ബ്രായെ ഭയക്കുന്നത് എന്തിന്?

By Web TeamFirst Published May 18, 2017, 11:13 AM IST
Highlights

ശരീരത്തെക്കുറിച്ചുള്ള കോയ്മാപരമായ അറിവുകള്‍ നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത പ്രത്യയശാസ്ത്രപരമായ ഒരുമേഖലയാണ് ബ്രായുടെ പരസ്യങ്ങളും. അവ ഉറപ്പിക്കുന്നത്, സ്ത്രീയുടെ ശരീരത്തിനെക്കുറിച്ചുള്ള മുഖ്യധാരാ പുരുഷധാരണകളെയാണ്. പെണ്ണിന്റെ ആകര്‍ഷണീയമായ ശരീരം എന്ന പ്രയോഗം മുഖ്യധാരാ പുരുഷധാരണകളുടെ ആകര്‍ഷണീയതയാണ്.

പുരുഷനെ ആകര്‍ഷിക്കുന്ന അവന്റെ ലൈംഗിക സങ്കല്പത്തിലെ ശരീരവടിവുകളാണ് ഇവിടെ ശരീരമായി പ്രത്യക്ഷപ്പെടുന്നത്. പരസ്യങ്ങളും ബ്രായുടെ അനുബന്ധവ്യവഹാരങ്ങളും  വൃത്തത്തിലും ഉരുണ്ടുമിരിക്കുന്ന മുഴുത്ത മുലകളെ പെണ്‍സങ്കല്പങ്ങളുടെ കേന്ദ്രസ്ഥാനത്തേക്കു കൂടുതലായി കൊണ്ടുവരുന്നു. സാരിയൊക്കെ ധരിക്കുന്ന സ്ത്രീകള്‍ ലൈംഗികതയിലേക്കുള്ള ക്ഷണമായി മുലഭാഗത്തെ സാരിമാറ്റിക്കാണിക്കുന്ന ദൃശ്യങ്ങള്‍ സിനിമകളിലൊക്കെ കാണുന്നത് ഇവിടെ ഓര്‍ക്കുക. 

മുലയ്ക്കു സവിശേഷ പ്രധാന്യം കിട്ടുന്ന ഭിന്നലൈംഗികതാ (സ്ത്രീ പുരുഷ) സങ്കല്പത്തെ പരിപോഷിപ്പിക്കുന്ന വസ്ത്രമായിട്ടാണ് ബ്രാ കേരളസമൂഹത്തില്‍ പ്രചരിക്കപ്പെടുന്നതെന്നു കാണാം. പത്രങ്ങളിലൊക്കെ, സാരി, ബ്രാ എന്നിവ ഏതെങ്കിലും മുറികളില്‍ കിടക്കുന്നതു കണ്ടാല്‍ അവിടെ അനാശാസ്യം നടന്നു എന്നു വാര്‍ത്ത വരുന്നത് ഇപ്പോഴും കാണാം.

ബ്രാ പോലുള്ള അടിവസ്ത്രങ്ങള്‍ ലൈംഗികത എന്ന 'അനാശാസ്യ'ത്തിന്റെ അടയാളമായിട്ട് മലയാളി പൊതുബോധം ഉറപ്പിച്ചിട്ടുണ്ട്.

October 1 ല്‍ എറണാകുളം മെട്രോമനോരമയില്‍ വന്ന വാര്‍ത്ത. സാരിയും മറ്റും കണ്ടതിനാല്‍ അനാശാസ്യമാണെന്നു ലേഖകനുറപ്പിച്ചു.)

ചുരുക്കത്തില്‍ ബ്രാ പോലുള്ള അടിവസ്ത്രങ്ങള്‍ ലൈംഗികത എന്ന 'അനാശാസ്യ'ത്തിന്റെ അടയാളമായിട്ട് മലയാളി പൊതുബോധം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം പുരുഷന്റെ അടിവസ്ത്രമോ മറ്റോ കിടന്നാല്‍ അങ്ങനെ തോന്നുവാന്‍ മലയാളി ശീലിപ്പിക്കപ്പെട്ടിട്ടില്ല.  അതുകൊണ്ടാണ് ഇതിന്റെ മറുഭാഗത്ത് മുലയെ ഒളിപ്പിക്കാനുള്ള വ്യവഹാരങ്ങളും ബ്രായുടെ നാട കാണുന്നതൊക്കെ മഹാപാപമായി അവതരിപ്പിക്കപ്പെടുന്നതും. 

