ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

By ഫാത്തിമ മുബീന്‍First Published May 30, 2016, 7:17 AM IST
Highlights

പതിനഞ്ചാം നൂറ്റാണ്ടില്‍ കാനഡയിലെ  ഇറോഖ്വായിസ് ഗോത്ര സമൂഹം താമസിച്ചിരുന്ന ഗ്രാമങ്ങള്‍ ഇന്ന് സംരക്ഷിത കേന്ദ്രങ്ങളാണ്. പഴയ കാനഡ അന്തിയുറങ്ങിയ അവിടത്തെ വീടുകളിലേക്ക് ഒരു യാത്ര. ഫാത്തിമ മുബീന്‍ എഴുതുന്നു. ഫോട്ടോകള്‍: ഹുസൈന്‍ ചിറത്തൊടി

'വരൂ, നമുക്ക് ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകാം...' ഈ ഉള്‍വിളി കേട്ടാണ് പുനര്‍നിര്‍മ്മിച്ചതും സംരക്ഷിക്കപ്പെടുന്നതുമായ രണ്ടു ചരിത്ര ഗ്രാമങ്ങള്‍ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. തെക്കേ ഒണ്ടാറിയോയില്‍ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്ന ഇറോഖ്വായിസ് ഗോത്ര സമൂഹത്തിന്റെ ഗ്രാമമാണ് മില്‍ട്ടണിലുളള ക്രോഫോര്‍ഡ് ലെയിക്ക് കണ്‍സര്‍വേഷന്‍ ഏരിയയിലുള്ളത്. ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ കണ്ടത്തിയതിനാല്‍ പുരാവസ്തു ഗവേഷകരും യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരു ഗോത്ര ഗ്രാമത്തെ പുനസ്ഥാപിക്കുകയായിരുന്നു. 1600 ലെ ഫ്രഞ്ച് മിഷണറിമാരുടെ കത്തുകളും ഡയറി കുറിപ്പുകളുമാണ് ഇറോഖ്വായിന്‍ ജീവിത രീതികളെ പരിചയപ്പെടുത്താന്‍ സഹായിച്ചതെന്ന് റോയല്‍ ഒണ്ടാറിയോ മ്യുസിയം പുരാവസ്തു വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. കത്തെഴുത്തൊക്കെ പാടെ നിലച്ചതിനാല്‍ വരും കാലങ്ങളില്‍ ഇന്നത്തെ ജീവിതം അടയാളപ്പെടുത്തുക സോഷ്യല്‍ മീഡിയാ രേഖകളായിരിക്കുമോ? ഭൂതം, ഭാവി വര്‍ത്തമാനം എല്ലാം ഓര്‍മ്മിപ്പിക്കുവനായി ചിലയിടങ്ങള്‍..


