
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാനുള്ള ലോക്ക് ഡൗൺ കാലത്ത് എടിഎമ്മിൽ പണം ഉണ്ടാകില്ലെന്ന ഭയം വേണ്ടെന്ന് മുഖ്യമന്ത്രി. എല്ലാ എടിഎമ്മുകളിലും പണം നിറയ്ക്കാൻ ബാങ്കേഴ്സ് സമിതിയുമായുള്ള യോഗത്തിൽ നിർദ്ദേശിച്ചതായി ഇന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുടുംബശ്രീ മുഖേന നൽകേണ്ട വായ്പാ പദ്ധതി ഉടൻ പ്രാവർത്തികമാക്കാൻ ഇവരോട് ആവശ്യപ്പെട്ടെന്നും അതിനുള്ള സമ്മതം ബാങ്കേഴ്സ് സമിതിയുടെ ഭാഗത്ത് നിന്ന് ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളിലെ രോഗ പ്രതിരോധ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബാങ്ക് ജീവനക്കാരിൽ പ്രത്യേക ആവശ്യക്കാർക്ക് സ്പെഷൽ പാസ് അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.
ക്ഷേമ പെൻഷനുകൾ പിൻവലിച്ചില്ലെങ്കിൽ തുടർന്നുള്ള ഘഡുക്കൾ അക്കൗണ്ടിൽ വരില്ലെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് പിന്നീട് ബാങ്കേഴ്സ് സമിതി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. ക്ഷേമ പെൻഷനുകൾ വന്ന സാഹചര്യത്തിൽ ഇത് പിൻവലിക്കാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ബാങ്കുകളിൽ കർശന നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
അക്കൗണ്ട് നമ്പറിന്റെ അവസാന അക്കങ്ങൾ നോക്കിയാണ് നിയന്ത്രണം. ക്ഷേമ പെൻഷനുകളുടെ തുക പിൻവലിക്കേണ്ടവരുടെ അക്കൗണ്ടുകൾ അവസാനിക്കുന്നത് പൂജ്യം അല്ലെങ്കിൽ ഒന്ന് എന്നീ അക്കങ്ങളിലാണെങ്കിൽ ഇവർ പണം പിൻവലിക്കാൻ ഏപ്രിൽ രണ്ടിന് ബാങ്കിലെത്തണം. രണ്ട് അല്ലെങ്കിൽ മൂന്ന് അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ മൂന്നാം തീയതി ബാങ്കിൽ എത്തണം. നാല് അല്ലെങ്കിൽ അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾ ഏപ്രിൽ നാലിനും ആറ്, ഏഴ് അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ ഏപ്രിൽ ആറിനും ബാങ്കിലെത്തണം. എട്ട് അല്ലെങ്കിൽ ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾ ഏപ്രിൽ മാസം ഏഴിനാണ് ബാങ്കിലെത്തേണ്ടത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.