യൂറോപ്പില്‍ ബ്രായുടെ നാടകാണിക്കുന്നത് തൊണ്ണൂറുകളില്‍ ഫാഷനായിരുന്നു എന്നുള്ളത് ഓര്‍ക്കുക. ഗായികയും നടിയുമായ മഡോണയുടെ വസ്ത്രധാരണമാണ് ബ്രായുടെ അടിവസ്ത്രം എന്നതിന്റെ പൊരുളിനെ ചോദ്യം ചെയ്തത്. അടിവസ്ത്രം/ മേല്‍വസ്ത്രം എന്ന ദ്വന്ദവും അതിന്റെ സ്ഥിരതയും ഇവിടെ ഉടയുകയാണ്. സ്‌പോര്‍ട്‌സ് താരങ്ങളുപയോഗിക്കുന്ന ബ്രായും മേല്‍വസ്ത്രമാണെന്നോര്‍ക്കുക. സ്‌പൈഡര്‍മാനെ അനുകരിച്ച് ജട്ടി മേല്‍വസ്ത്രമായി ഇടുന്നത് നമുക്കിപ്പോഴും സിനിമാകോമഡിയാണ്. വസ്ത്ര സങ്കല്പങ്ങളും അവയുടെ ധര്‍മത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സ്ഥിരമല്ലെന്നും നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നുമാണ് ഇതൊക്കെ പറയുന്നത്.    

തൊണ്ണൂറുകളിലെ ബ്രാ പരസ്യങ്ങളുടെ തുടര്‍ച്ചയിലാണ് രണ്ടായിരത്തിലും പരസ്യങ്ങള്‍. അച്ചടി, പുതിയ കാമറാസങ്കേതങ്ങളുടെ മിഴിവ് കാഴ്ചയിലെ പ്രത്യയശാസ്ത്രപ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. പെണ്‍ശരീരത്തെ ആണ്‍കാഴ്ചകള്‍ക്കു പാകപ്പെടുത്തുന്ന, ലൈംഗികതയെ പരിപോഷിപ്പിക്കുന്ന ശരീരങ്ങളായിട്ടാണ് ബ്രാ ധരിച്ച പെണ്‍കാഴ്ചകള്‍ പ്രവര്‍ത്തിക്കുന്നതെന്നുകാണാം. ചിത്രങ്ങളില്‍ വളരെ നിസ്സംഗമായിട്ടാണ് മോഡലുകള്‍ നില്‍ക്കുന്നത്. ഒരു ക്രിയയും അവര്‍ക്കില്ല. മുലയുടെ വടിവുകള്‍ പ്രകടിപ്പിക്കുന്ന വിധത്തിലുള്ള ചേഷ്ടകളില്ലാത്ത നില്‍പ്. 

ലൈംഗികതയെ പരിപോഷിപ്പിക്കുന്ന ശരീരങ്ങളായിട്ടാണ് ബ്രാ ധരിച്ച പെണ്‍കാഴ്ചകള്‍ പ്രവര്‍ത്തിക്കുന്നതെന്നുകാണാം.

