എത്രത്തോളം വിശ്വസിക്കാം നമ്മുടെ ചികിത്സാ സംവിധാനങ്ങളെ?

By Babu RamachandranFirst Published Feb 18, 2019, 3:37 PM IST
Highlights

ഒടുവിൽ ന്യൂറോളജിസ്റ്റിനെ കാണാനുള്ള ഊഴമെത്തി. മോന്റെ കണ്ണിൽ ലൈറ്റടിച്ചും, അവന്റെ കൈകളിൽ ഒരു പ്ലാസ്റ്റിക് വടികൊണ്ട് തട്ടിയും, കൈ ഞൊടിച്ച് പല ഭാഗത്തേക്കും അവന്റെ ശ്രദ്ധ ആകർഷിച്ചുമൊക്കെ  എന്തൊക്കെയോ പരിശോധിച്ചു അയാൾ. എല്ലാം കൂടി പരമാവധി ഒരു അഞ്ചു മിനിറ്റ്. ഒടുവിൽ ലക്ഷ്മിയോട് പറഞ്ഞു. "എന്തായാലും കുഴഞ്ഞൊക്കെ വീണതല്ലേ.. നമുക്ക് ഒരു EEG എടുത്തേക്കാം... എന്തെങ്കിലും വിദൂര സാധ്യതകൾ ഉള്ളതും കൂടി അങ്ങ് റൂൾ ഔട്ട് ചെയ്തേക്കാം.. ഓക്കേ..? " ലക്ഷ്മിയുടെ മറ്റു ചോദ്യങ്ങൾക്കൊന്നും ചെവികൊടുക്കാതെ അയാൾ അടുത്ത പേഷ്യന്റിനെ വിളിച്ചു. EEG റിസൾട്ട് കിട്ടിയ ശേഷം വരാൻ ലക്ഷ്മിയെ പറഞ്ഞുവിട്ടു. 

വെയിലൊന്നാറിയപ്പോൾ ഒന്നര വയസ്സുള്ള തന്റെ കുഞ്ഞിനേയും കൊണ്ട് ഫ്ലാറ്റിന്റെ ചുവട്ടിലുള്ള പാർക്കുവരെയൊന്നു പോയതായിരുന്നു ലക്ഷ്മി. മകന് പാർക്കിലെ പുല്ലിൽ മറ്റു കുഞ്ഞുങ്ങളോടൊപ്പം  കളിക്കുന്നത് വലിയ ഇഷ്ടമുള്ള കാര്യമാണ്. ലക്ഷ്മിയാണെങ്കിൽ അവിടെ മറ്റുകുഞ്ഞുങ്ങളോടൊപ്പം വരുന്ന അമ്മമാരിൽ ചിലരോട്  കൂട്ടുകൂടിയിട്ടുമുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ കളിയും നടക്കും, വലിയവരുടെ കുശലങ്ങളും നടക്കും. 

പെട്ടെന്നാണ് ഇഷാൻ വന്ന് ലക്ഷ്മിയോട് പറഞ്ഞത്.. " ലക്ഷ്മി ആന്റീ, നിഷാന്ത് കളിച്ചോണ്ടിരുന്നപ്പോൾ പെട്ടെന്ന് നിലത്തു കുഴഞ്ഞു വീണു.. "  ലക്ഷ്മിയുടെ നെഞ്ചിലൂടെ ഒരു കനൽക്കട്ട താഴേക്ക് പാഞ്ഞു. അവൾ ഓടിച്ചെന്നു നോക്കിയപ്പോൾ പുല്ലിൽ കമിഴ്ന്നു വീണുകിടക്കുന്നു മോൻ. വാരിയെടുത്ത് നേരെ ഗേറ്റിലേക്ക് പാഞ്ഞു അവൾ.  ആദ്യം വന്ന ഓട്ടോയ്ക്ക് കൈ കാട്ടി നേരെ അടുത്തുള്ള ആസ്പത്രിയിലേക്ക് ചെന്നു.

എന്തായാലും കുഴഞ്ഞൊക്കെ വീണതല്ലേ.. നമുക്ക് ഒരു EEG എടുത്തേക്കാം

കാഷ്വാലിറ്റിയിൽ നിന്നിരുന്ന ചെറുപ്പക്കാരൻ ഡോക്ടറുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ലക്ഷ്മിയ്ക്ക് കണ്ണിൽ ഇരുട്ട് കേറുമ്പോലെ തോന്നി. അയാൾ കുഞ്ഞിന് അടിയന്തര ശുശ്രൂഷ നൽകാൻ നഴ്സുമാരോട് പറഞ്ഞശേഷം പീഡിയാട്രീഷ്യനെ വിളിച്ചു വരുത്തി.  

