'കണ്ണാടി' ഇവിടെ പൂര്‍ണ്ണമാവുന്നു

By MG RadhakrishnanFirst Published Aug 12, 2016, 7:02 AM IST
Highlights

രണ്ടര പതിറ്റാണ്ട് മുമ്പ് ഏഷ്യാനെറ്റില്‍ ആരംഭിച്ച്, ഏഷ്യാനെറ്റ് ന്യൂസിലൂടെ വളര്‍ന്ന 'കണ്ണാടി' എന്ന പ്രതിവാര പരിപാടി അവസാനിച്ചു. ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ മാസം 10നാണ് മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഈ വാര്‍ത്താ പരിപാടി അവസാനിച്ചത്. 2016 ജനുവരി 30 ന്'കണ്ണാടി'യുടെ ജീവാത്മാവായിരുന്ന, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ടി. എന്‍ ഗോപകുമാര്‍ വിടവാങ്ങുമ്പോള്‍ 986 എപ്പിസോഡുകള്‍ പൂര്‍ത്തിയായിരുന്നു. ടി.എന്‍.ജിയുടെ ആഗ്രഹപ്രകാരം, 1000 എപ്പിസോഡുകള്‍ തികച്ച ശേഷമാണ് ജുലൈ 10ന് കണ്ണാടി അവസാനിച്ചത്. ഈ സാഹചര്യത്തില്‍, കണ്ണാടിയെയും ടി.എന്‍ ഗോപകുമാറിനെയും ഓര്‍ക്കുകയാണ്, എഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍

എണ്‍പതുകളുടെ ആദ്യം കോളേജ് കാമ്പസുകളില്‍ നിന്ന് നേരെ പത്രപ്രവര്‍ത്തനത്തിലേക്ക് വന്ന ഞങ്ങളെല്ലാവരും സ്വാഭാവികമായും വലിയ ആവേശത്തിലായിരുന്നു. പത്രപ്രവര്‍ത്തനം സംബന്ധിച്ച  എല്ലാ കാല്‍പ്പനിക, സാഹസിക സങ്കല്‍പ്പങ്ങളും മനസ്സില്‍ നിറഞ്ഞിരുന്ന കാലം.  തൂലിക പടവാളാക്കി ലോകം കീഴടക്കാമെന്ന് സ്വപ്നം കണ്ട നാളുകള്‍. പടിഞ്ഞാറേ കോട്ടയിലെ പുരാതനസുന്ദരമായ അമ്മവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മാതൃഭൂമി ഓഫിസിലെ ഡെസ്‌കില്‍ ജേണലിസറ്റ്  ട്രെയിനികളായി തൊട്ടടുത്ത കസേരകളിലായിരുന്നു ഞാനും ഗോപനും. പത്രപ്രവര്‍ത്തനം സംബന്ധിച്ച് ഹിമാലയന്‍ കൊടുമുടിയോളം പൊക്കമുള്ള ഞങ്ങളുടെ ആശയങ്ങള്‍ നടപ്പിലാക്കാനുള്ള ആസൂത്രണങ്ങള്‍ ആയിരുന്നു മുഖ്യ വര്‍ത്തമാനവിഷയം. കാലം മുന്നോട്ട് ഓടിപ്പോയതോടെ ഞങ്ങളുടെ വഴികളും പിരിഞ്ഞു. ഗോപന്‍ ദില്ലിയിലേക്ക് മാറി. കുറച്ച് കഴിഞ്ഞ് 'മാതൃഭുമി' വിട്ട് ദില്ലിയില്‍ പല ഇംഗ്‌ളീഷ് പത്രങ്ങളിലും വാരികകളും ഒക്കെ ആയി ഗോപന്റെ പത്രപ്രവര്‍ത്തനജീവിതം.  ഞാന്‍ മാതൃഭൂമിയില്‍ തന്നെ തുടര്‍ന്നു. തൊണ്ണൂറുകളുടെ ആദ്യം ദില്ലി വിട്ട് തിരുവനന്തപുരത്ത്  ഗോപന്‍ തിരിച്ച് വന്നത് 'ഇന്ത്യാ ടുഡേ'യുടെ കേരളം ലേഖകനായിട്ടാണ്.  

