കോഴിക്കോട് എ ടി എം തട്ടിപ്പില്‍ മൂന്ന് പേര്‍ പിടിയില്‍

By Web DeskFirst Published Jan 28, 2018, 12:23 AM IST
Highlights

കോഴിക്കോട്: നഗരത്തില്‍ എടിഎമ്മിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേര്‍ അറസ്റ്റിലായി. ഹരിയാന സ്വദേശികളാണ് അറസ്റ്റിലായത്.  ഹരിയാനയിലെ മുണ്ടെത്ത ഗ്രാമവാസികളായ മുഫീദ്, മുഹമ്മദ് മുബാറക്ക്, ദില്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. 20 നും 25 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്.ബി.ഐ കൗണ്ടറില്‍ നിന്നാണ് പ്രതികള്‍ പണം അപഹരിച്ചത്. മൂന്ന് മൊബൈല്‍ ഫോണുകള്‍, 16 എ.ടി.എം കാര്‍ഡുകള്‍, 1,01,300 രൂപ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

എ.ടി.എം നെറ്റ് വര്‍ക്കില്‍ തകരാറ് സൃഷ്ടിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 13 ലക്ഷം രൂപയില്‍ അധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്ക്. ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു.

എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന സമയത്ത് എടിഎം മെഷീനിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. പണം പിന്‍വലിച്ചെങ്കിലും തനിക്കത് ലഭിച്ചില്ലെന്ന് സംഘാംഗം ഫോണ്‍ വഴി ബാങ്കില്‍ പരാതിപ്പെടും. ബാങ്ക് അധികൃതര്‍ പരിശോധിക്കുമ്പോള്‍ പണം പിന്‍വലിച്ച സമയത്ത് വൈദ്യുതിബന്ധം നഷ്ടപ്പെട്ടതായാണ് രേഖകളിലുണ്ടാവുക. സ്വാഭാവികമായും പണം ലഭിച്ചിട്ടില്ലെന്ന നിഗമനത്തില്‍ ബാങ്ക് അധികൃതര്‍ പിന്‍വലിച്ച അത്രയും തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. പിന്നീട് ബാങ്ക് അധികൃതര്‍ എ.ടി.എം ഇടപാടുകളുടെ സ്റ്റേറ്റ്മെന്‍റ് പരിശോധിക്കുമ്പോള്‍ മാത്രമാണ് ഈ തട്ടിപ്പ് മനസിലാകുക. ഡിസംബര്‍ ഒന്‍പത് മുതല്‍ സംഘം കോഴിക്കോട് ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഹരിയാനെയിലെ ഇവരുടെ മുണ്ടെത്ത ഗ്രാമം എ.ടി.എം തട്ടിപ്പുകാരുടെ കേന്ദ്രമാണത്രെ.

ഡല്‍ഹിയില്‍ നിന്നും വിമാത്തില്‍ കോയമ്പത്തൂരെത്തി അവിടെ നിന്നും തീവണ്ടിയില്‍ കേരളത്തിലെത്തിയാണ് സംഘം കൃത്യം നടത്തിയത്. അഡംബര ജീവിതം നയിച്ചു വരുന്ന പ്രതികള്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി എ.ടി.എം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കൃത്യം നടത്തുന്നതിനായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വിമാനയാത്ര നടത്തുകയും വിവിധ ഹോട്ടലുളില്‍ തങ്ങി കൃത്യം നിര്‍വഹിച്ച ശേഷം ഹരിയാനയിലേക്ക് കടന്നു കളയുകയുമാണ് ഇവരുടെ പതിവ്. തട്ടിപ്പിന്‍റെ വ്യാപ്തി സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇപ്പോള്‍ പിടിയാല മൂന്ന് പ്രതികളും കോഴിക്കോട് കാരന്തൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനം നടത്തുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ വന്നിട്ടുണ്ട്.

click me!