Latest Videos

IFFK Review: പെരുമഴയത്ത് നഗ്‌നനൃത്തം ചെയ്യുന്ന ഒരുവള്‍ക്ക് എല്ലായ്‌പ്പോഴും നാം കരുതുന്ന അര്‍ത്ഥമല്ല!

By KP RasheedFirst Published Dec 13, 2023, 7:46 PM IST
Highlights

ഐ എഫ് എഫ് കെയില്‍ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അര്‍ജന്റീനന്‍ ചിത്രമായ സതേണ്‍ സ്‌റ്റോമിനെറ കാഴ്ചാനുഭവം. കെ. പി റഷീദ് എഴുതുന്നു
 

യുക്തിഭദ്രമായി കൊണ്ടുനടക്കുന്ന സിനിമാക്കഥയ്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച ഫാന്റസിയുടെയും ഉന്‍മാദത്തിന്റെയും കുഴിബോംബുകളാണ്, ഈ സിനിമയെ മിസ്റ്ററി & ത്രില്ലര്‍, ഡ്രാമ, അഡാപ്‌റ്റേഷന്‍ ജനുസ്സുകളുടെ സുനിശ്ചിത ചതുരങ്ങള്‍ക്കിടയില്‍നിന്ന് അനിശ്ചിതമായ ദൃശ്യോന്‍മാദത്തിലേക്ക് പറിച്ചുനടുന്നത്.

ഒരു സ്വകാര്യ ഡിറ്റക്ടീവിന്റെയും ഒളിഞ്ഞുനോട്ടക്കാരന്റെയും നോട്ടങ്ങള്‍ (Gaze) പുറമേ നാം കരുതുന്നതു പോലെ വിരുദ്ധധ്രുവങ്ങളിലല്ല പാര്‍ക്കുന്നത്. ഇരുവരുടെയും കണ്ണുകള്‍ പരതിനടക്കുന്നത് ഇതര മനുഷ്യരുടെ സ്വകാര്യതയിലാണ്. അപരര്‍ ഗോപ്യമായി കൊണ്ടുനടക്കുന്ന രഹസ്യങ്ങളിലാണ് അവരുടെ തുറുകണ്ണ്. ഗൂഢമായ അപരപാതകളിലാണ് അവരുടെ അദൃശ്യസഞ്ചാരം. രഹസ്യങ്ങള്‍ പിറന്നുവീഴുന്ന ഉറവകളില്‍ ചൂണ്ടയിട്ട് കണ്ടെത്തുന്ന സൂചനകളും ചിഹ്‌നങ്ങളും നിര്‍ധാരണം ചെയ്യുകയാണ് അവരുടെ കര്‍മ്മം. മുദ്രവെച്ച് അടക്കം ചെയ്യപ്പെട്ട ജീവിതഖനികളുടെ ഞരമ്പുകളിലേക്ക് നിതാന്തമൗനികളായി നൂണുകടക്കുകയാണ് അവരുടെ രീതി. 

എന്നാല്‍, സാമാന്യവല്‍കരണത്തിന്റെ ഇത്തരം തീവണ്ടിപ്പാളങ്ങളില്‍ ചുമ്മാ ചെന്ന് തലവെച്ചു കൊടുക്കാന്‍ മാത്രം ഊളകളല്ല ഡിറ്റക്ടീവുകളും ഒളിഞ്ഞുനോട്ടക്കാരും. കേവല യുക്തികളുടെ വേരുകളില്‍ വളമിട്ട് നാം പോറ്റിവളര്‍ത്തുന്ന നിഗമനങ്ങളെയും പൊതുനിരീക്ഷണങ്ങളെയും അവര്‍ സദാ ആട്ടിയോടിക്കുന്നു.  ഉടലുകളുടെ വിഭവസമൃദ്ധിയിലേക്ക് ഒളികണ്ണയക്കുന്ന ഞരമ്പുരോഗിയും താനും ഒരുപോലല്ല എന്ന് ഏത് സ്വകാര്യ ഡിറ്റക്ടീവും ആണയിടുന്നു. നാലുകാശിന് രഹസ്യങ്ങള്‍ കുത്തിപ്പൊക്കുന്ന പീറയല്ല കുളിമുറിപ്പഴുതുകളില്‍ കണ്ണുനട്ട് ഗൂഢസ്ഥലികള്‍ കണ്ടെത്തുന്ന തങ്ങളുടെ ധീരസാഹസികതയെന്ന് എല്ലാ ഒളിനോട്ടക്കാരും സാക്ഷ്യപ്പെടുത്തുന്നു.  

