മറയിട്ട വാക്‌സിന്‍ ക്ലാസ്; ഡോക്ടര്‍ ചെയ്തതാണ് ശരി!

By Dr Shimna AzeezFirst Published Jan 30, 2017, 9:23 AM IST
Highlights

എഴുത്ത് വായിച്ചു വിശേഷം ചോദിച്ചെത്തുന്ന ചിലരെങ്കിലും പറയുന്ന ഒരു വാചകമുണ്ട് 'നമ്മുടെ സമുദായത്തില്‍ ഇങ്ങനെ പഠിപ്പും വിവരവും എഴുത്തും ഒക്കെയുള്ളവര്‍ കുറവാണ്, ഡോക്ടര്‍ ഇത് തുടരണം'. എന്റെ ജാതിയും മതവും നോക്കിയാണോ ഞാന്‍ എഴുതിയത് ആളുകള്‍ വായിക്കുന്നത് എന്നൊക്കെ ചോദിക്കാന്‍ തോന്നിപ്പോകും. ചിലര്‍ക്ക് അത്ഭുദം, ചിലര്‍ക്ക് രോഷം, വേറെ ചിലര്‍ക്ക് പുച്ഛം...ഏറ്റവും രസകരമായ കാര്യം, മെഡിക്കല്‍ എന്‍ടന്‍സില്‍ ഒന്നാം റാങ്ക് നേടിയ പെണ്‍കുട്ടിയും, വിമാനം പറത്തുന്നവളും വരെ എന്റെ ജില്ലയായ മലപ്പുറത്തെ മുസ്‌ലിം സമുദായത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ്. ഇത് പോലെയാണ് മലബാറിലെ ഓരോ ജില്ലയിലെയും അവസ്ഥ. എന്നിട്ടുമെന്തേ മലബാറിലെ മുസ്‌ലിം സ്ത്രീയെ പാരതന്ത്ര്യം സഹിച്ചു തടവറയില്‍ കഴിയുന്നവരായി പുറത്തേക്കു ചിത്രീകരിക്കപ്പെട്ടതെന്ന്  ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന 'മറയ്ക്കപ്പുറം നിന്ന് പോളിയോ ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്ന ഡോക്ടറുടെ ചിത്രം ആദ്യം കണ്ടപ്പോള്‍ എനിക്ക് തോന്നിയ ആത്മരോഷം മറകള്‍ കണ്ടു മടുത്ത ഒരു വ്യക്തിയുടേതാകാം. അത് വിഡ്ഢിത്തമായിരുന്നു എന്ന് പിന്നീട്  ചിന്തിച്ചപ്പോള്‍ മനസ്സിലായി. മറയ്ക്കപ്പുറമെങ്കിലും നിന്ന് ബോധവല്‍ക്കരിക്കപ്പെടാന്‍ അവര്‍ തയ്യാറായല്ലോ. നല്ലത്. ഞാന്‍ മറകളെ കണ്ടിട്ടേ ഉള്ളൂ. അനുഭവിച്ചിട്ടില്ല. ഉപ്പയുടെ അതേ പേരുള്ള ഭര്‍ത്താവും ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ എന്നെ മറക്ക് പിറകിലേക്ക് തള്ളിയിട്ടില്ല.  അത് കൊണ്ടെല്ലാം തന്നെയാവാം എനിക്കാ ചിത്രം അസ്വസ്ഥതയുണ്ടാക്കിയത്. പക്ഷെ, കണ്ണിനു മുന്നിലല്ല, മനസ്സിന് മുന്നില്‍ വന്ന മറയും മറക്കുടയുമൊക്കെ മാറാന്‍ കാലങ്ങള്‍ എടുക്കുമായിരിക്കും. എന്നായാലും മാറ്റങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കാം.

എന്നിട്ടുമെന്തേ മലബാറിലെ മുസ്‌ലിം സ്ത്രീയെ പാരതന്ത്ര്യം സഹിച്ചു തടവറയില്‍ കഴിയുന്നവരായി പുറത്തേക്കു ചിത്രീകരിക്കപ്പെട്ടതെന്ന്  ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

