Latest Videos

മറവിയുടെ തട്ടിന്‍ പുറത്ത് ഇപ്പോഴും പാടുന്നുണ്ട് ആ റേഡിയോ

By Shiju RFirst Published Sep 25, 2018, 5:43 PM IST
Highlights

''ഓനെത്ര വയസ്സാ? '' എന്ന ചോദ്യത്തിന് ''ഒഞ്ചിയം വെടിവെപ്പ് കഴിഞ്ഞ് ആദ്യത്തെ കർക്കിടത്തിലാ പെറ്റതോളീ... ''മ്മളെ പൊരെയെല്ലം മുങ്ങിറ്റ്  എല്ലറും സ്കൂള്പ്പാർത്ത മയ കയിഞ്ഞിറ്റുള്ള വൃശ്ചികത്തിൽ '' എന്നോ പറയുന്ന നാട്ടുകാർക്ക് സമയചരിത്രമെഴുതാൻ വാച്ചുകൾക്കും മുമ്പ് വന്ന ആദ്യത്തെ സാങ്കേതികവിദ്യ ഈ റേഡിയോ ആവണം .

അപ്പോൾ റേഡിയോയിൽ 'ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാന'ങ്ങളാണ്. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയുടെ ഇളനീർക്കുടമുടയ്ക്കുന്ന പാട്ടു തുടങ്ങുമ്പോൾ ഡ്രൈവർ ബാബു മണ്ണുപണിക്കാരി സുമതിയെ നോക്കുന്ന ഒരു നോട്ടമുണ്ട്. 'കമലദളം വിരിഞ്ഞ കവിളും കായാമ്പൂ പൂത്ത കണ്ണും' തന്റെതാണെന്നവൾ പൊട്ടിത്തരിക്കും. പൂർണമായി അർത്ഥം തിരിയാത്ത ആ പാട്ടുകളിലെ നായികമാർ താൻ തന്നെയെന്നോർത്തവൾ വീണ്ടും വീണ്ടും വിവശയാവും. ഈ ഗാനങ്ങളൊക്കെ ആവശ്യപ്പെട്ട ശ്രോതാവ് ബാബുവാണെന്നും അതൊക്കെ തനിക്കു വേണ്ടിയാണെന്നും അവൾ കരുതി. വാരിളം പൂങ്കുലകളുള്ള വാകമരം തണലു വിരിക്കുന്നതല്ലെങ്കിലും  ഒരു വാടക വീട്ടിൽ അവരധികം താമസിയാതെ പൊറുതി തുടങ്ങി.

നേരം പുലരുമ്പോൾ   അടിച്ചുവാരി അടുപ്പിന്റെ കണ്ണിലെ വെണ്ണീരു നീക്കി തീക്കൂട്ടി വെള്ളം വച്ചാൽ കുമാരാട്ടന്റെ കയ്യെത്തുന്നത് ചുമരിലെ തട്ടിലേക്കാണ് . ശിവകാശിക്കലണ്ടറിൽ നിന്നും വെട്ടിയെടുത്ത ദൈവങ്ങൾക്കും മടപ്പുരയിൽ നിന്നും വാങ്ങിയ മുത്തപ്പനുമൊപ്പം മറ്റൊരാൾ കൂടിയുണ്ടവിടെ . 'നാഷണൽ പാനാസോണിക് ' എന്നെഴുതിയ ഒരു റേഡിയോ.  അങ്ങാടിയിൽ പോയാൽ  കുമാരാട്ടൻ  മറക്കാതെ വാങ്ങുന്നൊരു സാധനമുണ്ട്. ഒമ്പതെന്ന അക്കത്തിന്റെ വായിലൂടെ കറുത്തൊരു നായ പുറത്തുചാടുന്ന ആറ് ബാറ്ററികൾ .