"എന്താണ് ഡോക്ടർ.. മോനെന്തെങ്കിലും പ്രശ്നം..? " ലക്ഷ്മി  പീഡിയാട്രീഷ്യനോട്‌ ചോദിച്ചു.  ഒന്നുമില്ല. ബോധക്ഷയമാണ്. അറ്റാക്സിയ ആണെന്ന് തോന്നുന്നു. എന്തായാലും ന്യൂറോയിൽ ഒന്ന് കാണിച്ചോളൂ.. 

ന്യൂറോളജിസ്റ്റിന്റെ ഓ പി -യിൽ തിരക്കാണ്. അവരുടേത് അമ്പത്തഞ്ചാമത്തെ ടോക്കണാണ്.  കൺസൾട്ടിങ് റൂമിനു വെളിയിൽ കാത്തിരിക്കുമ്പോൾ ലക്ഷ്മി ഫോണെടുത്ത് സുരേഷിനെ വിളിച്ചു. ഭർത്താവ് സുരേഷ് ഗൾഫിലാണ്, അടുത്തമാസം അവധിക്കു വരും. അവരെക്കൂടി കൊണ്ടുപോകാനിരിക്കുകയാണ് സുരേഷ്.  വിവരമറിഞ്ഞതും അവധി നേരത്തെയാക്കി പുറപ്പെട്ടു പോരാനൊരുങ്ങി അയാൾ. എന്തായാലും സുരേഷെത്താൻ നാലുദിവസമെങ്കിലും എടുക്കും.. 

ഒടുവിൽ ന്യൂറോളജിസ്റ്റിനെ കാണാനുള്ള ഊഴമെത്തി. മോന്റെ കണ്ണിൽ ലൈറ്റടിച്ചും, അവന്റെ കൈകളിൽ ഒരു പ്ലാസ്റ്റിക് വടികൊണ്ട് തട്ടിയും, കൈ ഞൊടിച്ച് പല ഭാഗത്തേക്കും അവന്റെ ശ്രദ്ധ ആകർഷിച്ചുമൊക്കെ  എന്തൊക്കെയോ പരിശോധിച്ചു അയാൾ. എല്ലാം കൂടി പരമാവധി ഒരു അഞ്ചു മിനിറ്റ്. ഒടുവിൽ ലക്ഷ്മിയോട് പറഞ്ഞു. "എന്തായാലും കുഴഞ്ഞൊക്കെ വീണതല്ലേ.. നമുക്ക് ഒരു EEG എടുത്തേക്കാം... എന്തെങ്കിലും വിദൂര സാധ്യതകൾ ഉള്ളതും കൂടി അങ്ങ് റൂൾ ഔട്ട് ചെയ്തേക്കാം.. ഓക്കേ..? " ലക്ഷ്മിയുടെ മറ്റു ചോദ്യങ്ങൾക്കൊന്നും ചെവികൊടുക്കാതെ അയാൾ അടുത്ത പേഷ്യന്റിനെ വിളിച്ചു. EEG റിസൾട്ട് കിട്ടിയ ശേഷം വരാൻ ലക്ഷ്മിയെ പറഞ്ഞുവിട്ടു. 

ലക്ഷ്മി ഒക്കെ തലകുലുക്കി സമ്മതിച്ചു.  EEG എടുത്ത് മടങ്ങി വന്നപ്പോഴേക്കും ഡോക്ടറുടെ കൺസൽട്ടേഷൻ കഴിയാറായിട്ടുണ്ടായിരുന്നു. അയാൾ   EEG റിപ്പോർട്ട് ഒന്നോടിച്ചു നോക്കി, തന്റെ നേരത്തെയുള്ള നിഗമനം ശരിയായ സന്തോഷം മുഖത്തുവന്നത് തന്ത്രപൂർവം മറച്ചു പിടിച്ചുകൊണ്ട്, നിർവികാരമായ സ്വരത്തിൽ ലക്ഷ്മിയോട്  പറഞ്ഞു, "മോന് എപ്പിലെപ്സി ഉണ്ട്.. അപസ്മാരം..  ഇമ്മീഡിയറ്റ് ആയി മരുന്ന് സ്റ്റാർട്ട് ചെയ്യണം.."  അവൾ ആകെ തരിച്ചിരുന്നുപോയി. കൂടെപ്പഠിക്കുമ്പോൾ അവൾക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. ദേവി, അപസ്‌മാരക്കാരി. നാട്ടിൽ അവധിക്കുപോയി കുളത്തിൽ കുളിക്കാനിറങ്ങിയ നേരത്ത്  അപസ്മാരം വന്നു മുങ്ങിമരിച്ച അവളുടെ മുഖമാണ് എന്തുകൊണ്ടോ അവളുടെ മനസ്സിലേക്ക് ഒരു ഇടിമിന്നൽ പോലെ ആദ്യം കേറി വന്നത്. 