അധികം താമസിയാതെ  അദ്ദേഹം ഇന്ത്യ ടുഡേ  വിട്ട് സ്‌റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ കേരളം ലേഖകനായി മാറി. അപ്പോള്‍ ഞാനായിരുന്നു മാതൃഭുമി വിട്ട് ഗോപനു പകരക്കാരനായി ഇന്ത്യ ടുഡേയിലേക്ക് നീങ്ങിയത്. 1993 ആയപ്പോഴേക്കും ഗോപന്‍ അക്കൊല്ലം ആവിര്‍ഭവിച്ച ഏഷ്യാനെറ്റിന്റെ പരിപാടികളുടെ സജീവഭാഗമാകാന്‍ ആരംഭിച്ചിരുന്നു.  'കണ്ണാടി' എന്ന സമകാലികവാര്‍ത്താപത്രിക അക്കാലത്താണ് രൂപം കൊണ്ടത്.  അന്ന് പല ദിവങ്ങളിലും ഞങ്ങള്‍ ഈ കാര്യം ഒട്ടേറെ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. 

അന്ന് ഏഷ്യാനെറ്റില്‍ ഔപചാരികമായി ചേര്‍ന്നിരുന്നില്ല ഗോപന്‍.  പക്ഷെ ഏഷ്യനെറ്റിനു വേണ്ടി കണ്ണാടി നിര്‍മ്മിക്കുക ആയിരുന്നു പദ്ധതി. അക്കാലത്ത്  ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിക്കാന്‍ സ്ഥാപിക്കപ്പെട്ട സ്വകാര്യ നിര്‍മ്മാണകമ്പനിയായിരുന്ന എന്‍ ടി വിയിലായിരുന്നു കണ്ണാടിയുടെ നിര്മ്മാണം. വഞ്ചിയൂരിലെ എന്‍ ടി വി സ്റ്റുഡിയോയില്‍ കണ്ണാടിയിലെ  പല ചര്‍ച്ചകളിലും പങ്കെടുക്കാന്‍ ഗോപന്‍ എന്നെയും ക്ഷണിക്കുമായിരുന്നു. 

'കണ്ണാടി' അവസാന ലക്കം

1991 ലെ നരസിംഹറാവു സര്‍ക്കാര്‍ പുതിയ വമ്പന്‍ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മലര്‍ക്കെ തുറന്നിട്ടതാണല്ലോ സ്വകാര്യ ടെലിവിഷന്‍ കൊണ്ടുവന്നത്. 1993 ല്‍ ഇന്ത്യയില്‍ ആദ്യമായി മൂന്ന് പ്രാദേശിക ഭാഷാ ചാനലുകള്‍ ആരംഭിച്ചതില്‍ ഒന്നായി ഏഷ്യാനെറ്റ്. ഹിന്ദിയില്‍ സീ, തമിഴിലെ സണ്‍ എന്നിവയ്‌ക്കൊപ്പമായിരുന്നു മലയാളത്തില്‍ ഏഷ്യാനെറ്റിന്റെ തുടക്കം.  ആഗസ്ത് 30 ന്  തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത ഏഷ്യനെറ്റ് ചാനലിലെ ആദ്യത്തെ പരിപാടിയുമായിരുന്നു കണ്ണാടി. 

സെനറ്റ് ഹാളില്‍ ഉദ്ഘാടനം നടന്ന ശേഷം ആദ്യമായി സ്‌ക്രീനില്‍ പതിഞ്ഞത് ഗോപന്‍ അവതരിപ്പിച്ച കണ്ണാടി. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ അന്നത്തെ അവസ്ഥയായിരുന്നു ആദ്യ റിപ്പോര്‍ട്ട്.  കെ വേണു, അജിത, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവരുടെയൊക്കെ അഭിമുഖം അതിലുണ്ടായിരുന്നു. അന്ന് നിര്‍മ്മാണത്തിലായിരുന്ന കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളെക്കുറിച്ചായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്.  ഒന്നാം തരം കഥകളായിരുന്നു ആദ്യം മുതല്‍ തന്നെ കണ്ണാടിയില്‍.  ദൂരദര്‍ശന്‍  മാത്രം ഉണ്ടായിരുന്ന ടി വി ലോകത്ത് ആദ്യമായി വന്ന സ്വകാര്യ ടെലിവിഷനായിരുന്നു ഏഷ്യനെറ്റ് എന്നതിനാല്‍ തന്നെ സ്വകാര്യടെലിവിഷനിലെ ആദ്യ വാര്‍ത്താപത്രിക എന്ന ചരിത്രപരമായ സ്ഥാനവും  കണ്ണാടിയ്ക്കുണ്ട്. 

