ചെല്‍സീ, ചെല്‍സീ...ഇപ്പോഴുമുണ്ട് ആ മന്ത്രം കാതുകളില്‍!

By Nidheesh NandanamFirst Published Feb 27, 2019, 1:33 PM IST
Highlights

നിധീഷ് നന്ദനം എഴുതുന്ന ലണ്ടന്‍ യാത്രാനുഭവങ്ങള്‍ അഞ്ചാം ഭാഗം 

കൃത്യം ഒരാഴ്ച മുന്‍പ് സംഭവബഹുലമായിരുന്നു ഇവിടം. ചിരവൈരികളുടെ പോരാട്ടത്തില്‍ ബാര്‍ക്‌ളീയുടെ അവസാന നിമിഷ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചെല്‍സി സമനിലയില്‍ പിടിച്ചപ്പോള്‍ ഈ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഹൊസെ മോറിഞ്ഞോ ക്ഷുഭിതനായി ഈ സീറ്റില്‍ നിന്നും ചാടിയിറങ്ങി. സംഭവങ്ങളുടെ നേര്‍സാക്ഷ്യം കെവിന്‍ വിവരിച്ചു കൊണ്ടേയിരുന്നു.

ഫുള്‍ഹാം സ്‌റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴേ മനസ്സ് വെമ്പലില്‍ ആയിരുന്നു. പുറത്തിറങ്ങി ഇടത്തോട്ട് ഒരു നൂറു മീറ്റര്‍. ചാരനിറമുള്ള ബോര്‍ഡില്‍ നീലയും വെള്ളയും അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു... 'STAMFORD BRIDGE SW6, Home of Chelsea FC'

മനസ്സ് പടപടാ മിടിക്കുന്നു.കാല്‍പ്പന്തു തലയ്ക്കു പിടിച്ച കളിയാരാധകര്‍ക്ക് ഇതൊരു തീര്‍ത്ഥാടനമാണ്. ഈ നട തുറക്കുന്ന മത്സര ദിനങ്ങളില്‍ ലോകമെമ്പാടുമുള്ള ആരാധകക്കൂട്ടങ്ങള്‍ നീലയുമുടുത്ത് ഇങ്ങോട്ടേക്കൊഴുകും. ഫുള്‍ഹാം ട്യൂബ് സ്‌റ്റേഷന്റെ പുറത്തേക്ക് അത് നുരഞ്ഞു പൊങ്ങും. ഓരോ വഴിയും അപ്പോള്‍ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കാവും. കൂട്ടത്തിലൊരുവന്‍ ചെല്‍സിയുടെ സങ്കീര്‍ത്തനങ്ങള്‍ ഉറക്കെപ്പാടും. ഓരോ കളിയാരാധകനും അതേറ്റു പാടും. കളി കഴിഞ്ഞുള്ള തിരിച്ചിറക്കങ്ങളും അങ്ങനെ തന്നെ. വിജയാഹ്ലാദങ്ങളില്ലാത്ത രാവുകള്‍ കുറവായിരിക്കും. ഫുല്‍ഹാമിന്റെ തെരുവുകളില്‍ നീല നിറം പടരും. പബുകളില്‍ എങ്ങും വിജയാഹ്ലാദം തിമിര്‍ക്കും. പ്രായ ഭേദമന്യേ, വര്‍ണ വര്‍ഗ ഭേദമന്യേ ആണും പെണ്ണും ആടിപ്പാടും. നീലയില്‍ കുളിച്ചു ഞാനും നീയും ഒന്നാകും.

അതേ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ മുന്നിലാണ് ഇപ്പോള്‍. ഹസാര്‍ഡിന്റെയും കാന്റെയുടെയും കാഹിലിന്റെയും കട്ടൗട്ടുകള്‍. ആരവങ്ങളും ബഹളങ്ങളും കൂടെയില്ല. യൂറോപ്പ് ലീഗില്‍ ഇവിടെ വച്ചു ബലാറസ് ക്ലബ് ബേറ്റ് ബൊറിസേവിനെ തറ പറ്റിച്ച് നാലുനാള്‍ ആകുന്നതെയുള്ളൂ. സമയമൊട്ടും കളയാതെ ബ്രിട്ടാനിയ ഗേറ്റിലൂടെ അകത്തേക്ക് കടന്നു. സ്റ്റേഡിയത്തിന്റെ നേരെ മുന്നില്‍ പന്തുമായി നില്‍ക്കുന്ന പീറ്റര്‍ ഓസ്ഗുഡിന്റെ പ്രതിമ. പിറകിലായി, സ്‌റ്റേഡിയത്തിന്റെ അത്രയും ഉയരെ, ക്ലബ് ഫുട്‌ബോളിലെ 8 കിരീടങ്ങളും ചെല്‍സി അത് നേടിയ വര്‍ഷങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.

