ഈ വയസ്സുകാലത്ത്, ഇവർക്ക് ഇത് എന്തിന്‍റെ 'സൂക്കേടാണ്' എന്ന് ചോദിക്കുന്നവര്‍ അറിയാന്‍

By Dr Suresh C PillaiFirst Published Oct 30, 2018, 12:43 PM IST
Highlights

ഇതിപ്പോൾ ഒന്നു കൂടി എഴുതാന്‍ കാരണം ഇന്നലെ രാവിലെ അയർലണ്ടിലെ റേഡിയോയിൽ 'ഐവാൻ യേറ്റ്സ്' എന്ന അവതാരകൻ ന്യൂസ് സ്റ്റോക്ക് റേഡിയോ ഷോ യിൽ 'വിധവകൾ' സാധാരണ അടുത്ത ബന്ധത്തിനായി എത്രനാൾ കാത്തിരിക്കണം എന്നൊരു സർവ്വേയെപ്പറ്റി പറഞ്ഞു. 

വിധവയായ ഒരു ബന്ധുവോ, സുഹൃത്തോ ഉണ്ടെങ്കിൽ ഓർത്തു കൊള്ളൂ, വിരഹത്തിന്‍റെ വേദനയും, ഏകാന്തതയും കൊണ്ട്, വീർപ്പുമുട്ടി ഒരു അഗ്നി പർവ്വതം പോലെ ജീവിക്കുന്നവർ ആണ്. അവരെ (ഏത് പ്രായത്തിലുള്ളവർ ആയാലും) കഠിനമായ വിരഹവേദന ഒക്കെ കാലം മായ്ച്ചു കഴിഞ്ഞിട്ട്, മനസ്സു സന്നദ്ധമായിട്ട്, രണ്ടാമത് ഒരു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ പറ്റിയാൽ അത് ഒരു വലിയ പുണ്യപ്രവൃത്തി ആയിരിക്കും. ശ്രമിച്ചു നോക്കൂ.

ജീവിതം മുമ്പോട്ടു പോകുവാനുള്ളതാണ്, പുറകോട്ടു നോക്കി വിഷമിക്കാനുള്ളതല്ല. പട്ടിണി പോലെ ഭീകരമാണ് ഏകാന്തത. അനുഭവിച്ചാലെ അതിന്‍റെ തീവ്രത മനസ്സിലാകൂ. സ്നേഹിക്കാൻ ആരുമില്ലാതെ, മുന്നോട്ടുള്ള ജീവിതത്തിനു യാതൊരു പ്രത്യാശയും ഇല്ലാതെ സമയം തള്ളി നീക്കുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പറഞ്ഞുവരുന്നത് 45നും 65നും ഇടയിലുള്ള വിധവകളെ പറ്റിയാണ് (വിധവകൾ മാത്രം അല്ല ബന്ധം പിരിഞ്ഞ സ്ത്രീകളും ഇതിൽ വരും).

വിഭാര്യനായ പുരുഷന് നമ്മുടെ നാട്ടിലെ സാമൂഹ്യ പശ്ചാത്തലം പല കാര്യങ്ങളിലും അനുകൂലമായതിനാൽ സമയം ചിലവഴിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. സ്ത്രീകളുടെ കാര്യമാണ് കഷ്ടം. 45-50 വയസ്സൊക്കെ ആകുമ്പോഴേക്കും കുട്ടികൾ ഒക്കെ വളർന്ന് അവരുടെ കുടുംബവുമായി വീട്ടിൽ നിന്നും മാറിയിരിക്കും. പിന്നെയുള്ള ഒറ്റപ്പെടൽ പലരേയും വിഷാദരോഗത്തിലേക്കും, ആത്മഹത്യയിലേക്കും ഒക്കെ ആയിരിക്കും നയിക്കുക. പൊതുസമൂഹത്തിന്‍റെ ധാരണ വിധവയയാൽ വെള്ള സാരിയൊക്കെ ഉടുത്ത്, രാമായണമോ, ബൈബിളോ ഒക്കെ വായിച്ചു സമയം തള്ളി നീക്കിക്കൊളളും എന്നാണ്.

ഈ വയസ്സുകാലത്ത്, ഇവർക്ക് എന്തിന്‍റെ 'സൂക്കേടാണ്' എന്നായിരുന്നു പലരും ചോദിച്ചത്

എനിക്കു പരിചയമുള്ള ഒരു വിധവയായ റിട്ടയേർഡ്‌ പ്രൊഫസർ അറുപതാം വയസ്സിൽ ഒരു സഹപ്രവർത്തകനെ വിവാഹം ചെയ്തു. അതോടെ മക്കൾ എല്ലാം അവരുമായി ബന്ധം വേർപ്പെടുത്തി. അമ്മ കാരണം മാനക്കേട്‌ ഉണ്ടായത്രേ! സ്നേഹിച്ചു വളർത്തി വലുതാക്കിയ മക്കൾ അമ്മയുടെ ഏകാന്തതയും വിഷമവും മനസ്സിലാക്കിയില്ല. സമൂഹത്തിന്‍റെ പരിഹാസമായിരുന്നു അതിക്രൂരം. ഈ വയസ്സുകാലത്ത്, ഇവർക്ക് എന്തിന്‍റെ 'സൂക്കേടാണ്' എന്നായിരുന്നു പലരും ചോദിച്ചത്. ഈ 'സൂക്കേട്‌' (സുഖക്കേട്‌) എന്നത് ഗ്രാമീണ ഭാഷ ആയി കണക്കാക്കാം, എങ്കിലും അതിൽ അല്പം 'ലൈംഗിക' ചുവയുണ്ട്. പലപ്പോളും, ജീവിതസായാഹ്നത്തിൽ ഒരു കൂട്ട്, അല്ലെങ്കിൽ സ്വകാര്യങ്ങൾ പങ്കുവയ്ക്കാൻ ഒരു പങ്കാളി അത്രയേ കാണൂ. എന്നിരുന്നാലും, ലൈംഗികത എന്നാൽ അത് അവരുടെ മാത്രം സ്വകാര്യത ആണ് എന്നു മനസ്സിലാക്കാനുള്ള പക്വത പോലും പലരും കാണിക്കാറില്ല.

