വീടിന് പുറത്തിറങ്ങാന്‍ പേടി; ഒരുകോടി ലോട്ടറിയടിച്ച വയോധികന്‍ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനില്‍

By Web TeamFirst Published Jan 3, 2020, 2:51 PM IST
Highlights

ഇയാളുടെ ഭയം വര്‍ധിച്ചു. തന്നെ ആരെങ്കിലും ആക്രമിച്ച് പണം തട്ടുമോ എന്ന ഭയത്താല്‍ പുറത്തിറങ്ങിയില്ല. തുടര്‍ന്നാണ് സംരക്ഷണം തേടി പൊലീസിനെ സമീപിച്ചത്.

കല്‍ന(ബംഗാള്‍): ഒരു കോടി ലോട്ടറിയടിച്ച 70 കാരന്‍ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനില്‍. ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാനിസെ കല്‍നയിലാണ് വയോധികന്‍ പൊലീസ് സംരക്ഷണം തേടിയത്. ഞായറാഴ്ചയാണ് ഇന്ദ്രനാരായണക്ക് ഒരു കോടി രൂപ ലോട്ടറിയടിച്ചത്. ലോട്ടറിയടിച്ച രാത്രി മുതല്‍ തനിക്ക് ഭയമാണെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും പറഞ്ഞ് ഇന്ദ്രനാരായണ്‍ സെന്‍ പൊലീസിനെ സമീപിച്ചത്.. 

ട്യൂബ്‍വെല്‍ ഓപറേറ്ററായ സെന്‍ 10 വര്‍ഷം മുമ്പ് ജോലിയില്‍നിന്ന് വിരമിച്ചു. കല്‍നയിലെ സഹാപര ഗ്രാമത്തിലായിരുന്നു താമസം. ഇയാള്‍ക്ക് എല്ലാ ദിവസവും ലോട്ടറിയെടുക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഞായറാഴ്ച നാഗാലാന്‍റിന്‍റെ  60 രൂപ വിലയുള്ള 10 ടിക്കറ്റ് എടുത്തു. പോക്കറ്റില്‍ മടക്കി സൂക്ഷിച്ചെങ്കിലും ഫലമൊന്നും നോക്കിയില്ല. എന്നാല്‍, ലോട്ടറി വില്‍പനക്കാരനായ മിന്‍റി ബിസ്വാസ് എന്നയാളാണ് തന്‍റെ കടയില്‍നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിഞ്ഞത്. അദ്ദേഹമാണ് ഇന്ദ്രനാരായണ്‍ സെന്നിനെ കണ്ടെത്തി വിവരമറിയിച്ചത്.

ലോട്ടറി വില്‍പനക്കാരന്‍ വിവരം അറിയിച്ചപ്പോള്‍ താന്‍ വിശ്വസിച്ചില്ല. പിന്നീട് ഫലത്തിന്‍റെ കോപ്പി കാണിച്ചു തന്നപ്പോഴാണ് വിശ്വസിച്ചത്. ആദ്യമായാണ് ഇത്രയും വലിയ തുക കൈയില്‍ വരുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച ഒരു ലക്ഷമായിരുന്നു ഇതിന് മുമ്പ് കണ്ട വലിയ തുക. ബാങ്കില്‍ ലോട്ടറി ടിക്കറ്റ് കൊടുത്തപ്പോള്‍ മൂന്ന് മാസത്തിനകം പണം അക്കൗണ്ടില്‍ വരുമെന്ന് അറിയിച്ചു. 
എന്നാല്‍, ഇയാളുടെ ഭയം വര്‍ധിച്ചു. തന്നെ ആരെങ്കിലും ആക്രമിച്ച് പണം തട്ടുമോ എന്ന ഭയത്താല്‍ പുറത്തിറങ്ങിയില്ല.

തുടര്‍ന്നാണ് സംരക്ഷണം തേടി പൊലീസിനെ സമീപിച്ചത്. ഇന്ദ്രനാരായണ്‍ സെന്നിന് സുരക്ഷ നല്‍കുമെന്നും ഭയപ്പെടേണ്ടെന്നും പൊലീസ് ഓഫിസര്‍  രാകേഷ് സിംഗ് ഉറപ്പ് നല്‍കി. പണം ലഭിച്ചാല്‍ എന്തൊക്കെ ചെയ്യണമെന്ന് ഇയാള്‍ തീരുമാനിച്ചിട്ടുണ്ട്. ഭാര്യവീട്ടില്‍ ദുര്‍ഗാക്ഷേത്രം നിര്‍മിച്ച് പ്രത്യേക പൂജ നടത്തും. ബാക്കി തുക മൂന്ന് മക്കള്‍ക്കുമായി വീതിച്ച് നല്‍കുമെന്നും സെന്‍ പറഞ്ഞു. 

click me!