4700 വര്‍ഷങ്ങളുടെ പഴക്കം, ലോകത്തിലെ ആദ്യത്തെ പിരമിഡ് ലോകത്തിനുമുന്നില്‍ തുറന്നുകൊടുക്കുമ്പോള്‍

By Web TeamFirst Published Mar 12, 2020, 2:35 PM IST
Highlights

4,700 വർഷമായി നിലനിൽക്കുന്ന ഈ ഘടന അദ്ദേഹത്തിന് എങ്ങനെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നത് ഇന്നും ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത ഒരു സമസ്യയാണ്. 

ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ നാഗരികതകളിലൊന്നായിരുന്നു ഈജിപ്‍ത്. അവരുടെ കരവിരുതിൽ നിര്‍മ്മിക്കപ്പെട്ട പിരമിഡുകൾ, ചരിത്രത്തിലെ ഏറ്റവും മഹത്തായ മനുഷ്യനിർമിത ഘടനകളിൽ ഒന്നാണ്. 5,000  വർഷത്തിലേറെയായിട്ടും, ആ പിരമിഡുകൾ രാജ്യത്തിന്റെ സമ്പന്നവും മഹത്വമേറിയതുമായ ഭൂതകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ഇന്നും തലയുയർത്തി നിൽക്കുന്നു. കാലത്തിന്റെ ഒഴുക്കിൽ നാശം സംഭവിച്ച അവയിൽ ചിലതിനെ പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അവിടത്തെ സർക്കാർ. അടുത്തകാലത്തായി വെയിൽസിൽ നിന്നുള്ള എഞ്ചിനീയറായ പീറ്റർ ജെയിംസ് അത്തരം നശിച്ചുകൊണ്ടിരിക്കുന്ന ഒരു പിരമിഡ് വീണ്ടെടുക്കുകയുണ്ടായി. 4,700 വർഷം പഴക്കമുള്ള ആ ഈജിപ്ഷ്യൻ പിരമിഡ് ഈജിപ്‍തിലെ തന്നെ ആദ്യത്തെ പിരമിഡും ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കെട്ടിടവുമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതാണ് പിരമിഡ് ഓഫ് ജോസര്‍.

90 വർഷത്തിനിടെ ഇതാദ്യമായാണ് പണികൾ പൂർത്തീകരിച്ചതിനുശേഷം ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. പിരമിഡിന് 60 മീറ്റർ ഉയരവും 28 മീറ്റർ ആഴവും ഏഴ് മീറ്റർ വീതിയുമുണ്ട്. കൂടാതെ അതിലെ ശവകുടീരത്തിന് മുകളിൽ ആറ് പടികൾ അടുക്കിയിരിക്കുന്നതായും കാണാം. ഇത് സഖാറ നെക്രോപോളിസ് എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പുരാതന ഈജിപ്‍തിലെ മൂന്നാം രാജവംശത്തിലെ രണ്ടാമത്തെ രാജാവായ ജോസർ രാജാവിന്റെ അന്ത്യവിശ്രമ സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.  

പൂർണ്ണമായും കല്ലുകൊണ്ട് നിർമ്മിച്ച ഈ പിരമിഡിനെ പുനഃസ്ഥാപിക്കാൻ 2006 മുതൽ ശ്രമം നടത്തിവരികയായിരുന്നു. ഇപ്പോൾ പണിപൂർത്തിയായ പിരമിഡ് 1930 -കൾക്ക് ശേഷം സുരക്ഷാകാരണങ്ങളാൽ അടച്ചിടുകയായിരുന്നു. പിരമിഡ് നന്നാക്കിയ വെൽഷ് കമ്പനിയായ സിന്റെകിന്റെ  മാനേജിംഗ് ഡയറക്ടർ ജെയിംസ് പറഞ്ഞത്, "നിർമ്മാണ പ്രവർത്തനങ്ങൾ അങ്ങേയറ്റം അപകടസാധ്യത നിറഞ്ഞതായിരുന്നു. എന്നിരുന്നാലും ഇത് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്." എന്നാണ്. ഈ പിരമിഡ് ഒരു വിപ്ലവകരമായ ആശയമായിരുന്നു. പിന്നീട് വരാനിരിക്കുന്ന എല്ലാ ഈജിപ്ഷ്യൻ പിരമിഡുകൾക്കും ഒരു മാതൃകയായി അത് മാറി.  

ബിസി 2,680 കാലഘട്ടത്തിൽ, ലോകത്തിലെ ആദ്യത്തെ ആർക്കിടെക്റ്റ് എന്ന് ചിലർ വിശേഷിപ്പിച്ച ഇംഹോടെപ്പിന്റെ നിർദ്ദേശപ്രകാരമാണ് പിരമിഡ് രൂപകൽപ്പന ചെയ്‍തത്. ഇം‌ഹോടെപ് ഒരു വൈദ്യനും ജ്യോതിഷിയുമായിരുന്നു, കൂടാതെ ജോസറിന്റെ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്‌തിരുന്നു. 4,700 വർഷമായി നിലനിൽക്കുന്ന ഈ ഘടന അദ്ദേഹത്തിന് എങ്ങനെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നത് ഇന്നും ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത ഒരു സമസ്യയാണ്. പിരമിഡിന്റെ ഹൃദയഭാഗത്ത് ഭൂമിക്കടിയിൽ 100 അടി താഴെയായി ഒരു അറ ഉള്ളതായി കണ്ടെത്തിയിരുന്നു. ആ അറയിൽ 16 അടി ഉയരവും, 176 ടൺ ഭാരവുമുള്ള ഒരു ഗ്രാനൈറ്റ് ശവകുടീരവും ഉണ്ട്. പക്ഷേ, അതിനകം ശൂന്യമാണ്. അറയുടെ ചുവരുകളിലൊന്നിൽ ദ ബുക്ക് ഓഫ് ദ ഡെത്ത് (The Book of the death) എന്ന പുസ്‍തകത്തില്‍ നിന്നുള്ള ചിത്രലിപികൾ ആലേഖനം ചെയ്‍തിരിക്കുന്നതായി കാണാം. ഇത് പുരാതന ഈജിപ്ഷ്യൻ ശവസംസ്‍കാരത്തെ കുറിച്ചുള്ള ഗ്രന്ഥമാണ്. 1992 -ൽ ഉണ്ടായ ഭൂകമ്പത്തിൽ പിരമിഡിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയുണ്ടായി. 2006 -ൽ നവീകരണം ആരംഭിക്കുമ്പോൾ ഇത് തകർച്ചയുടെ വക്കിലായിരുന്നു.

"ഈജിപ്തിൽ അവശേഷിക്കുന്ന ഏറ്റവും പുരാതനമായ ഈ പിരമിഡ് പരിപാലിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന പദ്ധതിയുടെ പൂർത്തീകരണം ഞങ്ങൾ ആഘോഷിക്കുന്നു” എന്നാണ് ഈജിപ്‍തിന്‍റെ ടൂറിസം, പുരാവസ്‍തു മന്ത്രി ഖാലിദ് അൽ അനാനി പറഞ്ഞത്. പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്ന ചടങ്ങിൽ ഈജിപ്‍ത് പ്രധാനമന്ത്രി മൊസ്‍തഫ മദ്‌ബൗലിയും വിദേശ അംബാസഡർമാരും പങ്കെടുത്തിരുന്നു.  
 

click me!