അത് ദുര്‍മന്ത്രവാദിനി ആയിരുന്നില്ല!

By ഷെരീഫ് ചുങ്കത്തറFirst Published May 4, 2017, 11:42 PM IST
Highlights

ഹൃദയത്തിന്റെ ഭാഷ എന്നൊന്നുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇറ്റാനഗറില്‍ നിന്നും വഴി തെറ്റി എന്നുറപ്പുണ്ടായിട്ടും ഞാന്‍ അതേ വഴി തന്നെ ബൈക്കോടിച്ചത്. നിമിത്തം എന്നും ഉള്‍വിളി എന്നുമൊക്കെ ആളുകള്‍ പറയുന്ന ഹൃദയത്തിന്റെ ഭാഷക്ക് ഞാന്‍ കീഴടങ്ങുകയായിരുന്നു. ഇനിയും മുന്നോട്ടു പോകുന്നതിന്റെ അപകടത്തെകുറിച്ച് ആലോചിക്കുമ്പോഴെല്ലാം മുന്നോട്ടു മുന്നോട്ട് എന്ന് മന്ത്രിക്കുന്ന ഹൃദയതാളം എനിക്ക് കേള്‍ക്കാമായിരുന്നു. ദുര്‍ഘടമായ പാതയിലെ രാത്രി സഞ്ചാരം ഇടയ്ക്കിടെ മണ്ടത്തരമാണോ അതെന്ന് ഓര്‍മിപ്പിക്കും, അപ്പോഴും ഹൃദയം മുന്നോട്ടു മുന്നോട്ടു എന്ന് മന്ത്രിക്കും.

മലമ്പാതകള്‍ കടന്നു സമതലങ്ങളില്‍ കൂടി മണിക്കൂറുകള്‍ ബൈക്കോടിച്ചിട്ടും വെളിച്ചമുള്ള ഒരു വീടോ, കടയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്ങും കനത്ത ഇരുട്ടുമാത്രം. ബൈക്കിന്റെ വെളിച്ചത്തില്‍ തിരിച്ചറിയാനാകാത്ത രൂപങ്ങള്‍. എന്തായാലും ഇനി മുന്നോട്ടു പോകുന്നത് ബുദ്ധിയല്ല എന്ന് തിരിച്ചറിഞ്ഞ ഞാന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ടെന്റടിച്ചു. ആദ്യമായാണ് അര്‍ദ്ധരാത്രി എവിടെയെങ്കിലും ടെന്റ് അടിക്കുന്നത്. കയ്യിലിരുന്ന ടോര്‍ച്ച് മുകളിലേക്ക് അടിച്ചു മരത്തില്‍ പക്ഷികള്‍ ഒന്നുമില്ലെന്നു ഉറപ്പിച്ചു. പക്ഷികള്‍ ഇല്ലെങ്കില്‍ ഇഴജീവികള്‍ വരില്ലെന്ന് ഉറപ്പാണ്. എങ്കിലും മരത്തിനു ചുറ്റും മുന്‍കരുതല്‍ എന്ന നിലക്ക് കുരുമുളക് സ്‌പ്രേ അടിച്ചു.

മണിക്കൂറുകള്‍ ബൈക്കോടിച്ചിട്ടും വെളിച്ചമുള്ള ഒരു വീടോ, കടയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പുലര്‍ച്ചെ എന്തോ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. മൊബൈലില്‍ സമയം അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. പുറത്തിറങ്ങണോ എന്നൊരു നിമിഷം സംശയിച്ച് തലപുറത്തേക്കിട്ട ഞാന്‍ കണ്ടത് ഒരു വിചിത്രമായ രൂപത്തെയാണ്. ശരീരം മുഴുവന്‍ മൂടിയ വസ്ത്രവും, ഇന്നേവരെ കണ്ടിട്ടില്ലാത്ത മുഖവും. പെട്ടെന്ന് കഥകളില്‍ കേട്ടിട്ടുള്ള ദുര്‍മന്ത്രവാദികളെയാണ് ഓര്‍മ്മയില്‍ എത്തിയത്. ഞാന്‍ ബാഗില്‍ നിന്നും കത്തിയെടുത്തു മുറുകെ പിടിച്ചു. എന്തുചെയ്യണം എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. പുറത്തുള്ള വിചിത്രമനുഷ്യന്‍ എന്തെക്കെയോ വിളിച്ചുപറഞ്ഞു നിശ്ശബ്ദനായി. ഞാന്‍ പതിയെ വീണ്ടും തലപുറത്തേക്കിട്ടു. ആശ്വാസം! ആ രൂപം അവിടെ ഉണ്ടായിരുന്നില്ല!