100 പേര്‍ പാര്‍ക്കുന്ന വീടുകള്‍
'കുന്നുകളില്‍ താമസിക്കുന്നവര്‍' എന്നാണ് ഇവരെ പൊതുവേ പറഞ്ഞിരുന്നത്. ഓരോ കുന്നും ഓരോ ഗ്രാമമായിരുന്നു. ചില ഗ്രാമങ്ങളില്‍ മുന്നൂറിലധികം ആളുകള്‍ വസിച്ചിരുന്നു. ബിര്‍ച്ച് മരത്തിന്റെ തൊലികള്‍ കൊണ്ട് ചുമരും മേല്‍ക്കൂരയും മേഞ്ഞ  നീണ്ട വീടുകളില്‍ നൂറ് അംഗങ്ങളുള്ള കുടുംബങ്ങള്‍ പാര്‍ത്തു. ഇരുന്നൂറ് അടി നീളത്തിലും, ഇരുപത് അടി വീതിയിലും, ഇരുപത് അടി ഉയരത്തിലുമുള്ള പ്രത്യേക നിര്‍മിതിയിലുള്ള വീടുകള്‍. വീതിയേക്കാള്‍ നീളമുള്ള ഒറ്റ മുറി വീടിനുള്ളില്‍ തന്നെയാണ് വെപ്പും, തീനും കിടപ്പും. പല പേരുള്ള കുറെ മുറികളോ, ഫര്‍ണിച്ചറുകളുടെ തട്ടി തടച്ചിലുകളോ ഇല്ലാത്ത ഒറ്റ മുറി പെരകള്‍! ബങ്ക് ബെഡ്ന്ന് നമ്മള്‍ വിളിക്കുന്ന രീതിയില്‍ വീടിനുള്ളില്‍ ചുവരിനോട് ചേര്‍ന്ന് മരത്തിന്റെ തട്ടുകളുണ്ട്. തട്ടുകളുടെ ഇടയില്‍ മൃഗങ്ങളുടെ തോലുകളും, പായകളും കൊണ്ടുള്ള ചെറിയ മറവുകള്‍. ഒരു കുടുംബത്തിലെ പല അംഗങ്ങളുടെ കിടപ്പ് മുറികള്‍ വേര്‍ത്തിരിച്ചത് ഇങ്ങിനെയാവാം. ഉയരമുള്ള മേല്‍ക്കൂരയില്‍ ചോള കതിരുകള്‍ തൂക്കിയിട്ട് ഉണക്കുന്ന പതിവുണ്ടായിരിക്കണം. വീടിന് നടുവിലായി തീ കായാനുള്ള രണ്ട് കുഴികളും അതിനു ചുറ്റും ഇരിക്കാനുള്ള നീണ്ട പലകകളുമുണ്ട്. പുക വീടിനു പുറത്തേക്ക് പോകാനായി മേല്‍ക്കൂരയിലെ രണ്ടു പാളികളാണ് ഇരുട്ട് കുത്തിയ അകത്തേക്ക് വെളിച്ചം കടക്കാനുള്ള വഴി. അതല്ലാതെ വേറെ ജനലുകളൊന്നുമില്ല. രണ്ടറ്റത്തും രണ്ടു വാതിലുകളുണ്ട്. വലിയ വള്ളി കുട്ടകളില്‍ ചോളവും, സൂര്യകാന്തി വിത്തുകളും, മത്തനും, ബീന്‍സും, സ്‌ട്രോബെറിയും കൊയ്ത്തു കാലങ്ങളില്‍ നിറഞ്ഞിരിക്കുന്നത് നമുക്ക് സങ്കല്‍പ്പിക്കാം.

മാനിന്റെ തോലുണക്കി ഉണ്ടാക്കുന്ന മൃദുവായ ബാഗുപോലെയുള്ളതിലാണ് ചെറിയ കുട്ടികളെ കിടത്തിയിരുന്നത്. വേട്ടയാടിപിടിച്ച മൃഗങ്ങളുടെ തോലുകള്‍ ഉരിഞ്ഞ് കമ്പി വളയങ്ങളില്‍ നിവര്‍ത്തി വെച്ചാണ് ഉണക്കിയെടുക്കുന്നത്. ശരിയായ രീതിയില്‍ ഉണക്കിയെടുത്താല്‍ തോലുകള്‍ മൃദുലമാകും. ഇത് കൊണ്ടാണ് അവര്‍ തോലുറകളും കുപ്പായങ്ങളും ഉണ്ടാക്കിയിരുന്നത്. അന്ന് ഉപയോഗിച്ചിരുന്ന ചില വസ്ത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുഴക്കരികിലുള്ള കുന്നുകളിലാണ് മിക്കവാറും ഗ്രാമങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. വേനല്‍ കാലങ്ങളില്‍ ഗ്രാമത്തിലെ ആണുങ്ങള്‍ വേട്ടക്കായി കാടുകളിലേക്ക് പോയാല്‍ സ്ത്രീകളും കുട്ടികളും വിളകളുടെ സംരക്ഷണത്തിനായി കൃഷിയിടങ്ങളില്‍ കൂടാരം കെട്ടി താമസമാരംഭിക്കും. മൂന്ന് സഹോദരിമാരെന്ന് വിളിക്കുന്ന കൂട്ട് കൃഷിയാണ് പ്രധാനം. ചോളവും, ചിരങ്ങയും, ബീന്‍സുമാണ് കൃഷിയിലെ സഹോദരികള്‍. ബീന്‍സിനും, ചിരങ്ങയുടെ വള്ളിയും പടര്‍ന്നു കയറിയിരുന്നത് ചോള ചെടികളിലായതിനാലാവാം ഇങ്ങിനെയൊരു ബന്ധം.