ഒരു പങ്കാളിയെ വേണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും, സമൂഹം അല്ലെങ്കിൽ മക്കൾ, അവരുടെ കുടുംബം ഒക്കെ എന്തു കരുതും എന്നു വിചാരിച്ച് ദുഃഖങ്ങൾ മനസ്സിൽ വച്ച് ഒരു നെരിപ്പോടു പോലെ എരിയുന്നവർ ആണ് പലരും. ഇവരെ പലരെയും സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും സഹായിക്കാൻ പറ്റും. ഈ പറഞ്ഞതൊക്കെ നമ്മളുടെ സമൂഹത്തിലെ യഥാർത്ഥ്യങ്ങൾ ആണ്. അതിനോട് പുറം തിരിഞ്ഞു നിന്നിട്ടു കാര്യമില്ല. കാലം മാറും തോറും സംസ്കാരത്തിലും, ചിന്താഗതികളിലും മാറ്റം വരുത്തിയല്ലേ പറ്റൂ.

വിധവയായ ഒരു ബന്ധുവോ, സുഹൃത്തോ ഉണ്ടെങ്കിൽ ഓർത്തു കൊള്ളൂ, വിരഹത്തിന്‍റെ വേദനയും, ഏകാന്തതയും കൊണ്ട്, വീർപ്പുമുട്ടി ഒരു അഗ്നി പർവ്വതം പോലെ ജീവിക്കുന്നവർ ആണ്. അവരെ (ഏത് പ്രായത്തിലുള്ളവർ ആയാലും) കഠിനമായ വിരഹവേദന ഒക്കെ കാലം മായ്ച്ചു കഴിഞ്ഞിട്ട്, മനസ്സു സന്നദ്ധമായിട്ട്, രണ്ടാമത് ഒരു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ പറ്റിയാൽ അത് ഒരു വലിയ പുണ്യപ്രവൃത്തി ആയിരിക്കും. ശ്രമിച്ചു നോക്കൂ.

സാധാരണ പാശ്ചാത്യർ ശരാശരി രണ്ടു വർഷം കാത്തിരുന്ന ശേഷം പുതിയ ബന്ധത്തിലേക്ക് കടക്കുമത്രേ

തന്മാത്രം എന്ന പുസ്തകത്തിലെ 'ഒറ്റയ്ക്കായി പോകുന്നവരുടെ രണ്ടാം ജീവിതം എന്ന അദ്ധ്യായത്തിൽ നിന്നും എടുത്തതാണ് (പേജ് 85. എഴുതിയത് സുരേഷ് സി. പിള്ള)

ഇതിപ്പോൾ ഒന്നു കൂടി എഴുതാന്‍ കാരണം ഇന്നലെ രാവിലെ അയർലണ്ടിലെ റേഡിയോയിൽ 'ഐവാൻ യേറ്റ്സ്' എന്ന അവതാരകൻ ന്യൂസ് സ്റ്റോക്ക് റേഡിയോ ഷോ യിൽ 'വിധവകൾ' സാധാരണ അടുത്ത ബന്ധത്തിനായി എത്രനാൾ കാത്തിരിക്കണം എന്നൊരു സർവ്വേയെപ്പറ്റി പറഞ്ഞു. അദ്ദേഹം പറഞ്ഞത്, രണ്ടുവർഷം എന്നാണ്.

സാധാരണ പാശ്ചാത്യർ ശരാശരി രണ്ടു വർഷം കാത്തിരുന്ന ശേഷം പുതിയ ബന്ധത്തിലേക്ക് കടക്കുമത്രേ. ശരിയല്ലേ? വിഷമിക്കാനായി രണ്ടോമൂന്നോ വർഷം, അതുപോരെ? ജീവിതം പിന്നേയും മുൻപോട്ടു കിടക്കുകയല്ലേ. ഒരു പങ്കാളി ഉണ്ടെങ്കിൽ ജീവിതം കൂടുതൽ മനോഹരമാണ്. അല്ലേ? അതിൽ ആർക്കും എതിരഭിപ്രായം ഇല്ലല്ലോ? അപ്പോൾ ഏറ്റവും കുറഞ്ഞത് ഒരു സമൂഹത്തിന് ചെയ്യാവുന്നത് വിധവകളെ രണ്ടാമത് ഒരു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ സഹായിക്കുകയാണ്. കാരണം ജീവിതം മുമ്പോട്ടു പോകുവാനുള്ളതാണ്, മുമ്പോട്ടു മാത്രം.

click me!