കെപ്രയെന്നോ മറ്റോ പേരുള്ള എന്തോ ഒരു മരുന്നും എഴുതി ഡോക്ടർ. ഒരു നേരം പോലും മുടങ്ങാതെ ആ മരുന്ന് കുഞ്ഞിന് കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവളെ വല്ലാതെ ഉപദേശിച്ച ശേഷമാണ് ഡോക്ടർ വിട്ടത്.  അവൾ അന്നുതന്നെ മരുന്നുവാങ്ങി, കൊടുത്തും തുടങ്ങി. 

നാലു ദിവസത്തിനുള്ളിൽ സുരേഷ് ലാൻഡുചെയ്തു. നടന്നതെല്ലാം വള്ളിപുള്ളി വിടാതെ ലക്ഷ്മി സുരേഷിനോട് പറഞ്ഞു. അപസ്മാരത്തിന്റെ മരുന്ന്  കഴിക്കുന്ന മക്കളിൽ ഉണ്ടാവുന്ന പാർശ്വഫലങ്ങളെപ്പറ്റി അവർ തമ്മിൽ ചർച്ചചെയ്തു. പരസ്പരം ആശ്വസിപ്പിച്ചു. ഒക്കെക്കഴിഞ്ഞിട്ടും,  ഒന്നും നേരിൽ കാണാഞ്ഞതിനാൽ അയാൾക്ക് എന്തോ ഒരു ഉൾവിളി  തോന്നുന്നുണ്ടായിരുന്നു. "നമുക്കൊരു സെക്കൻഡ് ഒപ്പീനിയൻ എടുത്താലോ..? " അയാൾ ലക്ഷ്മിയോട് ചോദിച്ചു. അവൾക്ക്  എതിർപ്പുണ്ടായിരുന്നില്ല.

താമസിച്ചിരുന്നത് തിരുവനന്തപുരത്തു തന്നെ ആയിരുന്നതിനാൽ വളരെ അടുത്തുതന്നെ അവർക്ക് സെക്കണ്ടറി ഒപ്പീനിയൻ എടുക്കാൻ പോന്നൊരു ആസ്പത്രി ഉണ്ടായിരുന്നു. ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. അപസ്മാരത്തിന്റെ നാഷണൽ സെന്റർ ഓഫ് എക്സലൻസ്. അടുത്ത ദിവസം അതിരാവിലെ തന്നെ അടുത്തുള്ള ഒരു ആസ്പത്രിയിൽ നിന്നും സംഘടിപ്പിച്ച റെഫറൻസ് ലെറ്ററുമായി  അവർ അങ്ങോട്ട് വച്ചുപിടിച്ചു. അവിടെത്തെ ഓ പിയിൽ വല്ലാത്ത തിരക്കായിരുന്നു. അവരുടെ കേസ് വിളിച്ചപ്പോൾ തന്നെ നേരം ഒരുമണി. 

മുറിക്കുള്ളിലേക്ക് ചെന്നപ്പോൾ നല്ല വെളുത്തു തുടുത്ത ഒരു പഞ്ചാബി ഡോക്ടർ. എംഡി സ്റ്റുഡന്റ്. അവിടെ കേസ് ഹിസ്റ്ററി എടുക്കുന്നത് പിജി സ്റുഡന്റ്സാണ്. അവർ കുഞ്ഞിന്റേതു മാത്രമല്ല അവരുടെ തന്നെ രണ്ടു തലമുറക്ക് പിന്നോട്ടുള്ള വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഏകദേശം ഒരു മണിക്കൂർ നേരമെടുത്ത് അവർ കുഞ്ഞിന്റെ കേസ് സ്റ്റഡി പൂർത്തിയാക്കി. അവരോട്  അടുത്ത ഘട്ടം പരിശോധനയ്ക്കായി EEG ഒരിക്കൽ കൂടി അവിടെ നിന്നും എടുത്ത ശേഷം റിസൾട്ടുമായി സീനിയർ ഡോക്ടറെ കാണാൻ കാത്തിരിക്കാൻ പറഞ്ഞു. 

