കേരളീയ വികസനം: കീഴാറ്റുര്‍  നല്‍കുന്ന പാഠങ്ങള്‍

By സി.കെ.വിശ്വനാഥന്‍First Published Apr 25, 2018, 7:11 PM IST
Highlights

സി.കെ.വിശ്വനാഥന്‍ എഴുതുന്നു

ജപ്പാനില്‍ രൂപം കൊണ്ടിട്ടുള്ള 'walk away from the road ' ( റോഡില്‍ നിന്ന് മാറിനടക്കല്‍) ഒരു പ്രധാന പ്രസ്ഥാനം തന്നെയാണ്. മറ്റ് പല രാജ്യങ്ങളിലും മോട്ടോറിസ്റ്റ് പാര്‍ട്ടികള്‍ തന്നെ രൂപം കൊണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ആസ്ട്രേലിയ. പുത്തന്‍ ഗതാഗത സംസ്‌കാരത്തിന്റെ അന്വേഷണത്തിലാണ് ആധുനിക ലോകം. ഒരു പുതിയ നഗരഗതാഗത സംസ്‌കാരത്തിന് തന്നെ ഇത് അടിവരയിടുന്നു. റോഡ് ഗതാഗത നിയന്ത്രണം ഒരു പ്രധാനപ്പെട്ട അജണ്ടയായി മാറിയിരിക്കുന്നു. മോട്ടോറിസത്തിന്റെ പ്രത്യയശാസ്ത്രത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട്, അതിന്റെ നിഷേധാത്മകമായ വശങ്ങളെ തുറന്നെതിര്‍ത്ത് നിരവധി നഗര ഉപസംസ്‌കാരമാതൃകകള്‍ നിലവില്‍ വന്നു കൊണ്ടിരിക്കുന്നു. ​

വികസനത്തിന്റെ വര്‍ത്തമാന കാലത്തെക്കുറിച്ചാണ് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വികസനം ഏങ്ങനെ?  ഈ ചോദ്യം അതിന്റെ ആഴത്തില്‍ ഉള്‍ക്കൊണ്ട സംവാദമായിരുന്നു കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂര്‍ എന്ന ഗ്രാമത്തിലെ നാഷണല്‍ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ പ്രശ്നവുമായി ഉയര്‍ന്നു വന്നത്. റോഡ് വികസനത്തിന്റെ അനിവാര്യതയും അതേ സമയം തന്നെ കൃഷി ഭൂമി ഏറ്റെടുക്കല്‍ പ്രശ്നവും തമ്മിലുള്ള തര്‍ക്കവും എത്തിനില്‍ക്കുന്ന പ്രശ്നം, വികസിത - അവികസിത സമൂഹങ്ങളില്ലെല്ലാം തന്നെ ഒരു 'വികസന'പ്രശ്നമായി വികസിക്കപ്പെട്ടിരിക്കുകയാണ്. 

കീഴാറ്റൂരിലെ തര്‍ക്കം നിലനില്‍ക്കുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയാണ് ഫ്രാന്‍സിലെ ZAD ( Zone to defend ) പ്രസ്ഥാനത്തിനെതിരെ ഫ്രഞ്ച് സര്‍ക്കാര്‍ നിലപാടെടുത്തത്. വിമാനത്താവള നിര്‍മ്മാണവുമായി ഉടലെടുത്ത പ്രശ്നമായിരുന്നു പിന്നീട് ZAD എന്ന പ്രസ്ഥാനമായി മാറിയത്. ആ പ്രദേശം സംരക്ഷിക്കപ്പെടേണ്ട സ്ഥലം എന്ന നിലയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിലനിര്‍ത്താന്‍ ഒരുങ്ങിയതായിരുന്നു. വിമാനത്താവള നിര്‍മ്മാണം ഉപേക്ഷിച്ചപ്പോള്‍ പോലും ഉടലെടുത്ത പ്രശ്നം, കീഴാറ്റൂര്‍ ഉന്നയിക്കുന്ന പ്രശ്നവും ഒന്നുതന്നെ. സംരക്ഷിക്കപ്പെടേണ്ട പ്രദേശം എന്ന നിലയിലാണ് ഇരുപ്രശ്നങ്ങളുടെയും പ്രധാന്യം. വികസനത്തിന്റെ 21 -ാം നൂറ്റാണ്ട് ഇത്തരം ഭൂമി ഏറ്റെടുക്കല്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അനന്തമായ പോരാട്ടത്തിന്റെ കാലഘട്ടം കൂടിയാണ്.