''നാട്ടാരെ പള്ളക്ക് അനാദി സാധനങ്ങൾ... റേഡിയത്തിന്റെ പള്ളക്ക് ബേട്രി '' എന്നാണ് കുമാരാട്ടൻ പറയുക. ഗവൺമന്റുദ്യോഗസ്ഥരായ രജിസ്ട്രാപ്പീസിലെ ബാലാട്ടനും കരുണാകരൻ മാഷും കൂടി വാച്ചു കെട്ടിത്തുടങ്ങാത്ത കാലം. വെയിലും നിഴലും നോക്കി, കാറും കോളും നോക്കി നാട് സമയവും കാലവും കൈക്കണക്ക് കൂട്ടിയ കാലം. 

''ഓനെത്ര വയസ്സാ? '' എന്ന ചോദ്യത്തിന് ''ഒഞ്ചിയം വെടിവെപ്പ് കഴിഞ്ഞ് ആദ്യത്തെ കർക്കിടത്തിലാ പെറ്റതോളീ... ''മ്മളെ പൊരെയെല്ലം മുങ്ങിറ്റ്  എല്ലറും സ്കൂള്പ്പാർത്ത മയ കയിഞ്ഞിറ്റുള്ള വൃശ്ചികത്തിൽ '' എന്നോ പറയുന്ന നാട്ടുകാർക്ക് സമയചരിത്രമെഴുതാൻ വാച്ചുകൾക്കും മുമ്പ് വന്ന ആദ്യത്തെ സാങ്കേതികവിദ്യ ഈ റേഡിയോ ആവണം .

ഭക്തിമാർഗത്തിലെ മൂന്ന് പാട്ടും, സുഭാഷിതവും കഴിയുമ്പോൾ നേരം ആറര. സാമൂഹ്യപ്രശ്നങ്ങളെ കുറിക്കു കൊള്ളുന്ന ഭാഷയിൽ കളിയാക്കുന്ന പ്രഭാതഭേരി കഴിഞ്ഞ് നിജാം പാക്കിന്റെയും, ഉജാലയുടേയും, ലിബർട്ടി മൈദയുടേയും പരസ്യങ്ങൾ. ആറ് നാല്പത്തഞ്ചിന്റെ പ്രാദേശിക വാർത്തകൾ. നിർത്താതെ പെയ്ത് ഇരുതലയും മുട്ടുന്ന വെള്ളം കണ്ട് അവധി പ്രതീക്ഷിക്കുന്ന, സാധനം വാങ്ങാൻ വന്ന കുഞ്ഞുങ്ങൾ വാർത്ത കഴിയും വരെ ചുറ്റിപ്പറ്റി നിൽക്കും. അതെന്തിനാണെന്ന് കുമാരാട്ടനറിയാം. വാർത്ത കഴിഞ്ഞാൽ കുമാരാട്ടൻ  പറയും. ''ഓടിക്ക പിളളറേ, ഇന്ന് ലീവൊന്നും പറഞ്ഞില്ല മ്മളെ കലട്ടറ്.'' കലക്ടറെന്ന ജീവിയെ മനസ്സിൽ പ്രാകി കുഞ്ഞുങ്ങൾ വീട്ടിലേക്കു പോവും. 

അപ്പോൾ റേഡിയോയിൽ 'ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാന'ങ്ങളാണ്

