ചാരായം മണക്കുന്നൊരു മഴ!

By ഡോ. ഹസനത് സൈബിന്‍First Published Jun 18, 2018, 4:00 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ഡോ. ഹസനത് സൈബിന്‍ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

പെയ്തിറങ്ങുന്ന തുള്ളികളോരോന്നും താളങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന വേളകളില്‍ തന്നെയായിരുന്നു അന്നൊക്കെ എന്റെ കണ്ണുകള്‍ തലച്ചോറിനോട് പറഞ്ഞു കൊണ്ടിരുന്നത് -'മഴയാണിത്! മഴ! കണ്ടില്ലേ'...

മഴപ്പെയ്ത്തിനോടൊപ്പം നിറഞ്ഞു കവിയുന്ന കൈത്തോടുകളും പാടങ്ങളും ഉള്ളൊരു നാട്ടിലായിരുന്നു അന്ന് ഞാന്‍. മഴയെന്നാല്‍ തോടും വയലും ഒന്നാവുന്ന വേളകള്‍! തോട്ടില്‍ നിന്നും പാടത്തേക്ക് കുത്തിയൊലിച്ചു കൊണ്ടിരുന്ന വെള്ളച്ചാലുകള്‍ കീറി മുറിച്ച് പുസ്തക സഞ്ചിയുമായി നടത്തിയിരുന്ന സ്‌കൂളിലോട്ടുള്ള യാത്രകള്‍. ചുമരുകള്‍ അതിര്‍ത്തി തീര്‍ക്കാത്ത സ്‌കൂള്‍ ക്ലാസ് മുറികളിലും വിരുന്നുകാരിയായി വന്നെത്തി പുസ്തകത്താളുകള്‍ നനച്ചിട്ടു പോയ്ക്കളഞ്ഞ മഴ. അന്നൊക്കെ മഴ അങ്ങനെയായിരുന്നു, എനിക്ക് കൂട്ടായി, എന്നെ മൊത്തമായി ഉണര്‍ത്തിയിരുന്നൊരു സാന്നിധ്യം.

ഇന്നോ!

വിറച്ചു വിങ്ങലിച്ചു നില്‍ക്കുന്ന പനിക്കാലത്തിന്റെ ആകുലതകളുടെയും വ്യാകുലതകളുടെയും കാഴ്ചക്കാരിയാവാന്‍ എന്നെ തളളിവിടുന്നു മഴ.... അവളങ്ങനെ ഒറ്റയ്ക്കു പാടിക്കൊണ്ടിരിക്കുന്നു. എനിക്കൊപ്പമല്ലാതെ! 

പനിച്ചു വിറച്ച് ആശുപത്രിയെ അഭയം പ്രാപിക്കുന്നവരുടെ തീരാവേദനകളുടെ കാലമാണിന്ന് എനിക്ക് മഴക്കാലം. പനി ചിലപ്പോള്‍ പൊള്ളിച്ചു വിറപ്പിക്കും. മറ്റു ചിലപ്പോള്‍ കുളിരായി  മൂടിപ്പുതപ്പിക്കും. പേശികളെയും അസ്ഥികളെയും തുളച്ചു കയറുന്ന വേദനയാവും. രസമുകുളങ്ങള്‍ രുചിയറിക്കാത്ത കാലമാവും. കഴിച്ചതെല്ലാം പുറത്തു കളയുന്ന ഛര്‍ദിയായോ വയറിളക്കമായോ പനി പല രൂപങ്ങളിലും ഭാവങ്ങളിലും കണ്‍മുമ്പിലെത്തുന്നു. എങ്കിലും മഴ തുടങ്ങിയാല്‍ പിന്നെ എന്റെ പരിശോധനാ മുറിയുടെ ജാലകങ്ങളെല്ലാം ഞാന്‍ തുറന്നിടുകയായി. ഒരു രോഗി എഴുന്നേറ്റ് അടുത്ത രോഗി വന്നിരിക്കും വരെയുള്ള ഇടവേളകളിലെ ജാലകക്കാഴ്ച്ചയാണ് ഇന്നെനിക്ക് മഴ.

മഴക്കാലത്തിനു സമാന്തരമായി തന്നെയാണ് എന്നില്‍ പനി ചികില്‍സയുടെ ഓര്‍മകളും നിലയുറപ്പിച്ചിരിക്കുന്നത്.

അങ്ങനെ മഴ പെയ്ത്തിന്റെ കൊടുമുടി ചൂടിയ ഒരു നാളിലായിരുന്നു കുന്നിന്‍ മുകളിലെ ആശുപത്രിയില്‍ ചാമന്‍ പനിച്ചു വിറച്ചെത്തിയത്. തലമുടിയിലൂടെ വെള്ളം ഊര്‍ന്നിറങ്ങി ഇടത് ചെവിയുടെ തുമ്പില്‍ നിന്ന് തുള്ളികളായി ഉറ്റിക്കൊണ്ടിരുന്നു.  കാട്ടുനായ്ക്ക കോളനിയിലെ ആദിവാസിയാണ് ചാമന്‍. മുപ്പത്തിനാല് വയസ്സിന്റെ ചെറുപ്പം. തലേ ദിവസം തുടങ്ങിയ പനി. പൊള്ളുന്നുണ്ട്. മുക്കിലേക്ക് ചാരായത്തിന്റെ മണം അടിച്ചു കയറാന്‍ തുടങ്ങിയേ പിന്നെ ഞാന്‍ പറയാനുള്ളതൊക്കെ രണ്ട് മൂന്ന് ആവര്‍ത്തി പറഞ്ഞു. 'മൂന്നാം നാള് ഒന്നു കൂടെ വരണം. നല്ല പനിയായത് കാരണം രക്ത പരിശോധന നടത്തണം. നന്നായി വിശ്രമിക്കുക. വെള്ളം കുടിക്കുക. ദയവായി മദ്യപിക്കരുത്'. 

