മുദ്രാ ലോണുകള്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായി സര്‍വേ റിപ്പോര്‍ട്ട്, സംരംഭ സൃഷ്ടി സര്‍ക്കാര്‍ പറഞ്ഞതിലും താഴെ

By Web TeamFirst Published Nov 8, 2019, 10:40 AM IST
Highlights

സ്വയം തൊഴില്‍ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2015 ഏപ്രിലിലാണ് പിഎംഎംവൈ 10 ലക്ഷം  രൂപ വരെ ഈടില്ലാതെ നല്‍കുന്ന പദ്ധതി നിലവില്‍ വന്നത്. ഇത് വഴി 11.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായാണ് കണക്ക്. ഇതില്‍ത്തന്നെ 55 ശതമാനം മുദ്രാ ലോണ്‍ പ്രയോജനപ്പെടുത്തി തുടങ്ങിയ സ്വയംതൊഴില്‍ സംരംഭമാണെന്നും സര്‍വേയില്‍ പറയുന്നു.

ദില്ലി: മുദ്രാ ലോണുകള്‍ വഴി തൊഴിലവസരങ്ങള്‍ കൂടിയതായി സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക സര്‍വേ റിപ്പോര്‍ട്ട്. പ്രധാന്‍ മന്ത്രി മുദ്രാ യോജന
(പിഎംഎംവൈ) വഴി 28 ശതമാനം തൊഴിലവസരങ്ങള്‍ കൂടിയതായാണ് റിപ്പോര്‍ട്ട്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ ബ്യൂറോയാണ് സര്‍വേ നടത്തിയത്. പിഎംഎംവൈ നിലവില്‍ വരുന്നതിന് മുമ്പ് 39.3 ദശലക്ഷം പേരാണ് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, പദ്ധതി പ്രയോജനപ്പെടുത്തിയത് വഴി ഇത് 50.4 ദശലക്ഷമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

സ്വയം തൊഴില്‍ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2015 ഏപ്രിലിലാണ് പിഎംഎംവൈ 10 ലക്ഷം  രൂപ വരെ ഈടില്ലാതെ നല്‍കുന്ന പദ്ധതി നിലവില്‍ വന്നത്. ഇത് വഴി 11.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായാണ് കണക്ക്. ഇതില്‍ത്തന്നെ 55 ശതമാനം മുദ്രാ ലോണ്‍ പ്രയോജനപ്പെടുത്തി തുടങ്ങിയ സ്വയംതൊഴില്‍ സംരംഭമാണെന്നും സര്‍വേയില്‍ പറയുന്നു. മുദ്രാ വായ്പകള്‍ 5.1 ദശലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ചെങ്കിലും ഇത് സര്‍ക്കാര്‍ അവകാശപ്പെട്ടതിലും ഏറെ താഴെയാണ്. 42.5 ദശലക്ഷം തൊഴിലവസരങ്ങള്‍ പിഎംഎംവൈ പദ്ധതി വഴിയുണ്ടാകുമെന്നാണ് ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചത്. സര്‍വേ ഫലം പ്രതീക്ഷിച്ചതിലും താഴ്ന്ന
നിലയില്‍ ആയിരുന്നതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നിതിന് മുമ്പ് പരസ്യപ്പെടുത്താനിരുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടാതെ
സര്‍ക്കാര്‍ തടഞ്ഞുവെച്ചതായും ആരോപണമുണ്ട്. പുന:പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ഫലങ്ങള്‍ പുറത്തുവിടുന്നത്.

മുദ്രാ വായ്പയുടെ ഗുണഭോക്താക്കളില്‍ അഞ്ചിലൊന്ന് പേര്‍ (20.6%) മാത്രമാണ് തുക പുതിയ സംരംഭം തുടങ്ങുന്നതിന് വിനിയോഗിച്ചത്. ബാക്കിയുള്ളവര്‍ നിലവിലുള്ള സംരംഭം വിപുലപ്പെടുത്താനാണ് തുക ഉപയോഗിച്ചത്. 89 ശതമാനം ഗുണഭോക്താക്കളും തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനോ പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിനോ മുദ്ര വായ്പകള്‍ പര്യാപ്തമാണെന്ന് കണ്ടെത്തി. ബാക്കി 11 ശതമാനമാകട്ടെ മറ്റ് വഴികള്‍ കണ്ടെത്തി. മുദ്രാ വായ്പകള്‍ പോരാ എന്ന് കണ്ടെത്തിയ ആളുകളില്‍ ഭൂരിഭാഗവും ബന്ധുക്കളില്‍ നിന്നും മറ്റും അധിക വായ്പയെടുത്തതായും സര്‍വേയില്‍ പറയുന്നു.

തൊഴില്‍ ഉപദേഷ്ടാവ് ബി.എന്‍ നന്ദയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പിഎംഎംവൈക്ക് കീഴിലുള്ള എല്ലാ കാര്‍ഷികേതര സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും തൊഴിലവസരങ്ങളെയും കുറിച്ച് സര്‍വേ നടത്തിയത്. തൊഴില്‍ മന്ത്രി അംഗീകരിച്ച റിപ്പോര്‍ട്ട് അടുത്തുതന്നെ പരസ്യപ്പെടുത്തും. 2018 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 94,000 ഗുണഭോക്താക്കളിലാണ് സര്‍വ്വേ നടത്തിയത്.

 

click me!