മരണം വരെ പോയി തിരിച്ച് വരുന്ന ഒരു മനുഷ്യന്‍റെ മനസ്സ് എങ്ങനെയാണെന്നറിയുമോ?

By Hospital DaysFirst Published Mar 2, 2019, 5:53 PM IST
Highlights

പിന്നീടെല്ലാം ധൃതിയിലായിരുന്നു. രാവിലെ ആറ്‌ മണിക്കായിരുന്നു ഓപ്പറേഷന്‍ തീരുമാനിച്ചത്. പച്ച വസ്‌ത്രം ധരിപ്പിച്ച്‌ സ്‌ട്രെക്‌ചറില്‍ കിടത്തി. അപ്പോഴാണറിയുന്നത്. എനിക്ക്‌ മുമ്പ്‌ വേറൊരു ഓപ്പറേഷനുണ്ടെന്ന്. അതിന് ശേഷമേ എന്‍റേത് നടക്കൂ. ശസ്ത്രക്രിയ സമയം 11 മണിയിലേക്ക് നീട്ടി. ഹാവൂ... തെല്ലൊരാശ്വാസമായി. 

വളരെ സാധാരണ രീതിയിൽ ജീവിതം മുമ്പോട്ട് നീങ്ങിക്കൊണ്ടിരിക്കെ, ശരീരത്തില്‍ ഏതെങ്കിലും അസുഖത്തിന്‍റെ വിത്തുകൾ ഉള്ളതായി നമ്മളാരും അറിയാറോ ഓർക്കാറോ ഇല്ല. അപ്രതീക്ഷിതമായ ഒരു സമയത്തായിരിക്കും ആ വിവരം നാമറിയുന്നത്‌. നമ്മളെ സംബന്ധിച്ച് അത് അവിശ്വസനീയമായിരിക്കും. ഭീതി, അമ്പരപ്പ്, മരവിപ്പ്... ആ തിരിച്ചറിവ് പലയാളുകളിലും ഇങ്ങനെ പല വികാരങ്ങളായി പടരും. പിന്നെ, ചികിത്സ കിട്ടാൻ വേണ്ടിയുള്ള നെട്ടോട്ടം തുടങ്ങും.

ഞാനും ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു പ്രഭാതത്തിൽ ഒരപൂർവ അസുഖത്തിന്‍റെ പിടിയിലാണെന്ന് അറിഞ്ഞത്‌. പിന്നീടങ്ങോട്ട്‌ ചികിത്സക്കായുള്ള മാരത്തണ്‍ ഓട്ടമായിരുന്നു. മണിപ്പാലിലും ബംഗളൂരുവിലെ സായ്‌ ബാബ ഹോസ്‌പിറ്റലിലുമടക്കം ഒട്ടേറെ ഇ.എന്‍.ടി, ന്യൂറോ വിദഗ്‌ധ ഡോക്ടർമാരെ കണ്ടു. ഒടുവില്‍ ഇന്ത്യയിലെ തന്നെ ഹാർട്ട്‌, ഹെഡ്‌ ശസ്‌ത്രക്രിയക്ക് പ്രശസ്തമായ തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലിലാണ് ചികിൽസ ഉറപ്പിച്ചത്. മേജർ ഓപ്പറേഷൽ വേണമെന്ന് ഡോക്ടർമാർ വിധിച്ചു.  ഒരു മാസത്തിലധികം വിദഗ്‌ധ ഡോക്ടർമാരുടെ സംഘം ഓപ്പറേഷനെക്കുറിച്ചും എന്‍റെ ശരീരത്തെയും രോഗാവസ്ഥയേയും കുറിച്ച് പഠിച്ചുകൊണ്ടിരുന്നു. നിരന്തരം നിരവധി പരിശോധനകള്‍ക്ക് വിധേയനായി. ഇതിനെല്ലാമൊപ്പം ഞാനും വലിയൊരു ശസ്ത്രക്രിയക്കായി മനസുകൊണ്ട് തയ്യാറെടുക്കുകയായിരുന്നു.

