പണമെല്ലാം തിരിച്ചെത്തിയപ്പോള്‍ കള്ളപ്പണമെവിടെ ? കണക്കുകള്‍ വിശദമാക്കുന്നത് ഇതാണ്

By Web TeamFirst Published Aug 30, 2018, 6:29 PM IST
Highlights

2016 നവംബര്‍ 8 നാ രാത്രി 8 മണിക്ക് നോട്ട് അസാധുവാക്കിയപ്പോള്‍ വിനിമയ രംഗത്തുണ്ടായിരുന്നത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. അസാധുവായ നോട്ടുകള്‍ തിരികെ ബാങ്കുകളില്‍ എത്തിക്കാന്‍ കള്ളപ്പണക്കാര്‍ തയ്യാറാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയത്. അപ്പോള്‍ രാജ്യത്തുണ്ടായിരുന്ന കള്ളപ്പണമെല്ലാം എവിടെപ്പോയി? റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ ബഹു ഭൂരിപക്ഷം ആളുകളും ചോദിക്കുന്നതും ഇതു തന്നെയാണ്. 

മുംബൈ: കള്ളപ്പണത്തെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ നോട്ടു നിരോധനത്തിന് ശേഷം അസാധുവാക്കിയ 500ന്റെയും 1000 ന്റെയും നോട്ടുകളില്‍ 99.30 ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 15.30 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ്വ് ബാങ്ക് വിശദമാക്കുന്നത്. 

2016 നവംബര്‍ 8 നാ രാത്രി 8 മണിക്ക് നോട്ട് അസാധുവാക്കിയപ്പോള്‍ വിനിമയ രംഗത്തുണ്ടായിരുന്നത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. അസാധുവായ നോട്ടുകള്‍ തിരികെ ബാങ്കുകളില്‍ എത്തിക്കാന്‍ കള്ളപ്പണക്കാര്‍ തയ്യാറാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയത്. അപ്പോള്‍ രാജ്യത്തുണ്ടായിരുന്ന കള്ളപ്പണമെല്ലാം എവിടെപ്പോയി? റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ ബഹു ഭൂരിപക്ഷം ആളുകളും ചോദിക്കുന്നതും ഇതു തന്നെയാണ്. 

ധനകാര്യ മന്ത്രാലയത്തിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന മോഹന്‍ ഗുരുസ്വാമി വിശദമാക്കുന്നത് നോട്ട് നിരോധനം പരാജയം ആയിരുന്നെന്നാണ്. രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി നടത്തിയ വന്‍ അബദ്ധമായിരുന്നു നടപടിയെന്ന് അദ്ദേഹം വിശദമാക്കുന്നു. രാജ്യത്തെ സാമ്പത്തിക പുരോഗതിയെ വിപരീത ദിശയിലേക്ക് കൊണ്ടുചെന്നെത്തിച്ചതില്‍ നോട്ട് നിരോധനത്തിന്റെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുതിയ നോട്ടുകള്‍ വന്നതോടെ വിനിമയ രംഗത്ത് ഉണ്ടായിരുന്ന കള്ളനോട്ടുകളെ പ്രതിരോധിക്കാന്‍ ആയിയെന്ന് കേന്ദ്രധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക സെക്രട്ടറിയായ സുഭാഷ് ചന്ദ്ര ഗാര്‍ഗ് വിശദമാക്കുന്നു. 

രാജ്യത്തെ നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ നോട്ട് നിരോധനം കാരണമായെന്ന് പി ചിദംബരം വിലയിരുത്തുന്നു. ജിഡിപിയുടെ വളര്‍ച്ചാ നിരക്കില്‍ 1.5 ശതമാനം പോയിന്റുകള്‍ കുറയ്ക്കാനും നോട്ട നിരോധനം വഴി വച്ചുവെന്ന് പി ചിദംബരം ആരോപിച്ചു. നോട്ട് മാറിയെടുക്കാനുള്ള പരക്കം പാച്ചിലില്‍ നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദിവസ വേതനക്കാരായ നിരവധിയാളുകള്‍ക്ക് വരുമാനം ഉപോക്ഷിച്ച് നോട്ട് മാറിയെടുക്കാന്‍ വേണ്ടി കാത്തിരിക്കേണ്ടി വന്നെന്നും ചിദംബരം വിശദമാക്കുന്നു.

നോട്ട് നിരോധനത്തിന് പിന്നാലെയെത്തിയ ജിഎസ്ടി സാമ്പത്തിക വളര്‍ച്ചയെ ഏറെ പിന്നിലേക്ക് നയിക്കുകയും ചെയ്തു. രാജ്യത്തെ വിലക്കയറ്റം രൂക്ഷമാവുമെന്ന് സൂചനകള്‍ നല്‍കുന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ഇലക്ട്രോണിക് രീതികള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക വിനിമയത്തിന്റെ തോത് ഉയര്‍ന്നെങ്കിലും ചെക്ക് മുഖേനയുള്ള സാമ്പത്തിക കൈമാറ്റങ്ങളില്‍ കാര്യമായ വ്യത്യാസം വരുത്താന്‍ നോട്ട് നിരോധനത്തിന് സാധിച്ചിട്ടില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

click me!