ഇരട്ട ഗ്രാമം: രണ്ട് പള്ളികൾ, രണ്ട് മുനിസിപ്പാലിറ്റികൾ, രണ്ട് സെമിത്തേരികൾ, എല്ലാം ഒരുപോലെ...

By Web TeamFirst Published Jan 26, 2020, 11:30 AM IST
Highlights

ഈ ഗ്രാമത്തിലെ വളരെ വിചിത്രമായ ഒരു കാര്യം രണ്ട് അതിർത്തിക്കിടയിൽ നിൽക്കുന്ന ഒരു വീടാണ്. അതിലെ ചില മുറികൾ എയ്‌റോൺ രാജ്യത്തും, മറ്റ് ചില മുറികൾ കാന്റൽസ് രാജ്യത്തുമാണ് സ്ഥിതി ചെയ്യുന്നത്.

ഇരട്ടകളായി പിറക്കുന്ന ഒരുപാട് മനുഷ്യരെ നമുക്കറിയാം. നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ, ഒരു ഗ്രാമം ഇരട്ടയായി ജനിച്ചാലോ? കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാം. പക്ഷേ, വാസ്‍തവമാണ്. ഇവിടെയൊന്നുമല്ല, അങ്ങ് ഫ്രാൻസിലാണ് ഈ ഇരട്ടഗ്രാമം.  
 
ഫ്രഞ്ച് വിപ്ലവം നടക്കുന്നതു വരെ സെന്‍റ് സാൻറ്റിൻ എന്ന ഫ്രാൻസിലെ ഗ്രാമം ഒന്നായിരുന്നു. എന്നാൽ, ഫ്രഞ്ച് വിപ്ലവ സമയത്ത് ഇതിനെ രണ്ട് മുനിസിപ്പാലിറ്റിയായി വിഭജിക്കുകയായിരുന്നു. അതോടെ പ്രശ്നങ്ങളും തുടങ്ങി. ഈ ഗ്രാമം 18 -ാം നൂറ്റാണ്ട് വരെ ഒരു പ്രഭു കുടുംബത്തിൻ്റെ അധീനതയിലായിരുന്നു. "The nobles of the Sword" എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. ഒരു പാലം വഴിയാണ് ഇവിടേക്ക് ആളുകൾ പ്രവേശിച്ചിരുന്നത്. ഫ്രഞ്ച് സായുധ വിപ്ലവം ആരംഭിച്ചപ്പോൾ അത് രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. അതിൻ്റെ ഒരു ഭാഗം എയ്‌റോണിലും. മറ്റേത് കാന്‍ഡലിലും സ്ഥിതിചെയ്യുന്നു. ആ ഗ്രാമത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയും അതുതന്നെയാണ്. അവിടെ എല്ലാം രണ്ടു വീതമാണ്. രണ്ട് പള്ളികൾ, രണ്ട് മുനിസിപ്പാലിറ്റികൾ, രണ്ട് സെമിത്തേരികൾ, അങ്ങനെ നീണ്ടുപോകുന്നു അവയുടെ പട്ടിക.

കഴിഞ്ഞ 250 വർഷങ്ങളായി സെന്‍റ്. സാന്‍റിനിൽ ഇതാണ് അവസ്ഥ. അതുകൊണ്ടുതന്നെ അതിൻ്റെ നടത്തിപ്പിൽ ചില്ലറ പ്രശ്നങ്ങളല്ല ഉണ്ടാകുന്നത്. എയ്‌റോണിൽ 555 പേരും, കാന്റൽസില്‍ 380 നിവാസികളും ഉണ്ട് ഇപ്പോൾ. ഇവിടത്തെ പള്ളികൾ ഒന്ന് എയ്‌റോൺ എന്നും, മറ്റേത് കാന്റൽസ് എന്നും അറിയപ്പെടുന്നു. രണ്ടു പള്ളികളുണ്ടാവുമ്പോൾ സ്വാഭാവികമായും രണ്ട് പുരോഹിതനന്മാരും, രണ്ട് സെമിത്തേരിയും, രണ്ട് ഇടവകകളും കാണുമല്ലോ. ആളുകൾക്ക് വാർത്തകൾ എത്തിക്കാൻ രണ്ടു പത്രങ്ങളും ഇവിടെ ഉണ്ട്.

