ആരാണ് ഈ 'വാലന്‍റൈന്‍'? എന്തുകൊണ്ടാണ് 'വാലന്‍റൈന്‍സ് ഡേ' പ്രണയദിനമാകുന്നത്?

By Babu RamachandranFirst Published Feb 11, 2019, 5:06 PM IST
Highlights

അങ്ങനെയിരിക്കെയാണ് വാലെന്റൈന്റെ അത്ഭുതസിദ്ധികളെക്കുറിച്ച് കേട്ടറിഞ്ഞ്, ഒരു ദിവസം റോമിലെ ഒരു ജയിലർ, തന്റെ അന്ധയായ മകൾ ജൂലിയയുമൊത്ത് വാലെന്റൈന്റെ വീടിന്റെ വാതിൽക്കൽ മുട്ടിയത്. അവളുടെ കാഴ്ച വീണ്ടുകിട്ടാൻ പ്രയാസമാണ് എന്നറിഞ്ഞിട്ടും വാലെന്റൈൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊള്ളാമെന്ന് ജയിലർക്ക് വാക്കു നല്കി. 

"ഈ വാലന്റൈൻസ് ഡേയ്ക്ക് നീയെന്താ മോനെ എനിക്ക് തരുന്നത്...?" - രാവിലെ ഒരു കവർ നീല മിൽമാപ്പാൽ പൊട്ടിച്ചൊഴിച്ച് സമം വെള്ളവും ചേർത്ത് തിളപ്പിച്ച് അതിൽ തേയിലയിട്ടിളക്കിക്കൊണ്ടിരിക്കെയാണ്, അടുക്കളയിലെ സ്ലാബിൽ അതും നോക്കിക്കൊണ്ടിരുന്ന എന്റെ  മുൻകാല വാലന്റൈനും ഇപ്പോൾ സഹജീവിയുമായവൾ,  ആ ചോദ്യം എന്റെ നേർക്ക് തൊടുത്തത്. ഫെബ്രുവരിയെന്നല്ല ഏതൊരു മാസത്തിന്റെയും പതിനാലാം തീയതി  എന്നൊക്കെപ്പറയുന്നത് കേരളത്തിലെ തൊഴിലാളികൾക്ക്  സ്വന്തം പേഴ്‌സിനുള്ളിൽ പൂച്ച പെറ്റുകിടക്കാൻ തുടങ്ങുന്ന സമയമാണ്. "നിന്റെ നെറുകയിൽ ഞാൻ പുലർമഞ്ഞു തുള്ളിയുടെ വിശുദ്ധിയുള്ളൊരു നറുചുംബനം തരും പ്രിയേ.." എന്നൊരു കാല്പനിക ഡയലോഗടിച്ചാലോ എന്നാദ്യം ഓർത്തെങ്കിലും മുന്നിൽ കിടന്നു തിളയ്ക്കുന്ന ചായപ്പാത്രവുമായുള്ള  അവളുടെ കയ്യിന്റെ സാമീപ്യമോർത്ത് ആ ഉത്തരം   ഉള്ളിലൊതുക്കി. പിന്നെ ഞാൻ എന്റെ ആ നിമിഷത്തെ ദുരവസ്ഥയ്ക്ക് കാരണഭൂതനായ ആ പുണ്യാളനെ മനസ്സിൽ സ്മരിച്ചു. ആരാണപ്പാ.. ഈ സിംഹ'വാലന്റൈൻ'...? 

ഒരു ആടിനെ ദൈവങ്ങൾക്ക് ബലികൊടുക്കുക

ഒന്ന് ചികഞ്ഞു നോക്കിയപ്പോൾ മനസ്സിലായി. ഈ വാലെന്റൈൻസ് ഡേയുടെ പിതൃത്വം പരക്കെ കരുതപ്പെടുന്ന പോലെ ഗ്രീറ്റിങ്ങ് കാർഡ് കമ്പനിക്കാരനല്ല. നേരിയ ഒരു ചരിത്ര ബന്ധവും അതിനുണ്ട്. സെന്റ് വാലന്റൈൻ ആൾ ചില്ലറക്കാരനല്ല.  