പലായനങ്ങളും ഒഴിഞ്ഞുപോക്കുകളും
ട്രെയിനിന്റെ ബോഗി പോലെയുള്ള ഈ വീടുകള്‍ക്ക് മുന്നില്‍ അവരുടെ കുലത്തിന്റെ അടയാളമായി എന്തെങ്കിലും ചിഹ്നങ്ങളോ മറ്റോ വെക്കുന്ന പതിവുണ്ടത്രേ. ഇറോഖ്വായിന്‍ സമൂഹത്തില്‍ മൃഗങ്ങളുടെ പേരിലായിരുന്നു ഓരോ കുലവും അറിയപ്പെട്ടിരുന്നത്. ആമ, ഈല്‍, ബീവര്‍, ചെന്നായ, മാന്‍, കരടി, ഹേറോണ്‍, പരുന്ത്, കുരുവി എന്നിവയാണ് പ്രധാന ഇറോഖ്വായിന്‍ കുലങ്ങള്‍. പേരുകൊടുത്ത മൃഗങ്ങളുടെ പ്രത്യേകതകളോട് സാമ്യമുണ്ടാവുമോ ഓരോ കുലത്തിലേയും ആളുകള്‍ക്ക്? ഉണ്ടാവുമായിരിക്കും. അത് നിര്‍ണ്ണയിക്കാന്‍ മത്സരങ്ങളും നടന്നിട്ടുണ്ടാകും.  അത് പോലെ പലായനങ്ങളും ഇവര്‍ക്കിടയില്‍ സാധാരണമായിരുന്നു. മണ്ണിന്റെ ഫലസമൃദ്ധി കുറഞ്ഞാലോ വിറകിനുള്ള മരങ്ങളുടെ കുറവോ അതുവരെ ജീവിച്ച ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് പോകാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഒഴിഞ്ഞ് പോക്ക് പല ഘട്ടങ്ങളായാണ്. ഒടുവില്‍ ഒരു ഗ്രാമം തന്നെ ഉപേക്ഷിക്കപ്പെടുന്നു. അങ്ങിനെയൊന്നാണ് ക്രോഫോര്‍ഡ് ലെയിക്കിനടുത്ത് കണ്ടെത്തിയത്. അവിടെയുള്ളവരൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും? ഇതിനിടയില്‍ പറയാന്‍ വിട്ടു പോയത് വേലികളെ കുറിച്ചാണ്. ഇറോഖ്വായിന്‍ ഗ്രാമങ്ങളെ വേര്‍ത്തിരിക്കുന്ന വേലികള്‍ക്കുമുണ്ട് പ്രത്യേകത. മുളംതണ്ട് പോലെ നീളമുള്ള മരത്തടികള്‍ അടുപ്പിച്ചു നിര്‍ത്തിയുള്ള വേലികളാണ്. തടികള്‍ക്കിടയില്‍ തീരെ വിടവുണ്ടാവുകയില്ല. വന്യ മൃഗങ്ങള്‍ മാത്രമല്ല മറ്റു ശത്രു ഗോത്രങ്ങളെയും പ്രതിരോധിക്കാനാണിത്. ചിലര്‍ വേലിക്ക് ചുറ്റും ഉരുളന്‍ കല്ലുകള്‍ വെച്ചും കിടങ്ങുകള്‍ നിര്‍മ്മിച്ചും സുരക്ഷ ഒന്നും കൂടി ശക്തിപ്പെടുത്തും.

ഗോത്രങ്ങള്‍ തമ്മിലുള്ള കായിക മത്സരങ്ങള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കുമത്രേ. ഇറോഖ്വായിന്‍ ഗോത്രങ്ങളിലെ മതാചാരങ്ങളെ കുറിച്ച് വ്യക്തമായില്ലെങ്കിലും മന്ത്രവാദത്തിന്റെ സ്വാധീനം ഇവരുടെ ഇടയില്‍ ഉണ്ടായിരുന്നതായി കത്തുകളും ഡയറി കുറിപ്പുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രകൃതിക്ഷോഭങ്ങളും, അസുഖവും, മരണവുമെല്ലാം മന്ത്രവാദവുമായി ബന്ധപ്പെടുത്തിയിട്ടായിരുന്നു. ഇവരുടെ സംസാരഭാഷ ഇന്നും പ്രയോഗത്തിലുണ്ടെത്രേ. എവിടെയൊക്കെയോ അവരുണ്ടെന്ന ആശ്വാസം.  ഭാഷകള്‍ നഷ്ടപ്പെടുമ്പോള്‍ ഇല്ലതെയാകുന്നതൊരു സമൂഹമാണ്.  ഗ്രാമത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് കടന്നാല്‍ കാണുന്നത് യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊജെക്റ്റിന്റെ ഭാഗമായി പണിത ഇറോഖ്വായിന്‍ വാസ്തുവിദ്യയുടെ മാതൃകയാണ്. നീളമുള്ള മരത്തടികള്‍ കൊണ്ട് ഒരു മീനിന്റെ രൂപം പോലെയാണ് എനിക്ക് തോന്നിയത്. അവരെന്താണാവോ ഉദേശിച്ചത്...