പ്രാദേശിക വാർത്ത കഴിഞ്ഞ് 'ബലദേവാനന്ദ സാഗര ദില്ലി'യിൽ നിന്നും സംപ്രതി വാർത്തയുമായെത്തിയ ഒരു രാവിലെ, ആണ്ടി ചോദിച്ചു. ''അല്ലടോ ഈ ബലദേവാനന്ദ സാഗരക്ക് ഒറ്റ ദിവസവും ലീവില്ലേ? സംപ്രതി വാർത്ത തീരുമ്പോഴേക്കും കുമാരാട്ടന്റെ പീടികയിലെ  ചായയും, പുട്ടും, പപ്പടവുമൊക്കെ തയ്യാർ. നാട്ടുകാർ അതും  കഴിച്ച് ഒന്ന് കത്തലടക്കി  പണിക്ക് പോവും. നിരപ്പലകയിൽ കുമ്മായ ചോക്ക് കൊണ്ടെഴുതിയ പറ്റുകണക്കുകൾ പുസ്തകത്തിലെഴുതി കുമാരാട്ടനൊന്ന് ബഞ്ചിൽ തല ചായ്ക്കും. അപ്പോഴേക്കും മന്നിയേടത്തി കഷ്ണം മുറിച്ച് പെരക്കിയ (ഉപ്പും മുളകും ചട്ടിയിലിട്ട് ഉരച്ച് പിടിപ്പിച്ച) മീനും മരക്കിഴങ്ങും (കപ്പ)യുമൊക്കെയായി പീടികയിലെത്തും. ഗ്രാമം മുഴുവൻ വയലിലും, വീട്ടിലും ഓരോരോ പണികളിൽ മുഴുകുന്ന ഈ നേരം കുമാരേട്ടൻ റേഡിയോ ഒന്നുകൂടിത്തൊറക്കും. അപ്പോ അതിൽ ''തെയ്യത്തിനന്തോ തിന്തിനന്താരോ '' എന്ന നാടൻ പാട്ടിനൊപ്പം 'വയലും വീടും '  തുടങ്ങും. തറയും മണ്ണുമായിക്കിടക്കുന്ന വീടിനെക്കുറിച്ചുള്ള കനവുകൾ മന്നിയേടത്തിയിൽ നിറയും. കന്നുകാലി സംരക്ഷണത്തിന്‍റേയും, അടുക്കളത്തോട്ടത്തിന്‍റേയും പാഠങ്ങൾ കൊണ്ട്  അവരുടെ പ്രാരാബ്ധപ്പകലുകളെ  വയലും വീടും സ്വപ്നസാന്ദ്രവും പ്രണയഭരിതവുമാക്കുന്നുണ്ടാവണം. അവ തങ്ങൾക്കു മാത്രമുള്ള ഒരു നിഗൂഢഭാഷയിലെ ജീവിതപാഠങ്ങളെന്ന പോലെ അവർ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു.

വയലും വീടും കഴിഞ്ഞ്, ഗ്രാമ ശ്രീയിൽ ഏതൊക്കെയോ ആശാന്മാരും സംഘവുമവതരിപ്പിക്കുന്ന പലതരം നാടൻ പാട്ടുകൾ... അവയുടെ താളം മുറുകുമ്പോഴേക്കും കുമാരേട്ടന്റെ പീടികയിലെ മീനിട്ടു പുഴുങ്ങിയ കപ്പയുടെയും ശർക്കരക്കാപ്പിയുടേയും മണമങ്ങ് കുറുക്കൻ കുന്നിലെത്തും. അവിടെ മണ്ണിടിക്കുന്ന 'തനിക്കാൻ പോരുന്ന ' വാല്യക്കാരുടെയും പല നാട്ടിൽ നിന്നുള്ള ലോറിക്കാരുടെയും മണ്ണ് ചുമക്കുന്ന വാലിയക്കാരത്തികളുടേയും വലിയ വിശപ്പ് ഒന്നു കൂടെ ആളിക്കത്തും. കുന്നിറങ്ങുന്ന ലോറികളിൽ തൂങ്ങിപ്പിടിച്ചും, ചേർന്നിരുന്നും അവർ കുമാരാട്ടന്റെ പീടികയിലെത്തും. ചെമ്മണ്ണിന്റെ ചലിക്കുന്ന പ്രതിമകൾ പോലുള്ള  അവർ കിണറ്റിൻ കരയിൽ നിന്നു  കാലും മുഖവും കഴുകിയ വെള്ളം കുറുക്കൻ കുന്നിന്റെ ചോര പോലെ കണ്ടത്തിൽ തളം കെട്ടി നിൽക്കും.

