വയനാട്ടില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് നിരോധനം

By web deskFirst Published Feb 24, 2018, 2:58 PM IST
Highlights

വയനാട്: ജില്ലയില്‍ കുഴല്‍ക്കിണറുകളുടെ നിര്‍മാണം മെയ് 31 വരെ ജില്ല കലക്ടര്‍ എസ്. സുഹാസ് നിരോധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാളും ഇത്തവണ വരള്‍ച്ച രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ല ദുരനന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ നടപടി. കഴിഞ്ഞ കൊല്ലവും നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും ഇത് ലംഘിക്കപ്പെട്ടിരുന്നു. എന്നാല്‍ വരള്‍ച്ച ദുരിതാശ്വാസ നടപടികളുടെ ആദ്യപടിയെന്ന നിലക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേ സമയം ഭൂഗര്‍ഭ ജലവകുപ്പ് കൃത്യമായി സര്‍വ്വേ നടത്തി അംഗീകരിക്കുന്ന ഇടങ്ങളില്‍ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് തടസ്സമില്ല. പ്രദേശത്തെ വരള്‍ച്ച സാധ്യത വര്‍ധിക്കാനിടയില്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ കുഴല്‍ക്കിണര്‍ നിര്‍മിക്കാവൂ. 

സ്വകാര്യ കുഴല്‍ക്കിണര്‍ നിര്‍മാതാക്കള്‍ മെയ് 31 വരെ കിണറുകള്‍ നിര്‍മിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തഹസില്‍ദാര്‍, ഭൂജലവകുപ്പ് ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണം. കുഴല്‍ക്കിണര്‍ നിര്‍മാണത്തിനായി ഭൂജലവകുപ്പ് സര്‍വ്വേ നടത്തുന്നതിനുള്ള അപേക്ഷ നേരിട്ട് ഭൂജല വകുപ്പിന്റെ മീനങ്ങാടിയിലുള്ള ഓഫീസിലാണ് നല്‍കേണ്ടത്. അപേക്ഷ കിട്ടിയാലുടന്‍ ആവശ്യമായ പരിശോധന ഓഫീസ് തലത്തില്‍ തന്നെ നടത്തി, അപേക്ഷ തീര്‍പ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പ് മുഖേന ഓരോ മാസവും എത്ര കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചെന്ന വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ മുമ്പാകെ എത്തണമെന്നും ഉത്തരവിലുണ്ട്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ക്കും കൈമാറി. 

വെറുതെയാകുമോ നിരോധനം 

കഴിഞ്ഞ വര്‍ഷവും വേനല്‍ രൂക്ഷമാകുന്നതിന് മുമ്പേ കുഴല്‍ക്കിണര്‍ നിരോധനവുമായി ജില്ലാ ഭരണകൂടം എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷവും ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന് കുഴല്‍ക്കിണറുകളാണ് കുഴിച്ചത്. ഉള്‍പ്രദേശങ്ങളില്‍ അയല്‍വാസികള്‍ക്ക് പരാതിയില്ലെങ്കില്‍ കുഴല്‍ക്കിണര്‍ അടിക്കാന്‍ ഒരു തടസവുമില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍ പറയുന്നു. 

നിരോധന വേളകളില്‍ രാത്രി 11 ന് ശേഷം തുടങ്ങുന്ന പ്രവൃത്തി പുലരുന്നതിന് മുമ്പ് അവസാനിപ്പിക്കുന്നതാണ് രീതി. ആരെങ്കിലും പരാതി നല്‍കി ഉദ്യോഗസ്ഥര്‍ പോലീസിനെ അയച്ചാലും അനുനയിപ്പിക്കാനുള്ള വഴിയും ഭൂവുടമയും കുഴല്‍നിര്‍മാണ കമ്പനിക്കാരും ചേര്‍ന്ന് നടത്താറുണ്ട്. ഇളവിനായി അപേക്ഷ നല്‍കിയാല്‍ പരമാവധി ഓഫീസ് തലത്തില്‍ തന്നെ പരിശോധന നടത്തി അപേക്ഷ തീര്‍പ്പാക്കണമെന്നാണ് ഇത്തവണയും ഉത്തരവിലുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങുന്നതിനടക്കമുള്ള പഴുതുകള്‍ ഇത്തരം തീരുമാനങ്ങളിലൂടെ അധികൃതര്‍ തന്നെ നല്‍കുന്നതായും ചിലര്‍ ആരോപിക്കുന്നു. 

പണം കൊയ്യുന്നത് ഇതര സംസ്ഥാന ലോബികള്‍

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോര്‍വെല്‍ കമ്പനികളാണ് വയനാട്ടിലധികവും. ഈ രംഗത്തെ അത്യാധുനിക യന്ത്രങ്ങളുമായാണ് ഇവയില്‍ പലതും രംഗം വാഴുന്നത്. സീസണില്‍ ജീവനക്കാര്‍ക്ക് താമസിക്കാന്‍ വീടും ഓഫീസും വാടകക്ക് എടുക്കുന്ന കമ്പനികള്‍ക്ക് ചിലതിന് ഇത്ര കിണറുകള്‍ നിര്‍മിക്കണമെന്ന ടാര്‍ഗറ്റുമുണ്ട്. കമ്പനികളുടെ സ്വന്തം ഓഫീസുകള്‍ക്ക് പുറമെ സ്ഥിരം ബുക്കിങ് ഓഫീസുകളും ജില്ലയിലുണ്ട്. ഫലത്തില്‍ ഈ മേഖലയിലെ പണം മുഴുവനും കൊണ്ടുപോകുന്നത് ഇതരസംസ്ഥാന മുതലാളിമാരാണ്. വയലുകളില്‍ 350 അടിയായി കിണറുകളുടെ ആഴം നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരം നിബന്ധനകളൊന്നും നിര്‍മാണകമ്പനികള്‍ വകവെക്കാറില്ല. 

click me!