ഈന്തപ്പന കൊതുമ്പ് സാനിറ്ററി പാഡ് ആക്കുന്നവര്‍

By നാസര്‍ ബന്ധുFirst Published Mar 7, 2018, 5:04 PM IST
Highlights
  • നാസര്‍ ബന്ധു എഴുതുന്നു
  • ദാരിദ്ര്യവും നിരക്ഷരതയും വിശ്വാസവും സംസ്‌കാരവും എല്ലാം കൂടിക്കുഴഞ്ഞ ഗ്രാമീണ സ്ത്രീ ജീവിതങ്ങള്‍.
  • അത്രമേല്‍ ദയനീയവും ഭീകരവുമാണ് കാര്യങ്ങള്‍.
  • എങ്കിലും ചില  പെണ്‍ജീവിതങ്ങള്‍ എഴുതാതെ വയ്യ .

ഗ്രാമത്തിലെ ഒരു വീട്ടില്‍ സംസാരിക്കുന്നതിനിടയിലാണ് ഒരു  യുവതി വിചിത്രമായ ഒരു കാര്യം വെളിപ്പെടുത്തിയത് പെണ്‍കുട്ടികളുടെ  മാറിടം വളര്‍ന്നു വരുന്ന കാലത്തു , ഉടുപ്പിടാന്‍ സമ്മതിക്കില്ല ചില അമ്മമാര്‍...


ഗ്രാമീണ സ്ത്രീകളുടെ ദയനീയ ജീവിതവും ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിവരിക്കുന്ന ഒരു അനുഭവക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഈയിടെ ഞാന്‍ എഴുതിയിരുന്നു. അതിനെ തുടന്ന് അനുകൂലവും പ്രതികൂലവും ആയ ധാരാളം പ്രതികരണങ്ങള്‍ എനിക്ക് കിട്ടി. ധാരാളം ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ അതിനെ അനുകൂലിച്ച് സംസാരിക്കുകയും ധാരാളം അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു. ആര്‍ത്തവകാലത്ത് ഭര്‍ത്താവിന്റെ ഒപ്പം ഒരേ മുറിയില്‍ കിടക്കാനോ, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ എന്തിന് അലമാരയിലിരിക്കുന്ന വസ്ത്രം എടുക്കാന്‍പോലും അനുമതി ഇല്ലാത്ത പെണ്ണുങ്ങള്‍ കേരളത്തിലെ വിദ്യാസമ്പന്നരായ കുടുംബങ്ങളില്‍ പോലും ഉണ്ടെന്ന യാഥാര്‍ത്ഥ്യം എന്നെ അത്ഭുതപ്പെടുത്തി.

പെണ്ണുങ്ങളുടെ ജീവിതം കൂടുതലറിയുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ സുന്ദര്‍ബനിലെ ഗ്രാമങ്ങളിലേക്ക് യാത്രയായത്. പെണ്‍കുട്ടികള്‍ക്ക് കൊടുക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അസൈന്‍മെന്റ് ചെയ്യുന്ന കേരള യൂണിവേഴ്‌സിറ്റിയിലെ പ്രീതയും കൂടെ ഉണ്ടായിരുന്നു.

ദാരിദ്ര്യവും നിരക്ഷരതയും വിശ്വാസവും സംസ്‌കാരവും എല്ലാം കൂടിക്കുഴഞ്ഞ ഗ്രാമീണ സ്ത്രീ ജീവിതങ്ങള്‍ ഏതു രീതിയില്‍ എഴുതിത്തുടങ്ങണം എന്ന വല്ലാത്ത ആശങ്ക എനിക്കുണ്ട്. അത്രമേല്‍ ദയനീയവും ഭീകരവുമാണ് കാര്യങ്ങള്‍. എങ്കിലും ഈ യാത്രയില്‍ കണ്ട  ചില  പെണ്‍ജീവിതങ്ങള്‍ എഴുതാതെ വയ്യ .