റോഡ് നിര്‍മ്മാണം അതിന്റെ ഏറ്റവും നൂതനമായ ഒരു ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും വിദൂരമായ പ്രദേശങ്ങളുമായിപ്പോലും റോഡ് നിര്‍മ്മാണം ബന്ധപ്പെട്ടിരിക്കുന്നു. 21 -ാം നൂറ്റാണ്ടില്‍ ഭൂരിഭാഗം റോഡ് നിര്‍മ്മാണപ്രക്രിയകളും നടന്നു കൊണ്ടിരിക്കുന്നത് വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ്. അതായത്, ഈ വികസ്വര രാജ്യങ്ങള്‍ അതി തീവ്രമാം വിധം റോഡ് നിര്‍മ്മാണ പ്രക്രിയയുമായി ചേര്‍ന്നുപോയ്ക്കൊണ്ടിരിക്കുന്നു. ഇതോടനുബന്ധിച്ച് നടന്നു കൊണ്ടിരിക്കുന്ന തര്‍ക്കങ്ങള്‍ പരിസ്ഥിതി പ്രശ്നങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടുന്നു. ഭൂമിയുടെ വികസന പരിമിതികളെ യഥാര്‍ത്ഥത്തില്‍ ഈ റോഡ് നിര്‍മ്മാണം പുറത്തു കൊണ്ടുവരുന്നുണ്ട്. 'മോട്ടോറിസം '  എന്ന് വിളിക്കുന്ന വര്‍ത്തമാന ജീവിത ശൈലി തന്നെ നിശിതമായി ചോദ്യം ചെയ്യപ്പെടുന്നു. പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ, അതുണ്ടാക്കുന്ന പ്രകൃതി നാശത്തെ നിശിതമായി വിലയിരുത്തുന്നു. പ്രകൃതിയും മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ജൈവബന്ധത്തെ കുറിച്ചുള്ള ചോദ്യമാണ് ഇത്തരം വികസന പ്രശ്നത്തില്‍ പ്രധാനമായും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. 

കാറല്‍ മാര്‍ക്‌സിന്റെ 200 -ാം ജന്മശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട സംവാദങ്ങളില്‍ ഒന്ന് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഇടതുപക്ഷ ബന്ധങ്ങളെക്കുറിച്ചാണ്. അതായത് ഏകപക്ഷീയമായ മനുഷ്യ പുരോഗതി എന്ന സങ്കല്‍പ്പത്തിന്റെ ചോദ്യമായാണ് അത് പ്രത്യക്ഷപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ റോസാ ലക്സംബര്‍ഗ് ജയിലില്‍ കിടന്ന് പോലും വേദനിച്ചത് പക്ഷികള്‍ക്ക് നഷ്ടപ്പെടുന്ന വിഭവങ്ങളുടെ ലഭ്യതക്കുറവിനെ കുറിച്ചായിരുന്നു. മനുഷ്യ കേന്ദ്രീകൃതമായ പ്രൊമിത്യൂസിയന്‍ സങ്കല്‍പത്തെ ഇത്തരം സംവാദങ്ങളില്‍ കൂടി മാര്‍ക്സിസ്റ്റ് ചിന്തകന്മാര്‍ തന്നെ പുനര്‍വിചിന്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. സോവിയറ്റ് കാലഘട്ടത്തിലെ ഭക്ഷ്യപ്രശ്നം ഇന്ന് പലവിധത്തില്‍ പഠിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ മനസ്സിലാക്കുക എന്നത് തന്നെയാണ് ഇത്തരം സംവാദങ്ങളില്‍ പ്രധാനമായും കടന്നുവരുന്നത് തന്നെ. കീഴാറ്റൂരിലെ ചോദ്യങ്ങളില്‍ ഇത്തരം സംവാദങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുന്നു. അതോടൊപ്പം, 21 -ാം നൂറ്റാണ്ടില്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതി സംബന്ധമായ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതായി വന്നിരിക്കുകയാണ്. 

21 -ാം നൂറ്റാണ്ട് ഒരു നഗര ഗ്രഹമായി ഭൂമിയെ മാറ്റുന്ന കാഴ്ചകൂടിയാണ് നമുക്ക് തരുന്നത്. ഈ നഗരവത്കരണ പ്രക്രിയയുടെ അനിവാര്യത കൂടിയാണ് ഗതാഗത മേഖലയിലുള്ള കുതിച്ചു ചാട്ടങ്ങള്‍. ഏങ്ങനെയായിരിക്കണം ഗതാഗതം എന്നുള്ളത് അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചോദ്യമാണ്. കേരളമാകട്ടെ, ഇത്തരം നഗരവല്കരണ പ്രക്രിയയെ ആഴത്തില്‍ ഉള്‍ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, പല വികസിത രാജ്യങ്ങളിലും ഇത്തരം നഗരവല്കരണത്തെക്കുറിച്ചുള്ള ആഴമേറിയ ചോദ്യങ്ങള്‍ക്ക് നടുവിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. 