വീണ്ടും ഒരു അരമണിക്കൂർ നേരം പുറത്തെ ബെഞ്ചിൽ ഇരുന്ന ശേഷം അവർക്ക്  വീണ്ടും വിളി വന്നു. അകത്തുചെന്നപ്പോൾ ശ്രീചിത്രയിലെ ഏറ്റവും പ്രഗത്ഭയായ ന്യൂറോളജിസ്റ്റിനെയാണ് ലക്ഷ്മി കണ്ടത്. ലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട്‌  ഡോക്ടറോട് തന്റെ സങ്കടം അറിയിച്ചു. "നിങ്ങള്‍ വിഷമിക്കാതിരി.. നമുക്ക് നോക്കാം.."  ഡോക്ടർ ആശ്വസിപ്പിച്ചു. 

ചിലപ്പോൾ അവന് വല്ല മെറ്റബോളിക് ഡിസോർഡറും ഉണ്ടാവാം

അപ്പോഴേക്കും നേരത്തെ കേസ് ഹിസ്റ്ററി എടുത്ത പഞ്ചാബി ഡോക്ടർ വന്നു. അവർ തന്റെ നിഗമനങ്ങൾ ആശാലത ഡോക്ടർക്കു മുന്നിൽ നിരത്തി. ഏറെക്കുറെ കഴിഞ്ഞ ആസ്പത്രിയിലെ ന്യൂറോളജിസ്റ്റ് പറഞ്ഞതൊക്കെത്തന്നെയായിരുന്നു അവരുടെ  അഭിപ്രായവും.  അവർ തമ്മിൽ ഇംഗ്ലീഷിൽ പറഞ്ഞതിൽ നിന്നും അടാക്സിയ ,  എപിലെപ്റ്റിക് എന്നൊക്കെയുള്ള വാക്കുകൾ വീണുകിട്ടിയപ്പോൾ ലക്ഷ്മിയുടെ നെഞ്ച് വീണ്ടും പിടച്ചു.  ആദ്യമാദ്യമൊക്കെ വളരെ ആത്മവിശ്വാസത്തോടെ കേസ് തന്റെ സീനിയർക്കുമുന്നിൽ അവതരിപ്പിച്ച പിജി സ്റ്റുഡന്റിന് പോകെപ്പോകെ ആശാലതാ ഡോക്ടർ ചോദിക്കുന്ന പല സംശയങ്ങൾക്കും മറുചോദ്യങ്ങൾക്കും ഉത്തരം കൊടുക്കാൻ  പറ്റുന്നുണ്ടായിരുന്നില്ല.അവർ പണിതുയർത്തിയ ഡയഗ്നോസിസിന്റെ ചീട്ടുകൊട്ടാരം അഞ്ചുമിനിറ്റുകൊണ്ട്  തകർന്നടിഞ്ഞു. 

കഷ്ടി പത്തു മിനിട്ടു നീണ്ടു നിന്ന ആ ചർച്ചയ്‌ക്കൊടുവിൽ ആശാലത ഡോക്ടർ ലക്ഷ്മിയുടെ കയ്യിൽ അമർത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു.. ''കുട്ടിക്ക് ചിലപ്പോൾ അമിനോ ആസിഡിന്റെ പ്രശ്നമുണ്ടാവാം.. ചിലപ്പോൾ അവന് വല്ല മെറ്റബോളിക് ഡിസോർഡറും ഉണ്ടാവാം.. ചിലപ്പോൾ അതൊന്നുമല്ലായിരിക്കാം.  ഓവറായി പ്രോട്ടീൻ കണ്ടന്റുള്ള ഭക്ഷണം ഉള്ളിൽ ചെന്നതിനു പിന്നാലെ വല്ലാതെ ഓടിക്കളിച്ചാലും ഇങ്ങനെ കുഴഞ്ഞു വീഴാം.. അതൊക്കെ വിശദമായി ടെസ്റ്റുചെയ്താലെ പറയാൻ പറ്റൂ.. എന്നാലും ഒന്ന് ഞാൻ പറയാം, തൊണ്ണൂറു ശതമാനം ഉറപ്പ്.. മോന് അപസ്മാരം ഇല്ല.. ആ മരുന്ന് ഇന്നുതന്നെ നിർത്തണം..'' 

