ഒരു പരമരഹസ്യം ലോകത്തിന്‍റെ മുഖത്തേക്കെറിഞ്ഞാണല്ലോ, പുനത്തില്‍ കുഞ്ഞബ്ദുള്ളയും പോയത്!

By Arun AsokanFirst Published Oct 27, 2018, 12:54 PM IST
Highlights

ഖബറുകളിലുറങ്ങുന്നവരിൽ നിന്ന് ഊർന്നിറങ്ങുന്ന നെയ്മണമായി മരണം  സ്മാരകശിലകളിൽ  നിറഞ്ഞുനിൽക്കുകയാണ്. ഗോസായിക്കുന്നിന്റെ താഴ് വരയില്‍, കടപ്പുറത്തെ വിജനതയിൽ ഒരു സ്വർണമത്സ്യം പോലെ പൂക്കൂഞ്ഞീബി അടിഞ്ഞുകിടക്കുന്നിടത്താണ് സ്മാരകശിലകളിലെ മരണം അവസാനിക്കുന്നത്. 

കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ച കുഞ്ഞബ്ദുള്ളക്ക് ചെറുപ്പം മുതലേ സാഹിത്യത്തിൽ വല്ലാത്ത അഭിനിവേശമായിരുന്നു. ഡിഗ്രിക്ക് ശേഷം എംഎ മലയാളം പഠിക്കാൻ തീരുമാനിച്ചുറപ്പിച്ച അബ്ദുള്ളയെ എംബിബിഎസിന് ചേരാൻ നിർബന്ധിച്ചത് മലയാളം അധ്യാപകനായിരുന്ന എം.എൻ വിജയനാണ്. അങ്ങനെ അബ്ദുള്ള അലിഗഡിലെത്തി. അലിഗഡിലെ തടവുകാരനടക്കമുള്ള കഥകൾ ജനിക്കുന്നത് അവിടെ നിന്നാണ്. എം.എൻ വിജയന് ശേഷം അബ്ദുള്ളയിലെ എഴുത്തുകാരനെ ഏറെ പ്രോത്സാഹിപ്പിച്ചത് എം.ടിയായിരുന്നു. ആ പ്രോത്സാഹനത്തിൽ മലയാളത്തിന് പ്രിയപ്പെട്ടൊരു സാഹിത്യ ഭിഷഗ്വരനെ കിട്ടി. 

Latest Videos

'ചുരുട്ടിപ്പിടിച്ച കൈയിൽ പേനയുമായി പിറന്ന് വീണവൻ' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന മലയാളത്തിന്‍റെ കഥാകാരൻ. കഥ പറച്ചിലെന്ന വിശേഷ കർമ്മത്തിന് വേണ്ടിയുള്ള ആ പിറവി സംഭവിക്കുന്നത് 1940 ഏപ്രിലിലാണ്. പുനത്തിൽ കുഞ്ഞബ്ദുള്ള. പേര് കുഞ്ഞബ്ദുള്ള എന്നാണെങ്കിലും മലയാള സാഹിത്യത്തിൽ അബ്ദുള്ള 'മലമുകളിലെ വല്യൊരു അബ്ദുള്ള'യാണ്. ആ വലിപ്പത്തിന്റെ അടയാളക്കല്ലാണ്  മുപ്പത്തിയാറാം വയസിൽ നാട്ടിയ സ്മാരകശിലകളെന്ന മാസ്റ്റർപീസ്.

മലബാറിലെ മുസ്ലീം സമുദായത്തിന്‍റെ ഇന്നലെകളിലെ  ഖബറിൽ നിന്ന് ഊർന്നിറങ്ങിയ നെയ്യായിരുന്നു ആ നോവൽ. നോവായി, അദ്ഭുതമായി എന്തിനൊടൊക്കെയോ ഉള്ള അമർഷമായി  ആ വലിയ ശില വായനക്കാരുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച പത്ത് നോവലിസ്റ്റുകളെ തിരഞ്ഞാൽ അതിൽ നിന്ന് മാറ്റിനിർത്താൻ ആകാത്ത പേരാണ് പുനത്തിൽ കുഞ്ഞബ്ദുള്ള. ആ  സ്ഥാനത്തേക്ക് അദ്ദേഹത്തെ കൈപിടിച്ച് കയറ്റിയത് 'സ്മാരകശിലകൾ' എന്ന മാസ്റ്റർപീസാണ്. വിശാലമായ പള്ളിക്കു ചുറ്റും പള്ളിപ്പറമ്പാണ്, പറമ്പു നിറയെ ശ്മശാനം. കെട്ടുകഥകൾ പറയാൻ കഴിയുന്ന അത്രയും പേർ ആ ശ്മശാനങ്ങളിൽ കുടികൊള്ളുന്നു.

