വരുമാനം കൂട്ടണം, പക്ഷേ നികുതി ഭാരം വയ്യ..!

By Web DeskFirst Published Jun 27, 2016, 10:02 AM IST
Highlights

തിരുവനന്തപുരം: പുതിയ നികുതി ഏര്‍പ്പെടുത്താതെ വരുമാനം കൂട്ടലാണു ധനമന്ത്രി തോമസ് ഐസക്കിനു മുന്നിലെ പ്രധാന വെല്ലുവിളി. പദ്ധതിയേതര ചെലവ് വെട്ടിക്കുറക്കുമെന്നു തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂൂസിനോട് പറഞ്ഞു. എന്നാല്‍ കടുത്ത നടപടി ഇല്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

കിട്ടുന്നതു നിത്യച്ചെലവിന് പോലും തികയാത്ത സ്ഥിതിയാണു കേരള ഖജനാവില്‍. പരിധിയോടടുത്തതിനാല്‍ അധികം കടമെടുക്കാനുമാകില്ല. ആദ്യ ബജറ്റില്‍ പുതിയ നികുതി വന്നാല്‍  ജനവികാരം എതിരാകും. കയ്യില്‍ മാന്ത്രികവടിയില്ലെന്ന മുന്‍കൂര്‍ ജാമ്യമെടുത്തെങ്കിലും ധനമന്ത്രിക്ക് വരുമാനം കൂട്ടിയേപറ്റൂ.

2010-11 കാലത്തെ വില്‍പ്പന നികുതിയുടെ വളര്‍ച്ചാ നിരക്ക് 24 ശതമാനമാണ്. പിന്നെ 19ഉം 18ഉം ഒക്കെയായി.  2014-15 ല്‍ 12 ശതമാനത്തിലെത്തി. എക്‌സൈസ് നികുതിയില്‍ നെഗറ്റീവ് വളര്‍ച്ചയാണ്. കഴിഞ്ഞവര്‍ഷം 8.5 ശതമാനം മാത്രം. വില്പനനികുതി ചോര്‍ച്ചയ്ക്കുള്ള പ്രധാന കാരണമായി ഐസക് കണ്ടെത്തുന്നത് അഴിമതിയാണ്. ഇത് ഒഴിവാക്കി ചെക്കപോസ്റ്റുകള്‍  വഴി ഖജനാവ് നിറക്കാനാകും ധനമന്ത്രിയുടെ ഊന്നല്‍. ചെക് പോസ്റ്റുകളില്‍ പ്രത്യേക സോഫ്റ്റ് വെയറുകളും സ്‌കാനറുകളും ഒപ്പം, പഴയ അഴിമതി രഹിത വാളയാര്‍ മാതൃകയും നികുതി കൂട്ടാനായി പ്രതീക്ഷിക്കാം.

വരുമാനത്തിന്റെ 43 ശതമാനമാണു ശമ്പളത്തിനും പെന്‍ഷനും വേണ്ടത്. ഇതുണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അധികമുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കുക, ജീവനക്കാരെ പുനര്‍വിന്യസിക്കുക തുടങ്ങിയ കടുത്ത നടപടികളാണു ധനകാര്യ വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്.  എന്നാല്‍, ഇത്തരം കടുത്തനടപടികള്‍ക്ക് ഐസക് മുതിരാനിടയില്ല.

20 ശതമാനം വരുമാനം  കൂട്ടലാണു ലക്ഷ്യം. അതിനായി മൂന്നു വര്‍ഷമെങ്കിലുമെടുക്കുമെന്ന് ധനമന്ത്രി തന്നെ സൂചിപ്പിക്കുമ്പോള്‍ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ മാത്രമായിരിക്കും ജൂലൈ എട്ടിലെ ബജ്റ്റ് പ്രഖ്യാപനമെന്ന് ഉറപ്പിക്കാം.

click me!