പുസ്തകത്തിനു മുമ്പേ കവര്‍ പ്രകാശനം;  ഈ കവര്‍ ചരിത്രം സൃഷ്ടിക്കുന്നത് ഇങ്ങനെയാണ്

By കെ.പി റഷീദ്First Published Aug 4, 2017, 11:16 AM IST
Highlights

പുസ്തക പ്രകാശനം നമുക്ക് പതിവു കാര്യമാണ്. എന്നാല്‍, പുസ്തകത്തിന്റെ  കവര്‍ പ്രകാശനമോ? അത് പതിവല്ല. കഴിഞ്ഞ ദിവസം എറണാകുളത്ത് ഡിസി ബുക്‌സ് പുസ്തക മേളക്കിടെ നടന്ന കവര്‍ പ്രകാശനം ഇക്കാരണത്താലാണ് പുതിയ ചരിത്രമാവുന്നത്. ബിന്യാമിന്റെ പുതിയ പുസ്തകത്തിന് സൈനുല്‍ ആബിദ് തയ്യാറാക്കിയ വ്യത്യസ്തമായ കവര്‍ ചിത്രമാണ് ഇന്നലെ പ്രകാശനം ചെയ്തത്. 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന ബെന്യാമിന്റെ നോവല്‍ ഇറങ്ങുന്നതിന് മുന്നോടിയായായിരുന്നു കവര്‍ പ്രകാശനം. മലയാളത്തില്‍ ആദ്യമായാണ് ഒരു പുസ്തകത്തിന്റെ കവറിനു മാത്രമായി പ്രകാശന ചടങ്ങ് നടക്കുന്നത്. മറൈന്‍ഡ്രൈവിലെ ഡി സി പുസ്തകമേളയില്‍ വെച്ച് എഴുത്തുകാരായ കെ വി കണ്ഠന്‍, രാജീവ് ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് കവര്‍ച്ചിത്രം പ്രകാശിപ്പിച്ചത്.

പ്രകാശന ചടങ്ങ്

 

ചെ ഗുവേരയെ കേരളീയാന്തരീക്ഷത്തില്‍ പ്രതിഷ്ഠിക്കുന്നതാണ് സൈനുല്‍ ആബിദിന്റെ കവര്‍ച്ചിത്രം. ബെന്യാമിന്റെ 'അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍' എന്ന നോവലിന്റെ തുടര്‍ച്ചയെന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍'. മധ്യതിരുവിതാകൂറിന്റെ സമാന്തരമായ ചരിത്രാന്വേഷണം കൂടിയാണ് ഈ നോവല്‍. 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' സെപ്തംബറില്‍ വായനക്കാരിലെത്തും. അതിനു മുമ്പായാണ് കവര്‍ പ്രകാശനം നടന്നത്.

ചിരിച്ചു കൊണ്ടിരിക്കുന്ന ചെഗുവേരയെ ഒരു കസേരയിലിരുത്തി എടുത്തു കൊണ്ടുപോവുന്ന മലയാളി അണികളുടെ ചിത്രമാണ് കവറില്‍. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ ചിത്രത്തിലേക്ക് ചെ ഗുവേരയുടെ ലോക പ്രശസ്തമായ ചിത്രം സന്നിവേശിപ്പിക്കുകയായിരുന്നു സൈനുല്‍ ആബിദ്. ഇ എം.എസിനെ അണികള്‍ എടുത്തുകൊണ്ടുപോവുന്ന ചിത്രമാണ് മധുരാജ് പകര്‍ത്തിയത്. ഒട്ടും തമാശയല്ലാത്ത രണ്ടു ചിത്രങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ പുനരാവിഷ്‌കരിക്കപ്പെടുന്നത് മലയാളികളുടെ കമ്യൂണിസ്റ്റ് ആഭിമുഖ്യവുമായി ബന്ധപ്പെട്ട രസകരമായ ഒരു നിമിഷമാണ്. പുസ്തകത്തിന്റെ പ്രമേയവുമായും അതിന്റെ ഭാവവുമായും ഈ ചിത്രം ഏറെ അടുത്തുനില്‍ക്കുന്നതായി പ്രസാധകരും എഴുത്തുകാരനും പറയുന്നു.

കവര്‍ച്ചിത്രം

 

എന്തു കൊണ്ട് കവര്‍ പ്രകാശനം?
എന്തു കൊണ്ട് കവര്‍ പ്രകാശനം? ഡിസി ബുക്‌സിന്റെ പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാറിന് അതിന് കൃത്യമായ മറുപടിയുണ്ട്. 'അതൊരു സാധാരണ കവര്‍ ചിത്രമല്ല.

