'കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യത'; കിഫ്ബി വായ്പകൾ പൊതുകടമെന്ന കേന്ദ്രനിലപാടിനെതിരെ ധനമന്ത്രി

By Web TeamFirst Published Jul 21, 2022, 1:33 PM IST
Highlights

സാമൂഹ്യ ക്ഷേമ പെൻഷനും , ലൈഫ് മിഷനും , വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വികസന പദ്ധതികളും പ്രതിസന്ധിയിലാണ്. തോമസ് ഐസകിന് സമൻസ് നൽകിയത് ഇഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ അവസാന ഉദാഹരണമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
 

തിരുവനന്തപുരം: കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി സർക്കാർ കടബാധ്യതയാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.   ഇതുവഴി കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ ക്ഷേമ പെൻഷനും , ലൈഫ് മിഷനും , വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വികസന പദ്ധതികളും പ്രതിസന്ധിയിലാണ്. തോമസ് ഐസകിന് സമൻസ് നൽകിയത് ഇഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ അവസാന ഉദാഹരണമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

കിഫ്ബി വായ്പകൾ പൊതുകടത്തിൽ തന്നെ  ഉൾപ്പെടുത്തണമെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. കിഫ്ബി കടം സർക്കാർ ബാധ്യത അല്ലെന്ന സംസ്ഥാനത്തിന്റെ  വാദം 2020-21ലെ റിപ്പോർട്ടിലും സിഎജി തള്ളി. പുറത്തുനിന്നുള്ള കടമെടുക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ  പരാമർശം. 
 
കിഫ്ബി വായ്പകൾ പൊതുകടത്തിന്റെ ഭാഗമല്ലെന്ന സംസ്ഥാനത്തിന്റെ ആവർത്തിച്ചുള്ള നിലപാണ് സിഎജി മുഖവിലയ്ക്കെടുക്കാതെ തള്ളുന്നത്. കിഫ്ബി കടവും, പെൻഷൻ നൽകാനായി എടുക്കുന്ന വായ്പകളും പൊതുകടത്തിന്റെ പരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

 8604. 19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു. പെൻഷൻ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. ആകെ 9273 .24 കോടി രൂപ ബജറ്റിന് പുറത്ത് കടം എടുത്തു. 324855.06 കോടി രൂപയാണ് ആകെ കടം.  ഇനിയും കടം എടുപ്പ് തുടർന്നാൽ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കൽ മാത്രം കടത്തിന് കാരണമാവും. റവന്യു വരുമാനത്തിന്റെ 21.5 ശതമാനവും പരിശല ചെലവുകൾക്ക്  മാത്രമായി ചെലവഴിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 
 
കിഫ്ബി വായ്പകളും പെൻഷൻ വായ്പകളും പൊതുകടത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നാൽ, സംസ്ഥാനത്തിന്റെ കടമെടുപ്പ് ആകെ താളം തെറ്റും. വായ്പയെടുക്കാനാകുന്ന തുക കുത്തനെ ഇടിയും.  കിഫ്ബിയുടെ മസാലബോണ്ടിൽ മുൻ ധനമന്ത്രിക്ക് ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെ സിഎജി  കിഫ്ബിക്കെതിരെ വിമർശനം ആവർത്തിക്കുന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ്. 

click me!