നിത്യകാമുകനായ പിതാവിനെക്കുറിച്ച് മകള്‍ക്ക് എന്താവും പറയാനുണ്ടാവുക?

By Saritha MahinFirst Published Nov 17, 2018, 3:14 PM IST
Highlights

ഇന്ന് കാതല്‍ മന്നന്‍ ജെമിനി ഗണേശന്റെ 98-ാം ജന്‍മദിനം. ഈ ദിനത്തില്‍, ജെമിനി ഗണേശനെക്കുറിച്ച് മകള്‍ നാരായണി എഴുതിയ  'ഇറ്റേണല്‍ റൊമാന്റിക്, മൈ ഫാദര്‍ ജെമിനി ഗണേശന്‍' എന്ന പുസ്തകത്തിന്റെ വായന. സരിത മാഹിന്‍ എഴുതുന്നു

''എന്റെ പേര് ഭാനുരേഖ''അവര്‍ പരിചയപ്പെടുത്തി. അത്, പിന്നീട് പ്രശസ്തയായ നടി രേഖയായിരുന്നു. കണ്ണില്‍ മസ്‌കാരയിട്ട അവര്‍ സുന്ദരിയായിരുന്നു. 

''എന്താ കുട്ടിടെ അപ്പയുടെ പേര്?''- നാരായണി ഭാനുരേഖയോട് ചോദിച്ചു. 

''ജെമിനി ഗണേശന്‍''-പെട്ടെന്നു വന്ന മറുപടിയില്‍ നാരായണിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. 

അതെങ്ങനെയാവും. അത് തന്റെ അപ്പയല്ലേ. നാരായണിയുടെ മനസ്സും പിടഞ്ഞു. 

ഇന്ന് കാതല്‍ മന്നന്‍ ജെമിനി ഗണേശന്റെ 98-ാം ജന്‍മദിനമാണ്. 1920 നവംബര്‍ 11നായിരുന്നു അദ്ദേഹത്തിന്റെ പിറവി. ഈ ദിനത്തില്‍, എന്റെ കൂടെയൊരു പുസ്തകമുണ്ട്. 'ഇറ്റേണല്‍ റൊമാന്റിക്, മൈ ഫാദര്‍ ജെമിനി ഗണേശന്‍' എന്ന പുസ്തകം. അതെഴുതിയത് നാരായണി ഗണേശനാണ്. ജെമിനി ഗണേശന്റെ മകള്‍. ജേണലിസ്റ്റായ മകള്‍ പിതാവിനെ കുറിച്ചെഴുതിയ ഓര്‍മകളാണ് പുസ്തകം നിറയെ. ജെമിനി ഗണേശന്റെ ജീവിതം ഇഴകീറി പരിശോധിക്കുകയല്ല മകള്‍. പിതാവിനെ ആഴത്തില്‍ കണ്ടെത്തുകയാണ്. ഖുഷ്വന്ത് സിങ് അടക്കമുള്ളവരുടെ വര്‍ഷങ്ങള്‍ നീണ്ട നിര്‍ബന്ധങ്ങള്‍ക്കൊടുവിലാണ് നാരായണി പുസ്തകം എഴുതിത്തീര്‍ത്തത്.
  
നാഷണല്‍ ഹെറാള്‍ഡില്‍ ഹുമ ഖുറേഷിയുടെ കോളം വായിച്ചപ്പോള്‍ മുതല്‍ ഈ പുസ്തകം തേടുകയായിരുന്നു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് ഏറെ കാത്തിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. 

'ഇറ്റേണല്‍ റൊമാന്റിക്, മൈ ഫാദര്‍ ജെമിനി ഗണേശന്‍' എന്ന പുസ്തകം. നാരായണി ഗണേശന്‍

ഈ പുസ്തകം ജെമിനി ഗണേശന്റെ നാം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിപ്രഭാവം അനുവാചകനു മുന്നില്‍ തുറക്കുന്നുണ്ട്. ആ കാലഘട്ടം മുഴുവനും പുസ്തകത്തിലേക്ക് ആവാഹിക്കാനും നാരായണിക്കാവുന്നു. പതുക്കോട്ടയിലെ ആദ്യകാലം, പിതാവിന്റെ മരണം, രാമകൃഷ്ണ മിഷനിലെ ജീവിതം, യോഗാപഠനം, വേദാന്തപഠനം, കൗമാരത്തിലെ വിവാഹം, മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ കാലം, പിന്നെ സിനിമലോകം. ഓണ്‍സ്‌ക്രീനിലെ നായികമാര്‍ ജീവിതത്തിലും നായികമാരായതും അവരുടെ മക്കളെക്കുറിച്ചും എല്ലാം വളരെ സത്യസന്ധമായി തന്നെ നാരായണി പറയുന്നു.

