ഇത്രയ്ക്ക് ശിക്ഷിക്കണോ  ഗൈനക്കോളജിസ്റ്റുകളെ?

By ഡോ സുനില്‍ പി.കെFirst Published Nov 8, 2017, 4:49 PM IST
Highlights

പീഡന കേസുകളില്‍ പരിശോധകരായി എത്തുന്ന ഗൈനക്കോളജിസറ്റുകള്‍ നിയമനടപടികള്‍ക്കിടെ അനുഭവിക്കുന്ന പീഡനങ്ങള്‍

ഒരു ഗൈനക്കോളജിസ്റ്റിന്റെ തൊഴിലും ജീവിതവും സദാ സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ്. കുഴപ്പമൊന്നും കൂടാതെ അമ്മയും കുഞ്ഞും രണ്ടായി കിട്ടുന്നത് വരെ ഓരോ ഗൈനക്കോളജിസ്റ്റു സമ്മര്‍ദ്ദത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കും. സര്‍ക്കാര്‍ മേഖലയിലെ ഗൈനക്കോളജിസ്റ്റുമാരാണെങ്കില്‍ ദുരിതം അവിടെ തീരില്ല. പീഡനകേസുകള്‍ കൂടി ഇതോടൊപ്പം വരും. പീഡനക്കേസുകള്‍ ഏറിയ കൂറും കൈകാര്യം ചെയ്യുന്നത് അവരാണ്.

ഓരോ ദിവസവും അന്നത്തെ തിരക്കുപിടിച്ച ആശുപത്രി ജോലിയും വീട്ടുകാര്യങ്ങളും കഴിഞ്ഞ് ഒന്നു നടു നിവര്‍ത്താന്‍ തുടങ്ങുമ്പോഴായിരിക്കും പീഡനക്കേസുകളുമായി പോലീസെത്തുക. മാനസികമായി ഏറെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാവും പീഡനത്തിനിരയായ പെണ്‍കുട്ടി.ആ സമയത്ത്. സ്‌നേഹത്തോടും കരുണയോടും കൂടി അവരോട് ഇടപെട്ട് അവര്‍ക്ക് വേണ്ട വൈദ്യ ശുശ്രൂഷ നല്‍കുന്നതോടൊപ്പം തന്നെ പ്രധാനമാണ് നിയമാനുസൃതമായ പരിശോധനകള്‍ നടത്തി അവ രേഖപ്പെടുത്തുക എന്നതും. നടന്ന കാര്യങ്ങളെ കുറിച്ചുള്ള മൊഴി വിശദമായി രേഖപ്പെടുത്തി, ദേഹ പരിശോധന നടത്തി ,ആവശ്യമായ വജൈനല്‍ സ്വാബ് അടക്കമുള്ള തെളിവുകള്‍ ശേഖരിക്കണം. പിന്നീട് സ്‌പെസിമന്‍ ലേബല്‍ ചെയ്ത് കെമിക്കല്‍ അനാലിസിസിന് ഭദ്രമായി അയയ്ക്കാന്‍ ഏര്‍പ്പാടാക്കുന്നത് വരെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നമാണുള്ളത്.

ഒന്നു നടു നിവര്‍ത്താന്‍ തുടങ്ങുമ്പോഴായിരിക്കും പീഡനക്കേസുകളുമായി പോലീസെത്തുക

ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകള്‍ ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്രയും ചാര്‍ജ് ഷീറ്റുകളുണ്ടാവും. അത്രയും തവണ എല്ലാ കേസുകള്‍ക്കും മെഡിക്കല്‍ എവിഡന്‍സ് ആയുള്ളത് നേരത്തേ ആ പെണ്‍കുട്ടിയെ പരിശോധിച്ച് ഗൈനക്കോളജിസ്റ്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ആവും. 20 സ്ഥലങ്ങളില്‍ നടന്ന കുറ്റകൃത്യമാണെങ്കില്‍ ഇരുപത് തവണ ഈ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനും വിസ്താരത്തിനുമായി ഒരേ കോടതിയില്‍, ഒരേ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാകണം. ക്രോസ് ചെയ്യാനെത്തുന്ന പ്രതിഭാഗം വക്കീലന്മാര്‍ മാത്രം മാറി വരും.

ഒരു പ്രമാദമായ പീഡനക്കേസില്‍ നാലു പ്രതികള്‍ കാര്യമായിത്തന്നെ ശിക്ഷിക്കപ്പെട്ടു. വളരെ പ്രബലയായ മറ്റൊരു പ്രതിക്ക് വേണ്ടി വളരെ കനപ്പെട്ട ഒരു വക്കീലാണ് ഏര്‍പ്പാടാക്കപ്പെട്ടത്. കണ്ണുരുട്ടിയും മുഖം വക്രിപ്പിച്ചും ഒച്ച വെച്ചും ആ വക്കീല്‍ അന്ന് ഹാജരായ ഗൈനക്കോളജിസ്റ്റിനെ ക്രോസ് ചെയ്തത് നീണ്ട മൂന്നര മണിക്കൂറാണ്. അതും കേസുമായി നേരിട്ട് ബന്ധമില്ലാത്ത സാങ്കേതികത്വത്തിലൂന്നിയ വരട്ടു വാദങ്ങള്‍ക്കായി.

