ഭീകരവാദത്തെ തകര്‍ക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്ത് ഇസ്ലാമിക് കൗണ്‍സില്‍

By Web TeamFirst Published Mar 2, 2019, 1:07 PM IST
Highlights

ഇന്ത്യയുടെ യുദ്ധം തീവ്രവാദത്തിനെതിരെ ആണെന്നും ഏതെങ്കിലും രാജ്യത്തിനോ മതത്തിനോ എതിരെ അല്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ വൈവിധ്യത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരമാണെന്നും സുഷമ പറഞ്ഞു. 

അബുദാബി: ലോകത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങാൻ ഇസ്‌ലാമിക് കൗൺസിൽ രാഷ്ട്രങ്ങളോട് യു.എ.ഇ. ആവശ്യപ്പെട്ടു. ഇസ്ലാമിക് കൗണ്‍സിലിന്‍റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് അബ്ദുള്ള ബിന്‍ സയ്യീദ് അല്‍ നഹ്യാനാണ് ആമുഖ പ്രസംഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. 

ഇസ്ലാമിക് കൗണ്‍സിന്‍റെ അന്‍പതാം സ്ഥാപകവാര്‍ഷികത്തില്‍ അബുദാബിയില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ യോഗത്തില്‍ ഏതാണ്ട് 56  രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.  അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് രണ്ട് ദിവസമായി ചേര്‍ന്നയോഗത്തില്‍ പങ്കെടുത്തത്. 

യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന യുഎഇയുടെ പ്രത്യേക ക്ഷണപ്രകാരം ഇക്കുറി ഇന്ത്യയും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഒഐസി യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി യോഗത്തിനെത്തിയില്ല. പകരം അവിടെ നിന്നുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ സംബന്ധിച്ചത്. 

ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയുടെ യുദ്ധം തീവ്രവാദത്തിനെതിരെ ആണെന്നും ഏതെങ്കിലും രാജ്യത്തിനോ മതത്തിനോ എതിരെ അല്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ വൈവിധ്യത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരമാണെന്ന് ചൂണ്ടിക്കാട്ടിയ സുഷമ ഇസ്ലാമിക കൂട്ടായ്മയിലേക്ക് ക്ഷണിച്ചതിന് അംഗരാഷ്ട്രങ്ങള്‍ക്ക് നന്ദി പറഞ്ഞു. 

ഞങ്ങളുടെ മുസ്ലീം സഹോദരങ്ങള്‍ സാംസ്കാരിക വൈവിധ്യത്തിന്‍റെ മികച്ച മാതൃകകളാണ്. അവര്‍ തമിഴും, തെലുങ്കും, മലയാളവും, മറാത്തിയും, ബംഗ്ലയും,ഭോജ്പുരിയും അങ്ങനെ അസഖ്യം ഭാഷകളില്‍ സംസാരിക്കുന്നു. അവര്‍ക്ക് വൈവിധ്യമാര്‍ന്ന ഭക്ഷ്യ സംസ്കാരവും പാരമ്പരാ​ഗത ചടങ്ങുകളുമുണ്ട്. അവരുടെ ജീവിതപരിസരത്തോട് ചേർന്നുള്ള ബഹുമുഖ സംസ്കാരത്തോട് അവർ ജീവിക്കുന്നു. സ്വന്തം മതവും വിശ്വാസവും ആചാരങ്ങളും പിന്തുടമ്പോൾ തന്നെ രാജ്യത്തെ അമുസ്ലീങ്ങൾക്കൊപ്പം സ്നേഹത്തോടേയും സഹകരിച്ചും അവർ കഴിയുന്നു. സഹവർത്തിത്വത്തിന്റേയും സഹകരണത്തിന്റേയും മനോഹര മാതൃകയുടെ വിജയം കൊണ്ടാണ് ഇസ്ലാമിക തീവ്രവാദത്തിന് ഇന്ത്യയിൽ വേരുറപ്പിക്കാൻ സാധിക്കാത്തത് - യോ​ഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ സുഷമ പറഞ്ഞു. 

ഇന്ത്യ പാകിസ്താൻ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരേ സ്വീകരിക്കേണ്ട മാർഗങ്ങൾ സമ്മേളനം ചർച്ച ചെയ്തു. സ്വതന്ത്രരാഷ്ട്രമാക്കാനുള്ള പലസ്തീന്‍റ് അവകാശത്തെ പിന്തുണച്ച യോഗം അറബ് ലോകത്തിന് പുറത്ത് ഇസ്ലാമിക കൂട്ടായ്മകള്‍ക്ക് പിന്തുണ നല്‍കാനും ആഹ്വാനം ചെയ്തു. 

സമാധാനത്തിന്‍റെ മതമായ ഇസ്ലാമില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അംഗരാഷ്ട്രങ്ങള്‍ തങ്ങളുടെ മണ്ണില്‍ തീവ്രവാദികള്‍ക്ക് അവസരം നല്‍കരുതെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മ്യാന്‍മ്യറിലെ മുസ്ലീങ്ങളുടെ അവസ്ഥയിലേക്ക് യോഗത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചു. മ്യാന്‍മാര്‍ മുസ്ലീങ്ങളുടെ പുനരധിവാസത്തിന് വേണ്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാവുന്നുണ്ട് എന്നുറപ്പാക്കാനും അദ്ദേഹം യോഗത്തോട് അഭ്യര്‍ത്ഥിച്ചു. 

click me!