ഞാന്‍ പെട്ടെന്ന് തന്നെ ബാഗെല്ലാം എടുത്ത് അവിടുന്ന് രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. വ്യഗ്രതയില്‍ പക്ഷേ രണ്ടോ മൂന്നോ തവണ ബാഗ് നിലത്തുവീണു. ടെന്റ് അക്ഷരാര്‍ത്ഥത്തില്‍ പറിച്ചെടുക്കുകയായിരുന്നു. എത്രയും പെട്ടെന്ന് രക്ഷപ്പെടുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും എന്റെ ചിന്തയില്‍ ഉണ്ടായിരുന്നില്ല. മോശമായ റോഡില്‍ പരമാവധി വേഗതയില്‍ തന്നെയാണ് ഞാന്‍ ബൈക്കോടിച്ചിരുന്നത്. വലിയ ദൂരം താണ്ടുന്നതിനു മുന്‍പ് തന്നെ എനിക്കൊരു ഭക്ഷണശാല കിട്ടി. ബൈക്ക് പാര്‍ക്ക് ചെയ്ത് ഒരു ചെയറില്‍ ഇരുന്നു ധാരാളം വെള്ളം കുടിച്ചു. കുറച്ചു സമയത്തിനു ശേഷമാണു ഞാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങി വന്നത്.

'ശരിക്കും ഞാന്‍ എന്തെങ്കിലും രൂപത്തെ കണ്ടിരുന്നോ ? നിരന്തര യാത്രയുടെ ക്ഷീണം കാരണം ഞാന്‍ കണ്ട ഒരു സ്വപ്നം ആയിക്കൂടെ അത് ?'

എന്റെ പരവേശം കണ്ടാകണം ഭക്ഷണശാലയിലെ ജീവനക്കാരന്‍ എന്തെങ്കിലും പ്രശനമുണ്ടോ എന്ന് അന്വേഷിച്ചു.

ഇല്ലെന്നു പറയുമ്പോള്‍ പോലും എന്റെ മുഖഭാവം ഉണ്ടെന്നു പറഞ്ഞിരിക്കണം. ഇത് സീറോയാണ് ഒരു തരത്തിലും നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് ഹോസ്പിറ്റലില്‍ പോകാം എന്നൊക്കെ അദേഹം പറഞ്ഞു. ഞാന്‍ വേണ്ട എന്നര്‍ത്ഥത്തില്‍ തലയാട്ടി.

റോഡിലൂടെ സുന്ദരികളായ സ്ത്രീകള്‍ നടന്നു നീങ്ങുന്നു. എല്ലാവരുടെ മുഖത്തും ചിരിയും സന്തോഷവും . ഭക്ഷണം കഴിച്ചു കാശ് കൊടുക്കുമ്പോഴാണ് ചുമരിലെ ടിവിയിലെ പ്രാദേശിക ചാനലില്‍ എന്തോ ആഘോഷത്തിന്റെ ടെലികാസ്റ്റിംഗ് കണ്ടത്. ഡ്രീ ഫെസ്റ്റിവല്‍ എന്നാണ് നേരത്തെ കണ്ട ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു തന്നത്.

റോഡിലൂടെ സുന്ദരികളായ സ്ത്രീകള്‍ നടന്നു നീങ്ങുന്നു. എല്ലാവരുടെ മുഖത്തും ചിരിയും സന്തോഷവും .

