അറുപത്തിനാലാം പിറന്നാള്‍ ദിനത്തില്‍ തെരഞ്ഞെടുപ്പ് പോര്‍വിളിയുമായി കമല്‍ ഹാസന്‍

By Web TeamFirst Published Nov 7, 2018, 6:27 PM IST
Highlights

'എന്നാണ് ഉപതെരഞ്ഞെടുപ്പെന്ന് ഇതുവരെ അറിവായിട്ടില്ല. പക്ഷേ എന്ന് നടന്നാലും അതിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഞാന്‍ വാഗ്ദാനങ്ങളിലല്ല വിശ്വസിക്കുന്നത്. ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടുകയാണ്'

ചെന്നൈ: അറുപത്തിനാലാം പിറന്നാള്‍ ദിനത്തില്‍ തെരഞ്ഞെടുപ്പിന് തയ്യാറെന്ന് പ്രഖ്യാപിച്ച് നടന്‍ കമല്‍ഹാസന്‍. തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് താരം പ്രഖ്യാപിച്ചത്. 

'എന്നാണ് ഉപതെരഞ്ഞെടുപ്പെന്ന് ഇതുവരെ അറിവായിട്ടില്ല. പക്ഷേ എന്ന് നടന്നാലും അതിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഞാന്‍ വാഗ്ദാനങ്ങളിലല്ല വിശ്വസിക്കുന്നത്. ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടുകയാണ്.'- കമല്‍ഹാസന്‍ വ്യക്തമാക്കി. 

ആകെ 20 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ടിടിവി ദിനകരന്‍ പക്ഷത്തേക്ക് മാറിയ 18 എഐഎഡിഎംകെ- എംഎല്‍എമാരെ നേരത്തേ അയോഗ്യരാക്കിയിരുന്നു. ഇതുകൂടാതെ മുതിര്‍ന്ന ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞ തിരുപ്പറക്കുണ്ട്രം മണ്ഡലത്തിലും എഐഎഡിഎംകെ എംഎല്‍എ എ.കെ ബോസിന്റെ മരണത്തോടെ ഒഴിഞ്ഞ തിരുവാരൂര്‍ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' അഥവാ 'പീപ്പിള്‍ ജസ്റ്റിസ് സെന്റര്‍' പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്ന് അന്നുമുതല്‍ക്ക് തന്നെ താരം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഏറെ അഭ്യൂഹങ്ങളുണ്ടായെങ്കിലും സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എങ്ങുമെത്താതെ പോവുകയായിരുന്നു.

click me!