വിവാദങ്ങൾക്കിടയിൽ ഒരു സ്നേഹക്കാഴ്ച, ശബരിമലയിൽ നിന്ന്!

By Web TeamFirst Published Nov 22, 2018, 12:10 PM IST
Highlights

വിവാദങ്ങളിൽ നിറയുമ്പോഴും, സ്നേഹത്തിന്‍റെ നല്ല കാഴ്ചകളുണ്ട് ശബരിമലയിൽ. രണ്ട് വർഷം കാണാതിരുന്നപ്പോഴും കൂടെ നടന്നവരെ മറക്കാത്ത ഒരാളുടെ കഥയാണ് ശബരിമലയിൽ നിന്ന് ഞങ്ങളുടെ പ്രതിനിധി വൈശാഖ് ആര്യൻ പറയുന്നത്.

പമ്പ: പരസ്പരവിദ്വേഷത്തിന്‍റെ കഥയല്ല, മറക്കാത്ത സ്നേഹത്തിന്‍റെ കഥയേ ജാസ്മിന് അറിയൂ. അത് പറയാൻ വാക്കുകളില്ലാത്തതിനാൽ, എത്ര കാലം കഴിഞ്ഞ് കണ്ടാലും ഓടി അരികിലെത്തി, സ്നേഹം കാണിയ്ക്കും ജാസ്മിൻ. ആരാണ് ഈ ജാസ്മിനെന്നല്ലേ? ജാസ്മിൻ ഒരു പട്ടിയാണ്. കാലങ്ങൾക്കപ്പുറവും സ്നേഹം മറക്കാത്ത പട്ടിക്കുഞ്ഞ്.

തിരുവനന്തപുരം വേറ്റിനാട് ഊരൂട്ടുമണ്ഡപത്തിൽനിന്ന് കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ട 11 അംഗ സംഘത്തോടൊപ്പം കഴിഞ്ഞവർഷം വെഞ്ഞാറമൂട്ടിൽ നിന്നും ഒപ്പം കൂടിയതാണ് ജാസ്മിൻ. അന്ന് നിലയ്ക്കൽ വരെ ജാസ്മിൻ ഇവർക്കൊപ്പം വന്നു. 

വലിയ തിരക്കായിരുന്നു കഴിഞ്ഞ വർഷം. തിക്കിലും തിരക്കിലും പെട്ട് അവളെ അന്ന് കാണാതായി. പലയിടത്തും തിരഞ്ഞു. കണ്ട് കിട്ടിയില്ല. സങ്കടത്തോടെ അവർ ഒടുവിൽ മടങ്ങി.

പതിവുപോലെ കെട്ടു നിറച്ച് ഇത്തവണ എത്തിയപ്പോൾ എവിടെ നിന്നെന്നില്ലാതെ അവൾ ഓടിവന്നു! കൂടെ നടന്നു. സ്നേഹത്തോടെ. കൊടുത്തതെല്ലാം വയറുനിറയെ കഴിച്ചു. 

പമ്പ വരെ അവർക്കൊപ്പം നടന്നു ജാസ്മിൻ. ഇവളെ മല കയറുമ്പോൾ ഒപ്പം കൂട്ടാൻ പറ്റാത്തതിന്‍റെ സങ്കടമാണ് എല്ലാവർക്കും.  

'തിരികെ ഇറങ്ങുമ്പോൾ ഇവിടെത്തന്നെ നിന്നോണേ' എന്ന് പറഞ്ഞുകൊണ്ടാണവർ മല കയറുന്നത്. തിരികെ വരുമ്പോൾ ഇവിടെ കണ്ടാൽ കൂടെക്കൂട്ടണം. നാട്ടിൽക്കൊണ്ടു പോണം. 

അല്ലെങ്കിലും ഇത്ര സ്നേഹമുള്ള കൂട്ടുകാരിയെ എങ്ങനെ വഴിയിൽ ഉപേക്ഷിക്കാനാകും? കൂടെക്കൂട്ടുകയും, കൂടെ നടത്തുകയും വേണ്ടേ? അവളും നമ്മിലൊരാളല്ലേ?

വൈശാഖ് ആര്യന്‍റെ സ്റ്റോറി കാണാം: 

click me!