വാലെന്റൈൻ ആഘോഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പുരാതനമായ രേഖ, അതേ പേരിലല്ലെങ്കിലും BC 300 -ലാണ്. അത് റോമാക്കാരുടെ ഒരു ഉത്സവമായിരുന്നു. 'ഫീസ്റ്റ് ഓഫ് ലൂപ്പർകാലിയ' എന്നായിരുന്നു അതിന്റെ പേര്. സ്വതവേ സഹൃദയരായ റോമാക്കാർ വസന്തഋതുവിനെ വരവേൽക്കാനായി നടത്തിയിരുന്നൊരു ആഘോഷമായിരുന്നു അത്. ചിത്രം സിനിമയിൽ മോഹൻലാൽ പറഞ്ഞപോലെ  'മനോഹരമായ' ഒരു ആചാരവുമുണ്ടായിരുന്നു അതിനുപിന്നിൽ.. എന്തെന്നോ.. ഒരു ആടിനെ ദൈവങ്ങൾക്ക് ബലികൊടുക്കുക..  എന്നിട്ട് അതിന്റെ തോലുരിഞ്ഞെടുത്ത് കൂട്ടത്തിലുള്ള സ്ത്രീകളെ പ്രതീകാത്മകമായി അടിക്കുക.. അത് അവരുടെ പ്രത്യുത്പാദനശേഷി പുഷ്ടിപ്പെടുത്തുമെന്നായിരുന്നു അന്ന് പരക്കെ ഉണ്ടായിരുന്ന വിശ്വാസം.  

വാലെന്റൈൻസ് ഡേയുടെ തുടക്കത്തിൽ  എന്തായാലും കാമുകിമാർ കാത്തിരുന്നത്  പനിനീർപ്പൂക്കളെയോ, ചോക്കലേറ്റിനെയോ ഡയമണ്ട് ആഭരണങ്ങളെയോ അല്ലായിരുന്നു. ആട്ടിൻതോലുകൊണ്ടുള്ള തല്ലിനെ ആയിരുന്നു.  ഉത്സവത്തിൽ അക്രമം മാത്രമല്ല  കേട്ടോ ഉണ്ടായിരുന്നത്. വേറൊരു കൗതുകം കൂടി അന്നുണ്ടായിരുന്നു. "ബ്ലൈൻഡ് ഡേറ്റ്". ഒരു കുട്ടയിൽ അന്നാട്ടിലെ യുവതീയുവാക്കളുടെ പേരുകളെല്ലാം എഴുതിയിടും. എന്നിട്ട് അതിൽ നിന്നും നറുക്കെടുത്ത് അവരെ ജോഡികളാക്കും. ആ ജോഡികൾ ഉത്സവത്തിന്റെ അവധിക്കാലം ഒന്നിച്ചു ചെലവിടും. അവധിക്കാലം കഴിഞ്ഞിട്ടും പരസ്പരം ആകർഷണം നിലനിൽക്കുന്നവർ വിവാഹിതരാവും. 

വാലന്റൈൻ എന്ന പേര് കടന്നുവരുന്നത് AD അഞ്ചാം നൂറ്റാണ്ടോടെയാണ് . അന്നത്തെ പോപ്പ് ഗെലാഷ്യസ് ആണ് നാട്ടിൽ നിലവിലുണ്ടായിരുന്ന ഒരു ഉത്സവത്തെ, മുമ്പെന്നോ ക്ളോഡിയസ് ചക്രവർത്തി തൂക്കിലേറ്റിയ വാലെന്റൈൻ എന്ന രക്തസാക്ഷിയുടെ പേരിൽ ആഘോഷിക്കാൻ തീരുമാനിച്ചത്.  

