'കന്യകാത്വം നിധി പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നല്ല, അത് ഭർത്താവിന് നൽകേണ്ട ഒരു സമ്മാനവുമല്ല'; കൽക്കി കേക്ക്‌ലാൻ

By Web TeamFirst Published Jan 3, 2019, 4:27 PM IST
Highlights

‘നോ എന്നൊരു സ്ത്രീ പറയുന്നത് സംസാരം തുടങ്ങാനുള്ള ഒരു ഉപാധിയല്ല. പക്ഷേ, അതൊരു പൂർണ പ്രസ്താവനയാണ്. നമുക്ക് ആളുകളെ തരംതാഴ്ത്തി കാണുന്ന ഒരു സംസ്കാരമാണുള്ളത്. നോ പറഞ്ഞു കഴിഞ്ഞാലും പുരുഷന്മാർ അവളെ വിടില്ല. പിന്നീട് ചെറുത്ത് നിന്ന് അവൾ തളരുമെന്നും, ഒടുവിൽ അവൾ സമ്മതിക്കുമെന്നുമെന്നാണ് ഇവർ കരുതുന്നത്. അങ്ങനെ ‘നോ’, ‘യെസ്’ ആകുന്നത് വരെ അവർ ശ്രമം തുടരുന്നു. ഇതിനെ നമ്മൾ തിരിച്ചറിയണം’​​​​​​​

‘മീ ടൂ’മൂവ്മെന്‍റ്, ലൈംഗികത എന്നിവയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  വെളിപ്പെടുത്തി ബോളിവുഡ് നടി കൽക്കി കേക്ക്‌ലാൻ. 'നോ' എന്ന് ഒരു സ്ത്രീ പറയുന്നത് സംസാരം തുടങ്ങാനുള്ള ഉപാധിയായി കാണരുത്. കാരണം, അതൊരു പൂർണ പ്രസ്താവനയാണ് - കൽക്കി പറയുന്നു. ഒരു മാധ്യമത്തിനുവേണ്ടി എഴുതിയ ലേഖനത്തിലാണ് കൽക്കി തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നു പറഞ്ഞത്.

‘നോ എന്നൊരു സ്ത്രീ പറയുന്നത് സംസാരം തുടങ്ങാനുള്ള ഒരു ഉപാധിയല്ല. പക്ഷേ, അതൊരു പൂർണ പ്രസ്താവനയാണ്. നമുക്ക് ആളുകളെ തരംതാഴ്ത്തി കാണുന്ന ഒരു സംസ്കാരമാണുള്ളത്. നോ പറഞ്ഞു കഴിഞ്ഞാലും പുരുഷന്മാർ അവളെ വിടില്ല. പിന്നീട് ചെറുത്ത് നിന്ന് അവൾ തളരുമെന്നും, ഒടുവിൽ അവൾ സമ്മതിക്കുമെന്നുമെന്നാണ് ഇവർ കരുതുന്നത്. അങ്ങനെ ‘നോ’, ‘യെസ്’ ആകുന്നത് വരെ അവർ ശ്രമം തുടരുന്നു. ഇതിനെ നമ്മൾ തിരിച്ചറിയണം’ കൽക്കി പറഞ്ഞു.
 
നോ എന്നാണ് മനസ്സ് പറയുന്നതെങ്കിൽ, നോ എന്ന് തന്നെ പറയാൻ നമ്മുടെ പെൺകുട്ടികളെ പഠിപ്പിക്കണം, നോ എന്നതിന്റെ അർഥം പറ്റില്ല എന്ന് തന്നെയാണ്. അല്ലാതെ മറ്റൊന്നുമല്ലെന്ന് ആൺകുട്ടികളെയും പഠിപ്പിക്കണം. അതുപോലെ തന്നെ പ്രധാനമാണ് വേണം എന്നു തോന്നുകയാണെങ്കിൽ യേസ് എന്ന് മറുപടി പറയുന്നതെന്നും പെൺകുട്ടികളെ പഠിപ്പിക്കണം. ഇതുകൂടാതെ ലൈംഗികതയെക്കുറിച്ചുള്ള തുറന്ന പറച്ചിലുകളെക്കുറിച്ച് സംസാരിക്കണമെന്നും കൽക്കി കൂട്ടിച്ചേർത്തു. 

ലൈംഗികതയെ വിശുദ്ധിയുള്ളതോ, അശുദ്ധിയുള്ളതോ ആയി കാണുന്നത് ആദ്യം നിർത്തണം. കന്യകാത്വമെന്നത് പെൺകുട്ടികൾ ഒരു നിധി പോലെ കാത്തുസൂക്ഷിക്കേണ്ടേതോ, ഭർത്താവിന് സമ്മാനമായി നൽകേണ്ടതോ ഒന്നുമല്ല. എന്തിനെങ്കിലും അശുദ്ധമായത് എന്ന മേൽവിലാസം നൽകുമ്പോൾ അതിനെ നിങ്ങൾ കൂടുതൽ ആകർഷണീയമാക്കുന്നു. എന്തിനെങ്കിലും വിശുദ്ധിയുള്ളത് എന്ന മേൽവിലാസം നൽകുമ്പോൾ അതിനെ നിങ്ങൾ പ്രബലമുള്ളതാക്കുമെന്നും കൽക്കി പറയുന്നു.  

കഴിഞ്ഞ 20 വർഷമായി പെൺകുട്ടികൾക്ക് ബോധവൽക്കരണം നൽകാൻ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ആൺകുട്ടികളെ പൂർണമായും നമ്മൾ മറന്നുപോയി. ഇപ്പോൾ പെൺകുട്ടികൾ വിദ്യാസമ്പന്നാരാകുകയും സ്വയം പര്യാപ്തരുമാണ്. പക്ഷേ, കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പുരുഷന്മാരിൽ പലർക്കും ഇപ്പോഴും അറിയില്ല. എങ്ങനെയാണ് മോഡേണായ, ഫോർവേഡായി ചിന്തിക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. അതുകൊണ്ട് എങ്ങനെ പെരുമാറണമെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കൽക്കി അഭിപ്രായപ്പെടുന്നു. 

തങ്ങളുടെ കുട്ടികളുമായി ലൈംഗിക അതിക്രമത്തെ കുറിച്ച് ചർച്ചചെയ്ത് ഇന്ത്യൻ മാതാപിതാക്കൾ കൂടുതൽ സമയം ചെലവഴിക്കുന്നതായും കോച്ച്ലിൻ പറയുന്നു.  സ്ത്രീകൾക്കെതിരെയുള്ള കയ്യേറ്റങ്ങളും അതിക്രമങ്ങളും അവസാനിക്കണമെങ്കിൽ സമൂഹം ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ തയ്യാറാകണമെന്നും സ്ത്രീ പുരുഷന്മാർ ലൈംഗികപരമായും ശാക്തീകരിക്കപ്പെടണമെന്നുമാണ് കൽക്കി പറഞ്ഞത്. 

ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മക്കളോട് സംസാരിക്കാൻ ഇന്ത്യയിലെ മാതാപിതാക്കൾ ഇനിയെങ്കിലും തയാറാകണം. ലൈംഗികതയെക്കുറിച്ച് പറയണമെങ്കിൽ അത് നൽകുന്ന ആനന്ദത്തെക്കുറിച്ച് തീർച്ചയായും പറയണം. മക്കളെ ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചുമുള്ള വ്യത്യാസത്തെക്കുറിച്ചും പഠിപ്പിക്കേണ്ടതുണ്ടെന്നും കൽക്കി പറയുന്നു.   

click me!