അരുണാചല്‍ പ്രദേശിലെ സീറോയിലെ പ്രധാന ആദിവാസി ഗോത്രമാണ് ആപതാനികള്‍. അവരുടെ കാര്‍ഷികാഘോഷമാണ് ഡ്രീ ഫെസ്റ്റിവല്‍. തുടങ്ങിയിട്ട് രണ്ടുദിവസം ആയി ഇന്നാണ് സമാപനം. കൃത്യമായ ലൊക്കേഷന്‍ വരച്ചു മേടിക്കുന്നതിനു മുന്‍പ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന്റെ കാലാവധി ഞാന്‍ പരിശോധിച്ചു നോക്കി. അരുണാചല്‍ പ്രദേശിന്റെ ഈ ഭാഗങ്ങളില്‍ പ്രവേശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമാണ്. ഈ യാത്രയില്‍ രണ്ടാം തവണയാണ് പെര്‍മിറ്റ് എടുക്കുന്നത്. ആദ്യത്തെ പെര്‍മിറ്റിന്റെ കാലാവധി തീര്‍ന്നപ്പോള്‍ ഗോഹട്ടിയില്‍ നിന്നാണ് പെര്‍മിറ്റ് എടുത്തത്. ഇതിന്റെ കാലാവധി തീരുന്നതിനു മുന്‍പ് തിരിച്ചു ഗോഹട്ടിയില്‍ എത്തണം.

ഹോങ്ങ് ബസ്തിയിലായിരുന്നു ഡ്രീ ഫെസ്റ്റിവല്‍ നടന്നിരുന്നത്. ബസ്തി എന്നാല്‍ ഗ്രാമം. ഗ്രാമത്തിലെ വിളവെടുപ്പ് കഴിഞ്ഞ ഒരു വയലിലാണ് ആഘോഷം നടക്കുന്നത്. പൊതുജനങ്ങള്‍ക്കും അതിഥികള്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍. മൈതാനത്ത് പാരമ്പര്യവേഷത്തില്‍ നൃത്തം ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും. പക്ഷേ എന്റെ ശ്രദ്ധ മുഴുവന്‍ കുറച്ചു സ്ത്രീകളുടെ മേലെ ആയിരുന്നു. ഡാമിന്‍ഡാ എന്ന് വിളിക്കുന്ന നൃത്തത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന കുറച്ചു സ്ത്രീകള്‍, മുഖത്തു നീളത്തില്‍ പച്ചകുത്തി, വലിയ മൂക്കുത്തികള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍. ഇതുപോലൊരു മുഖമാണ് ഞാന്‍ രാവിലെ കണ്ടത്. അപ്പോള്‍ സ്വപ്നമല്ല.

ഇതുപോലൊരു മുഖമാണ് ഞാന്‍ രാവിലെ കണ്ടത്. അപ്പോള്‍ സ്വപ്നമല്ല.

ഡാമിന്‍ഡാ നൃത്തത്തിന് ശേഷം ഹോങ്ങ് ഗ്രാമത്തില്‍ തന്നെ താമസസൗകര്യം കിട്ടുമോ എന്ന് നോക്കി നടക്കുന്നതിനിടയിലാണ് സ്വയം ഗൈഡ് എന്ന് പരിചയപ്പെടുത്തിയ പില്ല്യ ഹോം സ്‌റ്റേ എന്ന രീതിയില്‍ പില്ല്യയുടെ വീട്ടില്‍ താമസിക്കാം എന്ന് പറഞ്ഞത്. ചെറിയ ഒരു തുകയ്ക്ക് ഭക്ഷണവും താമസവും കിട്ടുകയെന്നത് നിസ്സാര കാര്യമല്ലല്ലോ, അതും സീറോ പോലെ ഒരു ഗ്രാമവീട്ടില്‍.

