എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

By ശ്രീനിവാസന്‍ തൂണേരിFirst Published Nov 8, 2017, 1:40 PM IST
Highlights

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

ഏറെയൊന്നും വര്‍ണ്ണസുരഭിലമല്ലാതിരുന്ന സ്‌കൂള്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ഇന്നും ഓര്‍മയില്‍ തെളിഞ്ഞു വരുന്ന ആദ്യമുഖം ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ.വി.ബാലകൃഷ്ണന്‍ മാഷുടേതാണ്. 

ആറാം തരം മുതല്‍ പത്തു വരെ ഒറ്റ വിഷയം പോലും ഞങ്ങളെ പഠിപ്പിച്ചിട്ടില്ലെങ്കിലും, വ്യക്തിപരമായി ഇന്നും ഓര്‍മിക്കുന്ന വലിയൊരു പാഠം അദ്ദേഹത്തില്‍നിന്നും പഠിച്ചു. തോല്‍വികളില്‍ തളര്‍ന്നു പോകുന്നവര്‍ ജീവിതത്തില്‍ എവിടെയും എത്തില്ല എന്ന മാഷുടെ ഓര്‍മപ്പെടുത്തല്‍. 

അന്ന് എട്ടാം ക്ലാസിലായിരുന്നു ഞാന്‍. പഠനത്തോടൊപ്പം തന്നെ ബസ് തടയല്‍, സമരം ചെയ്യല്‍ തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കമ്പം ഉണ്ടെന്നറിയുന്നതിനാല്‍ എല്ലായ്‌പ്പോഴും അധ്യാപകരുടെ നിരീക്ഷണ വലയത്തിനുള്ളിലായിരുന്നു. അതു കൊണ്ട് തന്നെ കലോത്സവ കാലം വന്നാല്‍ പറയാനാവാത്ത ആഹ്‌ളാദമാണ്. പരിശീലനത്തിന്റെ പേരില്‍ അനുവദിച്ചു കിട്ടുന്ന സ്വാതന്ത്ര്യം പരമാവധി ഉപയോഗപ്പെടുത്തി ഗ്രൗണ്ടിലും രാജേട്ടന്റെ ചായക്കടയിലും മറ്റും കറങ്ങി നടക്കുകയായിരുന്നു അക്കാലത്തെ പ്രധാന പരിപാടി. 

സ്‌റ്റേജിനങ്ങളില്‍ പങ്കെടുക്കാന്‍ അന്തര്‍മുഖത്വവും സഭാ കമ്പവും അനുവദിക്കാത്തതിനാല്‍ രചനാ മത്സരങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞു. കഥയും കവിതയും എന്താണ് എന്ന സാമാന്യധാരണ പോലും ഇല്ലാതെ രണ്ടിലും പങ്കെടുത്തു. ഫലപ്രഖ്യാപനം വന്നപ്പോള്‍ രണ്ടിനങ്ങളിലും രണ്ടാം സ്ഥാനം. എനിക്ക് പറയാനാവാത്ത സന്തോഷം. 

കലോത്സവമൊക്കെ കഴിഞ്ഞ് ഒരു ഉച്ചസമയത്ത് ചരിത്രാധ്യാപകനായിരുന്ന പ്രേമന്‍ മാഷ് എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. തൊട്ടടുത്തായി കെ.വി.ബാലകൃഷ്ണന്‍ മാഷും മറ്റധ്യാപകരും. അവര്‍ക്കറിയണം, ഞാനെഴുതിയ കവിത എവിടെ നിന്നാണ് അടിച്ചു മാറ്റിയത് എന്ന്. ഒരു എട്ടാം ക്ലാസുകാരനായ എനിക്ക് അങ്ങനെയൊക്കെ എഴുതാന്‍ കഴിയില്ലെന്ന് ബാലകൃഷ്ണന്‍ മാഷ് ഉറച്ചു വിശ്വസിച്ചു. അതിനാല്‍ ഒന്നാമതാകേണ്ടിയിരുന്ന എന്റെ രചനക്ക് രണ്ടാംസമ്മാനം മാത്രം നല്‍കാന്‍ മാഷുടെ നിര്‍ദ്ദേശം. കൂടെ ഒരു ഉപദേശവും, നിന്നില്‍ കഴിവുണ്ടെങ്കില്‍ ഇനിയും എഴുതി തെളിയിക്കൂ എന്ന്. 

അതൊരു വെല്ലുവിളിയായി എടുത്തു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിതാ രചനയില്‍ രണ്ടാം സ്ഥാനം നേടി. അത് എന്നെക്കാള്‍ സന്തോഷിപ്പിച്ചത് ബാലകൃഷ്ണന്‍ മാഷെയായിരുന്നു എന്ന് ഇന്നെനിക്കറിയാം. 

കോളജില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു ദിവസം മാഷെ ബസില്‍ കണ്ടു. എന്നെ കണ്ടതും മാഷ് പഴ്‌സ് പുറത്തെടുത്തു. ഞാന്‍ അമ്പരന്നു. എന്താണ് സംഭവിക്കുന്നത്. അതില്‍നിന്നും മാഷൊരു കടലാസ് കഷണം എടുത്തു. ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കവിത മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ കട്ടിംഗ്!

പിന്നൊന്നും പറയാന്‍ കഴിഞ്ഞില്ല. കണ്ണു നിറഞ്ഞു!

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

 

click me!