എ വി ശ്രീകുമാര്‍

ആ കവറിന് ഒരു പ്രത്യേകതയുണ്ട്. കവര്‍ ചിത്രം തന്നെ മറ്റൊരു കഥ പറയുന്നു. വാക്കുകളില്ലാതെ, ദൃശ്യങ്ങള്‍ കൊണ്ട് ആ പുസ്തകത്തിന്റെ അതേ ടോണ്‍ കവറിലും വരുത്തിയിരിക്കുന്നു, സൈനുല്‍ ആബിദ്. പുസ്തകവുമായി അത്രയ്ക്ക് അടുത്തു നില്‍ക്കുന്ന ഈ കവര്‍, പുസ്തകത്തിനു മുമ്പേ കവര്‍ പുറത്തുവരട്ടെ എന്ന ചിന്തയില്‍ എത്തിയത് അങ്ങനെയാണ്'-എ വി ശ്രീകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

'മധ്യ കേരള ചരിത്രത്തിലെ ചില നിര്‍ണായക ബിംബങ്ങളെ വ്യത്യസ്തമായി ആവിഷ്‌കരിക്കുന്നതാണ് ബെന്യാമിന്റെ പുസ്തകം. ക്രിസ്ത്യന്‍ സഭ, കമ്യൂണിസം, കോണ്‍ഗ്രസ് എന്നീ പ്രധാനപ്പെട്ട ഘടകങ്ങളുടെ ചരിത്രപരമായ ഇടങ്ങള്‍ തേടുന്നതാണ് നോവല്‍.കുഞ്ഞൂഞ്ഞ് രണ്ടാമന്‍ എന്ന കഥാപാത്രം കോംഗോയില്‍ യുദ്ധത്തിന് പോവുന്നുണ്ട്. അവിടെ വെച്ചാണ് അദ്ദേഹം ചെഗുവേരയെ കാണുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ കുഞ്ഞൂഞ്ഞ് ചെഗുവേരയെ ക്ഷണിക്കുന്നുമുണ്ട്.  കവര്‍ ചിത്രം നോവലിന്റെ മൂഡ് അതേപടി പകര്‍ത്തുക എന്നത് സാധാരണമല്ല'.

പുസ്തകത്തെപ്പോലെ പ്രധാനമാണ് കവര്‍ ചിത്രവുമെന്ന് എഴുത്തുകാരനായ ബെന്യാമിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ബെന്യാമിന്‍

'കവര്‍ ചിത്രം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡിസൈനര്‍ സൈനുല്‍ ആബിദുമായി സംസാരിച്ചിരുന്നു. നോവലിന്റെ പ്രമേയം, സ്വഭാവം, ടോണ്‍ എന്നിവയെക്കുറിച്ച് പറഞ്ഞു കൊടുത്തു. അതിനു ശേഷമാണ് കവര്‍ ചെയ്തതും അതു കാണാനിട വന്നതും. അത് കണ്ടപ്പോള്‍ ശരിക്കും അമ്പരന്നു. പുസ്തകത്തിന് ഒരു സറ്റയര്‍ സ്വഭാവവമുണ്ട്. കവറിലും അത് കൃത്യമായി പ്രതിഫലിച്ചിരിക്കുന്നു. വ്യത്യസ്തമായ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ച്, മലയാളിയുടെ ബോധത്തിലെ ചെഗുവേരയെ സറ്റയര്‍ ആയി പകര്‍ത്തുകയായിരുന്നു കവര്‍ ചിത്രം. ഇതിലും നല്ലൊരു കവര്‍ അതിന് ചേരില്ല എന്നു തോന്നി'- ബെന്യാമിന്‍ പറയുന്നു.

ആ കവര്‍ ചിത്രം ഉണ്ടായത്
രണ്ട് വ്യത്യസ്തമായ ചിത്രങ്ങള്‍ ചേര്‍ന്നാണ് ബെന്യാമിന്റെ പുസ്തകത്തിന്റെ കവര്‍ ചിത്രമായി മാറിയത്. മധുരാജ് പകര്‍ത്തിയ ഇ.എം.എസിന്റെ പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് അതിലൊന്ന്. മറ്റേത്, ചെഗുവേരയുടെ പ്രശസ്തമായ ഫോട്ടോകള്‍ പകര്‍ത്തിയ ക്യൂബന്‍ ഫോട്ടോഗ്രാഫര്‍ ആല്‍ബര്‍ട്ടോ കൊര്‍ദ പകര്‍ത്തിയ ഫോട്ടോ. 