അപ്പോങ് എന്ന് വിളിക്കുന്ന വൈന്‍ തന്നാണ് പില്ല്യയുടെ മുത്തശ്ശി എന്നെ സ്വീകരിച്ചത്

റോഡിനു അഭിമുഖമായാണ് എല്ലാ വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. മുള കൊണ്ടും മരകഷ്ണങ്ങള്‍ കൊണ്ടും ഉയരത്തില്‍ തട്ടടിച്ചു അതിനു മുകളില്‍ ആണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. മുള ചീന്തിയെടുത്ത് മറച്ചു മുകളില്‍ ഷീറ്റ് അടിച്ചാണ് വീടുകളുടെ നിര്‍മ്മാണം. എല്ലാ വീടുകളും ഒരേ മാതൃകയിലാണ്. ഒരു കാര്‍ഷിക കുടുംബമാണ് ഇതെന്ന് പരിസരം പറയുന്നുണ്ടായിരുന്നു. അപ്പോങ് എന്ന് വിളിക്കുന്ന വൈന്‍ തന്നാണ് പില്ല്യയുടെ മുത്തശ്ശി എന്നെ സ്വീകരിച്ചത്. അരി പുളിപ്പിച്ചു ഉണ്ടാക്കുന്ന ഒരു തരം വൈന്‍ ആണത്. തിബറ്റന്‍ മേഖലകളില്‍ സാധാരണ ഇതിനെ ചാങ്ങ് എന്നാണ് വിളിക്കാറ്. രാവിലെ കണ്ട അതെ വിചിത്രരൂപം ആയിരുന്നു പില്ല്യയുടെ മുത്തശി.

പച്ചകുത്തുകയും വലിയ മൂക്കുത്തികള്‍ ഉപയോഗിക്കുന്നതിനും ഇതിനു വേണ്ടിയാണ്.

പില്ല്യ അടങ്ങുന്ന ഏറെക്കുറെ സീറോയിലെ താമസക്കാര്‍ എല്ലാം ആപതാനി ഗോത്രത്തില്‍ ഉള്ളവരാണ്. അരുണാചല്‍ പ്രദേശില്‍ ഏകദേശം നാല്‍പ്പതോളം ആദിവാസിഗോത്രങ്ങള്‍ ഉണ്ട്. അതില്‍ ഭൂരിപക്ഷം ആപതാനികള്‍ ആണ്. താനി ഭാഷയാണ് സംസാരിക്കുന്നതെങ്കിലും ഏറെക്കുറെ എല്ലാവര്‍ക്കും ഹിന്ദിയും ഇന്ഗ്ലീഷും അറിയാം.

'നിക്ക അര്‍മ്യാന്‍ നീ ഹിലാപ്പേ എന്നാല്‍, എന്താണ് പേരെന്താണ് താനി ഭാഷയില്‍'- പില്ല്യ കുറച്ചു താനിവാക്കുകള്‍ എനിക്ക് പറഞ്ഞു തന്നു.

ആപതാനികളെകുറിച്ച് രേഖപ്പെടുത്തിയ ചരിത്രമൊന്നും ലഭ്യമല്ല. കുറെ മിത്തുകളും ഐതിഹ്യങ്ങളും മാത്രമാണ് ഉള്ളത്. ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ പുരുഷന്മാര്‍ കൊല്ലപ്പെടുമ്പോള്‍ സ്ത്രീകളെ മറ്റു ഗോത്രങ്ങള്‍ തട്ടികൊണ്ട്‌പോവാതിരിക്കാന്‍ വേണ്ടിയാണ് മുഖം വികൃതമാക്കുന്നത്. പച്ചകുത്തുകയും വലിയ മൂക്കുത്തികള്‍ ഉപയോഗിക്കുന്നതിനും ഇതിനു വേണ്ടിയാണ്. സൂര്യചന്ദ്രന്‍മാരെ ആരാധിക്കുന്ന ഡോണി പോളോ മതവിശ്വാസികളാണ് ഭൂരിപക്ഷം ആപതനികളും. ചുരുക്കം ക്രൈസ്തവരും, ബുദ്ധരും ഉണ്ട്. അതുകൊണ്ട് തന്നെ സൂരുഗ്രഹണം, ഭൂമികുലുക്കം തുടങ്ങിയ പ്രതിഭാസങ്ങളില്‍ ആപതാനികള്‍ക്ക് അവരുടെതായ ചില നിരീക്ഷണങ്ങള്‍ ഉണ്ട്.

ആപതാനിയുടെയുടെ ഒരു ദിവസം തുടങ്ങുന്നത് വയലിലാണ്.

