പുറത്തുള്ളവരുമായോ, സ്വന്തം വീട്ടുകാരുമായോ ഇടപഴകില്ല; അവർ അടച്ചിരിക്കും, ധനമന്ത്രിയുടെ അവസാന വാക്ക് വരെ

By Web TeamFirst Published Jan 11, 2024, 5:07 PM IST
Highlights

എല്ലാ വര്‍ഷവും ലോക്ക് ഇന്‍ ആകുന്ന ചിലരുണ്ട്. മറ്റാരുമല്ല കേന്ദ്ര ബജറ്റ് തയാറാക്കുന്നതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ്

കോവിഡ് സമയത്ത് ലോക്ക്ഡൗണിലൂടെ കടന്നുപോയവരാണ് നമ്മള്‍. എന്നാല്‍ എല്ലാ വര്‍ഷവും സമാനമായ രീതീയില്‍ ലോക്ക് ഇന്‍ ആകുന്ന ചിലരുണ്ട്. മറ്റാരുമല്ല കേന്ദ്ര ബജറ്റ് തയാറാക്കുന്നതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് മറ്റുള്ളവരുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാതെ കഴിയുന്നത്. കേന്ദ്ര ബജറ്റ് പാര്‍ലമെന്‍റില്‍ ധനമന്ത്രി അവതരിപ്പിച്ച് കഴിയുന്നത് വരെ ഇവരെല്ലാവരും സെന്‍ട്രല്‍ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലായിരിക്കും കഴിയുക.

ബജറ്റ് തയാറാക്കുന്നതിന് ധനമന്ത്രിയെ സഹായിക്കുന്നവരെല്ലാവരും പുറത്തുള്ളവരുമായോ, സ്വന്തം വീട്ടുകാരുമായോ ഇടപഴകുന്നതില്‍ നിന്ന് മാറിനില്‍ക്കുന്നു. നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലെ ബജറ്റ് പ്രസിലായിരിക്കും ഇവര്‍ തങ്ങുക.

ലോക്ക് ഇന്‍ എന്തിന്

ഒരു രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് നിര്‍ണായകമായ നടപടിക്രമമാണ് ബജറ്റ് അവതരിപ്പിക്കല്‍. അതിലെ ഓരോ പ്രഖ്യാപനങ്ങളും അതീവ പ്രാധാന്യമുള്ളതാണ്. ഓഹരി വിപണിയിലും മറ്റ് ഒട്ടേറെ മേഖലകളിലും കേന്ദ്ര ബജറ്റ് പ്രത്യാഘാതം ഉണ്ടാക്കുന്നത് കൊണ്ടുതന്നെ ബജറ്റിലെ വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കേണ്ടതുണ്ട്. ഇങ്ങനെ ബജറ്റ് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ 1950 മുതലാണ് ലോക്ക് ഇന്‍ തുടങ്ങിയത്. അന്ന്  ധനമന്ത്രിയായിരുന്ന ജോണ്‍ മത്തായി ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പു തന്നെ വിവരങ്ങള്‍ ചോര്‍ന്നു. അങ്ങനെയാണ് ലോക്ക് ഇന്‍ സമ്പ്രദായം ആരംഭിക്കുന്നത്. 1980 മുതല്‍ 2020 വരെ നോര്‍ത്ത് ബ്ലോക്കിലെ ബേസ്മെന്‍റിലുള്ള പ്രിന്‍റിംഗ് പ്രസിലാണ് ബജറ്റ് പ്രിന്‍റ് ചെയ്തിരുന്നത്. ബജറ്റ് അവതരണം ഡിജിറ്റലായതോടെ അത്യാവശ്യം ഉള്ള രേഖകള്‍ മാത്രമാണ് ഇവിടെ പ്രിന്‍റ് ചെയ്യുന്നത്. ബാക്കിയെല്ലാം ഡിജിറ്റല്‍ ആയാണ് അവതരിപ്പിക്കുന്നത്. ബജറ്റ് പ്രിന്‍റ് ചെയ്യുന്ന കാലത്ത് ലോക്ക് ഇന്‍ രണ്ടാഴ്ച വരെയായിരുന്നു. ഡിജിറ്റലായതോടെ ഇത് അഞ്ച് ദിവസമായി കുറഞ്ഞു.

click me!