എന്‍ എസ് മാധവന്‍ സംസാരിക്കുന്നു: ഇന്നൊരു 'തിരുത്ത്' പ്രയാസമാണ്

By Aby aFirst Published Dec 6, 2016, 7:59 AM IST
Highlights

1993ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതു മുതല്‍ മതേതര മലയാളം പല തലങ്ങളില്‍, പല കാലങ്ങളില്‍ ആഴത്തില്‍ ചര്‍ച്ച ചെയ്‌തൊരു കഥയാണ് എന്‍.എസ് മാധവന്റെ 'തിരുത്ത്'. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വാര്‍ത്ത കൈകാര്യം ചെയ്യുന്നൊരു ന്യൂസ് റൂമിന്റെ കലങ്ങിമറിയലിലൂടെ, ഇന്ത്യന്‍ മതേതരത്വം വഴിനടക്കുന്ന കത്തിമുനകളെ സമര്‍ത്ഥമായി പകര്‍ത്തുകയാണ് ആ കഥ. തകര്‍ക്കപ്പെട്ട മസ്ജിദിനെ 'തര്‍ക്കമന്ദിരം' എന്ന് വിളിച്ച് പതംവന്ന പൊതുബോധത്തിനെതിരെ ചുഴറ്റിയെറിയപ്പെട്ട ഒരു ഉറുമിയായിരുന്നു അത്. കഥയില്‍ ചുല്യാറ്റ് എന്ന പത്രാധിപര്‍ പേന ഉപയോഗിച്ച അതേ ആര്‍ജ്ജവത്തോടെ, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ മതേതര മലയാളം ഉപയോഗിക്കുന്നൊരു ആയുധം കൂടിയാണ് 'തിരുത്ത്'. മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ പോരാട്ടം കൂടിയാണ് പുതിയ കാലത്ത് ഈ കഥ.തിരുത്തിലേക്കുള്ള വഴികളെക്കുറിച്ചും ആ കാലത്തെയും കഥാപാത്രങ്ങളെയും അസഹിഷ്ണുതയുടെ വെറിപിടിച്ച പുതുകാലത്ത് ആ കഥയുടെ ഇടത്തെക്കുറിച്ചും ഇവിടെ എന്‍ എസ് മാധവന്‍ സംസാരിക്കുന്നു. എബി തരകന്‍ നടത്തിയ അഭിമുഖം.

 എന്‍.എസ് മാധവന്‍, എബി തരകന്‍.

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ എവിടെ ആയിരുന്നു? 
ബിഹാറില്‍ ഏറ്റവും കൂടുതല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായ ആ സമയത്ത് ഞാന്‍ ഗയ, ജഹാനബാദ്, നവാദ, ഔറഗബാദ് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മഗധയുടെ കമ്മിഷണര്‍ ആയിരുന്നു. വര്‍ഗ്ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുന്ന ഒരു അവസ്ഥ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ജെ പി പ്രസ്ഥാനത്തിന്റെ ഒരു പാരമ്പര്യം ആ പ്രദേശത്ത് ഉള്ളതുകൊണ്ട് അതിന്റെ സക്രിയരായ കുറേ പ്രവര്‍ത്തകര്‍ ഈ ധ്രുവീകരണത്തെ ചെറുത്തുനിന്നു.

മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം കര്‍സേവകര്‍ അവിടെ നിന്നുള്ള ഇഷ്ടികകള്‍ എടുത്ത് രാജ്യത്തിന്റെ നാനാഭാഗത്തേയ്ക്കു കൊണ്ടുപോയി. ബാബരി മസ്ജിദിന്റേതാണെന്ന് തെളിയിക്കാനായി ഇഷ്ടികകളില്‍ 'ബി എം' എന്ന് കൊത്തിയിരുന്നു. ഇത് ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും കൊണ്ടുവന്നിട്ട് കമ്മ്യൂണല്‍ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു അവരുടെ ആശയം.

ഗയയില്‍ കൂടിയും അവര്‍ യാത്ര ചെയ്തു. ഇതില്‍ ബിഹാര്‍ സര്‍ക്കാറിന് വളരെ ഉത്കണ്ഠ ഉണ്ടായിരുന്നു. എന്നാല്‍ അവിടുത്തെ ആള്‍ക്കാര്‍ ഇതിനെ വളരെ പ്രബുദ്ധരായി റെസിസ്റ്റ് ചെയ്തു. പഴയ ജെ പി മൂവ്‌മെന്റിലെ ആളുകളും ഭരണസംവിധാനത്തിലുള്ള പുരോഗനമവാദികളുമെല്ലാം ചെയ്ത ഒരു പ്രധാനകാര്യം മുസ്ലിങ്ങളു2െ അരക്ഷിത ബോധം അകറ്റുക എന്നതായിരുന്നു. ബീഹാറിലെ രണ്ട് സ്ഥലങ്ങളില്‍ സീരിയസ് പ്രശ്‌നങ്ങള്‍ ഉണ്ടായി; സീതാമ്പടിയിലും, റാഞ്ചിയിലും.