വൈകുന്നേരം അഞ്ചുമണിയോട് കൂടി സൂര്യന്‍ അസ്തമിച്ചു. പതിയെ തണുപ്പും കയറിവന്നു. ഏറക്കുറെ എല്ലാ സമയത്തും കടുത്ത ശൈത്യം അനുഭവപ്പെടുന്ന മേഖലയാണ് സീറോ. രാത്രിയില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും തീ കാഞ്ഞിരിക്കുമ്പോഴാണ് വിശേഷങ്ങള്‍ പങ്കുവെക്കുക. ഈ സമയത്ത് തന്നെയാണ് ഉണക്കിയ മാംസം ചുടുകയും അരിയിലും തിനയിലും പുളിപ്പിച്ച വൈന്‍ കുടിക്കുകയും ചെയ്യുക. പില്ല്യോയുടെ ഭാര്യയടക്കം പുതിയ ജനറേഷന്‍ മൂക്ക് കുത്തുന്നത് ഒഴിവാക്കിയിരിക്കുന്നു. അപൂര്‍വ്വം ചിലര്‍ മാത്രമാണ് പച്ചകുത്തുന്നത് പോലും.

രാവിലെ നാലിനോ മറ്റോ നേരം പുലര്‍ന്നിരുന്നു. പ്രായമായ ഏതൊരു ആപതാനിയുടെയുടെയും ഒരു ദിവസം തുടങ്ങുന്നത് വയലിലാണ്. അരിയും തിനയുമാണ് പ്രധാന വിള, കൂട്ടത്തില്‍ മത്സ്യവും. പ്രകൃതിയെ തന്നെ ആരാധിക്കുന്ന ആപാതാനികള്‍ തീര്‍ത്തും പ്രകൃതിക്ക് ഇണങ്ങിയാണ് കൃഷിചെയ്യുന്നതും ജീവിക്കുന്നതും. രാസവളങ്ങളോ മറ്റു ആധുനിക കാര്‍ഷിക സൗകര്യങ്ങളോ ഇവര്‍ ഉപയോഗിക്കുന്നില്ല. യന്ത്രങ്ങളെയോ മൃഗങ്ങളെയോ ആശ്രയിക്കുന്നില്ല. മൃഗങ്ങളുടെ ജൈവാവശിഷ്ടം തിരിച്ച് വയലിലേക്കു തന്നെ നിക്ഷേപിച്ചാണ് വളം കണ്ടെത്തുന്നത്. ദൂരെ കാണുന്ന നിബിഡവനം തന്നെയാണ് ഇക്കോഫ്രെണ്ട്‌ലി ആണ് ആപാതാനികള്‍ എന്നതിന് തെളിവ്. ഊര്‍ജ്ജക്ഷമതയുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മുന്നിട്ടു നിന്നിരുന്നു സീറോ എന്നറിയുമ്പോഴാണ് ആപാതാനികളുടെ കാര്‍ഷികമികവ് മനസിലാക്കുക.

ആപാതാനികളുടെ ജീവിതത്തില്‍ മുളക്കുള്ള പ്രാധാന്യം വളരെ വലുതാണ്.

മാര്‍ക്കറ്റില്‍ മുളംകൂമ്പുകള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നു. ആപാതാനികളുടെ ജീവിതത്തില്‍ മുളക്കുള്ള പ്രാധാന്യം വളരെ വലുതാണ്. വീട് നിര്‍മ്മാണം തുടങ്ങി വസ്ത്രങ്ങള്‍ നെയ്യാനും മാത്രമല്ല പ്രധാന ഭക്ഷണം പോലും മുളയിലാണ്. മുളംകൂമ്പ് കൊണ്ടുള്ള പ്രഭാതഭക്ഷണം നല്ലതായിരുന്നു.

പില്ല്യയുടെ മുത്തശ്ശി പറയുന്നത് പുതിയ തലമുറക്ക് കൃഷിയില്‍ ഒന്നും താല്‍പര്യം ഇല്ലെന്നാണ്. പലരും സീറോ വിട്ടു നഗരത്തിലേക്ക് കുടിയേറികൊണ്ടിരിക്കുന്നു. അത് കേട്ട് പില്ല്യ വെറുതെ ചിരിച്ചു.

സീറോയില്‍ നിന്നും ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തത് മേച്ചുവയിലേക്ക് ആയിരുന്നു. ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന്റെ കാലാവധി തീരുന്നതിനു മുന്‍പ് ഗോഹട്ടി പിടിക്കണം

രാവിലെ നാലിനോ മറ്റോ നേരം പുലര്‍ന്നിരുന്നു.

click me!