ബ്ലാക്ക് ക്രീക്ക് 
ഇറോഖ്വായിന്‍ ഗ്രാമത്തില്‍ നിന്ന് ബ്ലാക്ക് ക്രീക്ക് പയണിയര്‍ ഗ്രാമത്തിലെത്തുമ്പോഴേക്കും കാലമേറെ കടന്നു പോയിട്ടുണ്ട്. ബ്ലാക്ക് ക്രീക്ക് ഗ്രാമത്തില്‍ ചരിത്രം ജീവിക്കുകയാണ്. 181632 കാലയളവില്‍ പണിത കെട്ടിടങ്ങളാണ് ഈ പൈതൃക ഗ്രാമത്തിലുള്ളത്. തിരക്കേറിയ ടോറോന്റോ നഗരം ഈ നൂറേക്കറിന് തൊട്ടപ്പുറത്താണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. യൂറോപ്പുകാരായ ഡാനിയേല്‍ സ്റ്റോങ്ങും എലിസബത്തും 1816 ല്‍ അവരുടെ വിവാഹശേഷം താമസത്തിനായി തിരഞ്ഞെടുത്തത് കുടുംബസ്വത്തായി കിട്ടിയ ബ്ലാക്ക് ക്രീക്കിലായിരുന്നു. പൈനും, ഓക്കും, മേപ്പിള്‍ വൃക്ഷങ്ങളും തിങ്ങി നിറഞ്ഞ ഈ കാടിനുള്ളില്‍ അവര്‍ ജീവിതമാരംഭിച്ചു. ആദ്യം തടി കൊണ്ടുള്ള ചെറിയ വീടുണ്ടാക്കി, പിന്നെ തൊഴുത്തും, ധാന്യ പുരയും, സ്‌മോക്ക് ഹൗസും  അങ്ങിനെയെല്ലാം അവരുടെ അദ്ധ്വാനം കൊണ്ട് പണിതുയര്‍ത്തി. ഇവരോടൊപ്പം ടോറോന്റോ നഗരവും വളരുകയായിരുന്നു. 

പുഴകള്‍ക്കരികില്‍ ഭൂമി നികത്തി കെട്ടിടങ്ങള്‍ ഉയര്‍ന്നു. ഈ പോക്ക് പോയാല്‍ ശരിയാവില്ലാന്ന് പ്രകൃതിക്ക് തന്നെ തോന്നിയിട്ടുണ്ടാകണം. 1954 ഒക്ടോബര്‍ പതിനഞ്ചാം തിയതി 81 പേരുടെ ജീവെനെടുത്ത് ആഞ്ഞു വീശിയ കൊടുങ്കാറ്റിലൂടെ പ്രകൃതി പ്രതിഷേധമറിയിച്ചു. അതിനുശേഷം അധികൃതര്‍ ജലസ്‌ത്രോതസ്സുകള്‍ക്കരികിലുള്ള നിര്‍മ്മാണ പദ്ധതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പല സ്ഥലങ്ങളും കണ്‍സര്‍വേഷന്‍ ഏരിയകളായി പ്രഖ്യാപിക്കുകയും ചെയ്തു. 1960 നോട് അടുത്ത് സ്റ്റോങ്ങ് കുടുംബത്തിലെ അംഗങ്ങള്‍ ബ്ലാക്ക് ക്രീക്ക് വിട്ടു പോയപ്പോള്‍ ഈ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കുകയായിരുന്നു. ടോറോന്റോയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും കാലത്തി  കുത്തൊഴുക്കില്‍പ്പെട്ട് നശിച്ചുപോകുമായിരുന്ന പല കെട്ടിടങ്ങളേയും പയണീയര്‍ ഗ്രാമത്തില്‍ എത്തിച്ച് സംരക്ഷിച്ചു പോരുന്നു. സ്റ്റോങ്ങ് കുടുംബ വീടും അവരുടെ വസ്തു വകകള്‍ക്കൊപ്പം മറ്റു നാല്‍പ്പത് കെട്ടിട്ടടങ്ങളെയും ചേര്‍ത്ത്  സര്‍ക്കാര്‍ ഇതൊരു ചരിത്ര ഗ്രാമമായി നിലനിര്‍ത്തുന്നു. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് സന്ദര്‍ശകര്‍കരെ സ്വീകരിക്കുന്ന പാര്‍ക്കിലെ സ്റ്റാഫുകള്‍ നമ്മെ കാലത്തിന് പിറകിലേക്ക് നയിക്കും. ഗോ ബസ്സും, ട്രെയിനും, ട്രാമും, കാറുകളും കൊണ്ട് തിരക്കേറിയ ടോറോന്റോ നഗരം തൊട്ടടുത്താണെന്ന കാര്യം മറന്ന് നമ്മള്‍ ദൂരെയേതോ തിരക്കേതുമില്ലാത്ത മറ്റൊരു ലോകത്തിലെത്തിയത് പോലെ.