 അപ്പോൾ റേഡിയോയിൽ 'ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാന'ങ്ങളാണ്. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയുടെ ഇളനീർക്കുടമുടയ്ക്കുന്ന പാട്ടു തുടങ്ങുമ്പോൾ ഡ്രൈവർ ബാബു മണ്ണുപണിക്കാരി സുമതിയെ നോക്കുന്ന ഒരു നോട്ടമുണ്ട്. 'കമലദളം വിരിഞ്ഞ കവിളും കായാമ്പൂ പൂത്ത കണ്ണും' തന്റെതാണെന്നവൾ പൊട്ടിത്തരിക്കും. പൂർണമായി അർത്ഥം തിരിയാത്ത ആ പാട്ടുകളിലെ നായികമാർ താൻ തന്നെയെന്നോർത്തവൾ വീണ്ടും വീണ്ടും വിവശയാവും. ഈ ഗാനങ്ങളൊക്കെ ആവശ്യപ്പെട്ട ശ്രോതാവ് ബാബുവാണെന്നും അതൊക്കെ തനിക്കു വേണ്ടിയാണെന്നും അവൾ കരുതി. വാരിളം പൂങ്കുലകളുള്ള വാകമരം തണലു വിരിക്കുന്നതല്ലെങ്കിലും  ഒരു വാടക വീട്ടിൽ അവരധികം താമസിയാതെ പൊറുതി തുടങ്ങി. 

സുമതി പോയി ആദ്യമൊക്കെ 'എനിക്കിങ്ങനെയൊരു മോളില്ല' എന്ന് കാറിത്തുപ്പിയ പൊക്ക്ണേട്ടന്റെയും  രാധേടത്തിയുടേയും വാശിക്ക് അധികമായുസ്സുണ്ടായില്ല. മാസം തികഞ്ഞ് നൊമ്പലം കിട്ടിയ സുമതിയെ സർക്കാരാശുപത്രിയിൽ കൊണ്ടു പോയ വാർത്ത കേട്ട് ഉടുത്തതും കൂടി മാറ്റാതെ ഒരു വേഷ്ടിയും തോളിലിട്ട് രാധേടത്തിയും കുപ്പായം കൂടി ഇടാതെ പൊക്ക്ണേട്ടനും പാഞ്ഞു പോയി. ''ഞാളാട എത്തുമ്മണേക്കും രണ്ടും രണ്ട് തലക്കായിക്കഴിഞ്ഞിറ്റില്ലേ '' എന്ന്  രാധേടത്തി പറയാറുണ്ട്. അഞ്ചാം ദിവസം ഡിസ്ചാർജായ സുമതിയെ അവർ സ്വന്തം വീട്ടിലേക്ക് കൂട്ടി.

വൈകുന്നേരം വിവരമെത്തി. ആരും മരിച്ചിട്ടില്ല. ലാത്തിച്ചാർജുണ്ടായി.

രണ്ടു കൊല്ലത്തിന് ശേഷം വീടിന്റെ പടി ചവിട്ടുമ്പോൾ മോളെ നെഞ്ഞടക്കിപ്പിടിച്ച് സുമതിയോട് കരഞ്ഞുപോയി. അപ്പോൾ സമയം ആറു മണി. കുമാരേട്ടന്റെ റേഡിയോ ലക്ഷദീപ് പരിപാടിക്ക് ചുണ്ടു ചേർത്തു.  ''വിധിയുടെ കയ്യിലെ പാവകളല്ലോ മനുഷ്യർ '' എന്ന പാട്ടുകേട്ടപ്പോൾ രാധേടത്തി ഉറങ്ങാതെ പുലർത്തിയേക്കാവുന്ന രണ്ടു കൊല്ലങ്ങൾ സുമതി ഓർത്തു. അവളുടെ മുലകൾ ചുരന്നു പോയി. അവളത് കുഞ്ഞി വാവയുടെ വായിൽ ചേർത്തു. 

തച്ചടി പ്രഭാകരനെ തടയാൻ പോയ യുവാക്കൾക്ക് നേരെ വടകരയിൽ വെടിവെപ്പുണ്ടായെന്ന് റേഡിയോ പറഞ്ഞു. രാവിലെ കൊടിയും പിടിച്ചു പോയ രമേശനെയും കൂട്ടരെയുമോർത്ത് ഗ്രാമം കുമാരേട്ടന്റെ പീടികയിലിരുന്ന് വെന്തുരുകി. രമേശന്റെ അമ്മയും പെങ്ങളും വിവരമറിയണ്ട എന്ന് അവിടെ തീരുമാനമെടുക്കും മുമ്പുതന്നെ കാറ്റു കട്ടുകൊണ്ടു പോയ വെടിവെപ്പു വാർത്ത രമേശൻറമ്മ സരോജിനിയേടത്തിയുമറിഞ്ഞിരുന്നു.  എല്ലാവരെയും അത്ഭുതപ്പെടുത്തി അവർ ശാന്തയായിരുന്നു. ''ഓനൊന്നും പറ്റൂലണേ... ഇഞ്ഞി ബെന കൂട്ടണ്ട '' എന്നവർ മോളോട് പറഞ്ഞു.

