ശബരിമല അന്നദാനകൗണ്ടറുകളിൽ കഴിയ്ക്കാനാളില്ല; 'ഭക്ഷണം തയ്യാറെന്ന്' വിളിച്ചു പറഞ്ഞിട്ടും ഫലമില്ല!

By Web TeamFirst Published Nov 22, 2018, 5:23 PM IST
Highlights

തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ നിലയ്ക്കൽ ബേസ് ക്യാംപിൽ കഴിയ്ക്കാനും ആളില്ല. ആവശ്യമുള്ളത്ര മാത്രം ഭക്ഷണം വച്ചാൽ മതിയെന്നാണ് ദേവസ്വംബോർഡിന്‍റെ തീരുമാനം.

നിലയ്ക്കൽ: ശബരിമലയിൽ തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ നിലയ്ക്കൽ ബേസ് ക്യാംപിലെ അന്നദാനവും പ്രതിസന്ധിയിലാണ്. ഭക്ഷണം പാഴാകാതിരിയ്ക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ദേവസ്വംബോർഡ്. ആവശ്യമുള്ളവർക്ക് മാത്രം ഭക്ഷണം തയ്യാറാക്കിയാൽ മതിയെന്നാണ് ദേവസ്വംബോർഡിന്‍റെ തീരുമാനം.

രാവിലെയും ഉച്ചക്കും രാത്രിയിലുമാണ് ദേവസ്വംബോർഡിന്‍റെ അന്നദാനകൗണ്ടറുകൾ പ്രവർത്തിയ്ക്കുന്നത്. മുൻ വർഷങ്ങളിൽ ഒരു നേരം അയ്യായിരത്തോളം പേർ ഭക്ഷണം കഴിക്കാനെത്തിയിരുന്നുവെങ്കിൽ ഇപ്പോഴത് ആയിരത്തിൽ താഴെയായി.നിലക്കൽ ബേസ് ക്യാംപ് ആക്കിയതിനു ശേഷമുള്ള ആദ്യ തീർത്ഥാടന കാലമാണിത്. അന്നദാനത്തിനുള്ള സംഭാവനയും കുറഞ്ഞിട്ടുണ്ട്. മൂന്ന് നേരവും ഉണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കാര്യമായി കുറച്ചു. 

തിരക്ക് അനുസരിച്ച്‌ മാത്രം ഭക്ഷണം തയ്യാറാക്കിയാൽ മതിയെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അന്നദാനത്തെക്കുറിച്ചുള്ള അനൗൺസ്മെന്‍റ് നിർത്തണമെന്ന് പൊലീസ് ഇടയ്ക്ക് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. സൗജന്യ ഭക്ഷണം പ്രതിഷേധക്കാർക്ക് സഹായകമാകും എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ദേവസ്വം ബോർഡിന്‍റെ എതിർപ്പിനെ തുടർന്ന് ഇത് പിൻവലിച്ചു.

click me!