തകരപ്പണിക്കാരന്റെയും കൊല്ലന്റെയും ആലകള്‍, കുതിരലായം, നെയ്ത്ത് ശാല, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല്, മദ്യശാല, പ്രിന്റിംഗ് പ്രസ്, ഫാം, ഡോക്ടറുടെ വീടും, ഓഫീസും, സ്‌കൂള്‍, വായനശാല, ഫയര്‍ ഹൗസ്, എംബോറിയം, തുകല്‍ശാല അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ തെരുവുകളില്‍ സജീവമായിരുന്നതെല്ലാം ഇവിടെയുണ്ട്. ഓരോന്നിലും പാര്‍ക്കിലെ ജീവനക്കാര്‍ പരമ്പരാഗത വേഷങ്ങള്‍ ധരിച്ച് നമ്മളെ സ്വീകരിച്ചും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും പോയ് പോയ കാലം ജീവസ്സുറ്റതാക്കുന്നു. അതാവും കുതിരാലയത്തില്‍ വെച്ചു കണ്ടയാള്‍ 'ചരിത്രം ജീവിക്കുന്നിട'മെന്ന് പറഞ്ഞത്. വൈദ്യുതി ഇല്ലാതിരുന്ന ആ കാലത്തും ആവി കൊണ്ടും, വെള്ളത്തിന്റെ ശക്തി കൊണ്ടും പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രങ്ങള്‍ ആളുകള്‍ ഉപയോഗിച്ചിരുന്നു.  ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രങ്ങള്‍ വെള്ളത്തിന്റെ ശക്തി കൊണ്ടാണ് തിരിഞ്ഞിരുന്നത്. എണ്ണവിളക്കിലെ പ്രകാശം മുറിയില്‍ മുഴുവന്‍ വ്യാപിക്കുന്നതിനായി വിളക്കിന് പിന്നില്‍ കണ്ണാടി പിടിപ്പിച്ചിരിക്കുന്നു. എന്തെല്ലാം വിക്രസ്സുകളാണ്... ഇത് കൊണ്ടാവും ഭൗമ ദിനത്തിന്റെ അന്നൊരു ദിവസത്തേക്ക് മാത്രമായി ഒന്നും ചെയ്യാനില്ലെന്നും എല്ലാ ദിവസവും ബ്ലാക്ക് ക്രീക്കില്‍ ഭൗമ ദിനങ്ങളാണെന്നുമാണ് അധികൃതര്‍ പറഞ്ഞത്. 

സിന്‍ഡ്രല്ലയും കഥകളും
വായനശാലയിലെ ബെഞ്ചില്‍ അവിടെ കാണാന്‍ വന്ന കുട്ടികള്‍ക്കൊപ്പം ഞാനും ഇരുന്നു. പുസ്തകങ്ങളുടെയും മരബെഞ്ചിന്റെയും പഴകിയ ഗന്ധം ശ്വസിച്ച് ഇരിക്കുമ്പോഴാണ് സിന്‍ഡ്രെല്ലയുടെ കഥ പറഞ്ഞു തരാമെന്ന വാഗ്ദാനവുമായി ഒരാള്‍ എത്തിയത്. കഥ പറച്ചിലാണോ... എന്നാ പിന്നെ ഞാന്‍ ഇരുന്നിടത്തുനിന്നും അനങ്ങിയില്ല. കുട്ടികളെ പോലെ ഞാനും കണ്ണും കാതും കൂര്‍പ്പിച്ചു. എന്ത് രസായിട്ടാണ് അവര്‍ കഥ അവതരിപ്പിച്ചത്. അവരിട്ടിരുന്ന വേഷം പോലെ തന്നെ ആകര്‍ഷകമായിരുന്നു കഥ പറയുന്ന രീതിയും. കുട്ടികള്‍ക്കൊപ്പം വലിയവരും കഥയില്‍ മുഴുകി പോയിരുന്നു. സിന്‍ഡ്രെല്ലയെ രാജകുമാരന്‍ കല്യാണം കഴിച്ചതും, കഥ തീര്‍ന്നതും കുറച്ച് നേരത്തേക്കാരും അറിഞ്ഞില്ല. നന്ദി പറഞ്ഞ് കൊണ്ട് അവര്‍ തല കുമ്പിട്ടപ്പോഴാണ് ആളുകള്‍ കൈയ്യടിച്ചത്. വീണ്ടും കഥ കേള്‍ക്കാനായി ഇരിക്കുന്നവരോട് 'മറ്റൊരു ദിവസം വരൂ, വേറെ കഥ പറഞ്ഞു തരാ'മെന്ന് പറഞ്ഞാണ് അവര്‍ യാത്രയാക്കുന്നത്. ഇതു പോലെയൊക്കെ കഥ പറഞ്ഞാല്‍ ആരെങ്കിലും അവിടന്ന് എണീറ്റ് പോരുമോ?