പിതാവിനെക്കുറിച്ചുള്ള അവരുടെ ഓര്‍മകള്‍ അത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അദ്ദേഹത്തില്‍നിന്നും അദ്ദേഹത്തിന്റെ അമ്മ ഗംഗമ്മ, അവരുടെ അനുജത്തി ചിന്നമ്മ എന്നിവരില്‍ നിന്നും കേട്ടിട്ടുള്ളതാണ്. പിന്നീട് എഴുത്തിന്റെ ആവശ്യത്തിനായി 80 കടന്ന ജെമിനി ഗണേശനെ ഓരോ കഥകള്‍ പറയാന്‍ നിര്‍ബന്ധിച്ച് നാരായണി പിറകെ കൂടും. കുറച്ചുകഥകള്‍ പറഞ്ഞുകഴിഞ്ഞാല്‍ അസ്വസ്ഥനായി അദ്ദേഹം പറയുമായിരുന്നത്രെ, ''എന്നെ വെറുതെ നിര്‍ബന്ധിക്കരുത്. എനിക്ക് ബോറടിക്കുന്നു. നീ ചോദിച്ചത് തന്നെയാണ് എന്നോട് ചോദിക്കുന്നത്''.

ബാക്കിവിവരങ്ങളെല്ലാം അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്നെടുക്കുകയായിരുന്നു നാരായണി. പ്രായാധിക്യത്താല്‍ അസുഖബാധിതനാവാന്‍ തുടങ്ങിയപ്പോഴാണ് മറ്റൊരു മകള്‍ കമല പറഞ്ഞതനുസരിച്ച് ഒരാളെ എഴുതാനായി വച്ചത്. ജെമിനി ഗണേശന്‍ പറഞ്ഞുകൊടുത്തുകൊണ്ട് ഓട്ടോബയോഗ്രഫി തയ്യാറാക്കി. 'വാഴ്ക്കൈ പടയ' (ദി ബോട്ട് ഓഫ് ലൈഫ്). തമിഴ്് ഫ്രീലാന്‍സ് എഴുത്തുകാരിയായ ജയശ്രീ വിശ്വനാഥനാണ് തമിഴില്‍ 'വാഴ്ക്കൈ പടയ' രചിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ ഇടയില്‍ മാത്രമായിരുന്നു വിതരണം. പുതിയ തലമുറയിലെ കൊച്ചുമക്കള്‍ക്ക് തമിഴറിയാത്തതിനാല്‍ നാരായണി തന്നെ പിന്നീടത് ഇംഗ്ലിഷിലേക്ക് തര്‍ജമ ചെയ്തു. 

അമ്മയ്ക്കും ആദ്യ ഭാര്യ ബോബ്ജിക്കും ഒപ്പം ജെമിനി ഗണേശന്‍
 

കാലത്തിനു മുന്നേ നടന്ന നടനായിരുന്നു ജെമിനി ഗണേശന്‍.  അന്നത്തെ നടന്‍മാരെ വച്ചു നോക്കുമ്പോള്‍ അഭിനയത്തില്‍ അതിഭാവുത്വം ഏറ്റവും കുറവണ്ടായിരുന്നത് അദ്ദേഹത്തിനാണ്. സ്‌ക്രീന്‍ നായികമാരായ പുഷ്പവല്ലിയോടും സാവിത്രിയോടും പ്രണയമുണ്ടായിരുന്നു. വെറും പ്രണയമല്ല. അവരെ വിവാഹം ചെയ്തു. അവരില്‍ കുട്ടികളുണ്ടായി. ബന്ധങ്ങളെ ഭംഗിയായി മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ അപ്പോഴെല്ലാം ജെമിനി ഗണേശന് ശക്തമായ കൂട്ടായി നിന്നത് കൗമാരത്തില്‍ ഭാര്യയായി വന്ന ടി ആര്‍ അലമേലു എന്ന ബോബ്ജിയാണ്. തങ്ങളുടെ അര്‍ധസഹോദരങ്ങളുമായി ഇണങ്ങി ജീവിക്കാന്‍ ബോബ്ജി തന്റെ മക്കളെ പഠിപ്പിച്ചു. നാരായണി ഗണേശന്‍ ബോബ്ജിയിലുണ്ടായ മകളാണ്. പ്രമുഖനടി രേഖയാണ് ഒരു അര്‍ധ സഹോദരി. ബോബ്ജിമാ എന്നാണ് കുട്ടികള്‍ അലമേലുവിനെ സംബോധചെയ്തിരുന്നത്. 