ആദ്യം ചെന്ന് കയറിയത് ക്ലബ് മ്യുസിയത്തിലേക്കാണ്. അവിടെ ചാമ്പ്യന്‍സ് ലീഗ് കപ്പ്, എഫ് എ കപ്പ്, യൂറോപ്പ ലീഗ് കപ്പ് എന്നിവ നിരത്തി വച്ചിരിക്കുന്നു. കൂടെ നിന്ന് പടമെടുക്കാം. ഇഷ്ടമുള്ള പശ്ചാത്തലത്തില്‍ പ്രിന്റ് ചെയ്തു തരികയും ചെയ്യും.  സ്റ്റേഡിയം ടൂറിനുള്ള ചാര്‍ജ് 22 പൗണ്ട് ആണ്. റെയില്‍ ടിക്കറ്റ് ഉണ്ടെങ്കില്‍ 2 പേര്‍ക്ക് ഒരു ടിക്കറ്റ് മതി.

ഒട്ടും വൈകാതെ ഗൈഡ് സ്‌റ്റേഡിയം ടൂറിന് ക്ഷണിച്ചു.. ഞങ്ങളെ ആദ്യം സ്‌റ്റേഡിയത്തിന് അകത്തു കൊണ്ടിരുത്തി. പ്രീമിയര്‍ ലീഗ് ദിനങ്ങളില്‍ ആര്‍ത്തിരമ്പുന്ന സ്‌റ്റേഡിയം കണ്‍കുളിര്‍ക്കെ കണ്ടു. എത്രയെത്ര നീലക്കടലിരമ്പങ്ങള്‍. ഗൈഡ് ആയ കെവിന്‍ ഞങ്ങളോരോരുത്തരോടും എവിടെ നിന്നാണെന്നു ചോദിച്ചു. .ഓരോ രാജ്യക്കാരോടും ചെല്‍സിക്ക് അവരുമായുള്ള ബന്ധം വിശദീകരിക്കാന്‍ അദ്ദേഹത്തിന് ഉത്സാഹമായിരുന്നു. ഞങ്ങള്‍ മൂന്നു പേര്‍ക്ക് പുറമെ ഒരു ഇന്ത്യക്കാരന്‍ കൂടി. ഫുട്ബാളിന്റെ നാടായ കൊല്‍ക്കത്തയില്‍ നിന്നും.

അവിടുന്ന് ഞങ്ങളാനയിക്കപ്പെട്ടത് ചെല്‍സി പ്രസ് റൂമിലേക്കാണ്.. പോസ്റ്റ് മാച്ച് പ്രെസെന്റഷന് മാനേജരും കളിക്കാരും ഇരിക്കുന്ന ഇടം. മൂന്ന് സീറ്റില്‍ നടുവില്‍ ഇപ്പോഴും മാനേജര്‍. കണക്കു കൂട്ടി കളി നടപ്പാക്കുന്ന, കാല്‍പ്പന്തിന്റെ തന്ത്രപ്പെരുക്കങ്ങളെ സ്വന്തം തലയില്‍ വിരിയിച്ചെടുത്ത ചെല്‍സിയുടെ ആശാന്മാരായ ഹൊസെ മോറിഞ്ഞോ, ഗസ് ഹിഡിങ്ക്, കാര്‍ലോ ആഞ്ജലോട്ടി, റോബര്‍ട്ടോ ഡിമാറ്റോ, റാഫേല്‍ ബെനിറ്റസ്, അന്‍േറാണിയോ കൊണ്ടെ തുടങ്ങി മൊറീസിയോ സാരിയില്‍ എത്തി നില്‍ക്കുന്ന മഹാരഥന്മാരുടെ ഇരിപ്പിടം. വലതു വശത്ത് ക്യാപ്റ്റന്‍, ഇടതു വശത്ത് പ്ലേയര്‍ ഓഫ് ദി മാച്ച്. ഞങ്ങള്‍ക്കും കിട്ടി ആ സീറ്റില്‍ ഒന്നിരിക്കാന്‍ അവസരം. മുന്നിലിരിക്കുന്നത് ചെല്‍സിയുടെ എല്ലാ സൈനിങ്സും നടന്ന ടേബിള്‍ ആണ്.  അബ്രഹമോവിച്ചിന്റെ എത്രയെത്ര കോടികള്‍ ഇതുവഴി മറിഞ്ഞിരിക്കുന്നു.

