യുക്തി മല കയറുമ്പോള്‍; 'നാല്‍പത്തിയൊന്ന്' റിവ്യൂ

By Web TeamFirst Published Nov 8, 2019, 6:26 PM IST
Highlights

ഒരു സംവിധായകന്‍ എന്ന നിലയില്‍ സാങ്കേതികമായി സ്വയം പുതുക്കാനും വിഷയസ്വീകരണത്തില്‍ സമകാലികമാവാനുമായുള്ള ലാല്‍ജോസിന്റെ ശ്രമമുണ്ട് 'നാല്‍പത്തിയൊന്നി'ല്‍. ആ ശ്രമം രസിപ്പിക്കുന്നതുമാണ്.
 

പേരും പറഞ്ഞുകേട്ട പ്രമേയവും വഴി തീയേറ്ററുകളിലെത്തുന്നതിന് മുന്‍പേ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തിയിരുന്ന ചിത്രമാണ് 'നാല്‍പത്തിയൊന്ന്'. ടീസറിനും ട്രെയ്‌ലറിനുമൊക്കെ മികച്ച പ്രതികരണവും ലഭിച്ചിരുന്നു. വലിയ ശ്രദ്ധ നേടാതെപോയ അവസാനത്തെ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസ് ട്രാക്കിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ള ചിത്രമെന്നായിരുന്നു 'നാല്‍പത്തിയൊന്നി'നെക്കുറിച്ച് സിനിമാപ്രേമികള്‍ക്കിടയിലെ പൊതു വിലയിരുത്തല്‍. രണ്ട് കമ്യൂണിസ്റ്റുകാരുടെ ശബരിമല കയറ്റം പശ്ചാത്തലമാക്കുന്ന സിനിമയെന്ന് റിലീസിന് മുന്‍പേ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീപ്രവേശന കോടതിവിധിക്ക് ശേഷം അവസാനിക്കാത്ത ചര്‍ച്ചകളുടെ പശ്ചാത്തലമായ ശബരിമലയിലേക്ക് രണ്ട് കമ്യൂണിസ്റ്റുകാര്‍ എത്തുമ്പോള്‍ ലാല്‍ജോസിന് എന്താണ് പറയാനുള്ളത്? 'നാല്‍പത്തിയൊന്നി'ന്റെ കാഴ്ചാനുഭവം നോക്കാം.

 

വടക്കന്‍ കേരളത്തിലെ 'ചേക്കുന്ന്' എന്ന ഗ്രാമത്തിലെ പ്രാദേശിക കമ്യൂണിസ്റ്റ് നേതാവാണ് ഉല്ലാസ് (ബിജു മേനോന്‍). ഒരു ട്യൂട്ടോറിയല്‍ കോളെജ് അധ്യാപകന്‍ കൂടിയായ അദ്ദേഹത്തെ പേരിനൊപ്പം 'മാഷ്' എന്നുകൂടി ചേര്‍ത്താണ് നാട്ടുകാര്‍ വിളിക്കുന്നത്. നിലപാടുകളുടെ കാര്യത്തില്‍ അണുകിട വ്യതിചലിക്കാത്ത ആദര്‍ശനിഷ്ഠ സൂക്ഷിക്കുന്ന, തന്റെ വാദങ്ങള്‍ക്ക് ബലം പകരാന്‍ മിക്കപ്പോഴും ലെനിനെ ഉദ്ധരിക്കുന്ന ഉല്ലാസ് യുക്തിവാദത്തെക്കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ഇഎംഎസിനൊപ്പം പെരിയാറിന്‍റെ ചിത്രവും പൂമുഖത്ത് ഭിത്തിയില്‍ തൂക്കിയിരിക്കുന്ന, 'ഈ വീടിന്റെ ഐശ്വര്യം വീട്ടിലുള്ളവര്‍' എന്ന് എഴുതിവച്ചിട്ടുള്ള ആളുമാണ് ഉല്ലാസ്. അത്തരത്തിലുള്ള ഒരാള്‍ക്ക്, മാലയിട്ട് 41 ദിവസത്തെ വ്രതവുമെടുത്ത് ശബരിമലയ്ക്ക് പോകേണ്ടിവരുന്ന സാഹചര്യവും തുടര്‍ സംഭവങ്ങളുമാണ് സിനിമ.