തന്നെ തേടിയെത്തുന്ന ഒരിടപാടുകാരനിലാണ് സ്വകാര്യ ഡിറ്റക്ടീവിന്റെ നിലനില്‍പ്പ്. മൂടിവെക്കപ്പെട്ട ഒരു രഹസ്യം തന്നെയാവും കണ്ടെത്താനുള്ള ആ ലക്ഷ്യം. അതിലേക്കുള്ള അപകടകരമായ പ്രയാണപഥങ്ങളില്‍ അയാളെ ഉറപ്പിച്ചുനിര്‍ത്തുന്നത് അതിനു കിട്ടാവുന്ന പ്രതിഫലമോ പ്രൊഫഷണല്‍ അംഗീകാരവുമാകാം. ഒരു വാടകക്കൊലയാളിയില്‍നിന്നും അയാളെ വ്യത്യസ്തനാക്കി നിര്‍ത്തുന്നത്, ഒരു ഫിക്ഷനെഴുത്തുകാരനെപ്പോലെ, കിട്ടിയ സൂചനകളില്‍നിന്നും കഥയുണ്ടാക്കാനും ക്ലയന്റ് വെച്ചുനീട്ടുന്ന സൂചനകളില്‍ അവയെ വിളക്കിച്ചേര്‍ത്ത് ചേരുംപടി ചേര്‍ക്കാനുമുള്ള മികവാണ്. 

എന്നാല്‍ ക്ലയന്റിന്റെ താല്‍പ്പര്യങ്ങളോ അയാള്‍ വാഗ്ദാനം ചെയ്യുന്ന തുകയോ അല്ല ഒരൊളിനോട്ടക്കാരന്റെ ലക്ഷ്യവും മാര്‍ഗവും. തന്നില്‍തന്നെ തിളച്ചുമറിയുന്ന കാമനകളുടെ ഉടയോനും കാവല്‍ക്കാരനുമാണ് അയാള്‍. പെണ്ണുടലുകള്‍ നിശ്ശബ്ദമായി വിളംബരം ചെയ്യുന്നുവെന്ന് താന്‍ കരുതുന്ന ഫാന്റസികളാണ് അയാളെ ഉത്തേജിപ്പിക്കുന്നത്. ഏത് നിമിഷവും പിടിക്കപ്പെടാവുന്ന ഒരു കളവുമുതലാണ് അയാള്‍ സ്വന്തം ജീവിതലക്ഷ്യമായി കൊണ്ടുനടക്കുന്ന ആ ഉദ്വേഗം. വസ്ത്രങ്ങളാല്‍ മൂടിവെക്കപ്പെട്ട ശരീരരഹസ്യങ്ങളും സംസ്‌കാരസമ്പന്നതയുടെ മൂടുപടത്തിനുള്ളില്‍ മറച്ചുവെക്കുന്നുവെന്ന് സ്വയം വിശ്വസിക്കുന്ന പെണ്‍വൈകാരികതയുടെ തീച്ചൂളയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും അയാളെ വഴിനടത്തുന്നു. ഒരൊറ്റ ഇമചിമ്മലില്‍ കണ്ണില്‍ നിറയുന്ന ഉടലനക്കങ്ങളും വികാരസമൃദ്ധിയും അതു തുറന്നിടുന്ന ലൈംഗികഫാന്റസികളുമാണ് അയാളെ ജീവിപ്പിക്കുന്നത് പോലും. 