ഡോക്ടറെ ആ വക്കീല്‍ വെള്ളം കുടിപ്പിച്ചു. ഡോക്ടറും ഒന്ന് കരുതി വന്നോളൂ...'

അതേ കേസിലെ പ്രതികളിലൊരാളെ പൊട്ടന്‍സി പരിശോധന നടത്തിയതിന് കോടതിയില്‍ ഹാജരാവാനുള്ള സമന്‍സുമായെത്തിയ പോലീസുദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞതിങ്ങനെ: 'കഴിഞ്ഞ ദിവസം......ഡോക്ടറെ ആ വക്കീല്‍ വെള്ളം കുടിപ്പിച്ചു. ഡോക്ടറും ഒന്ന് കരുതി വന്നോളൂ...'

പീഡനത്തില്‍ കുറ്റാരോപിതരായവരുടെ പൊട്ടന്‍സി പരിശോധന നടത്തുമ്പോള്‍ പതിവു പരിശോധനയ്ക്ക് പുറമേ ലിംഗത്തിന്റെ വണ്ണവും നീളവും ലിംഗ മകുടത്തിലെ സംവേദനക്ഷമതയും മറ്റും രേഖപ്പെടുത്തണം. തിരക്ക് പിടിച്ച കാഷ്വാല്‍റ്റി ഡ്യൂട്ടിക്കിടയില്‍ കഷ്ടപ്പെട്ട് ഇതൊക്കെ രേഖപ്പെടുത്തും. എന്നിട്ടും കോടതിയിലെത്തുമ്പോള്‍ പ്രതിക്ക് ഉദ്ധാരണ ശേഷിയില്ലെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയില്ലെന്നും സ്ഥാപിക്കാന്‍ വക്കീലന്മാര്‍ പാടുപെടുന്നത് കാണാം. 2013 ല്‍ റേപ്പിന്റെ ഐപിസി നിര്‍വചനം മാറിയത് ഇവര്‍ അറിഞ്ഞില്ലേ ആവോ. :ഒരു പുരുഷന്‍ തന്റെ ലിംഗമോ മറ്റേതെങ്കിലും വസ്തുവോ സ്ത്രീയുടെ സമ്മതം കൂടാതെ' എന്നാണ് ആ ഡെഫിനിഷന്‍ തുടങ്ങുന്നത്.

പൊതുജനത്തിനാണെങ്കില്‍ ഡോക്ടര്‍മാരുടെ കോടതി ഡ്യൂട്ടിയെപ്പറ്റി ഒന്നും അറിയേണ്ട. പ്രസവവേദനയുമായി എത്തുന്നവരോട് ഡോക്ടര്‍ കോടതി ഡ്യൂട്ടിയിലാണ് എന്ന് പറഞ്ഞ് എങ്ങനെ സാന്ത്വനിപ്പിക്കാനാവും! മറ്റൊരു ഗൈനക്കോളജിസ്റ്റ് അവരെ നോക്കാനില്ലാത്ത ഇടങ്ങളാണെങ്കില്‍ ഉണ്ടാവുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല. അവസാന നിമിഷം മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യപ്പെടുന്നത് ആളുകള്‍ക്ക് വളരെ അസ്വാസ്ഥ്യജനകമാണ് താനും.

നമ്മുടെ നിയമ നടപടികള്‍ ലഘൂകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കോടതികളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, നമ്മുടെ നിയമ നടപടികള്‍ ലഘൂകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒരേ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനും വിസ്താരത്തിനുമായി ഒരേ ജഡ്ജിനു മുമ്പില്‍ നിരവധി തവണ ഒരു ഡോക്ടര്‍ ഹാജരാകേണ്ടി വരുന്നത് അത്യന്തം സങ്കടകരമാണ്.

പീഡനത്തിരയായ പെണ്‍കുട്ടികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ പീഡിക്കപ്പെടുന്നത് പാവം ഗൈനക്കോളജിസ്റ്റുകളാണ്.പ്രതികള്‍ക്ക് പോലും ഇത്രയും അനുഭവിക്കേണ്ടി വരുന്നുണ്ടാവില്ല. 

പറഞ്ഞിട്ട് ഫലമില്ലെന്നറിയാം. എന്നാലും പറയാതെ വയ്യ.

click me!