പുസ്തകത്തിലെ ചില ഭാഗങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. അസാധ്യ മനക്കരുത്തിനുടമയായിരുന്നു ബോബ്ജി. രണ്ടു വിവാഹത്തിനുശേഷം വീണ്ടും വിവാഹിതനായ ജെമിനിയെ നടിയും രണ്ടാംഭാര്യയുമായ സാവിത്രിയമ്മ ഉപേക്ഷിച്ചു പോകുന്നുണ്ടെങ്കിലും ആദ്യ ഭാര്യയായ ബോബ്ജി ജെമിനി ഗണേശനെ ഒരിക്കലും പിരിയുന്നില്ല. മരണം വരെ അവര്‍ അദ്ദേഹത്തിന് കൂട്ടായിരുന്നു. ജെമിനിയെ അത്രയധികം സ്നേഹിച്ചിരുന്നു ബോബ്ജി. ജെമിനിഗണേശന്റെ കാലത്തിലെയും ജീവിതത്തിലെയും യഥാര്‍ത്ഥ നായിക അലമേലു എന്ന ബോബ്ജി തന്നെയാണ്. 

കാന്തിക ശക്തിയുള്ള വ്യക്തിത്വമാണ് ജെമിനി ഗണേശന്റേത്.  ചാമിങ്, സുന്ദരന്‍, സ്നേഹനിധി, തമാശക്കാരന്‍, ഉത്തരവാദിത്തമുള്ളയാള്‍, തുടങ്ങി എന്തൊക്കെ വാക്കുകള്‍ ഉപയോഗിച്ചാണ് തന്റെ പിതാവിനെ വരച്ചുകാട്ടേണ്ടത് എന്ന് തനിക്കറിയില്ലെന്ന് നാരായണി എഴുതുന്നു. 'സിനിമയ്ക്കു പുറത്തേക്കും അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ പോയി, അതുകൊണ്ട് അപ്പയ്ക്ക് പുറത്തും ബന്ധങ്ങളുണ്ടായി. അതൊന്നും ഞങ്ങളെ ബാധിച്ചില്ല. കാരണം അദ്ദേഹം ഞങ്ങളുടെ പഴയ സ്നേഹനിധിയായ അപ്പ തന്നെയായിരുന്നു. പക്ഷെ ബോബ്ജിമായുടെ മനസ്സില്‍ എന്തായിരുന്നു എന്ന് തനിക്ക്് പറയാനാവില്ല. കാരണം കുട്ടികള്‍ അവരുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ വരില്ലായിരുന്നു. മുത്തശ്ശിമാരും നല്ല സ്നേഹനിധികളായിരുന്നു. അമ്മയ്ക്ക് നിറയെ പരാതികളുണ്ടായിരുന്നെങ്കിലും അപ്പ മുന്നില്‍ വന്നാല്‍ അമ്മയതെല്ലാം മറക്കുമായിരുന്നു. അവര്‍ തമ്മില്‍ അത്രയും സ്നേഹത്തിലായിരുന്നു''-നാരായണി എഴുതുന്നു.

''നടന്‍ എന്ന നിലയില്‍ അപ്പയുടെ യുഎസ്പി എന്നത് സ്ത്രീകളോട് അദ്ദേഹത്തിന്റെ ഇടപെടലാണ്. എത്ര തലമുറകളെ അദ്ദേഹം ത്രസിപ്പിച്ചു. അവര്‍ക്കൊക്കെ അദ്ദേഹം നിത്യഹരിത പ്രണയനായകനാണ്, കാതല്‍ മന്നന്‍.''