 

 

ഒരു ഡിറ്റക്ടീവിന്റെ ഒളിനോട്ടങ്ങള്‍

അങ്ങനെയുള്ള ഒരു ഡിറ്റക്ടീവ്, അങ്ങനെയുള്ള ഒരൊളിഞ്ഞുനോട്ടക്കാരനായും പരിണമിക്കുന്ന കാറ്റനക്കങ്ങളിലൂടെയാണ് അര്‍ജന്റീനന്‍ സിനിമയായ സതേണ്‍ സ്‌റ്റോം (La sudestada -2023) മുന്നോട്ടായുന്നത്. അര്‍ജന്റീനന്‍ ഫിലിം മേക്കര്‍മാരായ ദാനിയല്‍ കസെയ്ബ്, എദ്ഗാര്‍ദോ ദീലെകേ (Daniel Casabe and Edgardo Dieleke) എന്നിവരാണ് രചനയും സംവിധാനവും. ഇരുവരും ഒത്തുചേര്‍ന്ന് ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ഴുവാന്‍ സെന്‍സ് വാലിയന്റെയുടെ (Juan Saenz Valiente) ഇതേ പേരുള്ള ്രഗാഫിക് നോവലാണ് സ്പാനിഷ് അര്‍ജന്‍ൈറന്‍ ഭാഷയിലുള്ള സിനിമയായി രൂപം മാറിയത്. 

നോവലും സിനിമയും കറങ്ങുന്നത്, നാമാദ്യം മുതലേ പരാമര്‍ശിക്കുന്ന ഒരു സ്വകാര്യ ഡിറ്റക്ടീവിന്റെ ജീവിതത്തിലൂടെയാണ്. പേര് ഴോര്‍ഹെ വിലെഫന്‍സ് (Jorge “El Sabueso” Villafañez). വാര്‍ധക്യത്തെ അതിജയിക്കുന്ന ചുറുചുറുക്കും ബുദ്ധിസാമര്‍ത്ഥ്യവും കായബലവുമുള്ള അല്‍പ്പം പ്രായംചെന്ന ഒരാള്‍. ഒറ്റനോട്ടത്തില്‍ സുന്ദരന്‍. പക്ഷേ, ഭാര്യയോ കാമുകിയോ മക്കളോ ഇല്ല, പ്രണയജീവിതമോ ശാരീരികസാഹസികതകളോ പേരിനുപോലുമില്ല. ഒറ്റയ്ക്കു ജീവിക്കുകയും തന്നെപ്പോലുള്ള നാലഞ്ച് ആണ്‍കൂട്ടുകാര്‍ക്കിടയില്‍ തന്നെത്തന്നെ ഉല്ലാസഭരിതനായി നിലനിര്‍ത്തുകയും ചെയ്യുന്ന ഒരാള്‍. പത്തു നാല്‍പ്പതുവര്‍ഷമായി സ്വകാര്യ ഡിറ്റക്ടീവായി ജോലി ചെയ്യുന്നതിന്റെ അനായാസതയും കൂര്‍മ്മബുദ്ധിയും നര്‍മബോധവും അയാളുടെ ശരീരഭാഷയിലുണ്ട്. നൂറു കണക്കിന് ഇടപാടുകാര്‍ ഇതുവരെ അയാളിലേക്ക് എത്തിയിട്ടുണ്ട്. മിക്കവാറും എല്ലാവരുടെയും ആവശ്യങ്ങള്‍ ഒന്നായിരുന്നു- രഹസ്യമറിയുക! പങ്കാളികളുടെ പ്രണയരഹസ്യങ്ങള്‍, വ്യാപാര രഹസ്യങ്ങള്‍, സ്വത്തുതര്‍ക്കങ്ങളും കേസ് നടപടികളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍! കണ്ടെടുക്കപ്പെട്ട രഹസ്യങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കുക, കാശു വാങ്ങി സ്ഥലം കാലിയാക്കുക. ഇതാണ് അയാളുടെ പ്രൊഫഷണല്‍ രീതി. 

അതിസാധാരണമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയ അത്തരം ഒരിടപാടാണ് അയാളുടെ ജീവിതം കാറ്റുകയറിയ വന്‍മരം പോലെയാക്കിയത്. വിവാഹമോചനത്തിനു മുമ്പേ ഭാര്യയുടെ രഹസ്യങ്ങള്‍ അറിയാന്‍ ഉത്‌സുകനായ സംശയരോഗിയായ ഒരു ബിസിനസുകാരനായിരുന്നു ആ ക്ലയന്റ്. ഭാര്യയുടെ രഹസ്യപ്രണയം, ലൈംഗിക സാഹസങ്ങള്‍-ഇവയായിരുന്നു അയാള്‍ക്കറിയേണ്ടിയിരുന്നത്. ബാലേ നര്‍ത്തകിയില്‍നിന്നും പരീക്ഷണാത്മകമായ നൃത്തങ്ങളില്‍ കുരുങ്ങിപ്പോയ ലോകപ്രശസ്തയായ ഒരു കൊറിയോഗ്രാഫര്‍ ആയിരുന്നു അയാളുടെ പങ്കാളി എലിവിറ ഷൂള്‍സ്. മധ്യവയസ്സ് പിന്നിട്ടുവെങ്കിലും സുന്ദരി, മിടുക്കി, ബുദ്ധിമതി. 