മരിച്ചവന്റെ വിശ്വസ്ത പരിചാരകനായ എറമുള്ളാനെത്തേടി പാലപ്പുരയിലെ മമ്മതുഹാജി മരിച്ചെന്ന തേങ്ങിപ്പറയൽ എത്തുന്നിടത്താണ് നോവലിന്റെ തുടക്കം. വലിയ പള്ളിക്കും പള്ളിപ്പറമ്പിനും അപ്പുറം ഖാൻ ബഹദൂർ പൂക്കോയ തങ്ങളിലൂടെയും  കൊട്ടാരസദൃശമായ അദ്ദേഹത്തിന്‍റെ മാളികയിലൂടെയും നോവൽ വികസിക്കുന്നു. ഇതിഹാസ സമാനനായി കുഞ്ഞബ്ദുള്ള എഴുതിവളർത്തിയ കഥാപാത്രമാണ് പൂക്കോയ തങ്ങൾ. അയാളെ ചുറ്റിപ്പറ്റി. ഭാര്യ ആറ്റബീയും  മകൾ പുക്കൂഞ്ഞീബിയും  നീലിയെന്ന ഹിന്ദുപ്പെണ്ണ് പെറ്റിട്ട് പോയ അച്ഛനാരെന്നറിയാത്ത ചെക്കൻ കുഞ്ഞാലിയും.

ഇവരോളമോ ചിലപ്പോഴെല്ലാം അതിനെക്കാളുമോ ആഴം സ്വീകരിക്കുന്നവരാണ് തങ്ങളുടെ ആശ്രിതരായും ജോലിക്കാരായും എത്തുന്ന നോവലിലെ കഥാപാത്രങ്ങൾ. ജന്മാന്തര ബന്ധത്തിന്‍റെ കെട്ടുപാടിലെന്നോണം സ്വന്തം കുതിരയെ തിരഞ്ഞലയുന്ന പാവം ബുദ്ധനദ്രമാൻ. തങ്ങളോടൊപ്പം എന്തിനും വിശ്വസ്തനായി നിന്ന ബാപ്പുകണാരൻ. അവസരം കൃത്യമായി ഉപയോഗിച്ച പട്ടാളം ഇബ്രായി.

സ്ത്രീയോട് കാണിച്ച ദുഷ്ചെയ്തിയുടെ പേരിൽ  വെട്ടുകൊണ്ട് ചത്ത് മലർന്ന് കിടന്ന പൂക്കോയ തങ്ങൾ

മരണവും മരിച്ചവരുടെ ബോധവും സ്മാരകശിലകളിൽ നിദാന്തമായി സഞ്ചരിക്കുന്നുണ്ട്. ഒരാൾ പോലും കരയാൻ ഇല്ലാതിരുന്നിട്ടും, മരണത്തെ വരിച്ച നീലി, അറബിപ്പുളിമരത്തിൽ തോർത്തുമുണ്ടുമാത്രം ഉടുത്ത് തൂങ്ങിയാടിയ ബാപ്പുകണാരാൻ, മരണങ്ങളിൽ നിഗൂഢമായ ആനന്ദം കണ്ടെത്തി ഒടുവിൽ പള്ളിപ്പറമ്പിൽ മാംസക്കഷ്ണം മാത്രമായി മരിച്ചുകിടന്ന എറമുള്ളാൻ, ഇതിഹാസമായി ജീവിച്ചിട്ടും സ്ത്രീയോട് കാണിച്ച ദുഷ്ചെയ്തിയുടെ പേരിൽ  വെട്ടുകൊണ്ട് ചത്ത് മലർന്ന് കിടന്ന പൂക്കോയ തങ്ങൾ. ഖബറുകളിലുറങ്ങുന്നവരിൽ നിന്ന് ഊർന്നിറങ്ങുന്ന നെയ്മണമായി മരണം  സ്മാരകശിലകളിൽ  നിറഞ്ഞുനിൽക്കുകയാണ്. ഗോസായിക്കുന്നിന്റെ താഴ് വരയില്‍, കടപ്പുറത്തെ വിജനതയിൽ ഒരു സ്വർണമത്സ്യം പോലെ പൂക്കൂഞ്ഞീബി അടിഞ്ഞുകിടക്കുന്നിടത്താണ് സ്മാരകശിലകളിലെ മരണം അവസാനിക്കുന്നത്. ആ മരണത്തിനുമപ്പുറം കുഞ്ഞാലിയുടെ ഒഞ്ചിയം മലനിരകളിലേക്കുള്ള യാത്രയിൽ നോവലും പൂർത്തിയാകുന്നു. അപ്പോഴും മലയാള സാഹിത്യത്തിൽ ഒരു എഴുത്തുകാരൻ അവശേഷിപ്പിച്ചുപോയ ഏറ്റവും വലിയ, ചോദ്യം ബാക്കിയാകുന്നു. കുഞ്ഞാലിയുടെ അച്ഛനാര്?