ലാലുപ്രസാദ് ആയിരുന്നു അന്ന് മുഖ്യമന്ത്രി, അദ്ദേഹം സീതാമ്പടിയില്‍ തന്നെ ക്യാംപ് ചെയ്തു. പക്ഷേ മധ്യബിഹാര്‍ വളരെ ശാന്തമായിരുന്നു. ബിബിസി അന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെ പി മൂവ്‌മെന്റും കോണ്‍ഗ്രസ് പ്രസ്ഥാനവും ഒക്കെ വളര്‍ന്ന സ്ഥലമാണ് ഗയ. ഉയര്‍ന്ന രാഷ്ട്രീയബോധത്തിന്റെയും സഹിഷ്ണുതയുടെയും ആ പാരമ്പര്യം അവര്‍ ഉയര്‍ത്തിപ്പിടിച്ചു.

  


തിരുത്തിലേക്ക് എത്തിയത് എങ്ങനെയായിരുന്നു? 
1993ല്‍ ഡല്‍ഹിയില്‍ വച്ചാണ് കഥ എഴുതുന്നത്. എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് കൃത്യമായി ഓര്‍മ്മയില്ല. എന്നാല്‍ കഥാബീജം ലഭിച്ചപ്പോള്‍, (മസ്ജിദ് തകര്‍ത്ത വാര്‍ത്തയുടെ തലക്കെട്ട് തിരുത്തുന്നത്) കഥ അവിടെ നിന്നു വളര്‍ന്നു വികസിക്കുകയായിരുന്നു. ഹിന്ദിയില്‍ തര്‍ക്കമന്ദിരത്തിന് 'വിവാദ ഡാന്‍ജ' എന്നാണ് പറയുക. ബിഹാറിലൊക്കെ,'വിവാദ ഡാന്‍ജ' എന്നുപയോഗിക്കുന്നവരെ കളിയാക്കുമായിരുന്നു. ഇങ്ങനെയൊക്കെ ഉപയോഗിക്കുന്നവര്‍ പിശകാണ് എന്നൊരു ധാരണയായിരുന്നു ജനങ്ങള്‍ക്ക്.

ഞാന്‍ വളരെയധികം തിരുത്തിയെഴുതിയ ഒരു കഥയാണിത്. പത്തുതവണയെങ്കിലും തിരുത്തിയെഴുതി. ആദ്യമൊക്കെ ഒരു അസംസ്‌കൃത വസ്തുവിനെപ്പോല കഥ തോന്നിച്ചു. മനോരമ ഓണപ്പതിപ്പിലാണ് അത് ആദ്യം പ്രസിദ്ധീകരിച്ചത്. മാസിക പ്രസ്സിലേക്ക് പോവുന്നതിന് തൊട്ടുമുമ്പാണ് മനോരമയിലെ വിജയമോഹന്‍ ഡല്‍ഹിയില്‍ നിന്ന് കഥ വായിച്ച് അത് ഫാക്‌സ് ചെയ്തുകൊടുക്കുന്നത്.

 

 മലയാള വായനാ ലോകം വളരെയേറെ ചര്‍ച്ച ചെയ്‌തൊരു കഥയാണ് തിരുത്ത്. വായനക്കാരുടെ ആദ്യ പ്രതികരണങ്ങള്‍ എന്തായിരുന്നു?

കൂടുതലും പത്രപ്രവര്‍ത്തകരാണ് കഥയെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടുള്ളത്. ചുരുങ്ങിയത് എട്ട് മലയാളം പത്രപ്രവര്‍ത്തകരെങ്കിലും എന്നോട് പറഞ്ഞത്, ബാബരി മസ്ജിദ് തകര്‍ത്ത ദിവസം തങ്ങളുടെ ഓഫീസില്‍ സമാനമായ അനുഭവങ്ങള്‍ ഉണ്ടായി എന്നാണ്. അതുപോലെ, വാര്‍ത്തയെ വെള്ളപൂശി കൊടുക്കുന്ന പ്രവണതയെക്കുറിച്ചൊക്കെ എന്നോടു പറഞ്ഞു. എന്നാല്‍ വളരെ പൊളിറ്റിക്കലി ലോഡഡ് ആയ ഒരു പ്രയോഗം ആണ് തര്‍ക്കമന്ദിരം എന്ന് പിന്നീടാണ് തിരിച്ചറിയുന്നത്.