ഇതൊന്നും പോരാതെ ഇവിടെ പശുക്കളും രണ്ടിനമാണ്. പശുക്കളിൽ ചുമന്ന ഇനത്തിനെ കാന്റൽസ് എന്നും, മറ്റേതിനെ എയ്‌റോൺ എന്നും വിളിക്കുന്നു. ഈ രണ്ട് പ്രദേശവും സ്വയം ഭരണ പ്രദേശങ്ങളാണ്. എന്നിരുന്നാലും ഫ്രഞ്ച് സർക്കാർ അവരെ ഒരുമിച്ച് ഭരിക്കാൻ അനുവദിക്കില്ല. ഒരുമിച്ച് നടപ്പിലാക്കാൻ അനേകം പദ്ധതികൾ അവർ കൊണ്ടുവന്നെങ്കിലും, രണ്ടു പ്രദേശങ്ങളായതിൻ്റെ പേരിൽ ധനസഹായം  ലഭിക്കാൻ വളരെ പ്രയാസമായി തീർന്നു. ഈ രണ്ടു പ്രദേശങ്ങൾക്കും അതിർത്തികളും ഉണ്ട്. വയലറ്റും, നീലയും കലർന്ന ചെറിയ കല്ലുകൾ പാകിയാണ് അവർ അതിർത്തി നിശ്ചയിച്ചിരിക്കുന്നത്. എല്ലാം രണ്ടു വീതമുള്ള ഇവിടെ പക്ഷേ, ചില കാര്യങ്ങൾ മാത്രം ഒന്നേ ഉണ്ടായിയിരുന്നുള്ളൂ. ഇവിടെ അവെയ്‌ക്കാൻ എന്ന് വിളിക്കുന്ന സ്റ്റേഡിയം അവർ ഒന്നായി പങ്കിട്ടു. അതിൻ്റെ ഒരു ഗോൾ പോസ്റ്റ് കാന്റൽസും, മറ്റേ ഗോൾ പോസ്റ്റ് എയ്‌റോണും പങ്കിട്ടെടുത്തിരിക്കുകയായിരുന്നു. അതുപോലെതന്നെ യുദ്ധസ്‍മാരകവും ഒരെണ്ണമേ ഉള്ളൂ.

പണ്ട് രണ്ടു സ്കൂളുകൾ ഉണ്ടായിരുന്നു ഇവർക്ക്. എയ്‌റോൺ സ്കൂളും, കാന്റൽസ് സ്കൂളും. നഴ്‍സറി കാന്റൽസിലും, ഒന്നാം ക്ലാസ് മുതൽ എയ്‌റോൺ സ്കൂളിലുമായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. ഇതുകാരണം ഒരു കുടുംബത്തിലെ സഹോദരങ്ങൾക്ക് വ്യത്യസ്‍ത അവധി ദിവസങ്ങളായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, വിദ്യാർത്ഥികൾ കുറഞ്ഞപ്പോൾ  ഇപ്പോൾ ഇത് ഒരു സ്കൂളാക്കി മാറ്റി. ഈ ഗ്രാമത്തിലെ വളരെ വിചിത്രമായ ഒരുകാര്യം രണ്ടതിർത്തിക്കിടയിൽ നിൽക്കുന്ന ഒരു വീടാണ്. അതിലെ ചില മുറികൾ എയ്‌റോൺ രാജ്യത്തും, മറ്റ് ചില മുറികൾ കാന്റൽസ് രാജ്യത്തുമാണ് സ്ഥിതി ചെയ്യുന്നത്. അതിൻ്റെ കെട്ടിടനികുതി എവിടെ അടക്കുമെന്നുള്ള ആശയക്കുഴപ്പം 10 വർഷം വരെ നീണ്ടുപോയി. ഇതിനൊരു പരിഹാരം കണ്ടെത്താനായി അവസാനം ഉടമസ്ഥർ വീട്ടുടമസ്ഥനോട് മാതാപിതാക്കളുടെ മുറി കാണിച്ചു തരാൻ ആവശ്യപ്പെട്ടു. ആ മുറിയിലാണ് അദ്ദേഹം ജനിച്ചത്. ഇനി മരിക്കുന്നതും അവിടെ തന്നെ. അങ്ങനെ നോക്കിയപ്പോൾ അത് എയ്‌റോണിലായിരുന്നു. അധികാരികൾ നിശ്ചയിച്ചു, "അപ്പോൾ നിങ്ങൾ എയ്‌റോൺ നിവാസിയാണ്."  അങ്ങനെ ആ പ്രശ്നത്തിന് അവർ പരിഹാരം കണ്ടുപിടിച്ചു.  

വിഭജന സമയത്ത് കടുത്ത ശത്രുതയിലായിരുന്ന അവർ ഇപ്പോൾ വളരെ രമ്യതയിലാണ് കഴിഞ്ഞുപോരുന്നത്. ലോകത്തിലെ ഈ സയാമീസ് ഗ്രാമത്തിൽ അനേകം രസകരമായ സംഭവങ്ങളാണ് ഇതിൻ്റെ പേരിൽ ഉണ്ടായിട്ടുള്ളത്. 

click me!