ആരായിരുന്നു ആ വാലെന്റൈൻ..? AD രണ്ടാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന  അത്ഭുത സിദ്ധികളുണ്ടായിരുന്നൊരു ചികിത്സകനായിരുന്നുവത്രേ അദ്ദേഹം.  ചക്രവർത്തി റോമാ സാമ്രാജ്യം ഭരിക്കുന്ന  കാലം. ഭരണകൂടത്തിന്റെ ഔദ്യോഗിക മതമൊഴിച്ചുള്ളതെല്ലാം ചക്രവർത്തി നിരോധിച്ച് ഉത്തരവിറക്കുന്നു. ക്രിസ്തുമതത്തിന്  നിരോധനമേർപ്പെടുത്തുന്നു. എതിർത്തുനിൽക്കുന്നവരെ നിർദാക്ഷിണ്യം അരിഞ്ഞുതള്ളുന്നു. എന്നാൽ, തികഞ്ഞ വിശ്വാസിയായിരുന്ന വാലെന്റൈൻ അതിരഹസ്യമായി തന്റെ ആരാധനകൾ തുടർന്നുപോന്നു.

ഈ വാലെന്റൈന്റെ പേരിലാണ് അന്ന് 'വാലന്റൈൻസ് ഡേ' എന്ന പേരിൽ ആഘോഷങ്ങൾ ആദ്യമായി തുടങ്ങുന്നത്

അങ്ങനെയിരിക്കെയാണ് വാലെന്റൈന്റെ അത്ഭുതസിദ്ധികളെക്കുറിച്ച് കേട്ടറിഞ്ഞ്, ഒരു ദിവസം റോമിലെ ഒരു ജയിലർ, തന്റെ അന്ധയായ മകൾ ജൂലിയയുമൊത്ത് വാലെന്റൈന്റെ വീടിന്റെ വാതിൽക്കൽ മുട്ടിയത്. അവളുടെ കാഴ്ച വീണ്ടുകിട്ടാൻ പ്രയാസമാണ് എന്നറിഞ്ഞിട്ടും വാലെന്റൈൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊള്ളാമെന്ന് ജയിലർക്ക് വാക്ക് നല്കി. കണ്ണുകളിൽ ലേപനങ്ങൾ പുരട്ടി. ചികിത്സ തുടർന്നു. 

വാലെന്റൈൻ തന്റെ പാണ്ഡിത്യത്തിനും പ്രസിദ്ധനായിരുന്നു. അതറിഞ്ഞപ്പോൾ, തന്റെ മകൾക്ക് ചികിത്സയ്‌ക്കൊപ്പം കുറച്ച് അറിവും പകർന്നു നൽകാൻ ജയിലർ വാലെന്റൈനെ, നിർബന്ധിച്ചു. അതും അദ്ദേഹം സമ്മതിച്ചു. അദ്ദേഹമവളുടെ ഉൾക്കണ്ണുകൾക്കു മുന്നിൽ അറിവിന്റെ പേടകങ്ങൾ തുറന്നു. റോമിന്റെ ചരിത്രം മുഴുവൻ വാലെന്റൈന്റെ വാക്കുകളിലൂടെ അവളുടെ ഹൃദയത്തിലേക്കൊഴുകി. പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ച്, വാലെന്റൈന്റെ വർണ്ണനകളിലൂടെ അവളറിഞ്ഞു. അദ്ദേഹമവളെ കണക്കും, തിയോളജിയുമെല്ലാം പഠിപ്പിച്ചു. ലോകമെന്തെന്ന് വാലെന്റൈനിലൂടെ അവളറിഞ്ഞു  തുടങ്ങി. അദ്ദേഹത്തിൽ അവൾ ആശ്വാസം കണ്ടെത്തി. അവളുടെ ആത്മവിശ്വാസം ഇരട്ടിച്ചു. 

ഒരു നാൾ ജൂലിയ വാലന്റൈനോട് ചോദിച്ചു, "വാലെന്റൈൻ.. ദൈവങ്ങൾ ശെരിക്കും നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നുണ്ടോ..?" 
അദ്ദേഹം പറഞ്ഞു, " പിന്നില്ലാതെ.. മോളേ.. ഈ ഭൂമിയിൽ ഓരോരുത്തരുടേയും പ്രാർത്ഥനകൾ ദൈവം കേൾക്കുന്നുണ്ട്.. " 
"എന്റെ നിത്യേനയുള്ള ഒരേയൊരു പ്രാർത്ഥനയെന്തെന്ന് അങ്ങേയ്ക്കറിയുമോ..? അങ്ങയുടെ വാക്കുകളിലൂടെ ഞാൻ കേട്ടറിഞ്ഞ ഈ ലോകം ഒരിക്കൽ ഒരേയൊരു തവണ മാത്രം ഒന്ന് നേരിൽ കാണാനായെങ്കിൽ എന്നുമാത്രമാണത്.." അവൾ പറഞ്ഞു. 