മറക്ക് പിന്നില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ് എന്ന് ആദ്യമേ പറയട്ടെ. ഞങ്ങളുടെ നാട്ടില്‍ ഇപ്പോഴും വിവാഹ സദ്യക്ക് ഇരിക്കുമ്പോഴും മരണവീട്ടിലും ചടങ്ങുകള്‍ക്കുമെല്ലാം ഈ മറയുണ്ട്. ഇതൊന്നും ഒരു ബുദ്ധിമുട്ടായി ഇത് വരെ തോന്നിയിട്ടില്ല. അനാവശ്യമായി തോന്നിയിട്ടുള്ള മറകള്‍ വേറെ ചിലതാണ്. അന്യപുരുഷനെ കാണാന്‍ പാടില്ല എന്നുള്ള ഇസ്ലാമിക നിയമം കേള്‍ക്കുന്നവര്‍ക്ക് ദുരിതമാണ് എന്ന് തോന്നിയാല്‍ പോലും അതിനെ ഉള്‍ക്കൊണ്ടു കഴിഞ്ഞവര്‍ക്ക് അങ്ങനെയാവണം എന്നില്ല എന്നാണ് അനുഭവം. ആണിന്റെ നിഴല്‍ കാണുമ്പോഴേക്ക് ഓടി അകത്ത് കയറുന്നവരൊന്നും ഇന്നും കഥയല്ല. പക്ഷെ, ചുരുക്കമാണ് . ഇതേ മറ ഇവരുടെ ചിന്തകള്‍ക്കും മനസ്സിനും താഴിട്ടു പൂട്ടുമ്പോള്‍ മാത്രമേ അതിനെ ഒരു കടന്നു കയറ്റമായി കാണേണ്ടതുള്ളൂ. അല്ലാത്ത പക്ഷം അതൊരു വ്യക്തിയുടെ തീരുമാനം മാത്രമാണ്. പിന്നെ മലബാറിലെ പര്‍ദ്ദധാരിണിയും വടക്കേ ഇന്ത്യയിലെ മുഖത്തേക്ക് സാരി വലിച്ചിട്ടു നടക്കുന്ന മാര്‍വാഡിയുമൊക്കെ ഒരേ തൂവല്‍ പക്ഷികള്‍ ആണ്.

ഹൈദരാബാദില്‍ പോയപ്പോള്‍ മുഖം മറക്കാതെ തലയില്‍ തട്ടമിട്ടു നടന്ന മുസ്‌ലിംഎന്ന നിലക്ക് യഥേഷ്ടം തുറിച്ചു നോട്ടം അവിടത്തെ ബഹുഭൂരിപക്ഷം മുസ്‌ലിം സ്ത്രീകളില്‍ നിന്നും ഞാന്‍ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്. അത്രയൊന്നും നമ്മുടെ നാട്ടില്‍ ഇല്ല. പ്രശസ്ത ബ്യൂട്ടീഷന്‍ ഷഹനാസ് ഹുസൈന്റെ ആത്മകഥയായ 'Flame ല്‍ അവരുടെ ഹൈദരാബാദിലെ കുട്ടിക്കാലത്തെ കുറിച്ച് പറയുന്നുണ്ട്. കാറില്‍ ഡ്രൈവറെ കാണാതിരിക്കാന്‍ മുന്‍സീറ്റിനും പിന്‍സീറ്റിനും ഇടയില്‍ കര്‍ട്ടന്‍, പുറമെയുള്ളവര്‍ കാണാതിരിക്കാന്‍ വിന്‍ഡോ ഗ്ലാസ്സിനു കര്‍ട്ടന്‍...ഓരോ തവണയും വിരി വലിച്ചു കീറിയിട്ട ഷഹനാസിനെ വഴക്ക് പറഞ്ഞു അവരുടെ ഉമ്മി പുതിയ വിരികള്‍ കാറിന്റെ വിന്‍ഡോക്ക് തയ്പ്പിക്കുമായിരുന്നത്രേ.  അത്രയും വിരികള്‍ മലബാറിലെ സ്ത്രീകള്‍ സഹിക്കുന്നില്ല. കൂട്ടത്തില്‍ ഒന്ന് കൂടി ചേര്‍ക്കട്ടെ, മുഖം മറച്ചു മെഡിക്കല്‍ കോളേജില്‍ വന്നിരുന്ന സീനിയറും വരുന്ന ജൂനിയറും എനിക്കുണ്ട്. അവരെല്ലാം തന്നെ സന്തുഷ്ടരാണ്.

മനസ്സിലുറച്ചു പോയ മറകള്‍ ഒരു ദിവസം കൊണ്ട് മായ്ച്ചു കളയണം എന്ന് വെച്ചാല്‍ നടക്കുന്നതല്ല.