'ലാല്‍ജോസ് ബാക്ക് ഓണ്‍ ട്രാക്ക്' എന്ന് ട്രെയ്‌ലറിന് താഴെ വന്ന കമന്റുകള്‍ യാഥാര്‍ഥ്യമായെന്ന് തോന്നിപ്പിക്കുന്ന തുടക്കമാണ് ചിത്രത്തിന്റേത്. സിനിമ സംഭവിക്കുന്ന സ്ഥലത്തിന് ലാല്‍ജോസ് ചിത്രങ്ങളില്‍ എപ്പോഴും പ്രാധാന്യമുണ്ടാവാറുണ്ട്. നാല്‍പത്തിയൊന്നിലും അതേ ചാരുതയിലാണ് പശ്ചാത്തലം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള ചേക്കുന്ന് എന്ന ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും ഒറ്റക്കാഴ്ചയില്‍ തന്നെ രജിസ്റ്റര്‍ ആവുന്നുണ്ട്. ആള്‍ദൈവങ്ങളുടെ 'അത്ഭുത സിദ്ധികളെ' തുറന്നുകാട്ടുന്ന ഒരു യുക്തിവാദ പരിപാടിയുടെ വേദിയില്‍ നിന്നാണ് ഉല്ലാസ് എന്ന നായകനെ ലാല്‍ജോസ് അവതരിപ്പിക്കുന്നത്. പിന്നാലെ ആ ഗ്രാമവും അവിടുത്തെ മറ്റ് കഥാപാത്രങ്ങളും അവതരിപ്പിക്കപ്പെടുന്നു. ബിജു മേനോന്‍, നിമിഷ സജയന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പം പ്രധാന കഥാപാത്രങ്ങളായൊക്കെ ഒട്ടേറെ പുതുമുഖങ്ങളാണ് എത്തുന്നത്. കാസ്റ്റിംഗിലെ മികവ് കാഴ്ചാനുഭവത്തില്‍ ഒരു പുതുമ സൃഷ്ടിക്കുന്നുണ്ട്.

 

'ഉല്ലാസി'നോളം തന്നെ സിനിമയില്‍ പ്രാധാന്യമുള്ള കഥാപാത്രമായ 'വാവാച്ചി കണ്ണനെ' പുതുമുഖം ശരണ്‍ജിത്ത് ആണ് അവതരിപ്പിച്ചിരിക്കുന്നത്. കൂലിപ്പണിക്കാരനും പാര്‍ട്ടി അനുഭാവിയും നാട്ടുകാര്‍ക്കൊക്കെ ഉപകാരിയുമായൊരു കഥാപാത്രം. അതേസമയം അമിത മദ്യപാനത്തിന്റേതായ ബുദ്ധിമുട്ടുകള്‍ അയാളും കുടുംബവും നേരിടുന്നുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ കണ്ണനുമൊത്ത് ശബരിമലയ്ക്ക് പോകേണ്ടിവരുകയാണ് ഉല്ലാസിന്. നന്നായി എഴുതപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളും മികച്ച കാസ്റ്റിംഗും ഒഴുക്കുള്ള തിരക്കഥയുമൊക്കെയായി ഒട്ടും ബോറടിപ്പിക്കാതെയാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യപകുതി അവസാനിക്കുന്നത് വരെ ലാല്‍ജോസിയന്‍ ശൈലി അനുഭവിപ്പിക്കുന്ന ഗ്രാമാന്തരീക്ഷത്തില്‍, 'ചേക്കുന്നി'ല്‍ തന്നെയാണ് സിനിമ. രണ്ടാംപകുതിയില്‍ ഒരു ട്രാവല്‍ സിനിമയായും രൂപപരിണാമപ്പെടുന്നു 'നാല്‍പത്തിയൊന്ന്'.