ഞാന്‍ പറഞ്ഞതൊക്കെയും ചാമന്‍ തല കുലുക്കി സമ്മതിച്ചു. എന്നിട്ടും തന്നെ, തന്റെ രോഗത്തെ, തനിക്കു ചുറ്റുമുള്ളവരെ മറന്ന ചാമന്‍ മഴവെള്ളച്ചാലുകളിലൂടെ നടന്ന് നടന്ന് പോയത് കള്ള് ഷാപ്പിലേക്കായിരുന്നു. മഴയോട് മല്‍സരിക്കാനെന്നോണം ആവോളം ലഹരി നിറച്ച് ചാമന്‍ പുറത്തേക്കിറങ്ങി. ചാരനിറക്കവറില്‍ ചാമന് കൊടുത്തു വിട്ട ഗുളികള്‍ ഷാപ്പിലെ ബെഞ്ചില്‍ ചിതറിക്കിടക്കുകയും കാര്‍ത്യായനിചേച്ചി പിറുപിറുത്ത് കൊണ്ട് അവയൊക്കെയും തൂത്ത് വാരി കളയുകയും ചെയ്തു.

മഴ പിന്നെയും ആഞ്ഞു പെയ്തു. മഴവെള്ളപ്പാച്ചില്‍ കാരണം ചാമന്റെ വീട്ടിലേക്കുള്ള പടവുകളിലത്രയും വഴു വഴുപ്പായിരുന്നു. വേച്ചും തെന്നി യും അള്ളി പ്പിടിച്ചു കയറിയും വീടെത്തിയ ചാമന്‍ മടിക്കുത്തില്‍ കരുതിയ കുപ്പി തുറന്ന് വീണ്ടും ലഹരിയില് മുഴുകി. കണ്ണ് ചുവന്നു കലങ്ങിയതോ  പേശികള്‍ വേദന കാരണം നിലവിളിച്ചതോ ഒന്നുമൊന്നും ചാമന്‍ അറിഞ്ഞതേയില്ല. ആറാം  നാള്‍ പനി മൂര്‍ച്ചിച്ച് വിറക്കാന്‍ തുടങ്ങി. പിന്നെ ചാമനെ എല്ലാവരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴും പുറത്ത് മഴ ആര്‍ത്തലച്ചു ചെയ്യുന്നുണ്ടായിരുന്നു. അവിടെ വച്ച് ചാമന് എലിപ്പനി സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യപ്പെട്ടു. അപ്പോഴേക്കും എലിപ്പനി വൃക്കകളുടെ പ്രവര്‍ത്തനങ്ങളെല്ലാം താറുമാറാക്കിക്കഴിഞ്ഞിരുന്നു. പിറ്റേ ദിവസം ചാമന്‍ മരണത്തിനു കീഴടങ്ങി.

മരണമാണ് നടന്നത്. അതും മെഡിക്കല്‍ സയന്‍സില്‍ വ്യക്തമായ ചികില്‍സാ മാര്‍ഗ്ഗങ്ങളുള്ള രോഗം. ചാമന്റെ സംസ്‌കാരച്ചടങ്ങിനു പിറ്റേ ദിവസം ഞങ്ങളെല്ലാവരും പടവുകള്‍ കയറിക്കയറി ആ വീട്ടിലെത്തി. പനിയെ മദ്യലഹരിയില്‍ ആവാഹിച്ച് ചാമന്‍ ചുരുണ്ടുകൂടിയിരുന്ന അതേ തിണ്ണയില്‍ ഞങ്ങള് ഇരുന്നു. പനിയെ, ശ്രദ്ധയില്ലായ്മയെ,  മദ്യലഹരിയെപ്പറ്റിയൊക്കെയും ഞങ്ങള് വാചാലരായിക്കൊണ്ടിരിക്കെ  തന്നെയാണ് ചാമന്റെ ഗര്‍ഭിണിയായ ഭാര്യയുടെ കണ്ണീരും പേറി തോരാമഴ പെയ്തു തുടങ്ങിയത്. 

ഇറങ്ങി പോവാന്‍ നേരം ചാമന്റെ പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. ആ നേരത്ത് ഓല കൊണ്ട് മറച്ച മേല്‍ക്കൂരയുടെ വിടവിലൂടെ മഴവെള്ളം തുളളികളായി ഇറ്റി വീണുകൊണ്ടിരുന്നു.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ
 

click me!