ഗ്രാമത്തിലെ ഒരു വീട്ടില്‍ സംസാരിക്കുന്നതിനിടയിലാണ് ഒരു  യുവതി വിചിത്രമായ ഒരു കാര്യം വെളിപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ  മാറിടം വളര്‍ന്നു വരുന്ന കാലത്തു , ഉടുപ്പിടാന്‍ സമ്മതിക്കില്ല ചില അമ്മമാര്‍ . വസ്ത്രമിട്ടാല്‍ നല്ല ഭംഗിയുള്ള മാറിടം ഉണ്ടാവില്ല എന്നാണവരുടെ വിശ്വാസം. ഞാനാകെ നിശ്ശബ്ദനായിപ്പോയി .എന്ത് മറുപടിയാണിതിയൊക്കെ പറയുക ?

ഈന്തപ്പനക്കുലയുടെ കൊതുമ്പ് സാനിറ്ററി പാഡ് ആയി ഉപയോഗിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?

 

ഈന്തപ്പനക്കുലയുടെ കൊതുമ്പ് സാനിറ്ററി പാഡ് ആയി ഉപയോഗിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എനിക്കത് കേട്ടപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല, ഇതാദ്യമായിട്ടാണ് അങ്ങനെ കേള്‍ക്കുന്നത്, ഞാന്‍ പിന്നെ ഈത്തപ്പനയുടെ കൊതുമ്പ് തേടി നടന്നു. അവസാനം ഒരു തോട്ടത്തില്‍ നിന്നാണ് കിട്ടിയത്.

ഇവിടങ്ങളിലെ ഈത്തപ്പനകളിലെ കായ്കള്‍ വളരെ ചെറുതാണ്, പക്ഷെ ഈത്തപ്പന നീരില്‍ നിന്നും നല്ല ശര്‍ക്കര ഉണ്ടാക്കാന്‍ കഴിയും . അതിനാണ് പൊതുവെ ഇവിടങ്ങളില്‍ ഈത്തപ്പന വളര്‍ത്തുന്നത്.  ഈന്തപ്പനയുടെ തലഭാഗത്തുള്ള കൊതുമ്പില്‍ നല്ല പതുപതുത്ത ഒരു ഭാഗമുണ്ട്, അത്  മുറിച്ചു തീണ്ടാരി തുണിക്കു പകരം ഉപയോഗിക്കാന്‍ കഴിയും. ആവശ്യത്തിന് തുണികള്‍ ഇല്ലാത്ത വീട്ടിലെ പെണ്ണുങ്ങള്‍ ഇപ്പോഴും ഇത്  ഉപയോഗിക്കുന്നു .

'ഞങ്ങളിപ്പോ ആര്‍ത്തവ തുണിയൊക്കെ വെയിലത്ത് ഇട്ട് ഉണക്കുന്നുണ്ട്'-അയയില്‍ വിരിച്ചിട്ട വലപോലെ കീറിയ തുണി കാണിച്ച് ഗ്രാമത്തിലെ പരിചയക്കാരിയായ  യുവതി ചെറിയ ചിരിയോടെ  പറഞ്ഞപ്പോള്‍ സന്തോഷത്തേക്കാള്‍ സങ്കടമാണ് തോന്നിയത്. എത്ര ദയനീയമാണ് ജീവിതങ്ങള്‍. ഒരു നല്ല തുണി പോലും എടുക്കാനില്ല.

അയയില്‍ വിരിച്ചിട്ട വലപോലെ കീറിയ തുണി കാണിച്ച് യുവതി പറഞ്ഞപ്പോള്‍ സങ്കടമാണ് തോന്നിയത്.

 

നിലത്തിരുന്ന് പാചകം ചെയ്യുകയായിരുന്ന ആ സ്ത്രീയെ കണ്ടപ്പോഴേ തോന്നി, എന്തോ അസ്വസ്ഥത ഉണ്ടെന്ന്. ഞാന്‍ പതിയെ അവരുടെ അടുത്തേക്ക് ചെന്നു . അരികില്‍ ചാരി വച്ചിരുന്ന വടി എടുത്ത് അവര്‍ എഴുന്നേറ്റു നിന്നു.