"നമുക്ക് വേണ്ടതെന്തെന്ന് ദൈവത്തിന്  നിശ്ചയമുണ്ട് കുഞ്ഞേ.. വിശ്വാസം വെടിയാതെ നമ്മൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുക.. അത്രമാത്രം."  വാലെന്റൈൻ പറഞ്ഞു.
"ഉവ്വ്.. ഞാൻ വിശ്വസിക്കുന്നു.. " എന്നും പറഞ്ഞ് അവൾ അദ്ദേഹത്തിന്റെ കരങ്ങൾ  ഗ്രഹിച്ചു. അവരിരുവരും പ്രാർത്ഥനാ നിരതരായി ഇരുന്നു പിന്നെയും ഏറെ നേരം. ദിവസങ്ങൾ കടന്നുപോയി.. അവളുടെ കാഴ്ച മാത്രം  തിരിച്ചുവന്നില്ല. 

അങ്ങനെയിരിക്കെ ഒരു ദിവസം റോമാ സൈനികർക്ക് വാലെന്റൈന്റെ വിശ്വാസത്തെക്കുറിച്ച് വിവരം ചോർന്നു കിട്ടി. അവർ അദ്ദേഹത്തെ പിടികൂടാനായി വീട്ടിലെത്തി. അദ്ദേഹത്തിന്റെ മരുന്നുകളും വേദപുസ്തകങ്ങളുമൊക്കെ   അഗ്നിക്കിരയാക്കി.  അദ്ദേഹത്തെ രക്ഷിക്കാൻ ജയിലർ പരമാവധി പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

കഴുവേറ്റപ്പെടുന്നതിന്റെ തലേന്ന് രാത്രി വാലെന്റൈൻ ജൂലിയയ്ക്കായി ഒരു കത്തെഴുതി. ആ കത്തിന്റെ ഒടുക്കം അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു. "എന്ന് സ്വന്തം വാലെന്റൈൻ.."  

അടുത്ത ദിവസം, AD 270 ഫെബ്രുവരി 14ന് അദ്ദേഹത്തെ അവർ കഴുമരത്തിലേറ്റി. 

വാലൻന്റൈൻ ജൂലിയയ്‌ക്കെഴുതിയ കത്തുമായി ജയിലർ വീട്ടിലെത്തി. കത്ത് ജൂലിയയ്ക്ക് നൽകി. തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ ഒരു മഞ്ഞപ്പൂവുണ്ടായിരുന്നു. "എന്ന് സ്വന്തം വാലൻന്റൈൻ" എന്നെഴുതിയ ആ കത്തിൽ നിന്നും അവളുടെ കൈവെള്ളയിലേക്ക് വീണ ആ മഞ്ഞപ്പൂവിൽ സൂക്ഷിച്ചുനോക്കിയ ജൂലിയയ്ക്ക് തന്റെ ജീവിതത്തിൽ അന്നാദ്യമായി നിറങ്ങൾ കാണാനായി, അവളുടെ കാഴ്ച പൂർണമായും തിരിച്ചു കിട്ടി, എന്നാണ് കഥ..!

കഥയിൽ കാര്യമുണ്ടോ എന്നത് അവിടെ നിൽക്കട്ടെ.. എന്തായാലും ഈ വാലെന്റൈന്റെ പേരിലാണ് അന്ന് 'വാലന്റൈൻസ് ഡേ' എന്ന പേരിൽ ആഘോഷങ്ങൾ ആദ്യമായി തുടങ്ങുന്നത്. 