കണ്ണാടിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടി

സിപിഎമ്മില്‍നിന്നുള്ള ഗൗരിയമ്മയുടെ രാജി വാര്‍ത്ത ടിഎന്‍ ഗോപകുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

സി പി എമ്മില്‍ നിന്നുള്ള ഗൗരിയമ്മയുടെ ചരിത്രപ്രധാനമായ രാജിയൊക്കെ മലയാളി നേരിട്ട് കണ്ടത് ആലപ്പുഴയില്‍ അവരുടെ വീട്ടില്‍ നിന്ന് ഗോപന്‍ നല്‍കിയ റിപ്പോര്‍ട്ടിലുടെയായിരുന്നു. കണ്ണാടിയുടെ സത്യസന്ധവും സ്വതന്ത്രവുമായ വാര്‍ത്താപരിചരണം മലയാളിക്ക് വലിയ  പുതുമയായി. വാര്‍ത്താ ചാനല്‍ അല്ലാതിരുന്നതിനാല്‍ ഏഷ്യനെറ്റിലെ ഏക വാര്‍ത്താ പരിപാടിയും കണ്ണാടി ആയി.  അതുകൊണ്ട് തന്നെ ബുള്ളറ്റിനിലെപ്പോലെ ഏറെയും തനി വാര്‍ത്താ റിപ്പോര്‍ട്ടുകളായിരുന്നു അതില്‍.  

കണ്ണാടിയുടെ ആദ്യത്തെ റിപ്പോര്‍ട്ടര്‍ അന്ന്  എന്‍ ടി വിയില്‍ ആയിരുന്ന  എസ് . ബിജു ആണ്.  ഇന്ന് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യുസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍. കൊടുങ്ങല്ലൂരില്‍ കെ വേണുവിനെയായിരുന്നു ബിജു ആദ്യം  ഇന്റര്‍വ്യൂ ചെയ്തത്. 'അശുഭകരമായിരുന്നു'വത്രെ തുടക്കം. വേണുവിന്റെ വീട്ടില്‍ വെച്ച് അദ്ദേഹവുമായി അഭിമുഖം ആരംഭിച്ചപ്പോള്‍ വാടക ക്യാമറയുടെ വ്യൂ ഫൈന്റര്‍ പ്രവര്‍ത്തിക്കുന്നില്ല.  അതുകൊണ്ട്  വേണുവിന്റെ ഭാര്യയില്‍ നിന്ന്  വാങ്ങിയ തുന്നല്‍ ടേപ്പ് കൊണ്ട് ദൂരം അളന്ന് ഒക്കെയായിരുന്നുവത്രെ ക്യാമറ ഉറപ്പിച്ചത്. പക്ഷേ ആ അശുഭകരമായ തുടക്കത്തിനു ശേഷം ഒരിക്കലും മുടങ്ങാതെ ആയിരത്തോളം എപ്പിസോഡ് പൂര്‍ത്തിയാക്കി ടെലിവിഷന്‍ ചരിത്രം സൃഷ്ടിക്കാന്‍ കണ്ണാടിയ്ക്ക് കഴിഞ്ഞത്  ഗോപനെന്ന അടിയുറച്ച യുക്തിവാദിയ്ക്ക് അഭിമാനമായിരിക്കണം.  

1995 സെപ്റ്റംബര്‍ 30 നു ഏഷ്യാനെറ്റ്  വാര്‍ത്താ സംപ്രേഷണം തുടങ്ങിയപ്പോള്‍ ഗോപന്‍ ആദ്യം അതിന്റെ ഉപദേഷ്ടാവായും പിന്നീട് പുര്‍ണ ചുമതലക്കാരനായും മാറി.  അധികം വൈകാതെ കണ്ണാടിയുടെ നിര്‍മ്മാണം ഏഷ്യാനെറ്റിലേക്ക് മാറി.  വാര്‍ത്താ ബുള്ളറ്റിന്‍ വേറെ വന്നതിനാല്‍ കണ്ണാടിയുടെ ഉള്ളടക്കം ക്രമേണ മാറി.  പതിവ് ബുള്ളറ്റിനില്‍ അധികം വരാത്ത കഥകള്‍ ആയി കണ്ണാടിയുടെ പ്രധാന ഉള്ളടക്കം. ഇവിടെ മുതലാണ് ദുരിതം നേരിടുന്നവരുടെ ജീവിതവ്യഥകളിലേക്ക് കണ്ണാടി കണ്ണോടിക്കാനാരംഭിച്ചത്. 