എന്ത് പറ്റിയതാ..? -ഞാന്‍ ചോദിച്ചു.

'വീണതാണ്, എല്ലിന് ഒടിവുണ്ട്'-അവര്‍ പറഞ്ഞു.

'ആശുപത്രിയില്‍ പോയില്ലെ?'

'ഇല്ല. ഇവിടത്തെ നാടന്‍ വൈദ്യരെ കണ്ടു'

എത്ര ദിവസമായി അപകടം പറ്റിയിട്ട്'

'12 വര്‍ഷം!'

'12 വര്‍ഷമോ?'- ഞാന്‍ അത്ഭുതത്തോടെ ഒന്നുകൂടി ചോദിച്ചു.

'അതെ..., 12 വര്‍ഷമായി'

'ഇവിടെ അടുത്തൊന്നും ആശുപത്രി ഇല്ല, പിന്നെ ഈ പെണ്ണുങ്ങളെയൊക്കെ ആശുപത്രിയില്‍ കൊണ്ടുപോവുക എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല'-
അടുത്തിരുന്ന ഭര്‍ത്താവ് എന്ന് തോന്നിക്കുന്ന ആള്‍ വളരെ ഉദാസീനമായി പറഞ്ഞു.

ഗ്രാമവഴികളിലൂടെ നടക്കുന്ന നേരമാണ് ഒരു കോണ്‍ക്രീറ്റ് വീടിന് സമീപമുള്ള ചുള്ളിക്കമ്പുകള്‍ ചേര്‍ത്തുവച്ചത് പോലെ ഒരു കുടില്‍ കണ്ടത് . ഞങ്ങളെ കണ്ടതും ആ വീട്ടില്‍ നിന്നും ഒരു വൃദ്ധ ഇറങ്ങി വന്നു. അവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഞങ്ങളെ കണ്ടതും ആ വീട്ടില്‍ നിന്നും ഒരു വൃദ്ധ ഇറങ്ങി വന്നു.

 

കയ്യിലെ ഭക്ഷണപാത്രത്തിലുള്ള  ചോറും പരിപ്പ് വേവിച്ചതും കണ്ടാലറിയാം അവരുടെ ദാരിദ്ര്യം.  ഞാനവരുടെ പേര് ചോദിച്ചു, സുന്ദരി ബീബി. നല്ല പേരാണല്ലൊ. ഞാന്‍ ചിരിച്ചു, കൂടെ അവരും. ഞാന്‍ അവരോട് വിശേഷങ്ങള്‍ ചോദിച്ചു, അഞ്ച് മക്കളാണവര്‍ക്ക് പട്ടിണി കിടന്നാണ്  എല്ലാവരേയും വളര്‍ത്തി വലുതാക്കിയത്. ഇപ്പൊ എല്ലാവരും കുടുംബമായി കഴിയുന്നു. അടുത്തുള്ള വലിയ വീട് മകന്‍േറതാണ്. ഭര്‍ത്താവ് മരണപ്പെട്ടതോടെ തനിയെ ആയ അവര്‍ കുടിലില്‍ കഴിയുന്നു. നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്നു. പരാതികളൊന്നുമില്ല. ഞങ്ങളെ കണ്ടപ്പോള്‍ എന്തോ സഹായം നല്‍കാന്‍ വന്ന ഉദ്യോഗസ്ഥര്‍ ആണെന്ന് കരുതി.അതാണ് ഇറങ്ങി വന്നത്. ഞാനവരെ ചേര്‍ത്തുനിര്‍ത്തി .