ലോകത്തിൽ ആദ്യമായി വാലന്റൈൻസ് കാർഡ് അയക്കുന്നത് ആരെന്നോ..? അതൊരു ഫ്രഞ്ചുകാരനാണ്.. പേര് ചാൾസ്. ഓർലിയൻസിലെ പ്രഭുവായിരുന്ന അദ്ദേഹം അക്കാലത്ത് ലണ്ടൻ ടവറിൽ തുറുങ്കിൽ അടക്കപ്പെട്ട  നിലയിലായിരുന്നു. ആ തടവിൽ നിന്ന് തന്റെ ഇഷ്ടവധുവായിരുന്ന പതിനാറുകാരി 'ബോൺ ഓഫ് ആർമന്യാക്കി'ന് അയച്ചതായിരുന്നു 'ഫെയർവെൽ റ്റു ലവ്' എന്ന ആ   പ്രണയഗീതകം. പിൽക്കാലത്ത് ജെഫ്രി ചോസറും വില്യം ഷേക്സ്പിയറും അടക്കമുളളവർ തങ്ങളുടെ കൃതികളിലൂടെ വാലന്റൈൻസ് ഡേയ്ക്ക് പ്രചാരമേകിയിട്ടുണ്ട്. 

വാലന്റൈൻസ് ഡേ ആഘോഷിക്കണോ വേണ്ടയോ എന്നതൊക്കെ നമ്മുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്

പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ആഘോഷത്തിന്റെ വിപണന സാദ്ധ്യതകൾ കച്ചവടക്കാർ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. 1920 -കളിൽ തന്നെ ഹാൾമാർക്കിന്റെ വാലന്റൈൻസ് ഡേ കാർഡുകൾ കടലും കടന്ന് അമേരിക്കയിലേക്കും മറ്റും അയക്കപ്പെട്ടിരുന്നു. അമേരിക്കയിലെ ഇന്നത്തെ വാലന്റൈൻസ് ഡേ വിപണി ഏകദേശം 20 ബില്യൺ  ഡോളറിന്റേതാണ്. സ്നേഹത്തെ പനിനീർപ്പൂക്കളോടും കേക്കിനോടും ടെഡി ബിയറുകളോടും ഡയമണ്ട് നെക്ലേസുകളോടും ഒക്കെ മാർക്കറ്റിങ്ങ് കമ്പനികൾ ബന്ധിച്ചു കഴിയുമ്പോൾ, ആ സമ്മാനങ്ങൾക്ക് ചെലവിടുന്ന പണം നോക്കി  ഒരാൾക്കൊരാളോടുള്ള സ്നേഹം അളക്കപ്പെടുമ്പോൾ, അവിടെ സ്നേഹം കച്ചവടവത്ക്കരിക്കപ്പെടുകയാണ്. എന്നാൽ അതിനുത്തരവാദി സെന്റ് വാലെന്റൈൻ എന്ന സ്നേഹിക്കാൻ മാത്രമറിയുന്ന ആ  പാതിരിയല്ല. ഈ യന്ത്രവത്കൃത ലോകത്ത് അനുദിനം മുരടിച്ചുകൊണ്ടിരിക്കുന്ന നമ്മൾ മാത്രമാണ്. 

ആത്യന്തികമായി, വാലന്റൈൻസ് ഡേ ആഘോഷിക്കണോ വേണ്ടയോ എന്നതൊക്കെ നമ്മുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്. സമൂഹം ഒന്നിച്ച് പങ്കുചേരുന്ന സ്നേഹത്തിന്റെ ഈ 'വിളിച്ചു പറച്ചിലി'ൽ എല്ലാവർക്കും അവരവരുടേതായ രീതിയിൽ തങ്ങളുടെ സ്നേഹം തങ്ങളുടെ കാമുകീകാമുകരെ അറിയിക്കാവുന്നതാണ്. 'വിൽ യു ബീ മൈ വാലെന്റൈൻ' എന്നൊരൊറ്റ ചോദ്യം കൊണ്ട് പുതിയ   പ്രണയങ്ങൾക്ക് തുടക്കമിടാവുന്നതാണ്. 

click me!