കാസര്‍ഗോഡ് നീലേശ്വരത്ത് മറകെട്ടി സ്ത്രീകള്‍ക്ക് പോളിയോ ബോധവല്‍ക്കരണ ക്ലാസെടുത്ത സംഭവത്തില്‍, ഡോ. ജമാല്‍ അഹമ്മദ് ചെയ്തത് തന്നെയാണ് ശരി എന്ന് നിസ്സംശയം പറയാം. മനസ്സിലുറച്ചു പോയ മറകള്‍ ഒരു ദിവസം കൊണ്ട് മായ്ച്ചു കളയണം എന്ന് വെച്ചാല്‍ നടക്കുന്നതല്ല. അതെല്ലാം തികച്ചും വ്യക്തിപരമായ കാര്യം മാത്രമാണ്. കുത്തിവെപ്പ് ശരാശരി പലപ്പോഴും വളരെ താഴെ പോകുന്നത് ഈ മറ കെട്ടിയ ദേശങ്ങളില്‍ തന്നെയാണ്. കുറെയേറെ തെറ്റിദ്ധാരണകള്‍ അടിയുറച്ചു പോയതിനു കാരണവും ഇവിടങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന അബദ്ധജഡിലമായ വിശ്വാസങ്ങള്‍ തന്നെ. അവരെ കുറ്റം പറയാനാകില്ല. ഡോക്ടര്‍ അവരെ സംബന്ധിച്ചിടത്തോളം ദൂരെ നിന്ന് വല്ലപ്പോഴും കാണുന്ന ഒരു വ്യക്തിയാണ്. അവര്‍ക്ക് ഡോക്ടറോട് സംശയങ്ങള്‍ ചോദിയ്ക്കാന്‍ ഭയമാണ്, അല്ലെങ്കില്‍ ലജ്ജയാണ്. അല്ലെങ്കില്‍ തുറന്നു സംസാരിക്കുന്നത് ശരിയല്ലാത്ത ഒരു കാര്യമായി അവര്‍ക്ക് തോന്നുന്നു, അല്ലെങ്കില്‍ ആത്മവിശ്വാസമില്ലായ്മ. അവരുടെ വിദഗ്ധര്‍ മുന്‍തലമുറയാണ്.

തലമുറകള്‍ പറഞ്ഞു അടിയുറച്ചു പോയ വിശ്വാസങ്ങള്‍ ഏറെയുണ്ട്. അത് പോലെ തന്നെ ആചാരങ്ങളും. ജലദോഷം മുതല്‍ ഗര്‍ഭം വരെയും അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. ഇവയെല്ലാം തന്നെ സാമുദായികമായ ചടങ്ങുകളുമായി  കൂടി യോജിച്ചു പോകുന്നതാണ്. അവരതില്‍ ലയിച്ചു ചേര്‍ന്നവരുമാണ്.അത് കൊണ്ട് തന്നെ പെട്ടെന്നൊരു മാറ്റം സാധ്യമേ അല്ല.

ആരോഗ്യ ബോധവല്‍ക്കരണങ്ങളില്‍ പങ്കെടുക്കാന്‍ ഇസ്ലാം മത വിശ്വാസികളിലെ ഒരു ചെറിയ വിഭാഗം വിമുഖത കാണിക്കുന്നത് ചില തെറ്റിദ്ധാരണകള്‍ കൊണ്ട് മാത്രമാണ്

ഇതിനെല്ലാം ഞാന്‍ മനസ്സിലാക്കിയ മറ്റൊരു വശം കൂടിയുണ്ട്. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ആശുപത്രിയിലേക്ക് വലിയൊരു കൂട്ടമായി പോകുന്നത് മുതല്‍ കുഞ്ഞിന്റെ മുടി കളച്ചില്‍, നാല്‍പത്, തൊണ്ണൂറ് ദിവസമാകുന്ന ചടങ്ങ് എന്ന് തുടങ്ങി സകലതും മറ്റു രീതിയില്‍ പുറത്തേക്കുള്ള യാത്രകള്‍ കുറവായ സ്ത്രീകള്‍ക്ക് ആഘോഷിക്കാനുള്ള വേളകള്‍ ആണ്. ആ ഒരു ആനുകൂല്യം പോലും നഷ്ടപ്പെടുമെന്ന് ഭയക്കുന്നത് കൊണ്ടാകാം ഇത്തരം ആചാരങ്ങള്‍ ഒക്കെ ഇന്നും നിലനില്‍ക്കുന്നത്. ഇതൊന്നുമല്ലാതെ തന്നെ പുറംലോകം കാണാന്‍ സൗകര്യമുള്ള പുതിയ തലമുറ ഇതെല്ലാം അനുവര്‍ത്തിക്കാന്‍ മടിക്കുന്നു എന്നത് ഇതിന്റെ തെളിവാണ്.