അതേസമയം ആണിന്റെ അടിവസ്ത്രങ്ങളുടെ പരസ്യങ്ങള്‍ ഇതിന് വിരുദ്ധവുമാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മനോരമ പോലുള്ള ജനപ്രിയവാരികകളിലും മറ്റും കൂടുതലായി പ്രത്യക്ഷപ്പെട്ട പരസ്യം ഫ്രെഞ്ചിയുടേതാണ്. അതില്‍ അടിവസ്ത്രം മാത്രം ധരിച്ച് ഒരു സ്ത്രീയെ ചേര്‍ത്തുനിര്‍ത്തി തന്റെ എതിരാളിയെ ആക്രമിക്കുന്ന പുരുഷനെയാണ് കാണുന്നത്. ആണിന്റെ അടിവസ്ത്രങ്ങള്‍ ആണത്തത്തെ, അതിന്റെ അക്രമോത്സുകതയെ പരിപോഷിപ്പിക്കുന്ന ചലനത്തിന്റെയും ക്രിയയുടെയും പരസ്യക്കാഴ്ചകളാകുമ്പോള്‍, സ്ത്രീകളുടെ അടിവസ്ത്രപരസ്യങ്ങളിലെ നായികമാര്‍ നിസ്സംഗരായി മറ്റുള്ളവരുടെ കാഴ്ചയ്ക്കു വിധേയമാകുന്നവരെപ്പോലെ നില്‍ക്കുന്നു. പുരുഷനെന്നത് കരുത്തിന്റെയും ചലനത്തിന്റെയും ആളാണെന്നും സ്ത്രീയാകട്ടെ ദുര്‍ബലവും നിസ്സംഗവുമായ ശരീരത്തിന്റെ ഉടമയാണെന്നും പറയപ്പെടുന്ന സാമുഹ്യബോധത്തിന്റെ ഉറപ്പിക്കലാകുന്നു. അങ്ങനെ അടിവസ്ത്ര പരസ്യങ്ങള്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാധ്യമം മാത്രമല്ലാതാകുകയും ഭിന്നലൈംഗികതയുടെയും ആണ്‍കോയ്മയുടെയും താത്പര്യങ്ങളെ പുനരുല്പാദിപ്പിക്കുന്ന  ഉപകരണമാവുകയും ചെയ്യുന്നു.

ബ്രാ കേവലം ലിംഗപരമായ പ്രശ്‌നം മാത്രമല്ല അഭിമുഖീകരിക്കുന്നത്. സാമ്പത്തികമായ തലം അതിന്റെ പിന്നില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍പ്പം സങ്കീര്‍ണമായൊരു ഉല്പന്നം എന്ന നിലയില്‍ അതിന്റെ വില പലയിടത്തും താങ്ങാന്‍ പറ്റാത്തതാണെന്നുള്ളതാണ് പ്രധാന പ്രശ്‌നം. ചില മൂന്നാംലോക ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ വില പ്രശ്‌നം മൂലം ബ്രാ  ഉപയോഗിക്കുന്നില്ലെന്നാണ് പറയുന്നത്. അവിടങ്ങളിലെ ഒന്നിലേറെ ദിവസങ്ങളിലെ വരുമാനം ഉണ്ടെങ്കിലേ ബ്രാ വാങ്ങുവാന്‍ പറ്റുകയുള്ളു. നല്ലയിനം കമ്പനികളുടെ ബ്രാകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന വിലയാണെന്നുള്ളതാണ് വസ്തുത. സ്ത്രീകളുടെ തൊഴില്‍, കൂലി തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തുമ്പോള്‍ ബ്രാ ഇന്നയിക്കുന്ന പ്രശ്‌നം വളരെ വിപുലമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. നാടകളില്ലാത്ത ബ്രാകളും ഇപ്പോള്‍ വിപണിയിലുണ്ടെങ്കിലും വളരെ ഉയര്‍ന്ന വില കാരണം ജനപ്രിയത കാര്യമായി നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 

ബ്രാ മാത്രമല്ല നാപ്കിനുകളും ഇത്തരത്തില്‍ സാമ്പത്തികമായൊരു തലത്തെ ആശ്രയിച്ചു നില്‍ക്കുന്നതാണ്. വിലകാരണം സാധാരണക്കാരായ നല്ലൊരു പങ്ക് സ്ത്രീകളും തുണിയെയാണ് ആശ്രയിക്കുന്നതെന്നുകാണാം. ഇത്തരം പ്രശ്‌നങ്ങളെ ചര്‍ച്ചചെയ്യുവാനിപ്പോഴും നമ്മുടെ പൊതുബോധം തയാറായിട്ടില്ലെന്നുള്ളതാണ് ഏറെ ഖേദകരം. കാരണം ഇപ്പോഴും ഇവയൊക്കെ അശ്ലീലമാണ്/ഇച്ചീച്ചിയാണ്. 