ജപ്പാനില്‍ രൂപം കൊണ്ടിട്ടുള്ള 'walk away from the road ' ( റോഡില്‍ നിന്ന് മാറിനടക്കല്‍) ഒരു പ്രധാന പ്രസ്ഥാനം തന്നെയാണ്. മറ്റ് പല രാജ്യങ്ങളിലും മോട്ടോറിസ്റ്റ് പാര്‍ട്ടികള്‍ തന്നെ രൂപം കൊണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ആസ്ട്രേലിയ. പുത്തന്‍ ഗതാഗത സംസ്‌കാരത്തിന്റെ അന്വേഷണത്തിലാണ് ആധുനിക ലോകം. ഒരു പുതിയ നഗരഗതാഗത സംസ്‌കാരത്തിന് തന്നെ ഇത് അടിവരയിടുന്നു. റോഡ് ഗതാഗത നിയന്ത്രണം ഒരു പ്രധാനപ്പെട്ട അജണ്ടയായി മാറിയിരിക്കുന്നു. മോട്ടോറിസത്തിന്റെ പ്രത്യയശാസ്ത്രത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട്, അതിന്റെ നിഷേധാത്മകമായ വശങ്ങളെ തുറന്നെതിര്‍ത്ത് നിരവധി നഗര ഉപസംസ്‌കാരമാതൃകകള്‍ നിലവില്‍ വന്നു കൊണ്ടിരിക്കുന്നു. 

കാല്‍നടക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍ ഒരു പ്രധാനപ്പെട്ട അജണ്ടയാണ്. കേരളം, ഇത്തരമൊരു ഗതാഗത സംസ്‌കാരത്തിന്റെ അനിവാര്യതയിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. വാഹനങ്ങളുടെ പെരുകല്‍, ഒരര്‍ത്ഥത്തില്‍ മാര്‍ഗരറ്റ് താച്ചറിന്റെ പ്രസിദ്ധമായ ഉപഭോഗ സംസ്‌കാരത്തെ സാധൂകരിക്കുന്ന പ്രസ്താവനകള്‍ക്ക് അനുകൂലമായ സാമൂഹ്യ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. ഇത് പൊതുഗതാഗത സംവിധാനത്തിന് തന്നെ എതിരാണ്. കാറുകള്‍ സ്വകാര്യ അഹങ്കാരമായി പൂര്‍ണ്ണമായും മാറിയിരിക്കുന്നു. ഒരു നിയോലിബറല്‍ സ്റ്റാാറ്റസ് സിംബല്‍. എന്നാല്‍, ഒരു പുതിയ വികസന സംസ്‌കാരത്തിലേക്ക് നയിക്കപ്പെടേണ്ടുന്ന ചരിത്രഘട്ടത്തിലാണ് ഈ നൂറ്റാണ്ടിലെ മനുഷ്യന്‍ നില്‍ക്കുന്നത്. അനിയന്ത്രിതമായ ഒരു വികസനവും സാധ്യമല്ലാത്ത ഒരവസ്ഥയില്‍ ഭൂമിയും എത്തിനില്‍ക്കുന്നു. ഇതാണ് ഹരിത പ്രസ്ഥാനങ്ങളെ കൂടുതല്‍ പ്രസക്തമാക്കുന്നത്. പല വികസിത രാജ്യങ്ങളിലും ഹരിത പ്രസ്ഥാനങ്ങള്‍ പരമ്പരാഗത ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മറികടക്കുകയും അതിന്റെ അടിസ്ഥാന വിഭാഗങ്ങളെ ഒരു ഹരിത സംസ്‌കാരത്തിലേക്ക് നയിക്കുകയും ചെയ്തിരിക്കുന്നു. സമീപ കാലത്തെ നെതര്‍ലാന്റിലെയും ഐസ് ലാന്റിലേയും ഇടത് ഹരിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ വിജയം ഇതാണ് കാണിക്കുന്നത്. 

കേരളം യഥാര്‍ത്ഥത്തില്‍ ഒരു ചുകപ്പ് ഹരിത സംവാദത്തിന്റെ ഭൂമികയിലാണ് നില്‍ക്കുന്നത്. അതേ സമയം തന്നെ ഹരിത അജണ്ടകളെ അവഗണിക്കാനാകാത്ത വിധം കേരളം ഒരു വലിയ വികസന ചോദ്യങ്ങള്‍ക്ക് മുന്നിലാണ്. കേരളത്തെ ഒരു മാതൃകാഹരിത സമൂഹമായി കാണുന്ന പരിസ്ഥിതി ചിന്തകര്‍ തന്നെയുണ്ട്. ബിന്‍മക്ബിനെ പോലെയുള്ളവര്‍ കേരളത്തെ കാണുന്നത്, കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗത്തില്‍ നിലകൊള്ളുവാന്‍ കഴിയുന്ന ഒരു ഹരിത സമൂഹം അഥവാ ഒരു ഹരിത രാഷ്ട്രീയ സമൂഹം എന്നാണ്. കീഴാറ്റൂര്‍ സംവാദം ഇത്തരമൊരു ഹരിത സംവാദത്തിലേക്ക് ഉയരേണ്ടതുണ്ട്. ഭക്ഷ്യ സുരക്ഷിതത്വം മുതല്‍ നവഗതാഗത സംവിധാനം വരെ നിശിതമായി പഠിക്കേണ്ടതുണ്ട്. വികസനമെന്നത്, ഇത്തരമൊരു അന്വേഷണത്തിന്റെ മാതൃകയായിത്തീരണം.  

click me!