ബ്യൂണസ് അയേഴ്‌സിലെ പ്രാന്തപ്രദേശങ്ങളിലൊന്നിലെ, ഡിറ്റക്ടീവ് ഴോര്‍ഹെയുടെ അപ്പാര്‍ട്ട്‌മെന്റിലെ ജാലകപ്പഴുതിലൂടെ മുന്നോട്ടേക്കായുന്ന ഒരു ട്രാക്കിംഗ് ഷോട്ടിലാണ് സിനിമയുടെ തുടക്കം. ആ കാഴ്ച തീരുന്നത്, ഇരുള്‍ രാത്രിയില്‍ നീലയും ചോപ്പും നിറങ്ങള്‍ വിതയ്ക്കുന്ന നഗരദുരൂഹതയുടെ ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്കാണ്. തൊട്ടുപിന്നാലെ, ബ്യൂണസ് അയേഴ്‌സിന്റെ നഗരജീവിതത്തിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളെ കാലങ്ങളായി നിര്‍ണയിക്കുന്ന തെക്കന്‍ കൊടുങ്കാറ്റ് (Southern Storm) വിതച്ച പ്രവചനാതീതമായ പ്രളയത്തിന്റെ ബ്ലാക്ക് ആന്റ് െവെറ്റ് റിയല്‍ ഫൂട്ടേജുകള്‍ വരുന്നു. അതും കഴിഞ്ഞാണ്, തൊട്ടുമുന്നിലെ നര്‍ത്തകിയുടെ ജീവിതദുരൂഹതയിലേക്ക് കണ്ണും നട്ട്, അനുധാവനം ചെയ്യുന്ന നമ്മുടെ ഡിറ്റക്ടീവിലേക്കുള്ള ക്യാമറയുടെ സഞ്ചാരം തുടങ്ങുന്നത്.  ആ നടത്തങ്ങക്കിടയിലാണ്, ഡിറ്റക്ടീവ് എന്ന നിലയില്‍നിന്ന് കഥാനായകന്‍ ഒരൊളിഞ്ഞുനോട്ടക്കാരന്റെ ത്രസിപ്പിക്കുന്ന നെഞ്ചിടിപ്പുകളിലേക്ക് സ്വയം വിവര്‍ത്തനം ചെയ്യുന്നത്. 


IFFK Review : മറ്റൊരു ജെയ്‍ലാന്‍ മാജിക്; 'എബൗട്ട് ഡ്രൈ ഗ്രാസസ്' റിവ്യൂ

 

ആ നിമിഷത്തില്‍ കഥ മാറുന്നു...