എങ്കിലും തലയാട്ടി ഒരുവിധം സമ്മതമറിയിച്ചു

ഒരു വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചത്. തലേ ദിവസം രാത്രി ഒമ്പത്‌ മണിയോടെ ഡോക്‌ടർമാരുടെ സംഘം അടുത്തേക്ക് വന്നു. ഓപ്പറേഷനെ കുറിച്ചും, ശേഷം വെൻറിലേറ്ററില്‍ കിടത്തുന്ന രീതിയുമെല്ലാം വിശദീകരിച്ചു. വിജയിക്കുമോയെന്നും വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചെത്തുമോയെന്നുമുള്ള കാര്യത്തിൽ ഉറപ്പ് പറയാനാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന്‌ മുമ്പേ അതിന് സമ്മതമാണെന്നും, ഇടയ്ക്ക് മരണം സംഭവിച്ചാല്‍ പ്രശ്‌നമില്ലെന്നുമുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടുനൽകണം. ഭാര്യയും അഞ്ചു വയസുള്ള മകളും മാത്രമാണ് എന്‍റെ കൂടെയുണ്ടായിരുന്നത്. അവരെ മാത്രമേ കൂടെ നില്‍ക്കാന്‍ ആശുപത്രി അധികൃതർ അനുവദിച്ചിരുന്നുള്ളൂ. പുറത്ത്‌ ഭാര്യയുടെ സഹോദരന്‍മാരുണ്ട്‌. പക്ഷെ, എന്‍റെ കൂടപ്പിറപ്പുകളാരുമുണ്ടായിരുന്നില്ല. 

അവർ  വരികയോ ഫോണിലൂടെയെങ്കിലും വിവരങ്ങൾ അന്വേഷിക്കാനോ ആശ്വസിപ്പിക്കാനോ ഉള്ള സൻമനസ്സ് കാണിച്ചിരുന്നില്ല.
ശസ്ത്രക്രിയയെക്കുറിച്ച് ഒരിക്കൽ കൂടി ആലോചിക്കാനായി ഒരു മണിക്കൂർ ഡോക്ടർമാർ ഞങ്ങള്‍ക്ക്‌  സമയം തന്നു. ഞാന്‍ ഭാര്യയുടെ മുഖത്ത്‌ നോക്കി. അവള്‍ എന്‍റെ മുഖത്തും.  ഞങ്ങള്‍ക്കിടയില്‍ വാക്കുകൾ ഒന്നും ഉയർന്നില്ല. ചിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ  കണ്ണുകളില്‍ നിന്ന്‌ ചാലിട്ടൊഴുകിയത്‌ കണ്ണീരല്ലായിരുന്നു. ചുടുചോര തന്നെയായിരുന്നു. നാവുകള്‍ തരിച്ചുപോയിരുന്നു. കണ്ണുകളില്‍ ഇരുട്ട്‌ കയറിയത്‌ പോലെ, പരസ്‌പരം കാണാനാവാതെ ഇരുന്നു. അനുവദിച്ച  മണിക്കൂർ   കഴിയാറായി. അതാ.. ഡോക്‌ടർമാരുടെ കാലൊച്ച വീണ്ടും. മരണത്തിന്‍റെ കുളമ്പടി ശബ്‌ദം പോലെ തോന്നി.

‘തീരുമാനമെന്തായി?' ഡോക്‌ടർമാർ ചോദിച്ചു. സമ്മതമെന്ന്‌ ശബ്ദമുയർത്തി പറയാൻ തുനിഞ്ഞെങ്കിലും അവർ കേട്ടില്ല. കാരണം, നാവിന്‌ സംസാരിക്കാനുള്ള ശക്തി നഷ്‌ടപ്പെട്ടത് പോലെയായിരുന്നു. എങ്കിലും തലയാട്ടി ഒരുവിധം സമ്മതമറിയിച്ചു. ഉടനെ അവർ ഒപ്പിടാനുള്ള പേന ഞങ്ങളുടെ നേരെ  നീട്ടി. അത്‌ വാങ്ങാനുള്ള കരുത്ത്‌ ഞങ്ങളുടെ കൈകള്‍ക്കില്ലായിരുന്നു. എങ്ങനെയോ വിരലുകള്‍ക്കിടയില്‍ പേന തിരുകിപ്പിടിച്ച് ഒപ്പിടേണ്ട കോളത്തില്‍ വരച്ചു. വിറയാർന്ന കൈകളോടെ അവളും സാക്ഷിയുടെ കോളത്തില്‍ ഒപ്പ് ചാർത്തി.

