ഫുട്ബോളിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ മാതാപിതാക്കള്‍ ജപ്പാനെ കണ്ടുപഠിക്കണം

By Web DeskFirst Published Jun 29, 2018, 3:48 PM IST
Highlights
  • ജപ്പാന്‍ സര്‍ക്കാര്‍ ഫുട്ബോളിനായി പണമിറക്കുന്നത് പരിധികളില്ലാതെ 
  • മൊബൈല്‍ ഫോണ്‍ വളരുന്ന വേഗത്തിലാണ് രാജ്യത്ത് ഫുട്ബോള്‍ വളരുന്നത്

"സാമുറായ് ബ്ലൂ" എന്നാണ് ജാപ്പനീസ് ഫുട്ബോള്‍ പടയുടെ  വിളിപ്പേര്. യുദ്ധവീരന്മാരായ സാമുറായികളോട് സാമ്യപ്പെടുത്തിയാണ് ഈ പേര് ഫുട്ബോള്‍ ടീമിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്. ഔദ്യോഗിക ജേഴ്സിയുടെ നിറം നീലയായതിനാല്‍ സാമുറായ് ബ്ലൂ എന്നാക്കി കുറച്ചുകൂടി ഗ്ലാമര്‍ നല്‍കുകയും ചെയ്തു അവര്‍.  റഷ്യന്‍ ലോകകപ്പില്‍ ജപ്പാന്‍ അവരുടെ പേര് പോലെ തന്നെ വലിയ പോരാട്ട വീര്യമാണ് പുറത്തെടുത്തത്. ഗ്രൂപ്പ് പോരില്‍ കൊളംബിയയെ അട്ടിമറിച്ചതിലൂടെ, ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തെ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന സ്വപ്നതുല്യമായ നേട്ടവും അവര്‍ സ്വന്തമാക്കി. 

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടിയ ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടും. ലോകകപ്പില്‍ അവസാന പതിനാറിലേക്ക് പ്രവേശനം നേടിയ ഏക ഏഷ്യന്‍ രാജ്യവും ജപ്പാനാണ്. 1998ല്‍ ലോകകപ്പ് വേദിയിലേക്ക് ആദ്യമായി കടന്നെത്തിയ ജപ്പാന്‍റെ ആറാമത്തെ ലോകകപ്പാണ് റഷ്യയിലേത്. അവരുടെ ലോകകപ്പിലെ ഈ അതിശയകരമായ പ്രകടനങ്ങളുടെ കാരണം ജപ്പാനില്‍ വളര്‍ന്നുവരുന്ന ഫുട്ബോളിനോടുളള ജനപ്രീതിയാണ്. ചില ഫുട്ബോള്‍ നിരീക്ഷകര്‍ പറയുന്നത് ജപ്പാനില്‍ മൊബൈല്‍ ഫോണ്‍ വളരുന്ന വേഗത്തിലാണ് ഫുട്ബോളും വളരുന്നതെന്നാണ്. മൊബൈല്‍ കണക്ഷനുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന ജപ്പാനില്‍ അതേ വേഗതയില്‍ തന്നെ ഇപ്പോള്‍ ഫുട്ബോള്‍ ജ്വരവും പടര്‍ന്നുപിടിക്കുകയാണ്.

ജപ്പാനിലെ ഏറ്റവും വലിയ ഫുട്ബോള്‍ ലീഗ് പോരാട്ടമായ ജെ - ലീഗില്‍ 2017ല്‍ കളി കാണാന്‍ എത്തിയവരുടെ എണ്ണം 9.7 മില്യണായിരുന്നു. 2011ല്‍ മത്സരങ്ങള്‍ വീക്ഷിക്കാനെത്തിയവരെക്കാള്‍ 33.5 ശതമാനം കൂടുതലായിരുന്നു 2017ലെ കളി ആസ്വാദകരുടെ എണ്ണം. ജപ്പാനിലെ തൊഴില്‍ - സാമ്പത്തിക - കായിക രംഗങ്ങള്‍ ഓരേ വേഗതയിലാണ് വളര്‍ച്ചയുടെ പടിക്കെട്ടുകള്‍ കയറുന്നത്. സാമ്പത്തിക - തൊഴില്‍ മേഖലകള്‍ തുല്യശക്തികളായി നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ കായിക മേഖലയ്ക്ക് സാമ്പത്തിക സഹായത്തോടൊപ്പം ഭാവിയെപ്പറ്റി ആശങ്കകളില്ലാത്ത കരുത്തുറ്റ മനുഷ്യവിഭവത്തെക്കൂടി സംഭാവന ചെയ്യാന്‍ രാജ്യത്തിനാവുന്നുണ്ട്. 

