യുവതിയുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍; ബിജെപി എംഎല്‍എക്കെതിരെ അച്ചടക്ക നടപടി

First Published Jul 27, 2018, 3:04 PM IST
Highlights
  • ബിജെപി എംഎല്‍എക്കെതിരെ അച്ചടക്ക നടപടി

ജമ്മു: യുവതിയുമായുള്ള ബന്ധം ആരോപിച്ച് എംഎല്‍എക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബിജെപി. ജമ്മു കശ്മീരിലെ ആര്‍എസ്പുര എംഎല്‍എ ഗഗന്‍ ഭഗത്തിനെതിരെയാണ് അച്ചടക്ക നടപടി. തന്റെ നിയോജകമണ്ഡലത്തിൽനിന്നുള്ള യുവതിയുമായുള്ള ബന്ധം ആരോപിച്ചാണ് ഗഗന്‍ ഭഗത്തിനെതിരെ അച്ചടക്ക നടപടി എടുക്കാൻ പാർട്ടി തീരുമാനിച്ചത്. ഗഗന്‍ ഭഗത്തും യുവതിയും തമ്മിലുള്ള അശ്ലീല ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 

അതേസമയം  കോളേജ് വിദായാർത്ഥിയായ മകളെ എംഎല്‍എ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ രക്ഷിതാക്കൾ ജൂണ്‍ 24ന് പൊലീസിൽ പരാതി നല്‍കിയിരുന്നു. കൂടാതെ ഭർത്താവിന്റെ ദുർനടപ്പിനെതിരെ ഗഗന്‍ ഭഗത്തിന്റെ ഭാര്യ  മോണിക ശർമ്മയും പാർട്ടിയിൽ പരാതി നൽകി. എന്നാല്‍ ഗഗന്‍ ഭഗത്തും യുവതിയും ആരോപണം നിഷേധിക്കുകയാണുണ്ടായത്. അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്ന് ഗഗന്‍ പ്രതികരിച്ചു. മാത്രമല്ല ഭാര്യയുമായുള്ള വിവാഹ മോചനകേസ് കോടതിയിൽ നടക്കുകയാണെന്നും ഗഗൻ വ്യക്തമാക്കി.

മകളെ തട്ടിക്കൊണ്ടുപോയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കമുള്ളവർ ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. തുടർന്ന് വിഷയം പരിഗണിച്ച പാര്‍ട്ടി അച്ചടക്കസമിതി ഗഗനെ അടിയന്തരമായി മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന അധ്യക്ഷനോട് ശുപാര്‍ശ ചെയ്തതായി സമിതി ചെയര്‍മാന്‍ സുനില്‍ സേഥി അറിയിച്ചു. സസ്‌പെന്‍ഷന്‍ കാലയളവിനുള്ളില്‍ പരാതിക്ക് ഇടയാക്കിയ വിഷയത്തില്‍ പരിഹാരമുണ്ടാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിന് കഴിയാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും സമിതി അറിയിച്ചു. ഒരു വര്‍ഷത്തേക്ക് ഗഗനെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അച്ചടക്കസമിതി നിര്‍ദേശിച്ചിട്ടുണ്ട്.

click me!