ജീവിതം പോലെ പ്രധാനമാണ് മരണവും. ബ്ലാക്ക് ക്രീക്ക് ഗ്രാമത്തിലെ സെമിത്തേരിയും അതോര്‍മ്മിപ്പിക്കുന്നു. സ്റ്റോങ്ങ് കുടുംബത്തിലെ അംഗങ്ങളെ അടക്കിയിരിക്കുന്നത് ഇവിടെയാണ്. 1927 ലാണ് അവസാനമായി മരണാനന്തര ചടങ്ങുകള്‍ നടന്നത്. വല്ല പ്രേതങ്ങളും വഴിയറിയാതെ നടക്കുന്നുണ്ടോന്നറിയാന്‍ കുറച്ചു പേരൊക്കെ പണ്ട് രാത്രിയില്‍ ഇവിടെ വന്നു നോക്കിയിരുന്നത്രേ. മനുഷ്യരെ പേടിച്ച് പ്രേതങ്ങളും പുറത്തിറങ്ങിയിട്ടുണ്ടാകില്ല. 1855ല്‍ നോബിള്‍ട്ടണില്‍ പണിത കൊല്ലന്റെ ആലയാണ് മറ്റ് കെട്ടിടങ്ങളെക്കാള്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ഇപ്പോഴും തകൃതിയായി പണി നടക്കുന്നത് പോലെ തോന്നും അവിടെ കയറിയാല്‍. നോബിള്‍ട്ടണില്‍നിന്ന് 1958 ലാണ് ഇതിനെ ബ്ലാക്ക് ക്രീക്ക് ഗ്രാമത്തിലേക്ക് മാറ്റുന്നത്. അങ്ങിനെ പല സ്ഥലങ്ങളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ട കെട്ടിടങ്ങളാണ് ഇപ്പോഴും കേടു കൂടാതെ ഇവിടെ സംരക്ഷിക്കുന്നത്. മേജര്‍ മെക്കന്‍സീയുടെ കുടുംബവീടും, ചൂല് നിര്‍മ്മാണ ശാലയും, കോഴി കൂടും, ഇരുമ്പ് പാത്രങ്ങളും, കൈ കൊണ്ട് തിരിച്ചു പ്രവര്‍ത്തിപ്പിക്കുന്ന അലക്ക് യന്ത്രവും, വലിയ ഇരുമ്പ് താക്കോല്‍ക്കൂട്ടങ്ങളും, കുട്ടയും വട്ടിയും അങ്ങിനെ പണ്ട് കണ്ടു മറന്ന ചിലതെല്ലാം ഇവിടെയുണ്ട്. കാലങ്ങളെ വേര്‍ത്തിരിക്കുന്നൊരു മരപാലം കടന്നെത്തുമ്പോള്‍ ചെന്നെത്തുന്നത്  കേട്ട് പരിചയിച്ച, എപ്പോഴോ എവിടെയോ കണ്ട് മറന്ന ഇടങ്ങളിലേക്കാണ്. ഒരിക്കലും തിരിച്ചു പിടിക്കാനാവാതെ വഴുതിയകന്ന കാലത്തിലേക്കാണ്... ഇടയ്‌ക്കൊന്നു ഓടിയെത്തി പഴമയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന തോന്നലാണ്. അത്രെയെങ്കിലും നമുക്ക് നല്‍കുന്നതിന്, നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു വെക്കുന്നതിന് നന്ദി... നന്ദി! 

click me!