കത്തോലിക്കാസഭയുടെ കീഴിലെ മദർ ആന്‍ഡ് ബേബിഹോമുകളിൽ 20 -ാം നൂറ്റാണ്ടില്‍ 9,000 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്

By Web TeamFirst Published Jan 13, 2021, 10:57 AM IST
Highlights

സ്ത്രീകൾ തറയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിതരായിരുന്നു. ഭക്ഷണം പലപ്പോഴും മായം ചേർത്തതും, കഴിക്കാൻ യോഗ്യമല്ലാത്തതും ആയിരുന്നു.

ഇരുപതാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയുടെ കീഴിൽ അയർലണ്ടിലെ അവിവാഹിതരായ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായുള്ള ഭവനങ്ങളിൽ ഒമ്പതിനായിരം കുട്ടികൾ മരണപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഐറിഷ് സര്‍ക്കാരിന്‍റെ അന്വേഷണ കമ്മീഷന്‍ റിപ്പോർട്ടിനെ കുറിച്ച് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ എഴുതുന്നു. 18 സ്ഥാപനങ്ങളിലായി 9,000 കുട്ടികൾ 1922 -നും 1998 -നും ഇടയിൽ മരിച്ചതായി അന്വേഷണ കമ്മീഷൻ കണ്ടെത്തി. എട്ട് പതിറ്റാണ്ടിലേറെയായി പള്ളി നടത്തുന്ന ഈ സ്ഥാപനങ്ങളിലാണ് അവിവാഹിതരായ സ്ത്രീകൾ കുഞ്ഞുങ്ങളെ രഹസ്യമായി പ്രസവിക്കാറുള്ളതെന്നാണ് പറയുന്നത്.  56,000 -ത്തോളം അവിവാഹിതരായ അമ്മമാരും 57,000 കുട്ടികളുമാണ് അയർലണ്ടിലെ ഈ സ്ഥാപനങ്ങളിൽ വന്നുചേർന്നത്. അമ്മമാരിൽ 12 വയസ്സിന് താഴെയുള്ള പെൺകുട്ടികളും ഉൾപ്പെടുന്നു.  

 

വളരെ ഉയർന്ന ശിശുമരണ നിരക്ക്, പോഷകാഹാര കുറവ്, വൈകാരിക ദുരുപയോഗം എന്നിവയ്ക്ക് അവർ വിധേയരായിരുന്നു. എന്നിരുന്നാലും, അന്വേഷണ കമ്മീഷൻ എല്ലാ കുറ്റങ്ങളും സഭകളുടെയോ ഭരണകൂടത്തിന്റെയോ തലയിൽ വയ്ക്കാൻ ആഗ്രഹിക്കുന്നില്ല. അവിവാഹിതരായ ഗർഭിണികളെ അവഗണിച്ച കുടുംബങ്ങൾക്കും ചതിച്ചവർക്കും നേരെയാണ് അവർ വിരൽ ചൂണ്ടുന്നത്. ഈ സ്ഥാപനങ്ങളിൽ സ്ത്രീകൾ ഭയാനകമായ വൈകാരിക പീഡനങ്ങളാണ് നേരിട്ടതെന്നും പറയുന്നു. പോരാത്തതിന് സ്ത്രീകൾ തറകൾ വൃത്തിയാക്കാനും, ശമ്പളമില്ലാതെ ജോലി ചെയ്യാനും നിർബന്ധിതരായി. 

