ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ 32 പേര്‍ക്ക് ശസ്‌ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

By Web DeskFirst Published Dec 26, 2017, 8:56 PM IST
Highlights

ലക്നൗ: സര്‍ക്കാര്‍ ആശുപത്രിയില്‍ ടോര്‍ച്ച് ലൈറ്റിന്റ വെളിച്ചത്തില്‍ 32 രോഗികള്‍ക്ക് തിമിര ശസ്‌ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവുലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് പ്രദേശത്തെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് ടോര്‍ച്ച് ലൈറ്റുകള്‍ മാത്രം കത്തിച്ചുവെച്ച് ശസ്‌ത്രക്രിയകള്‍ നടത്തിയത്. 

അഞ്ച് കട്ടിലുകളുള്ള ആശുപത്രിയില്‍ ഒരു സംഘടന നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി 32 പേര്‍ക്ക് ഒരുമിച്ച് തിമിര ശസ്‌ത്രക്രിയ നടത്തുകയായിരുന്നു. യാതൊരു സൗകര്യവും ഒരുക്കാതെയായിരുന്നു ഇത്. വൈദ്യുതി ഇല്ലാത്ത സമയമായിരുന്നതിനാല്‍ രണ്ട് ടോര്‍ച്ച് ലൈറ്റുകള്‍ കത്തിച്ച് പിടിച്ചായിരുന്നു ശസ്‌ത്രക്രിയ. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിച്ച രോഗികളെ ശസ്‌ത്രക്രിയക്ക് ശേഷം കൊടുംതണുപ്പില്‍ നിലത്തുകിടത്തുകയായിരുന്നു. രോഗികള്‍ക്ക് പലര്‍ക്കും കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.  തുടര്‍ന്ന് ജില്ലാ മജിസ്‍ട്രേറ്റിന്റെ നേതൃത്വത്തില്‍ ഉദ്ദ്യോഗസ്ഥരെത്തി രോഗികള്‍ക്ക് പുതപ്പ് നല്‍കി. കൂടുതല്‍ വിദഗ്ദ ഡോക്ടര്‍മാരെയും ജീവനക്കാരെയും സ്ഥലത്തെത്തിച്ചു.

ഉത്തര്‍പ്രദേശിലെ മിക്ക ഗ്രാമങ്ങളിലും ഇപ്പോഴും  ദിവസത്തില്‍ 12 മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വൈദ്യുതി നിലച്ചശേഷം ചൊവ്വാഴ്ച രാവിലെയാണ് പിന്നീട് വൈദ്യുതി എത്തിയത്. വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയില്‍ ശസ്‌ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജേന്ദ്ര പ്രസാദിനെ സ്ഥലം മാറ്റി. പി.എച്ച്.സി സൂപ്രണ്ട് ഡോ. ദിനേശ് ദാസിനെയാണ് സസ്‌പെന്റ് ചെയ്തത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമേ ശസ്‌ത്രക്രിയകള്‍ നടത്താന്‍ പാടുള്ളൂ എന്ന നിബന്ധന ലംഘിച്ചതിനാണ് നടപടി. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത്തരം പരിപാടികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്ന ശസ്‌ത്രക്രിയയിലും ഒരു രോഗിക്ക് 1000 രൂപ എന്ന കണക്കില്‍ സന്നദ്ധ സംഘടനയ്‌ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

click me!