ഇത് ക്രമേണ പത്രപ്രവര്‍ത്തനമേഖലയിലെ ഇത്ര വലിയ ഒരു കാരുണ്യപ്രവര്‍ത്തനപ്രസ്ഥാനമാകുമെന്നൊന്നും അന്ന് ആരും കരുതിയില്ല. സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്നവരുടെ പോരാട്ടവും കണ്ണീരും ആയി കണ്ണാടിയുടെ മുഖ്യപ്രമേയം. മറ്റൊരു വലിയ സംഭാവനയ്ക്കും അത് വഴി ഒരുക്കി. മലയാളിയുടെ ജീവകാരുണ്യബോധത്തെ കണ്ണാടി തട്ടിയുണര്‍ത്തി. കണ്ണാടിയിലൂടെ വെളിപ്പെടുന്ന ദുരിതജീവിതങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ വലിയ തിരക്ക് ആരംഭിച്ചു.  പ്രത്യേകിച്ച് കേരളത്തിനും ഇന്ത്യക്കും പുറത്ത് കഴിയുന്ന പ്രവാസി മലയാളികള്‍ ഒറ്റയ്ക്കും കൂട്ടായും കണ്ണാടിയിലേക്ക് ഉദാരമായി പണം എത്തിച്ചു.  കണ്ണാടിയുടെയും ഏഷ്യനെറ്റിന്റെയും ഗോപന്റെയും വിശ്വാസ്യതയ്ക്കും തെളിവായിരുന്നു അത്. ആരോരുമില്ലാത്ത  ആയിരക്കണക്കിന് പേര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ്  കണ്ണാടി ഫണ്ടിലൂടെ ഗോപന്‍ ഈ രണ്ട് ദശാബ്ദക്കാലം കൊണ്ട് എത്തിച്ചുകൊടുത്തത്.   

20 ലേറെ വര്‍ഷം ഒരൊറ്റ ആഴ്ച പോലും മുടങ്ങാതെ കണ്ണാടി തുടര്‍ന്നത് ഗോപന്റെ പ്രൊഫഷണല്‍ ആയ അത്യദ്ധ്വാനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ്.  ഏത് അവസ്ഥയിലും കണ്ണാടിയുടെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ അച്ചടക്കവും നിഷ്‌കര്‍ഷയും വിസ്മയകരമായിരുന്നു.  2014 ല്‍  തീരെ അര്‍ബുദം മൂലം തീരെ കിടപ്പിലാകുന്നത് വരെ ഗുരുതരമായ അവശതകള്‍ അവഗണിച്ചും ഗോപന്‍ കണ്ണാടി മുടക്കമില്ലാതെ തുടര്‍ന്നു.  ആയ്യിടെ  ഗോപന്‍ മുന്‍ കൈ എടുത്തതാണ്  എന്നെ 'ഇന്ത്യാ ടുഡേ'യിലെ 20 വര്‍ഷ ജീവിതം അവസാനിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്സില്‍ കൊണ്ടുവന്നത്. 

മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചു. 2015 പകുതിയായപ്പോള്‍ വലിയ ശസ്തക്രിയകള്‍ക്ക് ശേഷം പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കുന്നതിനു മുമ്പ് തന്നെ വീണ്ടും കണ്ണാടി അവതരിപ്പിക്കാന്‍ അദ്ദേഹം തയ്യാറായത് എന്നെ അമ്പരപ്പിച്ചു.  കണ്ണാടിയുടെ കാര്യത്തില്‍ മാത്രമല്ല 2015 അവസാനം രോഗം വീണ്ടും അത്യന്തം വഷളായി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെ ഓഫിസിലെത്തി മിക്കവാറുമെല്ലാ പ്രവര്‍ത്തനങ്ങളിലും ഗോപന്റെ ഇച്ഛാശക്തി  ഞാന്‍ അന്തം വിട്ടാണ് കണ്ടുനിന്നത്.  

അവസാനം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ മുറിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഏതാനും കണ്ണാടി എപ്പിസോഡുകള്‍ അദ്ദേഹം മുന്‍ കൂട്ടി ചെയ്തും വെച്ചിരുന്നു! അവയില്‍ അവസാനത്തെ മൂന്ന്  എണ്ണം 2016 ജനുവരി 30 നു അദ്ദേഹം നിര്യാതനായ ശേഷമാണ് ഓരോ ആഴ്ച്ചയും മുടങ്ങാതെ ഞങ്ങള്‍ സംപ്രേഷണം ചെയ്തത്. കണ്ണാടിയുടെ 986 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഗോപന്റെ വലിയ ആഗ്രഹം  1000 തികയ്ക്കുക ആയിരുന്നു. 

