ഫ്ലാഷ് ന്യൂസ്: ഒരു ചാനല്‍ ദുരന്ത കഥ!

By KP VinodFirst Published Jul 28, 2016, 1:23 PM IST
Highlights

ടെലിവിഷന്‍ ചാനലിന്റെ എണ്ണം കൂടിയതോടെ വാര്‍ത്താ ചാനലുകളുടെ മത്സരവും മുറുകി. ചാനലിലെ ഒരു വാര്‍ത്തക്ക് ഒരു ദിവസത്തേ ആയുസേ ഉള്ളൂ ഇപ്പോള്‍. പത്രങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ഒരു പ്രസ്താവന നടത്തിയാല്‍ അത് വരുന്നത് അടുത്ത ദിവസം. പിന്നെ അതിന്റെ പ്രതികരണം അതിനടുത്ത ദിവസം. അങ്ങനെ ഒരു ആഴ്ച നിറഞ്ഞു നിന്നിരുന്ന വാര്‍ത്തകള്‍ ഇന്നു പുലര്‍ കാല വാര്‍ത്തയില്‍ പതിയെ തുടങ്ങി ഉച്ച വാര്‍ത്തയില്‍ ഉച്ചസ്ഥായില്‍ എത്തി ഒന്‍പതു മണിയുടെ ചാനല്‍ ചര്‍ച്ചയില്‍ മംഗളം പാടി അവസാനിക്കുന്നതോടെ ആ വാര്‍ത്തകളുടെ സെറിമോണിയല്‍ ശവസംസ്‌കാരം നടക്കും. 

ഇതിന് ഒരു കാരണം ചാനലുകളുടെ മത്സരം തന്നെ. പുതിയ ചാനലുകളുടെ രംഗപ്രവേശനത്തോടെ പുതിയ പുതിയ വാര്‍ത്തകള്‍ കണ്ടുപിടിക്കുകയും അത് അവരുടേതു മാത്രമാക്കി മാറ്റുന്നതിന്റെ തിരക്കില്‍ കേരളം ചര്‍ച്ച ചെയ്യേണ്ട പല വാര്‍ത്തകളും അകാല ചരമമടയുന്നു എന്നതാണ് ദു:ഖകരമായ അവസ്ഥ . 

ഫ്ലാഷ് ന്യൂസ്
ഫോട്ടോ ഫിനിഷിങ്ങില്‍ ഒന്നാമതെത്തുന്ന ഫ്ലാഷ് ന്യൂസുകള്‍ക്കാണ് വാര്‍ത്ത ശേഖരിക്കാന്‍ പോകുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടമാരുടെ കണ്ണ്. ചാനലുകളുടെ ഡസ്‌കില്‍ നിരത്തി വെച്ചിരിക്കുന്ന ടെലിവിഷനുകള്‍ ഫീല്‍ഡില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടന്മാരുടെ പേടിസ്വപ്നമാണ്. ബ്രേക്കിങ്ങ് ന്യൂസിന്റെ ലോകറിക്കാര്‍ഡ് ഇപ്പോഴും തോട്ടപ്പള്ളിക്കാരന്‍ മാധവന്‍പിള്ള ശിവരാമന്‍ പിള്ള ( എം.ശിവറാം ) എന്ന മലയാളി പത്രപ്രവര്‍ത്തകന്റെ പേരിലാണ്. 'റോയിട്ടേഴ്‌സ് ' എന്ന വാര്‍ത്താ ഏജന്‍സിയുടെ സ്വീകരണമുറിയില്‍ റംഗൂണിലെ പട്ടാള അട്ടിമറിയുടെ വാര്‍ത്ത പുറം ലോകത്തേക്ക് 24 മണിക്കൂറിന്റെ ലീഡില്‍ എത്തിച്ച എം .ശിവറാമിന്റെ പേര് സ്വര്‍ണ്ണ ലിപികളില്‍ തിളങ്ങുമ്പോള്‍ ശിവറാമിന്റെ നാട്ടിലെ ടെലിവിഷന്‍ സ്റ്റുഡിയോകളിലെ ബ്രേക്കിങ്ങ് യന്ത്രത്തിന് കേടു സംഭവിച്ചാല്‍ മാത്രമേ പ്രേക്ഷകന് ബ്രേക്കിങ് ന്യൂസില്ലാത്ത ടെലിവിഷന്‍ പെട്ടി കാണാന്‍ കഴിയു എന്നതാണ് അവസ്ഥ.

പണ്ട് ഒരു ചാനലില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍ പിന്നീട് വാര്‍ത്താ ശേഖരണത്തിന്റെ ഭാഗമായി ഒത്തു കുടുന്നത് നിത്യസംഭവം. ഇന്ത്യന്‍ ടീമില്‍ ഇന്നലെ വരെ ഒന്നിച്ചു കളിച്ചവര്‍ ഐ.പി.എല്ലില്‍ ശത്രുപക്ഷത്ത് നിന്ന് കരുക്കള്‍ നീക്കുന്നതു പോലെ, അപ്പാള്‍ പഴയ സൗഹൃദം കാണിച്ചാല്‍ ചിലപ്പോള്‍ എട്ടിന്റെ പണി കിട്ടി എന്നു വരും. അങ്ങനെ ഒരു പഴയ സീനിയറിനോട് അല്‍പം മമത കാണിച്ച് എട്ടിന്റെ പണി കിട്ടിയ കഥയാണിത്. 