അടുത്തത് എവേ ഡ്രെസ്സിങ് റൂം ആണ്. ചുവരില്‍ തൂങ്ങിയാടുന്ന ജഴ്‌സികള്‍ നോക്കിയാലറിയാം ആ റൂമിന്റെ മഹത്വം. ആദ്യം കാണാം റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ ജേഴ്‌സി, പിന്നെ ജെറാള്‍ഡ്, ബെയ്ല്‍, ബെക്കാം, മെസ്സി, പുഷ്‌കാസ്, ബെക്കന്‍ബോവര്‍, ദെല്‍പ്പിയറോ, റോസാരിയോ തുടങ്ങി ലോക ഫുട്‌ബോളിലെ മഹാരഥന്മാര്‍ അവരുടെ കളിദിവസം ചിലവിട്ട ഇടം. പക്ഷെ ഈ മുറി ഒട്ടും തന്നെ ആകര്‍ഷണീയം അല്ല. ഒരു ഫുട്ബാള്‍ മാഗസിന്റെ സര്‍വേ പ്രകാരം ഹോം ടീമിന്റെ ചീപ് ടാക്റ്റിക്‌സുകളില്‍ ഒന്നാമതാണ് ചെല്‍സിയുടെ ഈ എവേ റൂം. പ്രാക്റ്റീസ് കഴിഞ്ഞും പകുതി സമയത്തും ഒക്കെ ക്ഷീണിച്ചു കയറി വരുന്നവരെ കാത്തിരിക്കുന്നത് വളരെ ഉയരെയുള്ള ഹാങ്ങേര്‍സ് ആണ്. ഇരിക്കാനുള്ള ബെഞ്ചുകള്‍ വളരെ താഴെയും അലമാരകള്‍ ബഞ്ചിനടിയിലും. കലി വരിക സ്വാഭാവികം.

അടുത്തത് ചെല്‍സിയുടെ ചേഞ്ച് റൂം. അതിമനോഹരം. അതി വിശാലം. ചുവരില്‍ ജിമ്മി ഗ്രീവേർസിന്റെയും ഫ്രാങ്ക് ലംപാര്‍ട്ടിന്റെയും ദിദിയന്‍ ദ്രോഗ്ബയുടെയും പ്രചോദിപ്പിക്കുന്ന വാക്കുകള്‍. ഓരോ കളിക്കാരനും കളിസാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക അറകള്‍. നിലത്ത് 'ഇത് ഞങ്ങളുടെ ഗേഹം-ലണ്ടന്റെ യശസ്സ്' എന്ന് എഴുതിയിരിക്കുന്നു. മുന്‍പിലായി ഐസ് ബാത്തിനുള്ള സൗകര്യം, മസാജിങ് ടേബിളുകള്‍, മാച്ച് റൂം ടാക്ടിക്‌സ് ഏരിയ, കിച്ചന്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍.

പിന്നീട് പ്ലയേഴ്സ് ടണലിലൂടെ മൈതാനത്തേക്ക്, മത്സരദിനങ്ങളില്‍ കണ്ണും കാതും കൂര്‍പ്പിച്ചു നാം കാത്തിരിക്കുമ്പോള്‍ കൊച്ചു കുട്ടികളുടെ കൈ പിടിച്ചു കളിക്കാര്‍ ഇറങ്ങിവരുന്ന അതെ വഴി തന്നെ.  ടണലിന് നേരെ വെളിയില്‍ ആണ് ഡഗ് ഔട്ട്.. വലതു വശത്ത് എവേ ടീമിന്‍േറത്. ഇടതു വശത്ത് ഹോം. 

കൃത്യം ഒരാഴ്ച മുന്‍പ് സംഭവബഹുലമായിരുന്നു ഇവിടം. ചിരവൈരികളുടെ പോരാട്ടത്തില്‍ ബാര്‍ക്‌ളീയുടെ അവസാന നിമിഷ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചെല്‍സി സമനിലയില്‍ പിടിച്ചപ്പോള്‍ ഈ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഹൊസെ മോറിഞ്ഞോ ക്ഷുഭിതനായി ഈ സീറ്റില്‍ നിന്നും ചാടിയിറങ്ങി. സംഭവങ്ങളുടെ നേര്‍സാക്ഷ്യം കെവിന്‍ വിവരിച്ചു കൊണ്ടേയിരുന്നു.

പിന്നെ ഫാര്‍ എന്‍ഡിലെ അപ്പര്‍ സ്റ്റാന്‍ഡിലേക്ക്. സ്പീക്കറില്‍ സ്റ്റേഡിയത്തിലെ മന്ത്രണം.. ചെല്‍സീ... ചെല്‍സി... എന്ന മുഴക്കങ്ങള്‍ രോമങ്ങളെ എഴുന്നേറ്റു നിര്‍ത്തി.. പടിക്കെട്ടു കയറുമ്പോള്‍ ചാന്റ് ഉച്ചസ്ഥായിയിലായി.. ഒരു നീലക്കടലിലേക്ക് പതുക്കെ ഊളിയിട്ടിറങ്ങുന്നത് പോലെ.  സ്റ്റാംഫോഡ് ബ്രിഡ്ജിലെ നീലത്തിരമാലകള്‍ ചെവിയില്‍ വന്നടിക്കുന്നത് പോലെ. പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരാനുഭവം. മനസ്സിനും കാതിനും.

ശേഷം ക്ലബ് സ്‌റ്റോറിലേക്ക്. ഓര്‍മയ്ക്കായി ചെല്‍സിയുടെ മഗും ബാന്റും വാങ്ങി തിരിച്ചിറങ്ങുമ്പോഴും നീലക്കടല്‍ അതിന്റെ എല്ലാ ശക്തിയോടും കൂടി മനസ്സില്‍ ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു.

ലണ്ടന്‍ വാക്ക്: യാത്രാനുഭവങ്ങള്‍ മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

click me!