മരണ ശേഷം മാത്രമേ ഞങ്ങള്‍ക്ക് ആ ആഗ്രഹം (വി എം ദീപയുടെ നേതൃത്വത്തില്‍) സഫലമാക്കാന്‍ കഴിഞ്ഞുള്ളു. വളരെ ശ്രദ്ധേയമായ ചില മുന്‍ കണ്ണാടി എപ്പിസോഡുകളുടെ തുടര്‍ചിത്രം ആയാണ് ബാക്കി 14 എണ്ണം ദീപ പൂര്‍ത്തിയാക്കിയത്.

ഫോട്ടോ: ഹാരിസ് കുറ്റിപ്പുറം
 

വാസ്തവത്തില്‍ കുറച്ചുകാലം മുമ്പ് ഒരിക്കല്‍ ഞങ്ങള്‍ കൂട്ടുകാര്‍ കണ്ണാടിയുടെ കാര്യം പറഞ്ഞ് ഗോപനെ പ്രകോപിപ്പിക്കാന്‍ തെല്ലൊന്ന് കളിയാക്കിയതോര്‍ക്കുന്നു.  ലോകത്തെ വിറപ്പിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകപ്പോരാളിയാകാന്‍ സ്വപ്നം കണ്ടശേഷം ജീവകാരുണ്യ പത്രപ്രവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിച്ചതിനെ ചൊല്ലിയായിരുന്നു തമാശ.  പ്രത്യേകിച്ചും  'മൃദുലവികാര' ങ്ങള്‍ക്കൊന്നും  താല്‍പ്പര്യമില്ലാത്ത ആള്‍ എന്നതായിരുന്നല്ലോ ഗോപന്റെ  പ്രതിഛായ. അപ്പോഴാണ്  ആദ്യം ചിരിക്കുകയും ചൂടാകുകയും ഒക്കെ ചെയ്ത ശേഷം, ഏറെക്കുറെ ദീര്‍ഘമായി തന്നെ കണ്ണാടിയിലെ ഓരോ കഥയും തന്നെ പിടിച്ച് ഉലച്ച അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചത്.  അവയില്‍ പരാമര്‍ശിക്കപ്പെടുന്ന, പല തരത്തിലുള്ള ദുരിതങ്ങളില്‍  ഉഴലുന്ന ഓരോരുത്തര്‍ക്കും  പ്രേക്ഷകരില്‍ നിന്ന്  ലഭിച്ച  ചെറിയ സഹായമെങ്കിലും എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസം മനസ്സ് നിറച്ച അനുഭവമായതും അദ്ദേഹം അന്ന്  പറഞ്ഞു.  

കഷ്ടപ്പെടുന്നവരോടുള്ള തികഞ്ഞ അനുഭാവത്തിനൊപ്പം ഗോപന്‍ ജിവിതത്തില്‍ ഉടനീളം പുലര്‍ത്തിയ വ്യക്തിപരവും തൊഴില്‍പരവുമായ
മൂല്യങ്ങള്‍ തന്നെയായിരുന്നു കണ്ണാടിയുടെയും മൂല്യങ്ങള്‍.  അമിതാധികാരം,  കാപട്യം, അന്ധവിശ്വാസം, വര്‍ഗ്ഗീയത, സാമുദായികത, ലിംഗവിവേചനം തുടങ്ങിയവയോടൊക്കെയുള്ള വിട്ടുവീഴ്ച്ചയില്ലാത്ത എതിര്‍പ്പും  മതനിരപേക്ഷതയോടും മാനുഷികതയോടും ബഹുസ്വരതയോടുമുള്ള ഉറച്ച പിന്തുണയും ഒക്കെ കണ്ണാടി അതിന്റെ 23  വര്‍ഷം നീണ്ട ജിവിതത്തില്‍ ഉടനീളം പുലര്‍ത്തിയതിന്റെ കാരണവും മറ്റാരുമല്ല അതിന്റെ സൃഷ്ടാവായ ടി എന്‍ ഗോപകുമാര്‍ തന്നെ.
 

 ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ മാദ്ധ്യമവേട്ടയെ തുറന്നുകാണിച്ച് കണ്ണാടി നടത്തിയ ഇടപെടലുകളെ കുറിച്ചുള്ള പ്രത്യേക ലക്കം

 അന്തരിച്ച കെ ജയചന്ദ്രന്റെ അര്‍ത്ഥവത്തായ ദൃശ്യമാധ്യമ ഇടപെടലുകളെക്കുറിച്ചുള്ള 'കണ്ണാടി' ലക്കം

ഗാന്ധിയെ കണ്ട, തൊട്ട മലയാളികള്‍. സവിശേഷമായ ഒരു 'കണ്ണാടി' ലക്കം

click me!