Latest Videos

കേരളത്തിന്റെ മേധാപട്കര്‍!

By ജിതി രാജ്First Published Nov 16, 2017, 4:25 PM IST
Highlights

എന്നിട്ടും നമ്മുടെ 'പ്രയോഗിക ബുദ്ധി' ലതച്ചേച്ചിയെ തിരിച്ചറിഞ്ഞില്ല. പരിസ്ഥിതി പ്രവര്‍ത്തകരുടെ ദുര്‍വിധിയാണത്. സര്‍വ്വനാശമാണ് വരാനിരിക്കുന്നതെന്ന് പ്രവചിച്ച എല്ലാവരുടെയും വിധി. പരിസ്ഥിതി ദിനാചരണങ്ങള്‍ക്കപ്പുറം സര്‍ക്കാറിനും സമൂഹത്തിനും ഒരിക്കലും പരിസ്ഥിതിയുടെ വില മനസ്സിലാവില്ല. എല്ലാം നശിക്കുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യണമെന്ന വിലാപങ്ങള്‍ മനസ്സിലാവില്ല. അതിനാല്‍, തന്നെ അവരെപ്പോഴും തിരിച്ചറിയപ്പെടാതെ പോവും. വികസനവിരുദ്ധരായി മുദ്രകുത്തപ്പെടും. തോറ്റുപോവുന്ന യുദ്ധങ്ങളിലെ മുന്നണിപ്പോരാളികളായി സ്വയംതോന്നിക്കും. എന്നാല്‍, സഹജീവികളിലുള്ള വിശ്വാസങ്ങള്‍ കൊണ്ടും പ്രകൃതിയോടുള്ള അപാരമായ സ്‌നേഹവായ്പുകൊണ്ടും അത്തരം നിരാശകളെയെല്ലാം മറികടക്കുകയായിരുന്നു ഡോ. ലത. ഒരുപക്ഷേ, അതുതന്നെയാവും ആ ജീവിതം നല്‍കുന്ന സന്ദേശം. 

കാന്‍സര്‍ രോഗം പിടിമുറുക്കിയ അവസാന നാളുകളിലൊന്നില്‍, ഒക്‌ടോബര്‍ 21ന്, ഡോ. ലത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഒരു ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു. ഫേസ്ബുക്കിനെ ആക്ടിവിസത്തിനായി ഉപയോഗിക്കാറുള്ള ഡോ. ലത അന്ന് പോസ്റ്റ് ചെയ്തത് പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ആണ്. ഒരു സ്‌കൂള്‍ ഫോട്ടോ. സ്‌കൂള്‍ യൂനിഫോമിട്ട  കുട്ടികളും ഒരധ്യാപകനും. അധ്യാപകന്റെ ഇടതു ഭാഗത്ത്, രണ്ടാമത്തെ വരിയില്‍ കുഞ്ഞു ലതയാണ്. 

സ്‌കൂള്‍ കാലം അവസാനിക്കുമ്പോള്‍ ഒരുമിച്ചിരുന്നൊരു ഫോട്ടോ എടുക്കുന്നത് പതിവാണ്. കൂട്ടുകാരെ പിരിയുന്ന സങ്കടത്തിനിടയിലും, ക്യാമറ അപൂര്‍വ്വമായ പഴയ കാലത്ത്, ഫോട്ടോയില്‍ വരുന്നത് കുട്ടികള്‍ക്ക് സങ്കടമല്ല, ആവേശമാണ്. അത്തരമൊരു ആഘോഷ നിമിഷത്തിലും വിഷമിക്കുന്നവരുണ്ടാകാം. പ്രിയപ്പെട്ട കൂട്ടുകാരെ, അധ്യാപകരെ, സ്‌കൂളിനെ, ആ ചുറ്റുപാടിനെ അതിനോട് ചേര്‍ന്നുണ്ടായിരുന്ന മരങ്ങളെ, കിളികളെ, എല്ലാം നഷ്ടപ്പെട്ട് ഇനി മറ്റൊരു ലോകത്തേക്ക് പറിച്ചു നടപ്പെടാന്‍ പോകുന്നതിന്റെ വേദനയുള്ളവര്‍. ആ ഭാവം ഫോട്ടോയിലും പതിയുന്നത് അവര്‍ അറിയണമെന്നില്ല. 