ആരോഗ്യ ബോധവല്‍ക്കരണങ്ങളില്‍ പങ്കെടുക്കാന്‍ ഇസ്ലാം മത വിശ്വാസികളിലെ ഒരു ചെറിയ വിഭാഗം വിമുഖത കാണിക്കുന്നത് ചില തെറ്റിദ്ധാരണകള്‍ കൊണ്ട് മാത്രമാണ്. ഒന്നാമത്, അവരുടെ വിശ്വാസം നേടിയെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടില്ല. പൂര്‍ണമായും ശാസ്ത്രത്തില്‍ അധിഷ്ഠിതമായ മോഡേണ്‍ മെഡിസിനെ പുറംലോകത്തിനു പരിചയപ്പെടുത്താന്‍ വൈകിപ്പോയ വിടവിലൂടെ മറ്റുള്ളവര്‍ കടന്നു കയറുകയാണ് ഉണ്ടായത്. അതില്‍ വാക്‌സിന്‍ വിരുദ്ധരും ജനങ്ങളുടെ അനാരോഗ്യം വിറ്റ് മുതലെടുക്കാന്‍ വന്നവരുമെല്ലാം ഉള്‍പ്പെടുന്നു.

മലബാറിലെ ഒരു സാധാരണക്കാരനും വാക്‌സിന്‍ കൊടുക്കാതിരിക്കുന്നത് വിരുദ്ധത മൂത്തിട്ടല്ല.

കുത്തിവെപ്പുകള്‍ക്ക് എതിരെയുള്ള പ്രചാരണങ്ങള്‍ ഇവയില്‍ ഒന്ന് മാത്രമാണ്. കുത്തിവെപ്പുകള്‍ വന്ധ്യത ഉണ്ടാക്കുമെന്നും, കുഞ്ഞിനു അംഗവൈകല്യം ഉണ്ടാക്കുമെന്നും ഒക്കെ പറയുമ്പോള്‍ മക്കളോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം മാത്രമാണു അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. മലബാറിലെ ഒരു സാധാരണക്കാരനും വാക്‌സിന്‍ കൊടുക്കാതിരിക്കുന്നത് വിരുദ്ധത മൂത്തിട്ടല്ല. അത് കൊണ്ട് തന്നെ എന്റെ നാട്ടിലെ സാധുക്കളെ ഞാന്‍ കുറ്റം പറയുകയുമില്ല. മക്കളൊന്നു തുമ്മിയാല്‍ 'ആകെ സുയിപ്പായി ഡോക്ടറെ, ഇങ്ങളൊന്നു കയ്ച്ചിലാക്കി തരീ' എന്ന് പറഞ്ഞു നമ്മുടെ അടുത്തേക്ക് തന്നെ ഓടി വരും അവര്‍.

കുഞ്ഞുമക്കളുടെ കാലിലേക്ക് സൂചി തറച്ചു കയറ്റുന്ന കാഴ്ചയും കൂടെ രണ്ടു ദിവസമുള്ള പനിയും വേദനയും കാല്‍ അനക്കാനുള്ള മടിയുമെല്ലാം അവര്‍ എത്രത്തോളം സഹിക്കും?ആ കുഞ്ഞുവേദന ഒരു നിത്യവേദനയില്‍ നിന്നും അവരെ സംരക്ഷിക്കാന്‍ ആണെന്നത് അവരെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായുണ്ടായ ദൃശ്യമാണ് ഇപ്പോള്‍ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു  കൊണ്ടിരിക്കുന്നത്. അന്ന് മറയ്ക്കു പിന്നിലിരുന്നു കേട്ടവരില്‍ ഒരാളെങ്കിലും സ്വന്തം കുഞ്ഞിനു പോളിയോ വാക്‌സിന്‍ നല്‍കാന്‍ സന്നദ്ധയായിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ആ പരിപാടിയുടെ വിജയവും.

മാറേണ്ടതുണ്ട്. മറയ്ക്കപ്പുറം നിന്നെങ്കിലും ബോധവല്‍ക്കരണം കേള്‍ക്കാന്‍ തയ്യാറായ സ്ത്രീകള്‍ തന്നെ മാറ്റത്തിന്റെ ലക്ഷണമാണ്.