സ്വന്തം ഉദരത്തിൽ ബീജം നൽകിയവനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ, അതൊരു പരമരഹസ്യമായി ലോകത്തിന്‍റെ മുഖത്തേക്കെറിഞ്ഞ്, കണ്ണടച്ച നീലിയെപ്പോലെ. പുനത്തിൽ കുഞ്ഞബ്ദുള്ളയും ഇന്നേക്ക് ഒരു വർഷം മുൻപ് ഈ ലോകം വിട്ടുപോയി. 

കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ച കുഞ്ഞബ്ദുള്ളക്ക് ചെറുപ്പം മുതലേ സാഹിത്യത്തിൽ വല്ലാത്ത അഭിനിവേശമായിരുന്നു. ഡിഗ്രിക്ക് ശേഷം എംഎ മലയാളം പഠിക്കാൻ തീരുമാനിച്ചുറപ്പിച്ച അബ്ദുള്ളയെ എംബിബിഎസിന് ചേരാൻ നിർബന്ധിച്ചത് മലയാളം അധ്യാപകനായിരുന്ന എം.എൻ വിജയനാണ്. അങ്ങനെ അബ്ദുള്ള അലിഗഡിലെത്തി. അലിഗഡിലെ തടവുകാരനടക്കമുള്ള കഥകൾ ജനിക്കുന്നത് അവിടെ നിന്നാണ്. എം.എൻ വിജയന് ശേഷം അബ്ദുള്ളയിലെ എഴുത്തുകാരനെ ഏറെ പ്രോത്സാഹിപ്പിച്ചത് എം.ടിയായിരുന്നു. ആ പ്രോത്സാഹനത്തിൽ മലയാളത്തിന് പ്രിയപ്പെട്ടൊരു സാഹിത്യ ഭിഷഗ്വരനെ കിട്ടി. 

75 വയസിനിടെ നാല്‍പ്പതിലധികം പുസ്തകങ്ങൾ കുഞ്ഞബ്ദുള്ള എഴുതി. നോവലുകൾ, കഥകൾ, യാത്രാവിവരണങ്ങൾ, ആത്മകഥ എന്നിങ്ങനെ പല സാഹിത്യവിഭാഗങ്ങളിൽ പെട്ട പുസ്തകങ്ങൾ... ഇടയ്ക്ക് ഒരൽപ്പം രാഷ്ട്രീയം. പിന്നെ, കുറേ വിവാദങ്ങൾ.

കുഞ്ഞബ്ദുള്ളയുടെ ഏതാണ്ടെല്ലാ ഉത്തരങ്ങളും ഒരു കുഞ്ഞിന്‍റേതുപോലുള്ള ചിരിയിലാണ് അവസാനിച്ചിരുന്നത്

നിഷ്കളങ്കമായി സത്യങ്ങൾ വിളിച്ചു പറയുന്നൊരു മനുഷ്യൻ, അതിനിടയിൽ ആരാധനയും പ്രണയവും, കാമവും ഒക്കെ ഉണ്ടായിരുന്നു. ഉറൂബ്, എസ്.കെ പൊറ്റക്കാട്, ഒ.വി വിജയൻ, പി. കുഞ്ഞിരാമൻ നായർ,  വൈലോപ്പിള്ളി, മുകുന്ദൻ, സക്കറിയ മറ്റ് എഴുത്തുകാരെക്കുറിച്ച് ഇത്രത്തോളം ആരാധനയോടെ സംസാരിച്ചിരുന്നൊരെഴുത്തുകാരൻ മലയാളത്തിൽ വേറെ ഉണ്ടായിരുന്നോ എന്ന് സംശയം..

കുഞ്ഞബ്ദുള്ളയുടെ ഏതാണ്ടെല്ലാ ഉത്തരങ്ങളും ഒരു കുഞ്ഞിന്‍റേതുപോലുള്ള ചിരിയിലാണ് അവസാനിച്ചിരുന്നത്. അതെ, ഒരു കുഞ്ഞബ്ദുള്ളച്ചിരി. സ്വയം മറന്നുള്ള അതിമനോഹരമായ ഒരു ചിരി. മലയാള സാഹിത്യത്തിലെ നിഷ്കളങ്കമായ ആ ചിരി മാഞ്ഞുപോയിട്ട് ഒരാണ്ടാകുന്നു. പക്ഷെ, ഈ ഭാഷയുടെ നിലനിൽപ്പിനോളം അസ്തിത്വമുള്ള ആ 'സ്മാരകശില' ഇവിടെ ബാക്കിയാണ്.

click me!