ശബരിമല പശ്ചാത്തലമാകുന്ന സിനിമയില്‍ പലരും കരുതിയിരുന്നതുപോലെ വിവാദങ്ങള്‍ക്കൊന്നും സാധ്യതയില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറം വിശ്വാസവും അവിശ്വാസവുമാണ് 'നാല്‍പത്തിയൊന്നി'ന്റെ പ്രമേയപരിസരത്ത് കടന്നുവരുന്നതെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. ശബരിമലയെ അടുത്തകാലത്ത് വാര്‍ത്താകേന്ദ്രമാക്കി നിര്‍ത്തിയ സ്ത്രീ പ്രവേശനമോ അനുബന്ധ ചര്‍ച്ചകളോ ഒന്നും സിനിമയിലേക്ക് കടന്നുവരുന്നില്ല. മറിച്ച് സിനിമയിലെ യുക്തിവാദിയായ നായകന്‍ എത്തുന്ന കേരളത്തിലെ ഏറ്റവും തിരക്കുള്ള തീര്‍ഥാടന കേന്ദ്രം എന്ന നിലയില്‍ മാത്രമാണ് ചിത്രത്തില്‍ ശബരിമലയുടെ പ്രസക്തി.

 

ലാല്‍ജോസിന്റെ പ്രിയ ഛായാഗ്രാഹകന്‍ എസ് കുമാര്‍ അദ്ദേഹത്തിനൊപ്പം വീണ്ടുമെത്തുകയാണ് 'നാല്‍പത്തിയൊന്നി'ലൂടെ. വാം (warm) ടോണുകളില്‍, മനോഹരമായാണ് ചേക്കുന്നിനെ എസ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാംപകുതിയില്‍ ഒരു ട്രാവല്‍ സിനിമയുടെ രൂപത്തിലേക്ക് മാറുമ്പോഴും കാഴ്ചയുടെ തുടര്‍ച്ച കാണിക്ക് നഷ്ടമാകാതെയിരിക്കുന്നതില്‍ ഛായാഗ്രാഹകന് പ്രധാന പങ്കുണ്ട്. കാഴ്ചയ്‌ക്കൊപ്പം, സമാന്തരമായുള്ള ശബ്ദപ്രപഞ്ചവും മികവ് പുലര്‍ത്തുന്നുണ്ട്. സൗണ്ട് ഡിസൈനിംഗില്‍ ലാല്‍ജോസ് ഏറ്റവും ശ്രദ്ധ പുലര്‍ത്തിയ ചിത്രം ഒരുപക്ഷേ ഇതാവും. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജല്ലിക്കട്ടിന് ശേഷം രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗില്‍ തീയേറ്ററുകളിലെത്തിയിരിക്കുന്ന ചിത്രവുമാണ് നാല്‍പത്തിയൊന്ന്. ചേക്കുന്നിലെ ബസ് സ്റ്റോപ്പും ചായക്കടയും പാര്‍ട്ടി ഓഫീസുമൊക്കെ ദൃശ്യത്തിനൊപ്പം മികവുറ്റ സൗണ്ട് ഡിസൈനിംഗിനാല്‍ immersive ആയ അനുഭവം ഉണ്ടാക്കുന്നുണ്ട്.

ഒരു സംവിധായകന്‍ എന്ന നിലയില്‍ സാങ്കേതികമായി സ്വയം പുതുക്കാനും വിഷയസ്വീകരണത്തില്‍ സമകാലികമാവാനുമായുള്ള ലാല്‍ജോസിന്റെ ശ്രമമുണ്ട് 'നാല്‍പത്തിയൊന്നി'ല്‍. ആ ശ്രമം രസിപ്പിക്കുന്നതുമാണ്. 

click me!