മക്കള്‍ക്ക് ദോഷം വരുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കാന്‍ വാക്‌സിന്‍ വിരുദ്ധര്‍ക്കുള്ള കഴിവാണ് ഡിഫ്തീരിയ പോലുള്ള അസുഖങ്ങള്‍ മലബാറില്‍ പ്രത്യേകിച്ച് മലപ്പുറത്ത് തിരിച്ചു വരാന്‍ കാരണം. മലബാറിന്റെ  സെന്‍സിറ്റീവ് മൈന്‍ഡ് ആണ് വാക്‌സിന്‍ വിരുദ്ധര്‍ നോട്ടമിട്ടത്. പിന്നെ മാപ്പിള ലഹളയും വാഗണ്‍ ട്രാജഡിയും ഒക്കെ നടന്ന മഹത്തായ മണ്ണിലുള്ള, ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സാമ്രാജ്യത്വവിരോധം കൂടി മുതലെടുത്തപ്പോള്‍ കഥ പൂര്‍ത്തിയായി. വാക്‌സിന്‍ എടുത്താല്‍ ഗുണം അമേരിക്കക്ക് ആണല്ലോ ! ഏറ്റവും രസകരമായ കാര്യം, ഇതേ അമേരിക്കയില്‍ വാക്‌സിന്‍ വിരുദ്ധനായ ട്രംപ് പ്രസിഡണ്ട് ആയി വന്ന സ്ഥിതിക്ക് ഇനി മുതല്‍ ഇവരെല്ലാം 'അമേരിക്കസ്‌നേഹികള്‍' ആയി മാറാന്‍ ഉള്ള സാധ്യതാണ്. ശാസ്ത്രം അപ്പോഴും പറഞ്ഞതു തന്നെ ആവര്‍ത്തിക്കും, ഒരു മാറ്റവുമില്ലാതെ.

മാറേണ്ടതുണ്ട്. മറയ്ക്കപ്പുറം നിന്നെങ്കിലും ബോധവല്‍ക്കരണം കേള്‍ക്കാന്‍ തയ്യാറായ സ്ത്രീകള്‍ തന്നെ മാറ്റത്തിന്റെ ലക്ഷണമാണ്. ആ ഡോക്ടര്‍ ചെയ്തത് ചന്ദ്രനില്‍ ആദ്യമായി കാലു കുത്തിയ നീല്‍ ആംസ്‌ട്രോങ്ങിന്റെ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നു; 'മനുഷ്യനെ സംബന്ധിച്ച് അത് ചെറിയൊരു ചുവടാണ്. എന്നാല്‍ മാനവരാശിക്ക് അത് വലിയൊരു കുതിച്ചുചാട്ടമായിരുന്നു...'

ഇരുട്ടും രോദനവും വേദനയും സ്വതന്ത്ര്യക്കുറവും കൂട്ടിലടച്ച പൈങ്കിളിയുമൊക്കെ ശരിക്കും 'പൈങ്കിളി' മാത്രമാണ്.

ഡോക്ടര്‍ തുടങ്ങി വെച്ചത് ഒരു പുതിയ ചുവടാണ്. ഞങ്ങള്‍ക്കെല്ലാം ഏറ്റു പിടിക്കാനുള്ള ഒന്ന്. ഞങ്ങള്‍ തയ്യാറാണ് പറഞ്ഞു കൊടുക്കാന്‍ . മാറ്റങ്ങള്‍ക്കു മാറ്റ് കൂട്ടാന്‍ സന്തോഷം മാത്രമേയുള്ളൂ....രാവിരുട്ടി വെളുക്കുമ്പോള്‍ മാറ്റമുണ്ടാകില്ല എന്നുമറിയാം. ഇരുട്ടും രോദനവും വേദനയും സ്വതന്ത്ര്യക്കുറവും കൂട്ടിലടച്ച പൈങ്കിളിയുമൊക്കെ ശരിക്കും 'പൈങ്കിളി' മാത്രമാണ്. അത്രയൊന്നും ദയനീയമല്ല കാര്യങ്ങള്‍. അങ്ങനെയുള്ളവര്‍ ഇല്ലെന്നല്ല.പക്ഷെ, അവരും താമസിയാതെ നേര്‍വഴിയിലേക്ക് ആനയിക്കപ്പെടും.അതിന്റെ സൂചനകള്‍ തന്നെയാണിതെല്ലാം.

മോഡേണ്‍ മെഡിസിന്‍ ഇപ്പോള്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ബാലികേറാമലയൊന്നും അല്ല. സമൂഹത്തിലേക്കു ഇറങ്ങി ചെല്ലുക തന്നെ വേണമെന്ന് തിരിച്ചറിയുന്നു. മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. മറ കടന്നും അറിവ് ശ്രവിക്കപ്പെടുന്നു.

ഞങ്ങളും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു...

ഇനിയൊരു കുഞ്ഞു പോലും വാക്‌സിന്‍ പ്രതിരോധ്യരോഗത്താല്‍ ശിക്ഷിക്കപ്പെടാത്ത കേരളം...

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

click me!