ഇന്ത്യയിൽ തന്നെ ലിഥിയം അയൺ ബാറ്ററികൾ നിർമിക്കുക മുഖ്യലക്ഷ്യം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

By Web TeamFirst Published Aug 7, 2020, 2:03 PM IST
Highlights

"അസംസ്കൃത വസ്തുക്കൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, സോഡിയം അയോൺ സാങ്കേതികവിദ്യയെക്കുറിച്ചും ഗവേഷണം നടന്നുവരുകയാണ്," അദ്ദേഹം പറഞ്ഞു.
 

ദില്ലി: ഇലക്ട്രിക് വാഹനങ്ങളിലെ (ഇവി) പ്രധാന ഘടകങ്ങളിലൊന്നായ ലിഥിയം അയൺ ബാറ്ററികളുടെ ഇറക്കുമതി കുറയ്ക്കേണ്ടതുണ്ടെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ ചുമതലയുളള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. "നിർമാണ ഘടകങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ ലിഥിയം അയൺ ബാറ്ററികൾ നിർമിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന,” ഇ-മൊബിലിറ്റി കോൺക്ലേവിൽ ഗഡ്കരി പറഞ്ഞു.

"രണ്ട് സ്വകാര്യ കമ്പനികൾക്ക് ലിഥിയം അയോൺ ഖനികൾ നൽകി. അസംസ്കൃത വസ്തുക്കൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, സോഡിയം അയോൺ സാങ്കേതികവിദ്യയെക്കുറിച്ചും ഗവേഷണം നടന്നുവരുകയാണ്," അദ്ദേഹം പറഞ്ഞു.

ഇവികൾ, ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയ്‍ക്കായി റീചാർജ് ചെയ്യാവുന്ന ബാറ്ററികളുടെ നിർമാണ ബ്ലോക്കുകളാണ് ലിഥിയം സെല്ലുകൾ. നിലവിൽ, ബാറ്ററിക്ക് ആവശ്യമായ ലോഹം ഇന്ത്യയിൽ ലഭ്യമായിട്ടും, ഇന്ത്യ ഈ സെല്ലുകളുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുകയാണ്. ചെലവ് കുറയ്ക്കുന്നതിനായി ധനകാര്യ മന്ത്രാലയം കഴിഞ്ഞ വർഷം ലിഥിയം അയൺ സെല്ലുകളിൽ കസ്റ്റംസ് തീരുവ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തിൽ ലിഥിയം അയൺ സെൽ നിർമ്മാണത്തിൽ ചൈന ആധിപത്യം പുലർത്തുന്നു, യുഎസ്, തായ്ലൻഡ്, ജർമ്മനി, സ്വീഡൻ, ദക്ഷിണ കൊറിയ എന്നിവയാണ് തൊട്ടുപിന്നിൽ.

"പെട്രോൾ, ഡീസൽ വാഹനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് വാഹനം സാമ്പത്തികമായി ലാഭകരമാണ്,” അദ്ദേഹം പറഞ്ഞു. 


 

click me!