വൈകുന്നേരം വിവരമെത്തി. ആരും മരിച്ചിട്ടില്ല. ലാത്തിച്ചാർജുണ്ടായി. രമേശനടക്കം കുറെപ്പേർ ജയിലിലാണ്. ഒരു മാസമെങ്കിലും കഴിയാതെ പുറത്തിറങ്ങില്ല. പക്ഷെ, വിവരം പറഞ്ഞത് റേഡിയോ അല്ല. ജീപ്പും വിളിച്ച്‌ വന്ന ലോക്കൽ സെക്രട്ടറിയായിരുന്നു. 

ഇന്ദിരാഗാന്ധി സുരക്ഷാഭടന്റെ വെടിയേറ്റു മരിച്ചതിൽ പിന്നെ ആ റേഡിയോ  നാട്ടുകാർക്കു പേരറിയാത്ത ഏതൊക്കെയോ ഉപകരണങ്ങളിൽ ഏതൊക്കെയോ രാഗങ്ങളിൽ കരഞ്ഞു. ഇന്ദിരാഗാന്ധിയുടെ ചാവു പായിൽ കിടന്ന് കരയുകയും പറയുകയും ചെയ്യുന്ന, അവർക്ക് പിറക്കാതെ പോയ മകളാണ് ആ റേഡിയോ എന്ന് കുമാരാട്ടന് തോന്നി. 

1992 ഡിസംബർ ആറ് ബാബറി മസ്ജിദ് തകർത്ത ശേഷമുടനെയുള്ള ഒരു വൈകുന്നേരം

 ബോംബയിൽ ചായമക്കാനികളും ബേക്കറികളുമുള്ള ഫൽഗുനേട്ടന്റെതാണ് ആദ്യത്തെ വാർപ്പു വീടെന്നാണ് ദേശചരിത്രം പറയുന്നത്.  ഹിന്ദുസ്ഥാനി സതിരുകളുടെ ആരാധകനായ ഫൽഗുനേട്ടൻ ഗ്രാമഫോൺ റെക്കോഡിൽ ഉപകരണ സംഗീതം വച്ച് ആസ്വദിക്കുമ്പോൾ അമ്മ മാണിക്കാമ്മയ്ക്ക് കുമാരന്റെ പീടികയിലെ റേഡിയോയുടെ കരച്ചിൽ ഓർമ്മ വന്നു. ''എല്ല മനേ ഫൽഗൂ... പ്രധാനമന്ത്രിമാറാറ്റം മരിച്ചിക്ക് ണ്ടോ ? ഓലെല്ലം മരിക്കുമ്മം ബെക്ക്ന്ന പാട്ടല്ലേ ഇദ്...'' 

ഫൽഗുനേട്ടൻ ഒന്നും മിണ്ടാതെ ഗ്രാമഫോൺ ഓഫാക്കി. 

1992 ഡിസംബർ ആറ് ബാബറി മസ്ജിദ് തകർത്ത ശേഷമുടനെയുള്ള ഒരു വൈകുന്നേരം. 6. 15 ന്റെ പ്രാദേശിക വാർത്ത കേൾക്കാൻ കുമാരാട്ടന്റെ പീടികയിൽ ഒരു വിധം പഞ്ചായത്തെല്ലാരും ഒത്തു ചേർന്നിട്ടുണ്ട്.  വാർത്തയ്ക്ക് മുമ്പുള്ള കമ്പോള നിലവാര ബുള്ളറ്റിൻ അവതരിപ്പിക്കുകയാണ്. 

''ഉണ്ട കൊപ്ര ക്വിന്റലിന് 
കാസർകോട് - 1315 / -
കണ്ണൂർ - 1236 / - വയനാട് 1517 ..'' 