സുഹ്‌റയെന്ന കഥാപാത്രം എങ്ങനെയാണ് ഉണ്ടായത്?

മുസ്ലീങ്ങള്‍ ഇതുപോലുള്ള അവസ്ഥകളില്‍ അനാവശ്യമായ ഒരു ഗില്‍റ്റ് അനുഭവിക്കുന്നത് എന്റെ ഔദ്യോഗിക ജീവിതത്തിലും മറ്റു പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. പലപ്പോഴും ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ജയിക്കുന്നത് തങ്ങളുടെ എന്തോ തെറ്റ് പോലെയാണ് അവര്‍ കരുതുന്നത്. നിത്യജീവിത വ്യവഹാരത്തില്‍ മുസ്ലിം ഐഡന്റിറ്റിയില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സമയം അനുവദിക്കാത്ത ഒരു സാമൂഹിക അവസ്ഥയുണ്ട്.

സുഹറയുടേത് ഒരു അനാവശ്യ കുറ്റബോധം, ഭയം ആണോ?
അനാവശ്യ ഭയം ആയിട്ടല്ല, ഹിന്ദു ഭൂരിപക്ഷ അവസ്ഥയില്‍ ഒരു 'conditioned social behaviour' ആണത്. ഒരു പക്ഷേ സുഹ്‌റ വീട്ടില്‍ ഇങ്ങനെയായിരിക്കില്ല പെരുമാറുന്നത്. 90കളില്‍ ഇന്നത്തെപ്പോലെയല്ല. സംഘികള്‍ മിക്കവരും രഹസ്യസംഘികള്‍ ആയിരുന്നു. ഇന്ന് പരസ്യമായി, ലജ്ജയില്ലാതെ താന്‍ സംഘിയാണെന്ന് ആളുകള്‍ പറയുന്നുണ്ട്.

 

 സ്വത്വരാഷ്ട്രീയത്തെക്കുറിച്ചൊക്കെ മലയാളികള്‍ സംസാരിച്ചുതുടങ്ങുന്നത് ഈ സമയത്തായിരുന്നോ?

സ്വത്വരാഷ്!ടീയം അസര്‍ട്ട് ചെയ്തു തുടങ്ങുന്ന ഒരു സമയം ആയിരുന്നു അത്. വടക്കേ ഇന്ത്യയില്‍ അപ്പോഴേക്കും അതു ശക്തമായി പ്രകടമായിരുന്നു. ഇന്ന് അത്തരത്തിലുള്ള, ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയ തരംതിരിവുകള്‍ക്ക് അര്‍ത്ഥമില്ലെന്ന് തോന്നുന്നു. കാരണം ഇസ്ലാമിക വര്‍ഗ്ഗീയത എന്നത് രാഷ്ട്രങ്ങളുടെ അതിരുകളും കടന്ന് ഒരു അന്താരാഷ്ട്ര തലം സ്വീകരിച്ചിരിക്കുന്നു. ഹിന്ദു വര്‍ഗ്ഗീയത ഇവിടെ ശരിക്കും നമുക്ക് അനുഭവിക്കത്തക്ക തരത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയായി വളര്‍ന്നിരിക്കുന്നു. ആളുകള്‍ ഇതിനെ ഒരുപോലെ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇത് രണ്ടും പരസ്പരമുള്ള റിയാക്ഷന്‍സ് ആയി കാണരുത്. അങ്ങനെ കണ്ടാല്‍ ഒന്നിനെ ന്യായീകരിക്കുകയാവും. ഇന്ന് ഇരുപക്ഷങ്ങളും പരസ്പരം ഫീഡ് ചെയ്യുന്നതാണ് കാണുന്നത്.

ഈ അവസ്ഥയില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയെക്കുറിച്ച്?
ജാതിയെ കാണാന്‍ സാധിക്കാഞ്ഞതാണ് വടക്കേ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് സംഭവിച്ച പരാജയം. മണ്ഡലിന് മുമ്പ് ഇടതുപക്ഷം കുറേയെങ്കിലും ശക്തമായിരുന്നു. എന്നാല്‍ അതിനുശേഷം ലാലു പ്രസാദ്, മുലായം സിങ് തുടങ്ങിയ ആളുകള്‍ക്ക് ജാതിയെ പ്രായോഗിക രാഷ്ട്രീയത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചു. എന്നാല്‍, ഇത്തരം മാറ്റങ്ങള്‍ക്കനുസരിച്ച് ഇടതുപക്ഷത്തെ മുന്നോട്ടുനയിക്കാന്‍ ഇടതു ചിന്തകര്‍ക്ക് സാധിച്ചില്ല.

 

 ചുല്യാറ്റിന്റെ കഥാപാത്ര നിര്‍മ്മിതിയില്‍ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ?