അധ്യാപകന്റെ ഇടതു ഭാഗത്ത്, രണ്ടാമത്തെ വരിയില്‍ കുഞ്ഞു ലതയാണ്. 

പില്‍ക്കാലത്ത്, പഠനത്തിന്റെയും ജോലിയുടെയും നേര്‍രേഖയില്‍നിന്ന് തെന്നിമാറി പൂര്‍ണ്ണ ആക്ടിവിസത്തിലേക്കും അക്കാദമിക്, പാരിസ്ഥിതിക ലോകങ്ങളിലേക്കും എടുത്തുചാടിയ ഡോ. ലതയ്ക്ക് കുട്ടിക്കാലത്തെ ആ ഗ്രൂപ്പ് ഫോട്ടോയില്‍ അസാധാരണമായ ഒരു ഭാവമാണ്. വിഷാദം കലര്‍ന്ന ഒരു ഭാവം. മനുഷ്യര്‍ക്കിടയില്‍, സമരങ്ങള്‍ക്കിടയില്‍, എതിര്‍പ്പുകള്‍ക്കിടയില്‍, ഭരണകൂടസമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ വലിയൊരുഭാഗം ജീവിച്ചുതീര്‍ത്തതാണ് ഡോ.ലത. കാന്‍സര്‍ കാര്‍ന്നുതിന്നുന്ന അവസാന കാലങ്ങളില്‍, കുഞ്ഞുന്നാളിലേക്കും അതിന്റെ ഓര്‍മ്മകളിലേക്കും തിരിഞ്ഞു നടന്ന ഏതോ ദിവസമാവണം ആ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടാവുക. 

എന്തിനായിരിക്കാം അവസാന നാളുകളില്‍ ലതച്ചേച്ചി കുട്ടിക്കാലത്തെ തന്നിലേക്ക് തിരിച്ചുകൊണ്ടുവന്നത്? അതും പുഴകളുടെ മരണം ഒരു വിപല്‍സാദ്ധ്യതയായി മുന്നില്‍നില്‍ക്കുന്നത് കണ്ടുെകാണ്ടിരിക്കുന്ന വേളയില്‍. തോറ്റുപോവുന്ന യുദ്ധത്തിലെ മുന്നണിപ്പോരാളിയാവുമോ എന്ന ആശങ്കകളെ മറികടന്ന്, കോശങ്ങളെ കാര്‍ന്നുതിന്നുന്ന മാരകരോഗത്തെ സ്വന്തം ഇച്ഛാശക്തി കൊണ്ട് മറികടന്ന്, ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമേകിക്കൊണ്ടിരിക്കെ ലതച്ചേച്ചി തന്നിലേക്കു തന്നെ ഒരു പാടു നടന്നിരിക്കുമോ?  

മുടി പിന്നിയിട്ട് മുറിപ്പാവാടയും ഷര്‍ട്ടുമിട്ട് ഒരു കൊച്ചുപെണ്‍കുട്ടിയായി പഴയകാലത്തിലേക്ക് തിരിച്ചുപോവുന്നത് അത്തരമൊരവസ്ഥയില്‍ എന്തുമാത്രം ആശ്വാസകരമായിരിക്കും?  മരണം അത്ര അകലെയല്ല എന്ന ബോധ്യത്തിന്റെ നാളുകളില്‍ ഒരുവള്‍ക്ക് സ്വന്തം കുട്ടിക്കാലം എന്തെന്ത് ആശ്വാസങ്ങളാണ് നല്‍കിയിരിക്കുക? അറിയില്ല. അതറിയാവുന്ന ലതച്ചേച്ചി ഇപ്പോള്‍ നമ്മുടെ കൂടെയുമില്ല. 