ബ്രായെക്കുറിച്ചുള്ള പൊതുജനധാരണകളും പരസ്യങ്ങള്‍പോലുള്ളവയും മുലയെന്ന ശാരീരികാവയവത്തെ ലൈംഗികാവയവം എന്നനിലയിലേക്ക് നിഗൂഢമാക്കി സൗന്ദര്യവല്കരിച്ച് വെയ്ക്കുന്ന പ്രവര്‍ത്തനമാണ്. അതിനെ അടിസ്ഥാനമാക്കി സ്ത്രീ ശരീരത്തെ കാണാന്‍ സുന്ദരമായ നിര്‍വചിക്കാനുള്ള ശ്രമവും.  

മുലയെ ലൈംഗികാവയവമാക്കി സൗന്ദര്യവല്‍കരിക്കുന്ന പുരുഷാധിപത്യ യുക്തികളെ നിരന്തരം ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ബ്രായെക്കുറിച്ചുള്ള ഭീതികളും പറച്ചിലുകളും പരസ്യങ്ങളും നമ്മോടു പറയുന്നത്.

മുലകള്‍ക്കിടയിലെ വിടവിനെ (Cleavage) ആകര്‍ഷണീയമാക്കുന്നതിലും ബ്രാകള്‍ക്കുള്ള പങ്ക് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ദീപിക പദുക്കോണിന്റെ ക്ലീവേജിനെക്കുറിച്ചുള്ള രൂക്ഷമായ പ്രതികരണം (2014) ഇവിടെ ഓര്‍ക്കാവുന്നതാണ്.  ഇത്തരം പുരുഷാധിപത്യപരമായ ആശയങ്ങളോടുള്ള വിയോജിപ്പിലാണ് ബ്രാ ത്യജിക്കല്‍/കത്തിക്കല്‍ പോലുള്ള ആശയങ്ങള്‍ (ബ്രാ കത്തിക്കല്‍ സമരമായി നടന്നിട്ടെല്ലെന്നാണ് വാദം) ഉരുവം കൊള്ളുന്നത്. പുരുഷന് അവന്റെ അടിവസ്ത്രം കത്തിക്കുന്നത് സംബന്ധിച്ചുള്ള ഒരു ചിന്തയും എങ്ങും രൂപപ്പെട്ടിട്ടില്ലെന്നോര്‍ക്കുക. 

അവന്റെ അടിവസ്ത്ര ചിന്തകള്‍ അവന്റെ അധികാരത്തെ സാധൂകരിക്കുന്നതാണ്. പ്രത്യേകിച്ചും പുരുഷന്റെ ലിംഗം അക്രമോത്സുകമാണെന്ന ധാരണയെ സൃഷ്ടിക്കുന്നതില്‍. മുലയെ ലൈംഗികാവയവമാക്കി സൗന്ദര്യവല്‍കരിക്കുന്ന പുരുഷാധിപത്യ യുക്തികളെ നിരന്തരം ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ബ്രായെക്കുറിച്ചുള്ള ഭീതികളും പറച്ചിലുകളും പരസ്യങ്ങളും നമ്മോടു പറയുന്നത്. ലൈംഗികാവയവ നിഗൂഢതകളില്‍ നിന്ന് മുലയെ (മൊത്താ സ്ത്രീ ശരീരത്തെയും) വിമോചിപ്പിക്കുന്ന പ്രക്രിയയാണ് ഉണ്ടാവേണ്ടത്. അടിച്ചുതകര്‍ക്കുന്ന ആണത്തത്തിന്റെയും  അതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ലൈംഗികതാ സങ്കല്പങ്ങളുടെയു  തിരുത്തലുമാണ് അതിനാവശ്യം.

(1976, 1979, 1980, 81, 82, 1994, 95, 97, 2004, 2015,16 വര്‍ഷങ്ങളിലെ വനിത, ഗൃഹലക്ഷ്മി, മലയാള മനോരമ വാരിക എന്നിവയാണ് ഇവിടെ പരിശോധിച്ചത്. അവയിലെ പരസ്യ ചിത്രങ്ങളാണ് ഈ ലേഖനപരമ്പരയ്‌ക്കൊപ്പം നല്‍കിയത്)

ആദ്യ ഭാഗം: ബ്രായും മലയാളിയും
രണ്ടാം ഭാഗം: പരസ്യങ്ങളിലെ  ബ്രാ!

click me!