മധുരാജ് പകര്‍ത്തിയ ഇ.എം.എസിന്റെ ഫോട്ടോ

 

പണ്ടെന്നോ എടുത്ത, വിശദാംശങ്ങള്‍ പോലും ഓര്‍മ്മയില്ലാത്ത ഒരു ചിത്രം മറ്റൊരു തലത്തില്‍, വ്യത്യസ്തമായ കലാസൃഷ്ടിയായി വന്നതിന്റെ അമ്പരപ്പിലാണ്, പ്രശസ്ത ഫോട്ടോഗ്രാഫറായ മധുരാജ്.

മധുരാജ്

മാതൃഭൂമിയില്‍ ചീഫ് ഫോട്ടോഗ്രാഫറായ മധുരാജ് കണ്ണൂരില്‍ ജോലി ചെയ്യുന്ന കാലത്ത് എടുത്ത ചിത്രമായിരുന്നു അത്. പയ്യന്നൂരിലോ ചെറുവത്തൂരിലോ ഉള്ള റെയില്‍വേ സ്‌റ്റേഷനില്‍ ഇ എം.എസ് വന്നപ്പോള്‍ എടുത്ത ചിത്രമായിരുന്നു അത്. 'സത്യം പറഞ്ഞാല്‍, അതെവിടെ വെച്ച്, എന്ന് എടുത്തു എന്ന് ഓര്‍മ്മയേ ഇല്ല എനിക്ക്. പണ്ട് കണ്ണൂരിലുള്ളപ്പോള്‍, ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പകര്‍ത്തിയതാണ് എന്നേ ഓര്‍മ്മയുള്ളൂ. അതെവിടെയും പ്രസിദ്ധീകരിച്ചു വന്നു എന്ന ഓര്‍മ്മയുമില്ല. എങ്കിലും ഈയടുത്ത് ഒരു ദിവസം ആബിദ് എന്നെ വിളിച്ചപ്പോള്‍ എനിക്ക് അമ്പരപ്പായിരുന്നു. ഇങ്ങനെയൊരു ചിത്രമുണ്ടല്ലോ, അതിന്റെ ഒറിജിനല്‍ ഉണ്ടോ എന്നായിരുന്നു ആബിദ് ചോദിച്ചത്. പഴയ ഫയല്‍ പരതി അതെടുത്ത് സ്‌കാന്‍ ചെയ്ത് അയക്കുകയായിരുന്നു. അതിങ്ങനെ ഒരു തരത്തില്‍ വന്നു എന്നത് അങ്ങേയറ്റം സന്തോഷകരമാണ്'-മധുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

'ഫോട്ടോകള്‍ക്ക് അങ്ങനെയൊരു ജീവിതമുണ്ട്. അതെടുത്ത കാലത്താവില്ല, മറ്റേതെങ്കിലും സാഹചര്യത്തില്‍, മറ്റേതെങ്കിലും കോണ്‍ടെക്‌സ്റ്റില്‍ അത് ചിലപ്പോള്‍ പുനര്‍ജനിക്കും. ഇന്‍സ്റ്റലേഷന്റെ കാലത്ത് കലാസൃഷ്ടി എന്നത്, അതു മാത്രമല്ലല്ലോ. അത് മറ്റ് പലതിന്റെയും ഭാഗമായി പുതിയ കലാസൃഷ്ടികളാവാന്‍ കെല്‍പ്പുള്ളതാണ്. ആ അര്‍ത്ഥത്തില്‍, ഞാന്‍ എടുത്ത ചിത്രം പുതിയ ഒരു സ്വഭാവത്തോടെ പുനര്‍ജനിക്കുന്നത് അങ്ങേയറ്റം സന്തോഷകരമാണ്.'-മധുരാജ് പറയുന്നു. 

ക്യൂബന്‍ ഫോട്ടോഗ്രാഫര്‍ ആല്‍ബര്‍ട്ടോ കൊര്‍ദ പകര്‍ത്തിയ ഫോട്ടോ. 

 

1928ല്‍ ജനിച്ച് 2001ല്‍ മരിച്ച ആല്‍ബര്‍ട്ടോ കൊര്‍ദ  ക്യൂബയിലെ ഏറ്റവും പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ്.