ജപ്പാന്‍റെ ജിഡിപി മുന്‍ വര്‍ഷത്തെക്കാള്‍ 1.71 ശതമാനത്തിനടുത്താണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ വളരുന്ന സമ്പദ്‍വ്യവസ്ഥയാണ് ജപ്പാന്‍. രാജ്യത്തെ തൊഴില്‍ മേഖലയില്‍ തൊഴിലാളി ക്ഷാമം നേരിടുന്ന രാജ്യമാണ് അവര്‍. വിദേശത്ത് നിന്ന് 1.3 മില്യണ്‍ തൊഴിലാളികളാണ് ജപ്പാനില്‍ പണിയെടുക്കുന്നത്( കണക്കുകള്‍ 2017ലേത്). ഇത് മൊത്തം തൊഴില്‍ മേഖലയുടെ രണ്ട് ശതമാനം വരും. ജാപ്പനീസ് ലീഗുകളില്‍ വിദേശ കളിക്കാരുടെ എണ്ണം ഒരു ടീമില്‍ അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫുട്ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഗോള്‍ഡ്മാന്‍ സാഷെ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

സ്പെയിന്‍ സൂപ്പര്‍ താരം അന്ദ്രേ ഇനിയേസ്റ്റ ബാഴ്സലോണ വിട്ട് ജാപ്പനീസ് ലീഗിലെ ക്ലബ്ബായ വിസ്സല്‍ കോബുമായി കരാറിലേര്‍പ്പെട്ടത് ചെറുതല്ലാത്ത ആവേശം ജാപ്പനീസ് ഫുട്ബോളിന് നല്‍കുമെന്നുറപ്പ്. ലീഗുകളില്‍ അഞ്ച് വിദേശ താരങ്ങളെക്കൂടാതെ ഒരു വിദേശ താരത്തിന് കൂടി അവസരം നല്‍കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇത് ജപ്പാനീസ് ഫുട്ബോളിന് പുതിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. 

രാജ്യം സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ പരിധികളില്ലാതെയാണ് ഫുട്ബോളിനായി പണമിറക്കുന്നത്. ഇത് കൂടാതെ സ്പോണ്‍സര്‍മാരുടെ ഒരു നീണ്ട നിര തന്നെ ഓരോ ക്ലബ്ബുകള്‍ക്ക് പിന്നിലും അണിനിരന്നിട്ടുണ്ട്. ഇത് ജാപ്പനീസ് ഫുട്ബോളിനെ സാമ്പത്തികമായി കരുത്തുറ്റതാക്കുന്നു. മറ്റ് ഏതൊരു തൊഴില്‍ മേഖലയും പോലെയാണ് ഫുട്ബോളിനെയും ജപ്പാനില്‍ പരിഗണിക്കുന്നത്. അതിനാല്‍ കളിക്കാര്‍ക്ക് സമ്മര്‍ദ്ദം കുറവാണ്. തൊഴിലില്ലായ്മ ഉയര്‍ത്തുന്ന പ്രതിസന്ധികളും ഇല്ലാത്തതിനാല്‍ ഫുട്ബോളില്‍ ഇറങ്ങി ജീവിതം പാഴാക്കുന്നവന്‍ എന്ന പേര് മാതാപിതാക്കളില്‍ നിന്ന് ജപ്പാനിലെ യുവാക്കള്‍ക്ക് കേള്‍ക്കേണ്ടി വരില്ല. കാരണം, ഫുട്ബോളില്‍ നിന്ന് വിരമിച്ചാലും അവരുടെ ഭാവി തങ്ങളുടെ രാജ്യത്ത് സുരക്ഷിതമാണെന്ന് അവര്‍ക്കറിയാം.    
 

click me!