എന്തിനായിരിക്കാം അവസാന നാളുകളില്‍ ലതച്ചേച്ചി കുട്ടിക്കാലത്തെ തന്നിലേക്ക് തിരിച്ചുകൊണ്ടുവന്നത്?

മേധയും ലതയും 
ആ വിയോഗം, ഒരു കെട്ട കാലത്താണ്. ലതയെപ്പോലുള്ളവര്‍ ഏറ്റവും അനിവാര്യമായിരിക്കുന്ന കാലത്ത്. ഈ കാലത്തിന്, വരും കാലത്തിന് ഡോ. ലത അത്രയേറെ ആവശ്യമുണ്ടെന്ന് അവരെ അറിയുന്നവര്‍ എല്ലാം സമ്മതിക്കും. അതാണ്, നര്‍മ്മദയുടെ സമരഭൂമിയില്‍നിന്നും മേധാപട്കര്‍ ഡോ. ലതയെക്കുറിച്ച് ഇങ്ങനെ എഴുതിയത്: 'അവസാനശ്വാസം വരെയും പുഴകള്‍ക്കും പ്രകൃതിയ്ക്കും വേണ്ടി പടവെട്ടിയ ലത ഈ കാലത്തിന്റെ ആവശ്യമായിരുന്നു'. 

ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ മേധാ പട്കര്‍ ആയിരുന്നു ഡോ. ലത. മേധാ പട്കറുമായി പലയിടങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട് ലത. അതിനപ്പുറം, ഇരുവരുടെയും ജീവിതങ്ങള്‍ തമ്മില്‍ സമാനതകളേറെ.  പുഴയായിരുന്നു ഇരുവരുടെയും ജീവിതങ്ങളെ നിര്‍ണയിച്ചതും വഴി തിരിച്ചതും. പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലേക്ക് പുഴ വഴിയാണ് ഇരുവരുമെത്തിയത്. പുഴയ്ക്കു വേണ്ടിയായിരുന്നു ഇരുവരുടെയും ജീവിതവും. 

ഉന്നത വിദ്യാഭ്യാസവും നല്ല ജോലിയുമായി ഉപരിമധ്യവര്‍ഗ ജീവിതങ്ങളുടെ പതിവുചട്ടക്കൂടില്‍ ഒതുങ്ങാന്‍ എല്ലാ സാദ്ധ്യതകളുമുണ്ടായിരുന്നു ഇരുവര്‍ക്കും. അവിചാരിതമായി വന്നുപെട്ട പാരിസ്ഥിതിക പ്രവര്‍ത്തനത്തിന്റെ കഠിനപാത സന്തോഷത്തോടെ സ്വീകരിച്ചവരാണ് ഇരുവരും. അതിനായി, മേധാപട്കര്‍ കോളജ് അധ്യാപികയുടെ ജോലി ഉപേക്ഷിച്ചു. കാര്‍ഷിക വകുപ്പിലെ ജോലി വലിച്ചെറിഞ്ഞാണ് ലതച്ചേച്ചിയും സമരപഥങ്ങളിലേക്ക് ഇറങ്ങിവന്നത്. 

ഒട്ടുമെളുപ്പമായിരുന്നില്ല തുടര്‍പ്രവര്‍ത്തനങ്ങള്‍. എല്ലാം ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കാണാന്‍ ശീലിച്ച ഭരണകൂടങ്ങളെയും ഉദ്യോഗസ്ഥ പ്രമുഖരെയും രാഷ്ട്രീയ പാര്‍ട്ടികളെയും പൊതുസമൂഹത്തെയും പരിസ്ഥിതിയുടെ മൂല്യങ്ങള്‍ ബോധ്യപ്പെടുത്തുക ഒട്ടുമെളുപ്പമല്ല. അതിന്, കൃത്യമായ പഠനങ്ങളും ഡാറ്റയും നേതൃശേഷിയും വേണം. ജനങ്ങളോട് യുക്തിസഹമായി, ലളിതമായി കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. മേധയും ലതയും മുന്നില്‍നിന്നു ചെയ്തത് ഇക്കാര്യങ്ങളാണ്.