വിജിയ്ക്കും മകനുമൊപ്പം ജെമിനി
 

ഹൃദയസ്പര്‍ശിയായ നിരവധി സംഭവങ്ങള്‍ നാരായണി തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഒമ്പതോ പത്തോ വയസ്സുള്ളപ്പോള്‍ മദ്രാസ് പ്രസന്‍േറഷന്‍ കോണ്‍വന്റില്‍ പഠിക്കുകയാണ്. അന്ന് ഒരു പെണ്‍കുട്ടി നാരായണിയോട് വെറുതെ മിണ്ടാന്‍ വന്നു. 

''എന്തിനാണ് നിങ്ങള്‍ സഹോദരങ്ങള്‍ വേറെ വേറെ കാറില്‍ വീട്ടില്‍ പോകുന്നത്?''

നാരായണി ആകെ അന്തംവിട്ടു.

''എന്റെ ചേച്ചിമാരുടെ ക്ലാസ് കഴിഞ്ഞു. ഞങ്ങള്‍ക്കൊരു കുഞ്ഞനുജത്തിയുണ്ട്''-നാരായണി പറഞ്ഞു. 

''വരൂ ഞാന്‍ കൊണ്ടാക്കിത്തരാം. കൈപിടിച്ച് ആ പെണ്‍കുട്ടി പറഞ്ഞപ്പോള്‍ നാരായണി സമ്മതിച്ചു.

''എന്റെ പേര് ഭാനുരേഖ''അവര്‍ പരിചയപ്പെടുത്തി. അത്, പിന്നീട് പ്രശസ്തയായ നടി രേഖയായിരുന്നു. കണ്ണില്‍ മസ്‌കാരയിട്ട അവര്‍ സുന്ദരിയായിരുന്നു. 

''എന്താ കുട്ടിടെ അപ്പയുടെ പേര്?''- നാരായണി ഭാനുരേഖയോട് ചോദിച്ചു. 

''ജെമിനി ഗണേശന്‍''-പെട്ടെന്നു വന്ന മറുപടിയില്‍ നാരായണിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. 

അതെങ്ങനെയാവും. അത് തന്റെ അപ്പയല്ലേ. നാരായണിയുടെ മനസ്സും പിടഞ്ഞു. 

ജെമിനി ഗണേശന് പുഷ്പവല്ലിയില്‍ ഉണ്ടായ മക്കളാണ് രേഖയും രാധയും. മക്കളെ ഏറെ സ്നേഹിക്കുകയും അവരുടെ ആരോഗ്യവും മറ്റുകാര്യങ്ങളിലും അതീവശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നു ജെമിനി ഗണേശന്‍. മക്കള്‍ക്ക് കവിത തുളുമ്പുന്ന കത്തുകളയക്കുമായിരുന്നു. 

കുട്ടിയായ കമല്‍ഹാസനൊപ്പം ജെമിനി ഗണേശന്‍
 

പുസ്തകത്തിന്റെ ആമുഖം എഴുതിയത് കമലഹാസനാണ്. ജെമിനി ഗണേശന്റെ സിനിമകളില്‍ കുട്ടിയായി വേഷമിട്ടിരുന്നത് കമലഹാസനായിരുന്നു. ''ജെമിനി മാമ ജീവിതത്തേക്കാള്‍ വലിയൊരാളാണ്. സ്‌ക്രീന്‍ പ്രഭാവത്തെക്കാള്‍ ആകര്‍ഷകമായ എന്തോ ഒന്ന് അദ്ദേഹത്തിലുണ്ട്. അദ്ദേഹം ജീവിതവുമായി പ്രണയത്തിലായിരുന്നു, അതിലെ എല്ലാത്തിനെയും അതിയായി സ്നേഹിച്ചു''.

2002 മാര്‍ച്ച് 22നാണ് ജെമിനി ഗണേശന്‍ താന്‍ ഏറെ സ്നേഹിച്ച് ജീവിതം വെടിഞ്ഞത്. അതേ വര്‍ഷം കൃത്യം ഏഴുമാസം കഴിഞ്ഞപ്പോള്‍ താന്‍ ഏറെ സ്നേഹിച്ച ജെമിനിയുടെ അടുത്തേക്ക് ബോബ്ജിയും യാത്രയായി.   

click me!