ഉപവര്‍ണ്ണനയ്ക്കു വേണ്ടി ഒരാളെ മനസ്സില്‍ വേണമല്ലോ. നീണ്ട കാല്‍വയ്പ്പുകളോടെ, പൈപ്പ് വലിച്ചു നടന്നിരുന്ന ഇന്ത്യന്‍ എക്‌സ് പ്രസ് എഡിറ്റര്‍ മഡ്ഗാവ്കര്‍ മനസ്സില്‍ ഉണ്ടായിരുന്നു.

ചുല്യാറ്റിന്റെ പനിയെക്കുറിച്ച്?

ആദര്‍ശങ്ങള്‍ വളരെ ഉന്നതമാണങ്കിലും ചുല്യാറ്റ് സാധാരണക്കാരനായ ഒരു മനുഷ്യനാണ്. തന്റെ ആദര്‍ശങ്ങള്‍ ഒന്നും നടപ്പിലാക്കാന്‍ കെല്‍പ്പില്ലാത്ത, അല്ലങ്കില്‍ താന്‍ ഒരു ആക്ടിവിസ്റ്റ് അല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ്.

പക്ഷേ, കഥയുടെ അവസാനത്തില്‍ ഒരു ഹീറോയെപ്പോലാണല്ലോ ചുല്യാറ്റ് ന്യൂസ് റൂമിലേക്ക് കയറി വരുന്നത്. ഈ ധൈര്യം പെട്ടന്ന് ഉണ്ടാവുന്നതല്ലല്ലോ?

ചുല്യാറ്റ് എഴുപത് വയസ്സ് കടന്ന ഒരു മനുഷ്യനാണ്. സ്വാതന്ത്ര്യസമരത്തിലുടെ, രാഷ്ട്രനിര്‍മ്മാണത്തിന്റെ സ്വപ്നത്തിലൂടെ ജീവിച്ച ഒരു മനുഷ്യന്‍. ആ സമയത്തുണ്ടായിരുന്ന പല സ്വപ്നങ്ങളുടെയും തകര്‍ച്ച ചുല്യാറ്റ് കണ്ടു. ഈ നിസ്സഹായതയുടെ പനിയാണ് ചുല്യാറ്റ് അനുഭവിക്കുന്നത്. എന്നാല്‍ അവസാനം ഇതെല്ലാം നഷ്ടപ്പെട്ട് പോകുന്നു എന്നറിയുമ്പോള്‍, അദ്ദേഹത്തിന് ഗാണ്ഡീവം എടുക്കേണ്ടിവരുന്നു.

തര്‍ക്കമന്ദിരം എന്നല്ല, ബാബറി മസ്ജിദ് ആണ് എന്നുതന്നെ ബോധ്യത്തോടെ പറയാന്‍ കഴിയുന്ന ഒരു മാധ്യമ അവസ്ഥ ഇന്നുണ്ടോ?

പ്രയാസമാണ്. കാരണം അന്നത്തെ ന്യൂസ് റൂം വ്യത്യസ്തമായിരുന്നു. ഡല്‍ഹിയിലെ ബഹദൂര്‍ഷാ സഫര്‍ റോഡിലെ ഓരോ പത്രമോഫീസിലും മുതിര്‍ന്ന, ബോധ്യമുള്ള, എഡിറ്റര്‍മാരുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലം ഉണ്ടായിരുന്നു. ഇതുപോലുള്ള വ്യക്തികളുടെ അസാന്നിധ്യത്തെ ഇന്ന് കോംപന്‍സേറ്റ് ചെയ്യുന്നത് സമൂഹമാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ എത്ര പൂഴ്ത്തിവെച്ചാലും സോഷ്യല്‍ മീഡിയ അത് പുറത്തുകൊണ്ടുവരും.

തിരുത്തിനെ ഇന്നെങ്ങനെ കാണുന്നു?

'ബാബറി മസ്ജിദ് സംഭവം' കഴിഞ്ഞിട്ട് ഒരു തലമുറയ്ക്കു പ്രായം വച്ചു. അവര്‍ വോട്ടു ചെയ്യാന്‍ തുടങ്ങി. എല്ലാം മറന്നുതുടങ്ങിയിരിക്കുന്ന ഒരു തലമുറ തിരുത്തിനെ എങ്ങനെ കാണും എന്നത് എനിക്കറിയില്ല.

 

22 വര്‍ഷത്തിനുശേഷമുള്ള മറ്റൊരു ഡിസംബര്‍ ആറിന് കഥാകാരന്‍ സ്വന്തം ശബ്ദത്തില്‍ 'തിരുത്ത്' വായിക്കുന്നതും ഇവിടെ കേള്‍ക്കാം

click me!