ഇന്ത്യ-പാക് അതിര്‍ത്തി കടന്നത് സൗഹൃദത്തിന്‍റെ പതിനായിരക്കണക്കിന് കത്തുകള്‍

By Web TeamFirst Published Aug 15, 2018, 6:08 PM IST
Highlights

അങ്ങനെ, കുഞ്ഞുങ്ങള്‍ക്ക് മാത്രം ചോദിക്കാനാകുന്ന നിഷ്കളങ്കമായ ചോദ്യങ്ങളിലൂടെയും, ഉത്തരങ്ങളിലൂടെയും അവരുടെ സൌഹൃദം വളര്‍ന്നു. അവര്‍ അവരെക്കുറിച്ചെഴുതി. വീട്ടുകാരെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും എഴുതി. അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം, അവര്‍ക്കിഷ്ടമുള്ള കളികള്‍, അവരുടെ പ്രിയപ്പെട്ട വിനോദം അങ്ങനെ എല്ലാമെല്ലാം അവര്‍ പരസ്പരം പങ്കുവെച്ചു. 

ദില്ലി: ആയിരത്തോളം കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്കും അവിടെ നിന്ന് തിരികെയും കത്തുകളെഴുതുകയായിരുന്നു. അവരുടെ വിശേഷങ്ങള്‍, ഇഷ്ടങ്ങള്‍ എല്ലാം കൈമാറുകയായിരുന്നു.

പതിനാലുകാരനായ ഹൃഷികേശ് ദുബേ പറയുന്നത്, അവന്‍റെ കയ്യിലുള്ള ഏറ്റവും വലിയ നിധി തന്‍റെ പാക്കിസ്ഥാനി സുഹൃത്തയക്കുന്ന കത്തുകളാണ് എന്നാണ്. അവന്‍റെ സുഹൃത്ത് സമിയുള്ളാ, ലാഹോറുകാരനാണ്. 

2016ലാണ് മുംബൈയിലെ അനുയോഗ് സ്കൂളില്‍ പുതിയൊരു പദ്ധതി നടപ്പിലാക്കിയത്. 'പെന്‍ പാല്‍' എന്നായിരുന്നു പദ്ധതിയുടെ പേര്. അവിടെയുള്ള കുട്ടികള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും പെന്‍ ഫ്രണ്ട്സുണ്ടാകും. ലാഹോര്‍ ഗ്രാമര്‍ സ്കൂളിലെ കുട്ടികള്‍ക്കാണ് അനുയോഗ് സ്കൂളിലെ കുട്ടികള്‍ കത്തെഴുതുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 212 വിദ്യാര്‍ത്ഥികളാണ് ആയിരത്തോളം കത്തുകള്‍ പരസ്പരം കൈമാറിയത്. 

'റൂട്ട്സ് ടു റൂട്ട്സ്' (Routes 2 Roots) എന്ന എന്‍.ജി. ഒ ആണ് പെന്‍ പാലിന് നേതൃത്വം നല്‍കിയത്. 2010ലാണ് റൂട്ട്സ് ടു റൂട്ട്സ്, പെന്‍ പാല്‍ (പെന്‍ ഫ്രണ്ട്സ് ) പദ്ധതി നടപ്പാക്കുന്നത്. 

മുംബൈ, ദില്ലി, ഡെറാഡൂണ്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള സ്കൂളുകളില്‍ നിന്നും അമ്പതിനായിരത്തിലേറെ കുട്ടികള്‍ ലഹോര്‍, കറാച്ചി, ഇസ്ലാമബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിലെ കുട്ടികള്‍ക്ക് കത്തെഴുതുന്നു. 

''കുഞ്ഞുങ്ങള്‍ പരസ്പരം സംസ്കാരത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും പഠിക്കണം. വളര്‍ന്നു വരുമ്പോള്‍ അവരില്‍ വിദ്വേഷമുണ്ടാവരുത്. അത് തുടച്ചുനീക്കണം, ഓരോ രാജ്യത്തേയും ബഹുമാനിക്കാന്‍ അവര്‍ പഠിക്കണം. അതിനായാണ് പെന്‍ പാല്‍''- റൂട്ട്സ് ടു റൂട്ട്സ് സ്ഥാപകന്‍ രാകേഷ് ഗുപ്ത പറയുന്നു. 

'ഇന്ത്യയും പാക്കിസ്ഥാനും പോലെ' എന്ന പ്രയോഗം പോലും കുഞ്ഞുനാളില്‍ എത്ര കൃത്യമായാണ് കുത്തിവയ്ക്കപ്പെടുന്നത്. കാശ്മീരിന്‍റെ പേരിലെത്ര സംഘര്‍ഷങ്ങള്‍ നടക്കുന്നു. അതൊന്നും ഇരുരാജ്യത്തേയും കുഞ്ഞുങ്ങളില്‍ പകയുണ്ടാക്കരുതെന്ന ബോധ്യത്തോടെ തന്നെയാണ് ഈ പ്രവര്‍ത്തനം.