ഡിറ്റക്ടീവിന്റെ പൊതുബോധത്തെയും മുന്‍വിധികളെയും കാറ്റിലേക്ക് പറത്തുന്നു, നര്‍ത്തകിയായ എലിവിറ ഷൂള്‍സ്. പ്രക്ഷുബ്ധമായ ഒരു കുടുംബ ജീവിതത്തിനൊടുവില്‍ വിവാഹമോചനത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴും അങ്ങേയറ്റം ഒറ്റയ്ക്കായിരുന്നു അവര്‍. തെക്കന്‍ കാറ്റിനെ ഉടലനക്കങ്ങളിലേക്ക് ആവാഹിക്കുന്ന അസാധാരണമായ ഒരു കൊറിയോഗ്രാഫി പരീക്ഷണത്തിന്റെ വിചിത്രമായ റിഹേഴ്‌സല്‍ നേരങ്ങള്‍, മൃഗശാലയിലെ പെലിക്കനുകളെ നോക്കിയുള്ള വിഷാദഭരിതമായ ദീര്‍ഘനിശ്വാസങ്ങള്‍, ബ്യൂണസ് അയേഴ്‌സിന്റെ ഡെല്‍റ്റ മേഖലയിലെ കായല്‍ സഞ്ചാരങ്ങള്‍ക്കിടയില്‍ ചെന്നെത്തുന്ന ഇരുണ്ട വന്‍മരങ്ങള്‍ക്കിടയിലെ വെളുത്ത വിശാലമായ വീട്ടിലെ നൃത്ത-വിശ്രമവേളകള്‍. അങ്ങനെ എഴുതിവെക്കപ്പെട്ട ഒരു ടൈംടേബിളായിരുന്നു അവരുടെ വിരസജീവിതമെന്ന് പിറകേനടത്തങ്ങള്‍ക്കിടയില്‍ നമ്മുടെ ഡിറ്റക്ടീവ് മനസ്സിലാക്കുന്നു. ആ ജീവിതത്തില്‍ ഒരു കാമുകനോ ലൈംഗിക സാഹസികതകളോ മധ്യവയസ്സിന്റെ ഉടല്‍കാമനകളോ ഇല്ലെന്ന തിരിച്ചറിവ് അയാളെ നിരാശനാക്കുന്നുണ്ട്. എലിവിറയ്ക്കു പിന്നാലെയുള്ള യാത്രയ്ക്കിടെ, പമ്മിപ്പമ്മി കായലോരത്തെ ഇരുള്‍മരങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന്, തന്റെ ടാര്‍ഗറ്റിനെ ഒളിഞ്ഞു നോക്കുന്ന അയാള്‍ക്കു മുന്നില്‍, തെക്കന്‍ കാറ്റുവിതച്ച പെരുമഴയത്ത് പൂര്‍ണ്ണനഗ്‌നയായി നൃത്തപരീക്ഷണത്തില്‍ മുഴുകിയ എലിവിറ പ്രത്യക്ഷപ്പെടുന്നു. ആ നൃത്തത്തില്‍, പെണ്ണുടല്‍ക്കാഴ്ചയുടെ ഒളിനോട്ട സാഹഫല്യത്തില്‍ നിറഞ്ഞുകവിഞ്ഞുനില്‍ക്കുന്ന അയാള്‍ക്കു മുന്നില്‍, ഒരു മരക്കമ്പ് പൊട്ടിവീണ് അവള്‍ നിലം പതിക്കുന്നു. 

ആ നിമിഷത്തില്‍ കഥ മാറുന്നു. നഗ്‌നയായ അവളെ തന്റെ മഴക്കോട്ടണിയിച്ച് അയാള്‍ വിജനമായ ആ വീട്ടകത്തെത്തിക്കുന്നു. ഭക്ഷണവും മരുന്നും നല്‍കുന്നു. ആരുമില്ലാത്ത ഒരിടത്ത് തീരുമായിരുന്ന തന്റെ ജീവിതത്തെ രക്ഷപ്പെടുത്തിയ അജ്ഞാതനാരെന്ന അവളുടെ ചോദ്യത്തിന് 'ഡിറ്റക്ടീവ്' എന്നയാള്‍ മറുപടി പറയുമ്പോള്‍, എത്ര വൃത്തികെട്ട ജോലിയാണീ ഒളിഞ്ഞുനോട്ടമെന്ന് അവള്‍ പുച്ഛച്ചിരിയെറിയുന്നു. ആ നിമിഷത്തില്‍, അയാളുടെ കെട്ടിനില്‍ക്കുന്ന തടാകംപോലുള്ള വിരസ ജീവിതം തെക്കന്‍കാറ്റിലെന്നോണം കലങ്ങി മറിയുന്നു. അതവളോടുള്ള പ്രണയമാണെന്നും അയാള്‍ തന്നെയാണ്, താന്‍ ഇത്രനാളും തിരഞ്ഞുനടന്ന കാമുകനെന്നുമൊക്കെ കാണികളും അയാളും തിരിച്ചറിയുന്നു. കൊടുങ്കാറ്റടിച്ച തന്റെ ജീവിതത്തെ അവള്‍ക്കൊപ്പം മുറുക്കിപ്പിടിക്കാനുള്ള അയാളുടെ തൃഷ്ണകള്‍ക്കിടയിലേക്ക് സംശയാലുവായ അവളുടെ ഭര്‍ത്താവ് കൂടി കടന്നു വരുമ്പോള്‍, പ്രതീക്ഷിക്കപ്പെട്ട ഒരന്ത്യം നമ്മളീ സിനിമയ്ക്ക് കല്‍പ്പിച്ചു നല്‍കുന്നു. 