എന്നിങ്ങനെ തുടരുമ്പോഴാണ് ബേജാറ് കുഞ്ഞ്യേക്കേട്ടന്റ ഓടിക്കിതച്ചുള്ള വരവ്. (മൂപ്പർക്കെന്താണ്  ആ പേരെന്ന് വഴിയേ അറിയാം ) ''എന്താ സ്ഥിതി ? '' എന്ന പതിവു ബേജാറ് ചോദ്യത്തിനിടെ  മൂപ്പർ കേൾക്കുന്നതിങ്ങനെ, ''വടകര - 1486 , കോഴിക്കോട് - 1318 ''. 
''ഇതെല്ലം കലാപത്തിൽ മരിച്ചോലെ കണക്കാ?'' എന്നും ചോദിച്ചാ സാധു തളർന്ന് ബഞ്ചിലിരുന്നു പോയി. 

ഒരാളെ കോഴിയാക്കാൻ കിട്ടിയ ചാൻസ് ആരും വിട്ടില്ല.  ''തന്നെ  കുഞ്ഞ്യേക്കാ?'' എന്ന് സുയിപ്പൻ ദാസന്റെ ശബ്ദമിടറി. പതിന്നാലു ജില്ലകളിലെയും ആയിരത്തിനു മേലെയുള്ള മരണ വാർത്ത കേട്ട് ബേജാറ് കുഞ്ഞ്യേക്കൻ തളർന്ന് വീഴുമ്പോൾ, ''അടയ്ക്ക പൊതിച്ചത് ക്വിന്റലിന് കാസർകോട്'' എന്ന് കമ്പോള നിലവാരം തുടർന്നു. 

 ''പ്ഫാ! നായിന്റെ മക്കളേ... മനിശ്ശൻ ബേജാറായിപ്പായിമ്മം മക്കാറാക്കുന്നോ''  എന്ന് കുഞ്ഞ്യേക്കേട്ടൻ ചൂടായി. ''അടങ്ങെടോ'' എന്ന്  കടുപ്പത്തിലൊരു ചായ പാർന്നാ ചൂടുതണുപ്പിച്ചു കുമാരാട്ടൻ. 

തൊണ്ണൂറിലെ രാമായണവും മഹാഭാരതവുമായി നാട്ടിൽ പതുക്കെ കളർ ടിവികൾ വന്നു

തൊണ്ണൂറിലെ രാമായണവും മഹാഭാരതവുമായി നാട്ടിൽ പതുക്കെ കളർ ടിവികൾ വന്നു. സ്വീകരണ മുറികളെ തീയറ്ററുകളാക്കി ഞങ്ങളുടെ തലമുറ ടിവിക്കു മുന്നിലായി. പിന്നെ കേബിൾ ടിവി വന്നു. മെഗാസീരിയലുകൾ വന്നു.  കുമാരാട്ടനെയും  കടയിൽ പഞ്ചായത്തു കൂടാൻ വരുന്ന  പലരെയും കാലവും കൊണ്ടു പോയി. ബാക്കിയുള്ളവർ അസുഖങ്ങളുടെ കൂട്ടുകാരായി വീട്ടിലൊതുങ്ങി.ചെമ്മൺ പാത താറിട്ടു. ചായപ്പീടിക നിന്ന സ്ഥലത്ത്  കുമാരേട്ടന്റെ മോൻ അരവിന്ദൻ അനുശ്രീ ഫാസ്റ്റ് ഫുഡ് തുടങ്ങി . ഉത്തരേന്ത്യയിൽ നിന്നു വന്ന ഉശിരുള്ള ചെറുപ്പക്കാർ കോഴികളെ കമ്പിയിൽ കോർത്ത് തീയിൽ കറക്കുന്ന കാഴ്ച കാണാം.

ഒത്തിരി ഓർമ്മകൾ, ഒരു കാലം തന്നെ. അതിന്റെ അസ്ഥിവാരത്തിൽ അടക്കം ചെയ്യപ്പെട്ടു. ഒപ്പം മറവിയുടെ ഇരുട്ടു പരന്ന  ഏതോ തട്ടിൻ പുറത്ത് ആ റേഡിയോയും.  

click me!