എതിര്‍പ്പുകളും വെല്ലുവിളികളും സമ്മര്‍ദ്ദങ്ങളും ഭീഷണികളും നേരിടാനും വലിയ കൂട്ടങ്ങളെ ഒന്നിച്ചു കൊണ്ടുപോവാനും അസാമാന്യമായ നേതൃപാടവവും ആവശ്യമുണ്ട്. പ്രവര്‍ത്തിച്ചുപ്രവര്‍ത്തിച്ചാണ് ഇരുവരും ആ ശേഷി സ്വായത്തമാക്കിയത്. 

ഇരുവരുടെയും ജീവിതങ്ങള്‍ തമ്മില്‍ സമാനതകളേറെ

പുഴയ്‌ക്കൊപ്പം ഒഴുകി തുടങ്ങിയ ലത
ലത എന്ന കാര്‍ഷിക ഗവേഷക പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചു തുടങ്ങുന്നത് 1989 ല്‍ സൈലന്റ് വാലിയില്‍ നടന്ന നേച്ചര്‍ ക്യാമ്പിനൊപ്പമാണ്. സൈലന്റ് വാലിയില്‍നിന്നാണ് കുന്തിപ്പുഴയും ഭവാനി പുഴയും ഉത്ഭവിക്കുന്നത്. കാടും ജലവും പുഴയും ഗോത്രവിഭാഗങ്ങളും കാടന്‍ ജീവിതവുമെല്ലാം ഒന്നിനൊന്നോട് ചേര്‍ന്ന് കിടക്കുന്നുവെന്ന തിരിച്ചറിവാണ് തന്നെ പ്രകൃതിയിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്ന് പറയുന്നുണ്ട് ലതച്ചേച്ചി. 

1995 ല്‍ പരിസ്ഥിതി സ്‌നേഹിയും കവിയുമായ എസ് ഉണ്ണികൃഷ്ണനെ വിവാഹം ചെയ്തതോടെ ഇരു പുഴകളും ഒരുമിച്ചൊഴുകി ഒരു വലിയ പുഴയായി. ഒരുമിച്ച് നടത്തിയ ക്യാമ്പുകള്‍ ലത ച്ചേച്ചിയെ കൂടുതല്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളോട് ചേര്‍ത്തു വച്ചു. 

പ്രകൃതി മാത്രമല്ല, പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരും ലതച്ചേച്ചിയുടെ പ്രിയപ്പെട്ടവരായി. ചാലക്കുടി പുഴയുടെ തീരങ്ങളില്‍ കഴിഞ്ഞിരുന്ന കാടര്‍ വിഭാഗക്കാരിലെ ഗീത എന്ന പെണ്‍കുട്ടിയടക്കം ലതച്ചേച്ചിയുടെ ആത്മ മിത്രമായി.  

1998 ല്‍ ചാലക്കുടി പുഴയില്‍ അതിരപ്പിള്ളി പദ്ധതിയ്ക്കായി ഡാം നിര്‍മ്മിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചുവെന്ന് അറിഞ്ഞ അന്ന് മുതല്‍ ലത പ്രവര്‍ത്തിച്ചത് ആ പുഴയ്ക്കും ആ തീരത്ത് അധിവസിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും വേണ്ടിയാണ്. അന്നും ആ മുഖത്ത് ഉണ്ടായിരുന്നത് പ്രിയപ്പെട്ട എന്തോ നഷ്ടപ്പെടുന്നതിന്റെ വിങ്ങലായിരുന്നു. സ്വന്തം പാരിസ്ഥിതിക തിരിച്ചറിവുകള്‍ സഹജീവകളോട് പങ്കുവെക്കാനുള്ള ധൃതിയായിരുന്നു. 

പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങള്‍. ചാലക്കുടി പുഴയ്ക്കുവേണ്ടി. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം കേരളത്തിലെ പ്രകൃതി സ്‌നേഹികളെല്ലാം ഒരുമിച്ച് നിന്നതോടെ പദ്ധതി നടപ്പിലാക്കും മുമ്പ് വിദഗ്ധ പഠനം നടത്താമെന്ന് സര്‍ക്കാരില്‍നിന്ന് ഉറപ്പ് വാങ്ങിയെടുത്തു.  

സഹജീവികളിലുള്ള വിശ്വാസങ്ങള്‍ കൊണ്ടും പ്രകൃതിയോടുള്ള അപാരമായ സ്‌നേഹവായ്പുകൊണ്ടും അത്തരം നിരാശകളെയെല്ലാം മറികടക്കുകയായിരുന്നു ഡോ. ലത.

ആ ജീവിതം നല്‍കുന്ന സന്ദേശം. 

നര്‍മ്മദാ നദിയ്ക്ക് വേണ്ടി മേധാപട്കര്‍ക്കൊപ്പവും ലത പ്രവര്‍ത്തിച്ചു. പ്രതീക്ഷകളോടെ വന്ന ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി ഉടന്‍, അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഡോ. ലത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്ന അവസാന നിമിഷം വരെയും ലതച്ചേച്ചി നഷ്ടപ്പെടുന്ന പ്രകൃതിയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഒരു നദിയെ പിന്നീട് സൃഷ്ടിക്കാനാവില്ലെന്ന്, ജീവജലത്തെ ഇല്ലാതാക്കിയാല്‍ തൊണ്ടപൊട്ടി ചാവേണ്ടി വരുമെന്ന്, എല്ലാം തകര്‍ത്ത് നിര്‍മിക്കുന്ന വന്‍കിട അണക്കെട്ടുകളുടെ വിപല്‍ശേഷികളെക്കുറിച്ച്...

എന്നിട്ടും നമ്മുടെ 'പ്രയോഗിക ബുദ്ധി' ലതച്ചേച്ചിയെ തിരിച്ചറിഞ്ഞില്ല. പരിസ്ഥിതി പ്രവര്‍ത്തകരുടെ ദുര്‍വിധിയാണത്. സര്‍വ്വനാശമാണ് വരാനിരിക്കുന്നതെന്ന് പ്രവചിച്ച എല്ലാവരുടെയും വിധി. പരിസ്ഥിതി ദിനാചരണങ്ങള്‍ക്കപ്പുറം സര്‍ക്കാറിനും സമൂഹത്തിനും ഒരിക്കലും പരിസ്ഥിതിയുടെ വില മനസ്സിലാവില്ല. എല്ലാം നശിക്കുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യണമെന്ന വിലാപങ്ങള്‍ മനസ്സിലാവില്ല.

അതിനാല്‍, തന്നെ അവരെപ്പോഴും തിരിച്ചറിയപ്പെടാതെ പോവും. വികസനവിരുദ്ധരായി മുദ്രകുത്തപ്പെടും. തോറ്റുപോവുന്ന യുദ്ധങ്ങളിലെ മുന്നണിപ്പോരാളികളായി സ്വയംതോന്നിക്കും. എന്നാല്‍, സഹജീവികളിലുള്ള വിശ്വാസങ്ങള്‍ കൊണ്ടും പ്രകൃതിയോടുള്ള അപാരമായ സ്‌നേഹവായ്പുകൊണ്ടും അത്തരം നിരാശകളെയെല്ലാം മറികടക്കുകയായിരുന്നു ഡോ. ലത. ഒരുപക്ഷേ, അതുതന്നെയാവും ആ ജീവിതം നല്‍കുന്ന സന്ദേശം.

click me!