കൊര്‍ദ

ഫാഷന്‍ ഫോട്ടോഗ്രാഫറായി കരിയര്‍ ആരംഭിച്ച ആല്‍ബര്‍ട്ടോ കൊര്‍ദ ക്യൂബന്‍ വിപ്ലവ കാലത്താണ് രാഷ്ട്രീയ ചിത്രങ്ങളിലേക്ക് ചുവടു മാറിയത്.

വിപ്ലവ മുന്നേറ്റത്തിന്റെ മുഖപത്രമായി നിന്ന 'റെവല്യൂഷന്‍' എന്ന പ്രസിദ്ധീകരണത്തിന്റെ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ച കൊര്‍ദ ക്യൂബന്‍ ഇതിഹാസം ഫിദല്‍ കാസ്‌ട്രോയുടെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്നു.

പത്തുവര്‍ഷത്തോളം ഫിദലിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. ഇക്കാലത്ത് ക്യൂബയിലെത്തിയ ചെ ഗുവേരയെയും കൊര്‍ദ പകര്‍ത്തി.

ഹവാനയിലെ ഒരു അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കൊര്‍ദ പകര്‍ത്തിയ ചെ ഗുവേരയുടെ ചിത്രമാണ് ഇന്ന് ലോകമെങ്ങും പ്രചാരത്തിലുള്ളത്. അതോടൊപ്പം, കൊര്‍ദ പകര്‍ത്തിയ ചെ ഗുവേരയുടെ ചിത്രമാണ് ആബിദ് കവര്‍ ചിത്രത്തിലേക്ക് കൊണ്ടുവന്നത്. 

സൈനുല്‍ ആബിദ്

 

കവര്‍ ഡിസൈനര്‍ക്ക് പറയാനുള്ളത്
പുസ്തകത്തിലേക്ക് കടക്കാനുള്ള ഒരു ചവിട്ടുപടിയും വായനക്ക് ശേഷം വായനക്കാരന് മടങ്ങിയെത്താവുന്ന ഒരനുബന്ധവുമായാണ് പുസ്തകത്തിന്റെ കവര്‍ ഡിസൈനിനെ കാണുന്നതെന്ന് ഡിസൈനര്‍ സൈനുല്‍ ആബിദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

'1980-90 കാലഘട്ടത്തില്‍ കൗമാരം പിന്നിട്ടവര്‍, 'സോവിയറ്റ് ലാന്റി'ന്റെ ഗ്ലോസി പേപ്പറു കൊണ്ട് പുസ്തകം പൊതിഞ്ഞിട്ട്  കളര്‍ ഇമേജുകളിലൂടെ ആദ്യത്തെ ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി. ക്യൂബയുടെയും സോവിയറ്റ് റഷ്യയുടെയുമൊക്കെ തെരുവുകള്‍ നമ്മുടെതു കൂടിയായി തോന്നുമായിരുന്നു. എന്റെ  നാടായ മാഹിയിലും തലശേരിയിലുമൊക്കെയുള്ള പാവപ്പെട്ടവരുടെ വീടുകളുടെ ചുവരുകളില്‍ അപ്പൂപ്പന്‍/അമ്മൂമ്മ/കുടുംബാംഗങ്ങള്‍ക്കൊപ്പം ഇടകലര്‍ന്ന് മാര്‍ക്‌സിനെയും ഏംഗല്‍സിനെയും ചെഗുവേരയെയുമൊക്കെ കണ്ടിട്ടുണ്ട്. മലയാളിക്ക് അവര്‍ ഒരിക്കലും സായിപ്പന്‍മാരായിരുന്നില്ല. ഈ പൊളിറ്റിക്കല്‍ പശ്ചാത്തലമൊക്കെ ആ കവര്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട'-ആബിദ് പറയുന്നു. 

കവര്‍ ചിത്രങ്ങള്‍ അനുഷ്ഠാനമായി മാത്രം കരുതിയിരുന്ന മലയാള പ്രസാധന രംഗത്ത് കവര്‍ ചിത്രങ്ങളെ പുസ്തകത്തെ പോലെ തന്നെ സര്‍ഗാത്മക സൃഷ്ടിയായി മാറ്റിയവരില്‍ പ്രമുഖനാണ് മാഹി ഒളവിലം സ്വദേശിയായ സൈനുല്‍ ആബിദ്. മലയാള ചിത്രങ്ങളുടെ പുറം ചട്ടകളെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച ആബിദിന് കവര്‍ ഡിസൈനിംഗില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ എഗ്‌സ് എന്ന പേരില്‍ ഡിസൈന്‍, ബ്രാന്റിംഗ് കമ്പനി നടത്തുകയാണ് ആബിദ്.

click me!