കത്തിലൂടെ തളിര്‍ത്ത സൗഹൃദം

2016ലാണ് ഹൃഷികേശ് ആദ്യമായി തന്‍റെ കൂട്ടുകാരന് കത്തെഴുതുന്നത്. അവന് ഒരുപാട് കാര്യങ്ങളറിയാനുണ്ടായിരുന്നു. ഹോക്കിയെ കുറിച്ച്... നമുക്ക് കിട്ടുന്ന വട പാവ് അവിടെ കിട്ടുമോ... അങ്ങനെ അങ്ങനെ... ഒരാഴ്ചക്കുള്ളില്‍ ഹൃഷികേശിന് സമിയുള്ളയെന്ന പതിനാലുകാരന്‍റെ മറുപടി കിട്ടി.  

അങ്ങനെ, കുഞ്ഞുങ്ങള്‍ക്ക് മാത്രം ചോദിക്കാനാകുന്ന നിഷ്കളങ്കമായ ചോദ്യങ്ങളിലൂടെയും, ഉത്തരങ്ങളിലൂടെയും അവരുടെ സൌഹൃദം വളര്‍ന്നു. അവര്‍ അവരെക്കുറിച്ചെഴുതി. വീട്ടുകാരെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും എഴുതി. അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം, അവര്‍ക്കിഷ്ടമുള്ള കളികള്‍, അവരുടെ പ്രിയപ്പെട്ട വിനോദം അങ്ങനെ എല്ലാമെല്ലാം അവര്‍ പരസ്പരം പങ്കുവെച്ചു. 

ഹൃഷികേശ് പറയുന്നത്, ആ കത്തുകളിലൂടെ അവര്‍ക്ക് രണ്ട് രാജ്യങ്ങളെ കുറിച്ചും കൂടുതലറിയാനായി എന്നാണ്. ഗേറ്റ് വേയുടെ ഫോട്ടോ ഹൃഷികേശ് അയച്ചുകൊടുത്തു. ലാഹോര്‍ ഫോര്‍ട്ടിനെ കുറിച്ചും, പള്ളിയെ കുറിച്ചും സമിയുള്ള ഹൃഷികേശിനെ പരിചയപ്പെടുത്തി. എന്തിനേറെ പ്രശസ്ത ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസിന്‍റെ കവിതകള്‍ വരെ ഹൃഷികേശിനെ കൂട്ടുകാരന്‍ പരിചയപ്പെടുത്തി. 

കുഞ്ഞുങ്ങള്‍ക്ക് കത്തെഴുതുക അത്ര എളുപ്പമല്ലായിരുന്നു. അപ്പോള്‍ അധ്യാപകര്‍ സഹായിച്ചു. കത്തെഴുതി അയച്ച ശേഷം, ഓരോ മറുപടിക്കും അവര്‍ ആകാംക്ഷയോടെ കാത്തിരുന്നു. 

'എനിക്ക് ബിരിയാണി കഴിക്കാനിഷ്ടമാണ്. ഐസ്ക്രീമും ഇഷ്ടമാണ്. പക്ഷെ, പയര്‍ വര്‍ഗങ്ങളിഷ്ടമല്ല.' പാകിസ്ഥാനില്‍ നിന്നുള്ള ഹംസ തന്‍റെ സുഹൃത്തിനെഴുതിയ കത്തിലുള്ളതാണ്. 

അനീഖ എഴുതിയിരിക്കുന്നത്, ബേക്കിങ്ങിലും കുക്കിങ്ങിലുമുള്ള തന്‍റെ ഇഷ്ടങ്ങളെ കുറിച്ചാണ്. ഒഴിവുസമയത്ത് താന്‍ അമ്മയെ സഹായിക്കാറാണെന്നും അവളെഴുതിയിരുന്നു. 

ഒരാള്‍, വഴിയോരത്തുനിന്നു കിട്ടുന്ന ദോശയുടേയും ജിലേബിയുടെയുമൊക്കെ ചിത്രങ്ങളയച്ചുകൊടുത്തിരിക്കുന്നു. അതിലൂടെ, ഈ അയല്‍രാജ്യം ചരിത്രപുസ്തകത്തിലൊക്കെ പഠിച്ചതിലും എത്രയോ മനോഹരമാണെന്ന് കുട്ടികള്‍ക്ക് മനസിലായി. 2017ല്‍ സ്കൂളധികൃതര്‍ കുറച്ചു കുട്ടികളെ പാകിസ്ഥാന്‍ കാണിക്കാന്‍ തീരുമാനിച്ചു. പക്ഷെ, ചില രക്ഷിതാക്കള്‍ സമ്മതിച്ചില്ല. ചിലര്‍ കാരണമായി പറഞ്ഞത് സുരക്ഷയാണ്. ചിലരാകട്ടെ, തങ്ങളുടെ കുട്ടികളെ ഒരു മുസ്ലീം രാജ്യത്തേക്ക് മക്കളെ അയക്കാന്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. 

കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ അവരില്‍ ഇത്തരം വിദ്വേഷജനകമായ കാര്യങ്ങള്‍ കുത്തിവയ്ക്കരുതെന്ന് പറഞ്ഞ് അധികൃതര്‍ രക്ഷിതാക്കളെ സമീപിച്ചിരുന്നു. അങ്ങനെ രണ്ട് കുട്ടികള്‍ തയ്യാറായി. അധ്യാപകര്‍ അവര്‍ക്ക് കൂട്ടുപോകും. ഹൃഷികേശിന്‍റെ ലാഹോറിലേക്കുള്ള വിസയും ടിക്കറ്റും ഒക്കെ റെഡിയാണ്. സാമിയുള്ളാക്ക് എന്താണ് കൊണ്ടുപോവുക എന്നതായിരുന്നു അവന്‍റെ അടുത്ത ചിന്ത. ഹൃഷികേശിന്‍റെ അച്ഛന്‍ പറഞ്ഞത് 'അബ്ബാസ് ടൈലര്‍ ഷോപ്പി'ല്‍ നിന്ന് ഒരടിപൊളി സ്യൂട്ട് തയ്പ്പിച്ചു വാങ്ങാമെന്നാണ്. പക്ഷെ, ഹൃഷികേശിന്‍റെ സ്വപ്നം നടന്നില്ല. ആ യാത്ര അതിര്‍ത്തിയിലെന്തോ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് റദ്ദാക്കി. ഒരിക്കലാ യാത്ര നടപ്പിലാകും എന്ന പ്രതീക്ഷയിലാണ് ഇരുരാജ്യത്തെ അധ്യാപകരും കുട്ടികളും. 

'കഴിഞ്ഞ ഏഴ് വര്‍ഷമായി കുട്ടികള്‍ ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാറുണ്ട്. പക്ഷെ, ഈ വര്‍ഷം അത് നടന്നില്ല. അതുപോലെ പെന്‍പാല്‍ പദ്ധതിയും നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരുപാട് കാര്യങ്ങള്‍ അതിനായി ചെയ്തു. പക്ഷെ, ഇനിയും അത് എളുപ്പമല്ല' എന്ന് ഗുപ്ത പറയുന്നു. 

പക്ഷെ, ചില കുട്ടികള്‍ ഇപ്പോഴും പരസ്പരം സൌഹൃദം തുടരുന്നുണ്ട്. അതിലൊരാളാണ് ഷൈലജാ കുമാര്‍. 2012ല്‍ തന്‍റെ പതിമൂന്നാമത്തെ വയസിലാണ് പാകിസ്ഥാനിലുള്ള അസ്മയുമായി അവള്‍ കത്തെഴുതി സൌഹൃദത്തിലാകുന്നത്. പെന്‍ പാല്‍ പ്രോഗ്രാമിന്‍റെ ഭാഗമായിരുന്നു എഴുത്തുകള്‍. 2013ല്‍ അവള്‍ ലാഹോറും ഇസ്ലാമാബാദും സന്ദര്‍ശിച്ചു. അവളുടെ മുത്തച്ഛനും മുത്തശ്ശിയും പാക്കിസ്ഥാനിലെ വീടുപേക്ഷിച്ച് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടി വന്നവരാണ്. ഇപ്പോള്‍ ഷൈലജയും അസ്മയും ഫേസ്ബുക്കിലൂടെ സൌഹൃദം തുടരുന്നു. 'ആഗസ്ത് പതിനാലിന് പ്രത്യേകമായി ഞാനവരെ ഓര്‍ക്കും. അന്നല്ലേ അവരുടെ സ്വാതന്ത്ര്യദിനം' ശൈലജ പറയുന്നു.

ഹൃഷികേശ് പറയുന്നു 'എന്നെങ്കിലും സമിയുള്ളയെ കാണുമോ എന്നറിയില്ല. അവനെന്നെ തിരിച്ചറിയുമോ എന്നും. പക്ഷെ, എപ്പോഴും ഞാനവനെ കാണാനാഗ്രഹിക്കുന്നുണ്ട്. കാരണം, അവനെനിക്ക് അത്രയേറെ പ്രിയപ്പെട്ട കൂട്ടുകാരനാണ്.'

കടപ്പാട്: ബിബിസി

click me!