പിന്നീടെല്ലാം ധൃതിയിലായിരുന്നു. രാവിലെ ആറ്‌ മണിക്കായിരുന്നു ഓപ്പറേഷന്‍ തീരുമാനിച്ചത്. പച്ച വസ്‌ത്രം ധരിപ്പിച്ച്‌ സ്‌ട്രെക്‌ചറില്‍ കിടത്തി. അപ്പോഴാണറിയുന്നത്. എനിക്ക്‌ മുമ്പ്‌ വേറൊരു ഓപ്പറേഷനുണ്ടെന്ന്. അതിന് ശേഷമേ എന്‍റേത് നടക്കൂ. ശസ്ത്രക്രിയ സമയം 11 മണിയിലേക്ക് നീട്ടി. ഹാവൂ... തെല്ലൊരാശ്വാസമായി. കുറച്ച്‌ സമയം കൂടി നീട്ടിക്കിട്ടിയല്ലോ.  അതുവരെ പൊന്നുമോളുടെ സാമീപ്യമുണ്ടാവുമല്ലോ. ആയുസിലെ ആ അഞ്ചു മണിക്കൂറിന് എത്ര ലക്ഷങ്ങൾ വിലയിട്ടാലും അധികമാവില്ലെന്ന് അപ്പോൾ തോന്നി.

11 മണിയായപ്പോൾ  ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. അത്രയേ ഓർമ്മയുള്ളൂ... ബോധം തെളിഞ്ഞത് വൈകുന്നേരം അഞ്ച് മണിക്ക്. ഏതാനും മിനുട്ടുകൾ മാത്രം ഉറങ്ങിയ ദൈർഘ്യമേ എനിക്കനുഭവപ്പെട്ടിട്ടുള്ളൂ. മുന്നൂറ് വർഷം ഗുഹയിൽ ഉറങ്ങിയ അസ്‌ഹാബുല്‍ കഹ്‌ഫിന്‍റെ കഥ പോലെ. 

ശരീരത്തില്‍ ജീവന്‍റെ തുടിപ്പുകളുണ്ടെന്നല്ലാതെ ഒരു വിരൽ പോലും അനക്കാന്‍ സാധിച്ചില്ല

പിന്നീട്‌, വെന്‍റിലേറ്ററിലേക്ക്‌ മാറ്റി. ശരീരമാസകലം യന്ത്രങ്ങളും കുഴലുകളും ഘടിപ്പിച്ചിരിക്കുന്നു. ശരീരത്തിന്‍റെ സ്‌പന്ദനങ്ങള്‍ സ്‌ക്രീനിൽ തെളിഞ്ഞുകൊണ്ടിരുന്നു. പാതിരാവില്‍ പോലും കണ്ണു ചിമ്മാതെ, സദാസമയവും ശരീരത്തിന്‍റെ മിടിപ്പുകള്‍ നിരീക്ഷിച്ചു കൊണ്ട്‌ ഡോക്ടർമാരും നഴ്സുമാരും. 

പിറ്റേന്നാണ് വെൻറിലേറ്ററിൽ നിന്ന് മാറ്റിയത്. അതുവരെ മരിച്ചത് പോലുള്ള കിടത്തമായിരുന്നു. ദ്രവരൂപത്തിൽ കുഴലിലൂടെ ഒഴിച്ച് തരുന്ന ഭക്ഷണം മാത്രമാണ് അകത്തു ചെന്നത്. വെൻറിലേറ്ററില്‍ കിടന്ന ആ രാത്രി ഒരിക്കലും മറക്കാനാവില്ല. ശരീരത്തില്‍ ജീവന്‍റെ തുടിപ്പുകളുണ്ടെന്നല്ലാതെ ഒരു വിരൽ പോലും അനക്കാന്‍ സാധിച്ചില്ല. മനുഷ്യൻ എത്ര ദുർബലനും നിസ്സഹായനുമാണെന്ന്‌ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

click me!