേ ഇരിക്കുന്നവരാണ് ഇവര്‍.ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നുറച്ച് വിശ്വസിക്കുന്ന 'delusion' എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥയില്‍ ഉള്ളവര്‍ റേഡിയോ പോലെയാണ്. ഇങ്ങോട്ട് മാത്രം പറയും. അങ്ങോട്ട് പറയുന്ന യാതൊന്നും കേള്‍ക്കില്ല.  ഉത്തരം മുട്ടിയാല്‍ സംസാരരീതി മാറും. വൈകാരികമായ പ്രതികരണമാകും പിന്നെയുള്ള വഴി.

ആരോഗ്യമെന്നത് തമാശയല്ല, ആരോഗ്യസംരക്ഷണവും.

5. കാര്യമറിയാത്ത നന്‍മമരങ്ങള്‍
നല്ലവരായിരിക്കും ഇവര്‍. സമൂഹനന്മ മാത്രമേ മുന്നിലുണ്ടാവൂ. അതിനായി എന്തും ചെയ്യും. കേട്ടറിവുകള്‍ പറഞ്ഞു നടക്കും. കേള്‍ക്കുന്നത് ശരിയോ തെറ്റോ എന്ന് അറിയാനുള്ള അന്വേഷണമോ സന്ദേഹമോ ഇവര്‍ പ്രകടിപ്പിക്കില്ല. കേള്‍ക്കുന്ന കാര്യങ്ങളുടെ ഉറവിടം പോലും വെളിപ്പെടുത്തില്ല. എങ്കിലും, മറ്റുള്ളവരോടുള്ള അതിയായ ഇഷ്ടത്തിന്റെ പുറത്ത് കേട്ടറിവുകള്‍ പകര്‍ത്തും. പ്രചരിപ്പിക്കും. വെളുക്കാന്‍ തേക്കുന്നത് പാണ്ടാകുന്നത് മാത്രം ഇത്തരക്കാര്‍ അറിയില്ല.

എന്താണ് പോംവഴി?
ഇതാണ് യാഥാര്‍ത്ഥ്യം. സത്യം ചെരിപ്പിട്ട് തുടങ്ങുമ്പോഴേക്കും നുണ നടന്നു കഴിഞ്ഞിരിക്കും എന്ന പഴഞ്ചൊല്ലുപോലെ വ്യാജപ്രചാരണങ്ങള്‍ പടരുക
തന്നെയാണ്. സോഷ്യല്‍ മീഡിയ പോലെ ഒരു ഇടത്തില്‍, ഇതിനെ പ്രതിരോധിക്കുക എളുപ്പമല്ലെങ്കിലും, അതിനുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മെഡിക്കല്‍ പ്രൊഫഷണലുകളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോ ക്ലിനിക്ക് എന്ന ഫേസ്ബുക്ക് പേജ് നിര്‍വഹിക്കുന്നത് ഇതേ ദൗത്യമാണ്. വ്യാജപ്രചാരണങ്ങളെ തുറന്നുകാണിക്കുക, ശരിയായ ആരോഗ്യ ബോധവല്‍കരണം നടത്തുക എന്ന ദൗത്യം.  എഴുതിയ ആളുടെ പേരും വിവരങ്ങളും വെച്ച് പൂര്‍ണ ഉത്തരവാദിത്വത്തോടെയാണ്. ഇന്‍ഫോക്ലിനിക്ക് സംസാരിക്കുന്നത്. അന്ധമായി ആരോഗ്യകാര്യങ്ങള്‍ വിശ്വസിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയുംം ചെയ്യുന്നതിന് മുന്‍പ് ശരിയെ അറിയാനുള്ള ശ്രമങ്ങള്‍ തന്നെയാണുണ്ടാവേണ്ടത്.

വിവരവും വിദ്യാഭ്യാസവും ആവശ്യത്തിനുള്ള നമുക്ക് ഇനി വേണ്ടത് വിവേകവും വിവേചനബുദ്ധിയുമാണ്. ആരോഗ്യമെന്നത് തമാശയല്ല, ആരോഗ്യസംരക്ഷണവും.


ഇന്‍ഫോ ക്ലിനിക്കില്‍ നിന്നുള്ള പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.


( Dr.ഷാഹുല്‍ അമീന്‍, Dr.ദീപു സദാശിവന്‍ എന്നിവര്‍ ഈ ലേഖനത്തിനായുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്).

 

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

മറയിട്ട വാക്‌സിന്‍ ക്ലാസ്; ഡോക്ടര്‍ ചെയ്തതാണ് ശരി!

പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം

മരുന്ന് കുറിപ്പടി മലയാളത്തില്‍  വേണോ?

click me!