തുടർന്ന് പലവിധം ബ്ലഡ് ടെസ്റ്റുകൾ അവർ നടത്തി. അവനെ മയക്കിക്കിടത്തി  MRI എടുത്തു. വീണ്ടുമൊരിക്കൽ കൂടി EEG എടുത്തു. തൃപ്തി പോരാഞ്ഞ് അവർ അവനെ അവിടെ കിടത്തി വീഡിയോ EEG എടുത്തു. തലമുണ്ഡനം ചെയ്ത്  രണ്ടു ദിവസം വിഡിയോ EEG  പ്രോബുകളും മറ്റും തലയിൽ ഒട്ടിച്ചുവെച്ച് അപസ്മാരത്തെ കാത്തിരുന്നിട്ടും അവന് രണ്ടാമതും അത് വന്നില്ല. 

തുടർന്നുള്ള ഓരോ കൺസൾട്ടേഷനുകളിലും ഡോക്ടർ ലക്ഷ്മിയോട് നമുക്ക് നോക്കാം എന്നുമാത്രം  പറഞ്ഞുഒണ്ടിരുന്നു.ഒടുവിൽ ഏകദേശം ആറുമാസത്തോളം നീണ്ടു നിന്ന പലവിധ പരിശോധനകൾക്ക് ഒടുവിൽ അവർ ഉറപ്പിച്ചു പറഞ്ഞു.. " മോന് ഒരു കുഴപ്പവുമില്ല.. ഇനി ആറുമാസത്തിലൊരിക്കൽ ഒരു രണ്ടു വട്ടം കൂടി എന്നെ വന്നു കാണൂ.. പിന്നെ  വരേണ്ട.. "  ഓരോ ചുവടുവെക്കുമ്പോഴും പടപടാ മിടിക്കുന്ന നെഞ്ചുമായി ലക്ഷ്മി കാവൽ നിന്നെങ്കിലും അവളുടെ  മോന് പിന്നെ ഒരിക്കലും കുഴഞ്ഞു വീഴൽ ഉണ്ടായതേയില്ല. 

ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അത് തീർത്താൽ തീരാത്ത നരക യാതനകളാണ് സമ്മാനിക്കുന്നത്

വെറും അഞ്ചു മിനിറ്റിൽ താഴെയുള്ള ഒരു പരിശോധനയും എന്തൊക്കെയോ ചെയ്ത് തട്ടിക്കൂട്ടിയ ഒരു EEG റിപ്പോർട്ടും വെച്ച് ഒരു കുഞ്ഞിന്  അപസ്മാരം എന്ന അവന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു അസുഖമുണ്ടെന്നു വിധിക്കുകയും  ഒരായുഷ്കാലം മുഴുവൻ ഇല്ലാത്ത അസുഖത്തിനുള്ള മരുന്നു കഴിക്കാൻ അവനെ നിർബന്ധിക്കുകയും ചെയ്യുക എന്നത് തിരക്കുള്ള ഒരു പ്രൈവറ്റ് ആസ്പത്രിയിൽ ദിവസത്തിൽ നൂറു രോഗികളെ നോക്കിത്തള്ളുന്ന ഒരു ന്യൂറോളജിസ്റിനെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ, തികച്ചും സ്വാഭാവികമായ ഒരു 1% ജഡ്ജ്മെന്റ് എറർ മാത്രമാവും.. എന്നാൽ ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അത് തീർത്താൽ തീരാത്ത നരക യാതനകളാണ് സമ്മാനിക്കുന്നത്. ഇങ്ങനെയുള്ള കേസുകൾ അനുദിനം വർധിച്ചു വരുമ്പോൾ രക്ഷിതാക്കൾ ചോദിച്ചു പോവുന്നത് ഇതാണ്.. എത്രകണ്ട് വിശ്വസിക്കാം നമുക്ക് നമ്മുടെ ചികിത്സാ സംവിധാനങ്ങളെ..? 

പാര്‍ശ്വഫലങ്ങളുള്ള മരുന്ന് കഴിക്കുന്നതിന് മുമ്പ് എന്തായാലും രണ്ടാമതൊരു ഒപ്പീനിയന്‍ എടുക്കുന്നതിന് ഒട്ടും മടിക്കേണ്ടതില്ല. 

click me!