IFFK Review| പ്രത്യാശ ഒരു നുണ! 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്'

 

പ്രവചിക്കപ്പെട്ട കഥയിലെ അട്ടിമറി

ആ നിമിഷം, നമ്മളെ വഞ്ചിച്ചുകൊണ്ട്, സിനിമ അതിന്റെ അയുക്തികരമായ ഫാന്റസി സാധ്യതകള്‍ക്കുള്ളില്‍ നമ്മളെ കുരുക്കിയിടുന്നു. കഥ അതിന്റെ വഴിക്കു പോവുകയും സിനിമയുടെ ഭാവി നമുക്ക് വിട്ടുതരികയും ചെയ്ത് സംവിധായകര്‍ സ്ഥലം വിടുകയും ചെയ്യുമ്പോള്‍, കാണിയുടെ ജീവിതത്തില്‍ തെക്കന്‍കാറ്റെന്ന നൃത്തശില്‍പ്പം അതിന്റെ ഉന്‍മാദജീവിതം ജീവിച്ചുതുടങ്ങുന്നു. 

യുക്തിഭദ്രമായി കൊണ്ടുനടക്കുന്ന സിനിമാക്കഥയ്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച ഫാന്റസിയുടെയും ഉന്‍മാദത്തിന്റെയും കുഴിബോംബുകളാണ്, ഈ സിനിമയെ മിസ്റ്ററി & ത്രില്ലര്‍, ഡ്രാമ, അഡാപ്‌റ്റേഷന്‍ ജനുസ്സുകളുടെ സുനിശ്ചിത ചതുരങ്ങള്‍ക്കിടയില്‍നിന്ന് അനിശ്ചിതമായ ദൃശ്യോന്‍മാദത്തിലേക്ക് പറിച്ചുനടുന്നത്. സിനിമാപ്പേരിലൊളിഞ്ഞിരിക്കുന്ന തെക്കന്‍ കാറ്റിന്റെ നട്ടപ്രാന്തുകള്‍, സര്‍റിയല്‍ സ്വപ്നങ്ങള്‍ കൊണ്ട് പൂരിപ്പിക്കപ്പെട്ട കഥാനായകന്റെ നിദ്രാടനങ്ങള്‍, മൂന്നാണുങ്ങളുടെയും ഒരു പെണ്ണിന്റെയും നടനശരീരങ്ങളിലേക്ക് തെക്കന്‍കാറ്റിന്റെ അയുക്തിക വിധ്വംസകതയെ കൊത്തിവെയ്ക്കുന്ന കൊറിയോഗ്രാഫി പരീക്ഷണം എന്നിങ്ങനെ സമാന്തരമായി പായുന്ന മൂന്ന് ദൃശ്യരേഖകളിലൂടെയാണ് റിയലിസത്തിന്റെ കുപ്പായമിട്ടു എന്നു തോന്നിക്കുന്ന സിനിമയെ ഫാന്റസിയുടെ തലങ്ങളിലേക്ക് പുനര്‍വിന്യസിക്കുന്നത്. മെലോ്രഡാമയിലേക്കാ രേഖീയമായ ആഖ്യാന വിളുമ്പുകളിലേക്കോ വീണുപോയക്കാമായിരുന്ന സിനിമയെ സര്‍റിയലിസ്റ്റ് അന്ത്യത്തിലേക്ക് എത്തിക്കുന്നതില്‍ സദാ നൃത്തം ചെയ്യുന്ന ഒരു ക്യാമറയുടെ റോള്‍ ഒട്ടും ചെറുതല്ല. അതുപോലെ, മനുഷ്യരെയും സംഭവങ്ങളെയും പ്രകൃതിയെയും സിനിമാ ചരടില്‍ കോര്‍ത്തിടാന്‍ സഹായിക്കുന്ന പശ്ചാത്തല സംഗീതവും ഈ സിനിമയെ പ്രവചിക്കപ്പെട്ട വഴിയില്‍നിന്നും കരകയറ്റുന്നു. 

 

click me!