ന്യൂയോര്‍ക്കില്‍ നിന്ന് ആ നിര്‍ദ്ദേശം എത്തി, ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പെപ്സികോ പിന്‍വലിക്കും

By Web TeamFirst Published May 3, 2019, 2:31 PM IST
Highlights

ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ലെയ്സ് നിര്‍മാണത്തിനുപയോഗിക്കുന്ന എഫ്എല്‍ 2027 (എഫ്‍സി 5) വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് തങ്ങളുടെ സ്വന്തമാണെന്നും, അത് കൃഷി ചെയ്യാനും വിതരണത്തിനും ഉപയോഗിക്കാനും തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്നും വാദമുന്നയിച്ചാണ് പെപ്സികോ കോടതിക്ക് മുന്നിലെത്തിയത്. 2001 ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് (പിപിവി & എഫ്ആര്‍) ആക്ട് പ്രകാരം പ്രസ്തുത ഉരുളക്കിഴങ്ങ് ഹൈബ്രിഡിന് (സങ്കരഇനം) മേല്‍ എക്സ്ക്ലൂസീവ് അധികാരങ്ങള്‍ കമ്പനിക്കുളളതായാണ് പെപ്സികോ നേരത്തെ വ്യക്തമാക്കിയിരുന്നത്. 

ദില്ലി: പെപ്സികോ ഇന്ത്യ ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കും. പ്രമുഖ ചിപ്പ്സ് ബ്രാന്‍ഡായ ലെയ്സ് നിര്‍മിക്കാനുപകരിക്കുന്ന ഉരുളക്കിഴങ്ങ് കമ്പനി അറിയാതെ കൃഷി ചെയ്തുവെന്നാരോപിച്ചാണ് ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ പെപ്സികോ കേസ് നല്‍കിയത്. ഉത്തര ഗുജറാത്തിലെ ഒന്‍പത് കര്‍ഷകര്‍ക്കെതിരെയാണ് അഹമ്മദാബാദ് കൊമേഴ്ഷ്യല്‍ കോടതിയില്‍ പെപ്സികോ കേസ് നല്‍കിയത്. 

കര്‍ഷകര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടന്നതോടെ സാമൂഹിക മാധ്യമങ്ങള്‍ പെപ്സിക്കോയ്ക്കെതിരെയും അവരുടെ പ്രമുഖ ബ്രാന്‍ഡായ ലെയ്സിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇത് ലെയ്സിന്‍റെ വില്‍പ്പനയില്‍ വലിയതോതില്‍ ഇടിവിന് കാരണമായേക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പെപ്സികോ ഇന്ത്യയോട് ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നിന്ന് കേസ് പിന്‍വലിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ നിര്‍ദ്ദേശം ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം കമ്പനിയുടെ ഏഷ്യ- പസഫിക് ആസ്ഥാനമായ ദുബായില്‍ നിന്ന് പ്രശ്നത്തില്‍ അതിവേഗം പരിഹാരമുണ്ടാകണമെന്ന നിര്‍ദ്ദേശവും പെപ്സികോ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.

കേസ് കോടതിയില്‍ എത്തിയതോടെ പെപ്സികോയുടെ നടപടിക്കെതിരെ സമൂഹത്തിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ കമ്പനിയുടെ ബ്രാന്‍ഡിംഗ് വിദഗ്ധര്‍ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ഇത് സംബന്ധിച്ച ആശങ്കകള്‍ അറിയിച്ചതായാണ് വിവരം. 

ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ലെയ്സ് നിര്‍മാണത്തിനുപയോഗിക്കുന്ന എഫ്എല്‍ 2027 (എഫ്‍സി 5) വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് തങ്ങളുടെ സ്വന്തമാണെന്നും, അത് കൃഷി ചെയ്യാനും വിതരണത്തിനും ഉപയോഗിക്കാനും തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്നും വാദമുന്നയിച്ചാണ് പെപ്സികോ കോടതിക്ക് മുന്നിലെത്തിയത്. 2001 ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് (പിപിവി & എഫ്ആര്‍) ആക്ട് പ്രകാരം പ്രസ്തുത ഉരുളക്കിഴങ്ങ് ഹൈബ്രിഡിന് (സങ്കരഇനം) മേല്‍ എക്സ്ക്ലൂസീവ് അധികാരങ്ങള്‍ കമ്പനിക്കുളളതായാണ് പെപ്സികോ നേരത്തെ വ്യക്തമാക്കിയിരുന്നത്. 

പെപ്സികോയുടെ അനുമതിയില്ലാതെ എഫ്‍സി 5 കൃഷി ചെയ്തതിന് ഉത്തര ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരമായി 1.05 കോടി രൂപ വേണമെന്നാണ് പെപ്സികോ ആവശ്യപ്പെട്ടത്.

click me!