ബ്രെക്സിറ്റിന് പിന്നാലെ ബ്രിട്ടന് സാമ്പത്തിക ഇരുട്ടടി

By Web DeskFirst Published Jun 25, 2016, 2:29 PM IST
Highlights

നീണ്ട അനിശ്ചിതത്വത്തിനാണ് ബ്രെക്സിറ്റ് വഴിവച്ചിരിക്കുന്നതെന്നാണ് റേറ്റിംഗ് ഏജൻസിയായ മൂഡീസിന്‍റെ വിലയിരുത്തൽ.സാന്പത്തിക ശക്തികളിൽ  ബജറ്റ് കമ്മി ഏറ്റവും കൂടുതലുള്ള രാജ്യം ബ്രിട്ടണാണെന്നും മൂഡീസ് പറയുന്നു. നേതൃമാറ്റത്തിനുള്ള ചർച്ചകൾ കൺസേർവേറ്റിവ് പാർട്ടിക്കൊപ്പം ലേബർ പാർട്ടിയിലും തുടങ്ങിയിരിക്കുന്നു ബ്രിട്ടണിൽ. 

കാമറൂണിന്‍റെ പിൻഗാമിയായി ബ്രെക്സിറ്റിന് വേണ്ടി വാദിച്ച ലണ്ടൻ മുൻ മേയർ ബോറിസ് ജോൺസന്‍റെ പേരാണ് ഉയരുന്നത്. ലേബർ പാർട്ടി നേതാവ് ജോറെമി കോർബൈനെതിരായി പാർട്ടിയിൽ നീക്കം തുടങ്ങി. കോർബൈന്‍റെ തണുത്ത പ്രചാരണമാണ് അണികളെ  ബ്രെക്സിറ്റിന്  അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് ആരോപണം. ഒക്ടോബറിൽ സ്ഥാനമൊഴിഞ്ഞ് പിൻഗാമി യൂറോപ്യൻ യൂണിയനുമായി ചർച്ചകൾക്ക് നേതൃത്വം നൽകുമെന്ന സൂചനയാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ നൽകിയത്.  

എന്നാൽ യൂറോപ്യൻ യൂണിയൻ രൂപീകരിക്കാൻ നേതൃത്വം നൽകിയ ആറ് രാജ്യങ്ങൾ ബെർലിനിൽ യോഗം ചേർന്ന് ബ്രെക്സിറ്റ് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു. പ്രധാന നേതാക്കളാണ് യോഗം ചേർന്നത്. യൂണിയന്‍റെ ബ്രിട്ടണില്ലാത്ത ആദ്യ യോഗം ബുധനാഴ്ച നടക്കും. 

ബ്രെക്സിറ്റിന് എതിരായി യുവതലമുറയുടെ പ്രതിഷേധം ശക്തമാവുകയാണ് ബ്രിട്ടണിൽ .നേരിയ വോട്ട് വ്യത്യാസത്തിന്റെ പേരിൽ ബ്രെകിസ്റ്റ് നടപ്പാക്കാതെ വീണ്ടും ഹിതപരിശോധന വേണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. ഒരു ദശലക്ഷം ആളുകൾ ഒപ്പിട്ട നിവേദനം ചർച്ചയ്ക്ക് വയ്ക്കണോയെന്ന് പാർലമെന്‍റ്  കമ്മിറ്റി ചൊവ്വാഴ്ച തീരുമാനിക്കും. 

ബ്രെക്സിറ്റിന് പാർലമെന്‍റ് അംഗീകാരം നൽകണമെന്ന സാഹചര്യം നിലനിൽക്കെയാണ് നീക്കം. ബ്രെക്സിറ്റിന് എതിരായി വോട്ട് ചെയ്ത ലണ്ടനെ ബ്രിട്ടണിൽ നിന്ന് സ്വതന്ത്ര്യയായതായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയനിൽ ചേരണമെന്നാവശ്യപ്പെട്ട് മേയർ സാദിഖ് ഖാന് ഒരു ലക്ഷം പേരൊപ്പിട്ട നിവേദനവും ലഭിച്ചിട്ടുണ്ട്.

click me!