എട്ടിന്റെ പണി
സൂര്യനെല്ലി കേസ് അട്ടിമറിച്ചു എന്ന് ഇന്ത്യയുടെ പരമോന്നതകോടതി പറഞ്ഞദിവസം വൈകുന്നേരം, സ്ഥലം നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ കേരളത്തില്‍ എത്തുന്നു എന്നറിഞ്ഞ് ചാനല്‍പ്പട കുതിച്ചെത്തുന്നു. തത്സമയ സംപ്രേഷണ വാഹനങ്ങള്‍ എയര്‍പ്പോര്‍ട്ടില്‍ പത്തി വിടര്‍ത്തി നിന്നു. 6.15 നോടെ രാജ്യസഭാ ഉപാധ്യക്ഷന്‍ എയര്‍പോര്‍ട്ടിനു പുറത്തു വന്നു. കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ വൈകിട്ടത്തെ വാര്‍ത്തകള്‍ ചൂടോടെ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് തൊടുത്തുവിടുന്ന സമയം. സൂര്യനെല്ലി വിഷയം ആദ്യം ചോദിച്ചാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിയാലോ എന്നു കരുതി ഒരു ചാനലിലെ റിപ്പോര്‍ട്ടര്‍ മറ്റു ചാനല്‍ ലേഖികമാരോട് പെരുന്നയിലെ നഷ്ടപ്പെട്ടു പോയ താക്കോലിനെക്കുറിച്ച് ചോദിക്കാമെന്ന് സമവായത്തിലെത്തുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ താക്കോല്‍ പഴുത് അടക്കാന്‍ ചെന്നിത്തല എന്ന ദേശത്ത് ഒരു 'ഋഷ്യശംഗന്‍' ഉണ്ടെന്ന് പെരുന്നയില്‍ നിന്നു പെരുമ്പറ കൊട്ടിയതാണ് താക്കോല്‍കഥ. താക്കോലിനെക്കുറിച്ച കേട്ട മാത്രയില്‍ ഉപാധ്യക്ഷന്‍ വാചാലനായി . 

രണ്ടു കൈയ്യിലും മൈക്ക്
താമസിച്ചെത്തിയ അന്നത്തെ പുതിയ ചാനലിന്റെ ലേഖിക ആള്‍ക്കൂട്ടത്തിനിടയില്‍ കയറാന്‍, പെടാപ്പാടുപെടുന്നതു കണ്ട് സ്ത്രീ എന്ന പരിഗണനയും പഴയ സ്‌നേഹവും വെച്ച് 'മൈക്ക് ഇങ്ങു താ ചേച്ചി' എന്ന് പഴയ സഹപ്രവര്‍ത്തകന്‍ പറഞ്ഞു. ടിയാന്റെ രണ്ടു കൈയ്യിലും മൈക്ക് എത്തിയതോടെ, എതാണ്ട് പതിനഞ്ചു മിനിറ്റ് നീണ്ടു നിന്ന ചോദ്യോത്തര കലാ പരിപാടി നടക്കുന്നതിനിടയില്‍, ലേഖിക തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് തുരുതുരാ ഫ്ലാഷുകള്‍ മിന്നിച്ചു. രണ്ടു കൈയിലും മൈക്കുമായി നില്‍ക്കുന്ന പഴയ സഹപ്രവര്‍ത്തകനായ സുഹൃത്തിന്റെ മുഖം കോപം കൊണ്ടു ചുവക്കുന്നത് വ്യൂ ഫൈന്‍ഡറിലെ കാഴ്ചക്കു പുറത്ത് എനിക്ക് കാണാമായിരുന്നു. 

നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റു ചാനലുകളിലെ ഫ്‌ലാഷുകള്‍ കണ്ട് ചാനലിന്റെ ന്യൂസ് ഡെസ്‌കില്‍ നിന്നുള്ള വിളിയില്‍ പോക്കറ്റില്‍ക്കിടന്ന് ബ്ലാക് ബറി നിര്‍ത്താതെ ചിലച്ചതോടെ പഴയ സഹപ്രവര്‍ത്തകന്റെ സകല ക്ഷമയും നശിച്ചു. ചേച്ചി കാണിച്ചത് വൃത്തികേടായിപ്പോയെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു. 

വാര്‍ത്ത എത്രയും വേഗം ആപ്പീസില്‍ എത്തിച്ചില്ലങ്കില്‍ പണി വേറേ കിട്ടും. വ്യൂഫൈന്‍ഡറിന് പുറത്ത് പതിഞ്ഞതൊന്നും കണ്ടില്ലെന്ന് നടിച്ച് കാറില്‍ കയറി വേഗം സ്ഥലം കാലിയാക്കി. 

click me!