എന്നാൽ, ഇതിലെല്ലാം ഉപരിയായി ശിശുക്കൾക്കിടയിലെ ഉയർന്ന മരണനിരക്കാണ് ഈ സ്ഥാപനങ്ങളിലെ ഏറ്റവും അസ്വസ്ഥമായ പ്രവണത എന്ന് കമ്മീഷൻ വിലയിരുത്തി. 1945 -നും 1946 -നും ഇടയിൽ നടന്ന ശിശുക്കളുടെ മരണനിരക്ക് ഈ രീതിയിൽ പ്രസവിച്ച കുട്ടികളുടെ ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്. കൗണ്ടി ഗാൽവേയിലെ അടയാളപ്പെടുത്താത്ത കുഴിമാടങ്ങൾ അമേച്വർ പ്രാദേശിക ചരിത്രകാരൻ കാതറിൻ കോർലെസ് കണ്ടെത്തിയതിനെ തുടർന്ന് ആറ് വർഷം മുൻപാണ് അന്വേഷണം ആരംഭിച്ചത്. 1921 മുതൽ 1961 വരെ 978 കുട്ടികൾ തുവാമിലെ ഭവനത്തിൽ മരിച്ചതായി പറയുന്നു. അതിൽ 80 ശതമാനം 12 മാസത്തിൽ താഴെയുള്ളവരാണ്, 67 ശതമാനം ഒന്ന് മുതൽ ആറ് മാസം വരെയുള്ളവരും. അതേസമയം മരിച്ച 50 പേരുടെ രേഖകൾ മാത്രമേ അവിടെ നിന്ന് കണ്ടെത്തിയിട്ടുള്ളൂ. മറ്റുള്ളവ വർഷങ്ങളായി നഷ്ടപ്പെടുകയോ നശിപ്പിക്കുകയോ ചെയ്‌തിരിക്കാം എന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു.

2014 ൽ, എണ്ണൂറോളം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഒരു മുൻസ്ഥാപനത്തിന്റെ കോൺക്രീറ്റ് ടാങ്കിൽ നിന്ന് കണ്ടെത്തി. അയർലണ്ടിലെ അമ്മയ്ക്കും, കുഞ്ഞുങ്ങൾക്കുമായുള്ള ഭവനങ്ങളിൽ പ്രവേശിപ്പിച്ച പത്തിൽ ഒരു കുട്ടി വീതം മരിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടികളിൽ കണ്ടുവന്ന ശ്വാസകോശ സംബന്ധമായ അണുബാധകളും ഗ്യാസ്ട്രോഎന്റൈറ്റിസോ ആണ് മരണത്തിന്റെ ഒരു കാരണമെന്ന് സ്വതന്ത്ര കമ്മീഷൻ പറയുന്നു. പ്രൊഫഷണൽ സ്റ്റാഫുകളുടെ അഭാവം, ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളോടുള്ള പൊതുവായ അവജ്ഞയും, അവഗണയും ശിശുമരണനിരക്കിന്റെ ഭയാനകമായ വർദ്ധനവിന് കാരണമായി. സ്ത്രീകൾ തറയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിതരായിരുന്നു. ഭക്ഷണം പലപ്പോഴും മായം ചേർത്തതും, കഴിക്കാൻ യോഗ്യമല്ലാത്തതും ആയിരുന്നു.

കത്തോലിക്ക സമൂഹം അവിവാഹിതകളായ ഗർഭിണികളെ വെറുപ്പോടെയാണ് കണ്ടിരുന്നത്. കുടുംബത്തിന് മാനക്കേടുണ്ടാക്കിയ അവരെ കുടുംബത്തിൽ നിന്ന് പുറത്താക്കുമായിരുന്നു. എന്നാൽ, പല ഗർഭധാരണങ്ങളും ബലാത്സംഗത്തിന്റെ ഫലമായിരുന്നു. ചില സ്ത്രീകൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നിട്ടും പക്ഷേ സമൂഹവും കുടുംബവും അവരെ പുറത്താക്കി, വേശ്യയെന്ന് വിളിച്ചു. ഒടുവിൽ പോകാൻ മറ്റൊരിടമില്ലാതെ അവർ ഈ സ്ഥാപനങ്ങളിൽ അഭയം തേടുകയായിരുന്നു. എന്നാൽ, അവിടെയും അവരെ കാത്തിരുന്നത് ദുർദിനങ്ങളായിരുന്നു. അതേസമയം പുതിയ റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരെ ലൈംഗിക പീഡനങ്ങൾ ഒന്നും നടന്നതായി പറയുന്നില്ല. ശാരീരിക പീഡനത്തിന് തെളിവില്ല, പക്ഷേ അമ്മമാർക്കെതിരായ വൈകാരിക പീഡനം വ്യാപകമാണെന്ന് അതിൽ പറഞ്ഞു. 

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐറിഷ് കത്തോലിക്കാസഭ തലവന്‍ മാപ്പ് പറയുകയുണ്ടായി. 

 

click me!