ബ്രക്സിറ്റ്: ഇന്ത്യയെ എങ്ങനെ ബാധിക്കും, സാമ്പത്തിക വിദഗ്ദ്ധർക്ക് ഭിന്നാഭിപ്രായം

By Web DeskFirst Published Jun 24, 2016, 2:13 AM IST
Highlights

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് ഇന്ത്യയെ ദീ‌ർഘകാലാടിസ്ഥാനത്തിൽ ബാധിക്കില്ലെന്ന് വിലയിരുത്തൽ. ബ്രെക്സിറ്റ് ഇന്ത്യയെ ബാധിക്കുന്നത് നേരിടാൻ കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി വ്യക്തമാക്കി. ഹിത പരിശോധന ഫലത്തെ വിലകുറച്ച് കാണാനില്ലെന്ന് റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.

ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ സമിശ്രാഭിപ്രായമാണ് സാന്പത്തിക വിദഗ്ദ്ധർക്കുള്ളത്. 800 ഇന്ത്യൻ കന്പനികളാണ് ബ്രിട്ടൺ കേന്ദ്രീകരിച്ച് യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നത്. ഓട്ടോമൊബൈൽ സെക്ടറിലുള്ള ടാറ്റ ഉൾപ്പെടെയുള്ള ഈ കന്പനികളെ ബ്രക്സിറ്റ് മോശമായി ബാധിച്ചു. യൂറോപ്യൻ യൂണിയന്റേയും ബ്രിട്ടന്റേയും നികുതികളിലും വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങളിലും വരുന്ന മാറ്റങ്ങൾ ഓട്ടോമൊബൈൽ മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കും. ഇന്ത്യക്ക് യൂറോപ്യൻ യൂണിയനിൽ പുതിയ തന്ത്രപ്രധാന പങ്കാളിയെ കണ്ടത്തേണ്ടി വരും. സാന്പത്തിക മാന്ദ്യത്തിൽ നിന്ന് ലോകം കരകയറിവരുന്നതിനിടെയുള്ള ബ്രിട്ടന്റെ ഹിതം ആഗോളസാന്പത്തിക വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് ബ്രിട്ടൺ പുറത്ത് വരുന്നത് ഇന്ത്യക്ക് വാണിജ്യ തൊഴിൽ മേഖലകളിൽ ഗുണം ചെയ്യുമെന്നാണ് മറ്റൊരു വാദം. ബ്രിട്ടൺ ഈയുവിൽ നിന്ന് വിട്ടുപോകുന്നത് ഇന്ത്യക്കു വലിയ തിരിച്ചടിയാകില്ലെന്ന് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി വ്യക്തമാക്കി.

ബ്രിട്ടനിൽ നിന്നു പുറത്ത് വരുന്ന  വിവരങ്ങൾ വിശകലനം ചെയ്തുവരികയാണെന്നും കറൻസി മാർക്കറ്റിൽ ആവശ്യമായ സമയത്ത് ഇടപെടൽ നടത്തുമെന്നും റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രതികരിച്ചു. ബ്രിട്ടണുമായും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ഇന്ത്യ ശക്തമായി തുടരുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


 

 

 

click me!