ഗ്രാമത്തിലെ ഇടുങ്ങിയ ഒരു വഴിയിലൂടെ നടക്കുന്ന നേരത്താണ് ഒരു കുഞ്ഞു വീടിനു  മുന്നില്‍ ഒരു പെണ്‍കുട്ടി എന്തോ ജോലി ചെയ്യുന്നത് കണ്ടത്. അതെന്താണെന്നറിയാനുള്ള കൗതുകത്തോടെയാണ് ഞാന്‍ ആ വീടിന്റെ  മുന്നിലേക്ക് ചെന്നത്. ഒരു പെണ്‍കുട്ടി-പത്തോ പതിനൊന്നോ വയസേ പ്രായമുള്ളു - അവളിരുന്ന് ബീഡി തെറുക്കുകയാണ്. എന്നെ കണ്ടതും  പ്രായമായ ഒരു സ്ത്രീ വീട്ടില്‍ നിന്നും ഇറങ്ങി വന്നു. ആ പെണ്‍കട്ടിയെ ബീഡി തെറുക്കാന്‍ പഠിപ്പിക്കുകയാണ്.

ഞാനവളുടെ പേര് ചോദിച്ചു- മുനീറ. സ്‌കൂളില്‍ പോകുന്നില്ല. അവളുടെ അമ്മ മരിച്ചതാണ്. അമ്മൂമ്മയുടെ കൂടെയാണ് താമസം. ബീഡി തെറുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണവര്‍ ജീവിക്കുന്നത്. മുനീറ കൂടി ബീഡി തെറുക്കാന്‍ പഠിച്ചാല്‍ അവരുടെ വരുമാനം ഇത്തിരിയെങ്കിലും കൂടുമല്ലൊ എന്ന് കരുതുന്നു അവര്‍. ഞാനവളുടെ സാവധാനത്തിലുള്ള ബീഡി തെറുപ്പ് നോക്കി നിന്നു. നഷ്ട ബാല്യത്തിന്റെ പ്രതീകമെന്നോണം ഒരു പഴയ ടെഡിബിയര്‍ അവളുടെ അടുത്ത് കിടക്കുന്നുണ്ടായിരുന്നു.

ലാല്‍ എന്ന് പേരൊക്കെ ഉണ്ടെങ്കിലും ഇത് ചുവന്ന മണ്ണല്ല, ഇത്തിരി  വെളുത്ത മണ്ണാണ്.

 

ലാല്‍ മാട്ടി - ഒരു തരം മണ്ണിന്റെ പേരാണ് , ലാല്‍ എന്ന് പേരൊക്കെ ഉണ്ടെങ്കിലും ഇത് ചുവന്ന മണ്ണല്ല, ഇത്തിരി  വെളുത്ത മണ്ണാണ്. കട്ടപിടിച്ചു ഇരിക്കുമെങ്കിലും ഇത്തിരി നനവ് പറ്റിയാല്‍ തീരെ ചെളി ഇല്ലാതെ  നല്ലപോലെ കുഴഞ്ഞു വരും.   വെള്ളം ചേര്‍ത്ത് കയ്യിലിട്ടു ഉരസിയാല്‍ സോപ്പുപോലെ ചെറിയ പതയോടെ അലിയും ഈ മണ്ണ്. സാധാരണ കുളങ്ങളുടെ അരികിലാണ് ഈ മണ്ണ് ഉണ്ടാവുക. ദരിദ്ര ഗ്രാമങ്ങളിലെ പെണ്ണുങ്ങളുടെ പ്രിയപ്പെട്ട വസ്തുവാണ് ലാല്‍ മാട്ടി . ഈ മണ്ണ് ആര്‍ത്തവ തുണിക്കു ഉള്ളില്‍ വയ്ക്കാനും, സോപ്പ് ആയും മുടി കഴുകാനും എല്ലാം ഉപയോഗിക്കും.  വസ്ത്രം കഴുകാനും ഇത് ഉപയോഗിക്കറുണ്ട് .

അതെ, ഗ്രാമീണ ഇന്ത്യയിലെ സ്ത്രീ ജീവിതം ഇങ്ങനെ കൂടിയാണ്. 

click me!